ETV Bharat / sports

'ഹര്‍ഷല്‍ മികച്ച താരം തന്നെ, പക്ഷേ ഷമി'; ടി20 ലോകകപ്പ് ടീമില്‍ വെറ്ററന്‍ പേസറെ പിന്തുണച്ച് മുന്‍ നായകര്‍

author img

By

Published : Sep 13, 2022, 1:04 PM IST

ബൗണ്‍സും പേസുമുള്ള ഓസ്‌ട്രേലിയന്‍ പിച്ചുകളില്‍ തുടക്കത്തില്‍ തന്നെ വിക്കറ്റ് വീഴ്‌ത്താന്‍ കഴിവുള്ള ബോളറാണ് ഷമിയെന്ന് മുന്‍ ക്യാപ്റ്റന്‍ കൃഷ്‌ണമാചാരി ശ്രീകാന്ത്

krishnamachari srikkanth supports mohammed shami  srikkanth on mohammed shami  mohammed shami  krishnamachari srikkanth  srikkanth on harshal patel  T20 world cup  സഞ്ജു സാംസണ്‍  മുഹമ്മദ് ഷമി  കൃഷ്‌ണമാചാരി ശ്രീകാന്ത്  ടി20 ലോകകപ്പ്  ഹര്‍ഷല്‍ പട്ടേല്‍  രോഹിത് ശര്‍മ  മുഹമ്മദ് ഷമിയെ പിന്തുണച്ച് കൃഷ്‌ണമാചാരി ശ്രീകാന്ത്
"ഹര്‍ഷല്‍ മികച്ച താരം തന്നെ, പക്ഷെ ഷമി.."; ടി20 ലോകകപ്പ് ടീമില്‍ വെറ്ററന്‍ പേസറെ പിന്തുണച്ച് കൃഷ്‌ണമാചാരി ശ്രീകാന്ത്

ചെന്നൈ : ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ മലയാളി താരം സഞ്ജു സാംസണ്‍, പേസര്‍ മുഹമ്മദ് ഷമി എന്നിവര്‍ക്ക് ഇടം ലഭിക്കാത്തത് ചര്‍ച്ചയായിരുന്നു. സ്റ്റാന്‍ഡ് ബൈ താരമായി ഷമി ടീമില്‍ ഉള്‍പ്പെട്ടപ്പോള്‍ സഞ്‌ജുവിന് നിരാശയായിരുന്നു ഫലം. രോഹിത് ശര്‍മ നായകനായ ടീമിലേക്ക് പേസര്‍മാരായ ജസ്‌പ്രീത് ബുംറ, ഹര്‍ഷല്‍ പട്ടേല്‍ എന്നിവര്‍ തിരിച്ചെത്തിയിരുന്നു.

പരിക്കേറ്റതിനെ തുടര്‍ന്ന് അടുത്തിടെ സമാപിച്ച ഏഷ്യ കപ്പ് ടൂര്‍ണമെന്‍റില്‍ ഇരുവരും കളിച്ചിരുന്നില്ല. എന്നാല്‍ ഷമിയെ പുറത്തിരുത്തിയത് ചോദ്യം ചെയ്‌ത് രംഗത്തെത്തിയിരിക്കുകയാണ് ഇന്ത്യയുടെ മുന്‍ നായകന്‍ കൃഷ്‌ണമാചാരി ശ്രീകാന്ത്. ഹര്‍ഷല്‍ പട്ടേലിന് പകരം ഷമിയെ ടീമില്‍ ഉള്‍പ്പെടുത്തണമായിരുന്നുവെന്ന് ശ്രീകാന്ത് അഭിപ്രായപ്പെട്ടു.

'ഞാനായിരുന്നു സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാനെങ്കില്‍ മുഹമ്മദ് ഷമി തീര്‍ച്ചയായും ടീമിലുണ്ടാവുമായിരുന്നു. ബൗണ്‍സും പേസുമുള്ള ഓസ്‌ട്രേലിയന്‍ പിച്ചുകളിലാണ് ടി20 ലോകകപ്പ് നടക്കുന്നത്. തുടക്കത്തില്‍ തന്നെ വിക്കറ്റ് നേടാന്‍ ഷമിക്ക് കഴിയും. ഹര്‍ഷലിന് പകരം ഞാന്‍ ഷമിയെ ഉള്‍പ്പെടുത്തുമായിരുന്നു'- ശ്രീകാന്ത് പറഞ്ഞു.

