ETV Bharat / sports

സെൽഫിയെടുക്കാൻ വിസമ്മതിച്ചു; പൃഥ്വി ഷായ്‌ക്ക് നേരെ ആക്രമണം, എട്ട് പേർക്കെതിരെ കേസ്

author img

By

Published : Feb 16, 2023, 8:08 PM IST

ബുധനാഴ്‌ച രാത്രി മുംബൈയിലെ ഫൈവ് സ്റ്റാർ ഹോട്ടലിന് മുന്നിൽ വെച്ചാണ് ആക്രമണമുണ്ടായത്. ആക്രമണത്തിന് പിന്നാലെ 50000 രൂപ ആവശ്യപ്പെട്ട് പൃഥ്വി ഷായെ ഭീഷണിപ്പെടുത്തിയതായും താരം പരാതി നൽകിയിട്ടുണ്ട്.

പൃഥ്വി ഷായ്‌ക്ക് നേരെ ആക്രമണം  പൃഥ്വി ഷാ  prithvi shaw attacked for refusing to take selfie  Prithvi Shaw attacked in Mumbai  prithvi shaw attacked  influencer Sapnagill  Sapnagill prithvi shaw
പൃഥ്വി ഷായ്‌ക്ക് നേരെ ആക്രമണം

മുംബൈ: സെൽഫി എടുക്കാൻ വിസമ്മതിച്ചതിനെത്തുടർന്ന് ഇന്ത്യൻ ക്രിക്കറ്റ് താരം പൃഥ്വി ഷായ്‌ക്ക് നേരെ ആക്രമണം. മുംബൈയിലെ ഫൈവ് സ്റ്റാർ ഹോട്ടലിന് മുന്നിൽ ബുധനാഴ്‌ച രാത്രിയാണ് ആക്രമണമുണ്ടായത്. ഹോട്ടലിൽ നിന്ന് പുറത്തേക്ക് എത്തിയ പൃഥ്വി ഷായെയും സുഹൃത്ത് ആശിഷ് സുരേന്ദ്രയേയും എട്ടംഗ സംഘം ബേസ്‌ബോൾ സ്റ്റിക്ക് ഉൾപ്പെടുയുള്ളവ ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു.

പൃഥ്വി ഷായുടെ സുഹൃത്ത് ആശിഷ് സുരേന്ദ്രയുടെ ആഢംബര കാറിന്‍റെ ചില്ലുകളും സംഘം അടിച്ച് തകർത്തു. ആശിഷ് സുരേന്ദ്രയുടെ പരാതിയുടെ അടിസ്ഥാനത്തിൽ സോഷ്യൽ മീഡിയ ഇൻഫ്ലുവെൻസർ സപ്‌ന ഗിൽ ഉൾപ്പെടെ എട്ട് പേർക്കെതിരെ മുംബൈ പൊലീസ് കേസെടുത്തു.

സംഭവം ഇങ്ങനെ: മുംബൈയിലെ പഞ്ചനക്ഷത്ര ഹോട്ടലിൽ സുഹൃത്തിനൊപ്പം അത്താഴം കഴിക്കാനെത്തിയ പൃഥ്വി ഷായോട് സപ്‌ന ഗില്ലും സുഹൃത്ത് ശോഭിത് താക്കൂറും സെൽഫി ആവശ്യപ്പെട്ടു. സെൽഫിക്ക് താരം തയ്യാറായെങ്കിലും കുറച്ചുകഴിഞ്ഞ് വീണ്ടും ഇവർ സെൽഫി ആവശ്യപ്പെട്ട് എത്തിയതോടെ താരം അത് നിഷേധിക്കുകയായിരുന്നു. സുഹൃത്തുക്കളോടൊപ്പം ഭക്ഷണം കഴിക്കാനെത്തിയതാണെന്നും ശല്യപ്പെടുത്തരുതെന്നും താരം ആവശ്യപ്പെട്ടു.

