ETV Bharat / sports

'രാഹുല്‍ ഇടവേളയെടുക്കണം, ഇത് ഗില്ലിനെ കളിപ്പിക്കേണ്ട സമയം'; കെ ശ്രീകാന്ത്

author img

By

Published : Feb 22, 2023, 5:49 PM IST

മികവിനൊത്ത പ്രകടനം നടത്താന്‍ കഴിയാത്ത കെഎല്‍ രാഹുല്‍ ക്രിക്കറ്റില്‍ നിന്നും ഇടവേളയെടുക്കണമെന്ന് ഇന്ത്യയുടെ മുന്‍ താരവും സെലക്‌ടറുമായിരുന്ന കൃഷ്‌ണമാചാരി ശ്രീകാന്ത്

india vs australia  Krishnamachari Srikkanth on KL Rahul  Krishnamachari Srikkanth  KL Rahul  കൃഷ്‌ണമാചാരി ശ്രീകാന്ത്  കെഎല്‍ രാഹുല്‍  ശുഭ്‌മാന്‍ ഗില്‍  ഇന്ത്യ vs ഓസ്‌ട്രേലിയ  ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫി  Border Gavaskar Trophy
'രാഹുല്‍ ഇടവേളയെടുക്കണം, ഇത് ഗില്ലിനെ കളിപ്പിക്കേണ്ട സമയം'

മുംബൈ: ഓസീസിനെതിരായ ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫിയിലും സമീപകാലത്തെ മോശം ഫോമായിരുന്നു ഇന്ത്യന്‍ ഓപ്പണര്‍ കെഎല്‍ രാഹുല്‍ തുടര്‍ന്നത്. കളിച്ച രണ്ട് മത്സരങ്ങളിലും തന്‍റെ മികവിനൊത്ത പ്രകടനം നടത്താന്‍ രാഹുലിന് കഴിഞ്ഞിരുന്നില്ല. നാഗ്‌പൂരില്‍ നടന്ന ആദ്യ ടെസ്റ്റില്‍ 20 റണ്‍സ് മാത്രമായിരുന്നു രാഹുല്‍ നേടിയത്.

ഡല്‍ഹിയില്‍ നടന്ന രണ്ടാം ടെസ്റ്റിലാകട്ടെ ആദ്യ ഇന്നിങ്‌സില്‍ 17 റണ്‍സും രണ്ടാം ഇന്നിങ്‌സില്‍ ഒരു റണ്‍സും മാത്രമാണ് 30കാരന്‍ കണ്ടെത്തിയത്. മികച്ച ഫോമിലുള്ള ശുഭ്‌മാന്‍ ഗില്ലിനെ പുറത്തിരുത്തിയായിരുന്നു രാഹുലിന് മാനേജ്‌മെന്‍റ് അവസരം നല്‍കിയത്. പരമ്പരയില്‍ ബാക്കിയുള്ള മത്സരങ്ങളിലും താരത്തെ നിലനിര്‍ത്തിയിട്ടുണ്ട്. ഇതോടെ രൂക്ഷ വിമര്‍ശനമാണ് രാഹുലിനെതിരെ ഉയരുന്നത്.

വിഷയത്തില്‍ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് ഇന്ത്യയുടെ മുന്‍ താരവും സെലക്‌ടറുമായിരുന്ന കൃഷ്‌ണമാചാരി ശ്രീകാന്ത്. നിലവിലെ ഫോമിന്‍റെ അടിസ്ഥാനത്തില്‍ രാഹുല്‍ ക്രിക്കറ്റില്‍ നിന്നും ഇടവേളയെടുക്കണമെന്നാണ് ശ്രീകാന്ത് അഭിപ്രായപ്പെട്ടിരിക്കുന്നത്. ഒരു ദേശീയ മാധ്യമത്തോടായിരുന്നു മുന്‍ താരത്തിന്‍റെ പ്രതികരണം.

"രാഹുലിന്‍റെ കളി ശൈലിയോടും മികവിനോടും എനിക്ക് ആരാധനയുണ്ട്. വാസ്തവത്തിൽ, ഞാൻ അവനെ റോൾസ് റോയ്‌സ് രാഹുൽ എന്നാണ് വിളിക്കുന്നത്. എന്നാല്‍ തന്‍റെ മികവ് പുലര്‍ത്താന്‍ ഇപ്പോള്‍ രാഹുലിന് കഴിയുന്നില്ല.

ഞാനിപ്പോള്‍ സെലക്ഷന്‍ കമ്മിറ്റിയുടെ ചെയർമാനായിരുന്നുവെങ്കിൽ, രാഹുലിനോട് അൽപ്പനേരം വിശ്രമിക്കാൻ പറയുമായിരുന്നു". ശ്രീകാന്ത് പറഞ്ഞു. ഓസീസിനെതിരായ പരമ്പരയിലെ ബാക്കിയുള്ള മത്സരങ്ങളില്‍ രാഹുലിന് പകരം ഓപ്പണറായി ശുഭ്‌മാൻ ഗില്ലിന് അവസരം നല്‍കണമെന്നും ശ്രീകാന്ത് അഭിപ്രായപ്പെട്ടു. "രാഹുലിനോടുള്ള എല്ലാ ആദരവോടെയും പറയട്ടെ, ശുഭ്‌മാനെ കളിപ്പിക്കാനുള്ള സമയമാണിത്.

കരിയറില്‍ മികച്ച ഫോമിലുള്ള ഒരു താരത്തോട് കാത്തിരിക്കാന്‍ പറയാനാവില്ല. രാഹുലിന്‍റെ കളിയിലെ സാങ്കേതിക പോരായ്മ ഇപ്പോൾ ചൂണ്ടിക്കാണിക്കാൻ എനിക്ക് കഴിയില്ല. മാനസികമായ പ്രയാസങ്ങളാണ് രാഹുല്‍ നേരിടുന്നതെന്നാണ് ഞാൻ കരുതുന്നു.

രാഹുൽ ചെയ്യേണ്ടത് ഒരു ഇടവേള എടുത്ത് മനസ് ക്രമീകരിക്കുക എന്നതാണ്. മികച്ച ഫോമിലേക്ക് താരം മടങ്ങിയെത്താതിരിക്കാനുള്ള കാരണങ്ങളില്ല" കൃഷ്‌ണമാചാരി ശ്രീകാന്ത് കൂട്ടിച്ചേര്‍ത്തു.

ALSO READ: 'അയാള്‍ കുറ്റവാളിയല്ല, ഒന്ന് വെറുതെ വിടൂ..'; രാഹുലിനെതിരായ വിമര്‍ശനങ്ങളില്‍ പ്രതികരിച്ച് ഹര്‍ഭജന്‍ സിങ്‌

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.