'ഹര്‍ഷല്‍ മികച്ച ബോളറാണെന്ന കാര്യത്തില്‍ യാതൊരു സംശയവുമില്ല. പക്ഷേ, ഷമിയാണ് ശരിയായ താരം. ഷമി ടെസ്റ്റിലും ഏകദിനങ്ങളിലും മാത്രമാണ് കളിക്കുന്നത്. എന്നാല്‍ നമ്മള്‍ കളിക്കുന്നത് ഓസ്ട്രേലിയയിലാണ്. ഐപിഎല്ലില്‍ മികച്ച പ്രകടനം നടത്താന്‍ ഷമിക്ക് കഴിഞ്ഞിരുന്നു. അതുകൊണ്ട് എന്‍റെ ടീമില്‍ ഷമി തീര്‍ച്ചയായും ഉണ്ടാവുമായിരുന്നു' - ശ്രീകാന്ത് കൂട്ടിച്ചേര്‍ത്തു.

'മുഹമ്മദ് ഷമി ഒരു മുൻനിര ബൗളറാണ്. കഴിഞ്ഞ വർഷത്തെ ഐപിഎൽ റെക്കോഡ് നിങ്ങൾ പരിശോധിക്കുക. അതിശയകരമാണ്! മത്സരങ്ങളില്‍ തുടക്കം തന്നെ അവന് വിക്കറ്റുകൾ ലഭിച്ചു. മറ്റാര്‍ക്കാണ് അതിന് കഴിയുക?' - ശ്രീകാന്ത് ചോദിച്ചു.

Also read: 'ഇത് അനീതി, സഞ്‌ജു ചെയ്‌ത തെറ്റെന്ത് ?'; ചോദ്യവുമായി ഡാനിഷ്‌ കനേരിയ

ഐപിഎല്ലില്‍ ഗുജറാത്ത് ടൈറ്റൻസിന് വേണ്ടി കളിച്ച ഷമി ടീമിന്‍റെ കിരീട നേട്ടത്തില്‍ നിര്‍ണായകമായ താരമാണ്. 16 മത്സരങ്ങളിൽ നിന്ന് 8.00 ഇക്കോണമിയില്‍ 20 വിക്കറ്റ് വീഴ്ത്താന്‍ താരത്തിന് കഴിഞ്ഞിരുന്നു. അതേസമയം ഭുവനേശ്വര്‍ കുമാര്‍, അര്‍ഷ്‌ദീപ് സിങ്‌ എന്നിവരാണ് ടീമിലെ മറ്റ് പേസര്‍മാര്‍. മറ്റൊരു പേസ് ബോളിങ് ഒപ്‌ഷനായി ഹാര്‍ദിക് പാണ്ഡ്യയുമുണ്ട്.

ഷമിയെ പുറത്താക്കിയതില്‍ പ്രതികരണവുമായി മുന്‍ ക്യാപ്റ്റന്‍ മുഹമ്മദ് അസറുദ്ദീനും രംഗത്തെത്തിയിരുന്നു. ട്വിറ്ററിലൂടെയായിരുന്നു താരത്തെ പിന്തുണച്ചത്. ഹര്‍ഷലിന് പകരം ഷമിയാവും തന്‍റെ ടീമിലുണ്ടാവുകയെന്നാണ് അദ്ദേഹം ട്വീറ്റ് ചെയ്‌തത്. ദീപക് ഹൂഡയ്‌ക്ക് പകരം ശ്രേയസ് അയ്യരേയും ടീമില്‍ ഉള്‍പ്പെടുത്താമായിരുന്നുവെന്നും അസറുദ്ദീന്‍ അഭിപ്രായപ്പെട്ടു. നിലവിലെ ടീമില്‍ സ്റ്റാന്‍ഡ് ബൈയായി ശ്രേയസ് അയ്യര്‍ ഇടം പിടിച്ചിട്ടുണ്ട്.

ടി20 ലോകകപ്പിനുള്ള ഇന്ത്യൻ ടീം : രോഹിത് ശർമ (ക്യാപ്‌റ്റൻ), കെഎൽ രാഹുൽ (വൈസ് ക്യാപ്‌റ്റൻ), വിരാട് കോലി, സൂര്യകുമാർ യാദവ്, ദീപക് ഹൂഡ, റിഷഭ് പന്ത് (വിക്കറ്റ് കീപ്പർ), ദിനേശ് കാർത്തിക് (വിക്കറ്റ് കീപ്പർ), ഹാർദിക് പാണ്ഡ്യ, ആർ അശ്വിൻ, യുസ്‌വേന്ദ്ര ചാഹൽ, അക്‌സർ പട്ടേൽ, ജസ്‌പ്രീത് ബുംറ, ഭുവനേശ്വർ കുമാർ, ഹർഷൽ പട്ടേൽ, അർഷ്‌ദീപ് സിങ്‌.

സ്റ്റാന്‍ഡ് ബൈ : മുഹമ്മദ് ഷമി, ശ്രേയസ് അയ്യര്‍, രവി ബിഷ്‌ണോയ്, ദീപക് ചാഹര്‍.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.