തുടർന്നും ശല്യം ചെയ്‌തതോടെ പൃഥ്വി ഹോട്ടൽ മാനേജരേയും സുഹൃത്തുക്കളേയും വിളിക്കുകയായിരുന്നു. തുടർന്ന് ഹോട്ടൽ മാനേജരെത്തി പ്രതികളെ ഹോട്ടലിന് പുറത്താക്കി. പിന്നാലെ പുറത്തുപോയ സംഘം താരം ഹോട്ടലിന് പുറത്തേക്കെത്താൻ കാത്തിരിക്കുകയും പുറത്തെത്തിയ താരത്തെ പിന്തുടർന്ന് ആക്രമിക്കുകയുമായിരുന്നു.

പിന്നാലെ 50000 രൂപ തന്നില്ലെങ്കിൽ യുവതിയെ ആക്രമിച്ചു എന്നാരോപിച്ച് കള്ളക്കേസ് നൽകുമെന്ന് ഇവർ ഭീഷണിപ്പെടുത്തിയതായും ആശിഷ് പരാതിയിൽ ആരോപിക്കുന്നു. സംഭവത്തിന്‍റെ വീഡിയോ സോഷ്യൽമീഡിയയിൽ വളരെ വേഗം തന്നെ വൈറലായി. പിന്നാലെ പൃഥ്വി ഷായെ അനുകൂലിച്ചും എതിർത്തും നിരവധി പേരും രംഗത്തെത്തി.

അതേസമയം പൃഥ്വിഷായും സുഹൃത്തും ചേർന്ന് തന്നെ ശാരീരികമായി ഉപദ്രവിച്ചു എന്ന ആരോപണവുമായി പ്രതികളിലൊരാളായ സപ്‌ന ഗിൽ ഇന്ന് രംഗത്തെത്തി. പൃഥ്വി ഷായും സുഹൃത്തും ചേർന്ന് വടി ഉപയോഗിച്ച് തന്നെ ആക്രമിച്ചുവെന്നും മെഡിക്കൽ ടെസ്റ്റിന് പോകാൻ പൊലീസ് അനുവദിക്കുന്നില്ലെന്നുമാണ് യുവതിയുടെ ആരോപണം.

രഞ്ജിയിലെ തകർപ്പൻ പ്രകടനം: ഏറെനാളത്തെ ഇടവേളക്ക് ശേഷം ജനുവരിയിൽ നടന്ന ന്യൂസിലാൻഡിനെതിരായ ടി20 പരമ്പരയിലൂടെ പൃഥ്വി ഷാ ഇന്ത്യൻ ടീമിലേക്ക് തിരിച്ചെത്തിയിരുന്നു. 3 മത്സരങ്ങളുടെ പരമ്പരയിൽ ഇടം നേടിയെങ്കിലും ഒരു മത്സരത്തിൽ പോലും താരത്തെ പ്ലേയിങ് ഇലവനിൽ ഉൾപ്പെടുത്തിയിരുന്നില്ല.

ആഭ്യന്തര മത്സരങ്ങളിലെ തകർപ്പൻ പ്രകടനമാണ് താരത്തെ തിരികെ ടീമിലേക്കെത്തിച്ചത്. രഞ്ജി ട്രോഫി 2022-23 സീസണിൽ 6 മത്സരങ്ങളിൽ നിന്ന് ഒരു സെഞ്ച്വറി ഉൾപ്പെടെ 595 റൺസാണ് മുംബൈ ക്യാപ്റ്റൻ നേടിയത്. അസമിനെതിരെ 379 റൺസ് നേടി രഞ്ജി ട്രോഫിയിൽ ഒരു മുംബൈ താരത്തിന്‍റെ ഏറ്റവും ഉയർന്ന സ്‌കോർ എന്ന സുനിൽ ഗവാസ്‌കറിന്‍റെ (340) റെക്കോഡും താരം തകർത്തിരുന്നു.

2018ൽ തന്‍റെ ടെസ്റ്റിലെ അരങ്ങേറ്റ മത്സരത്തിൽ തന്നെ വരവറിയിച്ച പൃഥ്വി ഷാ 2020 ഡിസംബറിന് ശേഷം റെഡ് ബോൾ ക്രിക്കറ്റ് കളിച്ചിട്ടില്ല. 2021ൽ ധവാന്‍റെ നേതൃത്വത്തിലുള്ള ശ്രീലങ്കൻ പര്യടനത്തിലാണ് താരം അവസാനമായി ഇന്ത്യക്കായി വൈറ്റ് ബോൾ ക്രിക്കറ്റ് കളിച്ചത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.