ETV Bharat / sports

ODI WC 2023 | 'അന്ന് സച്ചിന് വേണ്ടി ചെയ്‌തത് ഇപ്രാവശ്യം വിരാട് കോലിക്കായി ചെയ്യണം': ഇന്ത്യന്‍ താരങ്ങളോട് വിരേന്ദര്‍ സെവാഗ്

author img

By

Published : Jun 29, 2023, 9:59 AM IST

ഏകദിന ക്രിക്കറ്റ് ലോകകപ്പിന് മുന്‍പ് ഇന്ത്യന്‍ താരങ്ങള്‍ക്ക് നിര്‍ദേശവുമായി വിരേന്ദര്‍ സെവാഗ്. ലോകകപ്പ് മത്സരക്രമം പുറത്തുവന്നതിന് പിന്നാലെയാണ് മുന്‍ താരത്തിന്‍റെ പ്രതികരണം.

ODI WC 2023  Virender Sehwag  Virat Kohli  Virender Sehwag On ODI WC 2023  Sachin Tendulkar  BCCI  വിരേന്ദര്‍ സെവാഗ്  ഏകദിന ക്രിക്കറ്റ് ലോകകപ്പ്  വിരാട് കോലി  ഇന്ത്യന്‍ ക്രിക്കറ്റ് ടീം  ക്രിക്കറ്റ് ലോകകപ്പ്
Virat Kohli

മുംബൈ: ഏകദിന ക്രിക്കറ്റ് ലോകകപ്പ് (ODI World Cup 2023) മത്സരങ്ങള്‍ക്കായി ആവേശത്തോടെയാണ് ലോകമെമ്പാടുമുള്ള ക്രിക്കറ്റ് ആരാധകര്‍ കാത്തിരിക്കുന്നത്. മെഗാ ഇവന്‍റിന്‍റെ മത്സരക്രമം കൂടി പുറത്തുവന്നതോടെ ആരാധകരുടെ ആവേശവും ഇരട്ടിച്ചിട്ടുണ്ട്. ഒക്‌ടോബര്‍ അഞ്ചിന് ഇംഗ്ലണ്ട്-ന്യൂസിലന്‍ഡ് പോരാട്ടത്തോടെ തുടങ്ങുന്ന ലോകകപ്പ് നവംബര്‍ 19നാണ് കൊടിയിറങ്ങുന്നത്.

സ്വന്തം മണ്ണില്‍ കിരീട വരള്‍ച്ച അവസാനിപ്പിക്കാനുള്ള ശ്രമത്തിലാണ് ഇന്ത്യ. 2011ല്‍ ഇന്ത്യ, ശ്രീലങ്ക, ബംഗ്ലാദേശ് എന്നിവിടങ്ങളിലായി നടന്ന ടൂര്‍ണമെന്‍റില്‍ കപ്പുയര്‍ത്താന്‍ എംഎസ് ധോണിയുടെ നേതൃത്വത്തിലുള്ള ഇന്ത്യന്‍ സംഘത്തിന് സാധിച്ചിരുന്നു. അന്ന്, ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറിനും (Sachin Tendulkar) വേണ്ടിയാണ് ഇന്ത്യ വിശ്വകിരീടം സ്വന്തമാക്കിയത്.

മറ്റൊരു ലോകകപ്പിനുള്ള തയ്യാറെടുപ്പുകള്‍ തുടങ്ങിയിരിക്കുന്ന ഈ സാഹചര്യത്തില്‍ ഇന്ത്യ ഇപ്രാവശ്യം വിരാട് കോലിക്ക് (Virat Kohli) വേണ്ടി കിരീടം നേടണമെന്ന ആവശ്യവുമായി രംഗത്തെത്തിയിരിക്കുകയാണ് മുന്‍ താരം വിരേന്ദര്‍ സെവാഗ് (Virender Sehwag). ഏകദിന ലോകകപ്പ് ഷെഡ്യൂള്‍ പുറത്തുവിട്ടതിന് പിന്നാലെ സ്റ്റാര്‍ സ്‌പോര്‍ട്‌സ് പരിപാടിയില്‍ സംസാരിക്കുമ്പോഴായിരുന്നു സെവാഗിന്‍റെ പ്രതികരണം.

'വിരാട് കോലിക്ക് വേണ്ടി എല്ലാവരും ഈ കിരീടം നേടേണ്ടതുണ്ട്. അയാള്‍ ഒരു മികച്ച കളിക്കാരനാണ്. മികച്ച കളിക്കാരന്‍ കൂടിയായ അദ്ദേഹം എപ്പോഴും മറ്റ് കളിക്കാരെയും സഹായിക്കുന്നു.

മത്സരത്തെ സമീപിക്കുന്നതും കളിക്കുന്നതുമായ രീതികള്‍ കൊണ്ട് സച്ചിന്‍ ടെണ്ടുല്‍ക്കറുമായി ഏറെ സാമ്യമുള്ള ഒരാളാണ് വിരാട് കോലി. ഗെയിമിനോട് അയാള്‍ കാണിക്കുന്ന അഭിനിവേശവും അര്‍പ്പണബോധവും അവിശ്വസനീയമാണ്. വലിയ ടൂര്‍ണമെന്‍റുകളിലേക്ക് എത്തുമ്പോഴെല്ലാം അവന്‍ ടീമിനായി വലിയ സംഭാവനകള്‍ നല്‍കും.

ഈ ടൂര്‍ണമെന്‍റിലും അവന്‍ മികച്ച പ്രകടനം നടത്തുമെന്ന് എനിക്ക് ഉറപ്പുണ്ട്. ഓരോ മത്സരത്തിനും വേണ്ടി അവന്‍ മൈതാനത്തേക്ക് ഇറങ്ങുമ്പോള്‍ ഗാലറിയില്‍ അയാളെ പിന്തുണയ്‌ക്കാനും അയാള്‍ക്ക് വേണ്ടി ആര്‍പ്പുവിളിക്കാനും നിരവധിപേര്‍ ഉണ്ടായിരിക്കും' -വിരേന്ദര്‍ സെവാഗ് പറഞ്ഞു. ഏകദിന ക്രിക്കറ്റിലെ കൂടുതല്‍ സെഞ്ച്വറികള്‍ എന്ന സച്ചിന്‍ ടെണ്ടുല്‍ക്കറുടെ റെക്കോഡ്, വിരാട് കോലി തകര്‍ക്കാന്‍ സാധ്യതയുണ്ടെന്നും സെവാഗ് കൂട്ടിച്ചേര്‍ത്തു.

അന്താരാഷ്‌ട്ര ക്രിക്കറ്റില്‍ 2008ല്‍ അരങ്ങേറ്റം നടത്തിയ വിരാട് കോലി 2011ലെ ഏകദിന ലോകകപ്പില്‍ ഇന്ത്യന്‍ ടീമില്‍ അംഗമായിരുന്നു. അന്ന് 9 മത്സരങ്ങള്‍ കളിച്ച കോലി 35.25 ശരാശരിയില്‍ 282 റണ്‍സ് ആണ് നേടിയത്. ടൂര്‍ണമെന്‍റിന്‍റെ ഫൈനലില്‍ ഉള്‍പ്പടെ നിര്‍ണായക പ്രകടനങ്ങള്‍ നടത്താന്‍ വിരാടിന് സാധിച്ചിരുന്നു.

2015 ഏകദിന ലോകകപ്പിലും വിരാട് ഇന്ത്യന്‍ ടീമില്‍ സ്ഥാനം നിലനിര്‍ത്തി. ഓസ്‌ട്രേലിയയില്‍ നടന്ന ലോകകപ്പില്‍ എട്ട് മത്സരങ്ങളില്‍ നിന്നും 301 റണ്‍സായിരുന്നു വിരാടിന്‍റെ സമ്പാദ്യം. ഇംഗ്ലണ്ടില്‍ നടന്ന അടുത്ത ലോകകപ്പില്‍ ഇന്ത്യന്‍ നായകനായിട്ട് കൂടിയാണ് സൂപ്പര്‍ താരം മൈതാനത്തിറങ്ങിയത്. സെമി ഫൈനല്‍ വരെയെത്തിയ ഇന്ത്യന്‍ ടീമിന് വേണ്ടി വിരാട് കോലി 443 റണ്‍സ് ആണ് നേടിയത്.

Also Read : 'ഞങ്ങള്‍ വയസന്മാരായിരുന്നു, ധോണിക്കാണേല്‍ പരിക്കും, അങ്ങനെ ആ.. ചുമതല കോലിയില്‍ എത്തി'; 2011-ലെ ഓര്‍മ പങ്കിട്ട് വിരേന്ദര്‍ സെവാഗ്

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.