മുംബൈ: ഇന്ത്യന്‍ ബാറ്റര്‍ കെഎല്‍ രാഹുലിനെ സംബന്ധിച്ച് ഏറെ കഠിനമായ ഒരു വര്‍ഷമാണിത്. തന്‍റെ മികവിനൊത്ത പ്രകടനം നടത്താന്‍ കഴിയാത്തതിനെ തുടര്‍ന്ന് ഇന്ത്യയുടെ ടെസ്റ്റ് ടീമിന്‍റെ വൈസ് ക്യാപ്റ്റനായിരുന്ന രാഹുലിന് പ്ലേയിങ് ഇലവനില്‍ നിന്നും സ്ഥാനം നഷ്‌ടമാവുന്ന സാഹചര്യത്തിലേക്ക് വരെ കാര്യങ്ങള്‍ എത്തിയിരുന്നു. ഓസ്‌ട്രേലിയയ്‌ക്ക് എതിരായ ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫി പരമ്പരയില്‍ നിന്നാണ് രാഹുല്‍ മോശം പ്രകടനത്തെ തുടര്‍ന്ന് പുറത്തായത്.
നാല് മത്സരങ്ങളടങ്ങിയ ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫി പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളും കളിച്ച രാഹുലിന് വെറും 37 റണ്‍സ് മാത്രമായിരുന്നു നേടാന്‍ കഴിഞ്ഞത്. ഏകദിനത്തിൽ മെച്ചപ്പെട്ട ഫോം പുറത്തെടുക്കാന്‍ 32-കാരനായ രാഹുലിന് കഴിഞ്ഞിരുന്നു. എന്നാല്‍ ടി20യിലേക്ക് എത്തുമ്പോള്‍ താരത്തിന്‍റെ സ്‌ട്രൈക്ക് റേറ്റിനെതിരെ കടുത്ത വിമര്‍ശനങ്ങളാണ് ഉയരാറുള്ളത്.
ഇതോടെ പലപ്പോഴും ട്രോളുകളില്‍ നിറയുന്ന താരം എയറിലാവാറുണ്ട്. ഇപ്പോഴിതാ കഴിഞ്ഞ ഒരു വർഷമായി തനിക്ക് നേരിടേണ്ടി വന്ന സോഷ്യൽ മീഡിയ ട്രോളിങ്ങിനെക്കുറിച്ച് പ്രതികരിച്ചിരിക്കുകയാണ് രാഹുല്‍. ചില സമയങ്ങളിൽ പല ട്രോളുകളും തന്നെ ഏറെ ബാധിച്ചുവെന്നാണ് രാഹുല്‍ തുറന്ന് പറഞ്ഞിരിക്കുന്നത്.
"എന്നെ ഏറെ ബാധിച്ച കാര്യങ്ങളിലൊന്നാണത്. എന്നെ മാത്രമല്ല, ഏറെപേരെ അതു ബാധിച്ചിട്ടുണ്ട്. കായിക താരങ്ങള്‍ക്ക് വേണ്ടത് സത്യസന്ധമായ പിന്തുണയാണ്. എന്നാല്‍ ആളുകള്‍ വിചാരിക്കുന്നത് അവര്‍ക്ക് തോന്നും പോലെ എന്തും പറയാനുള്ള അധികാരമുണ്ടെന്നാണ്.
പലപ്പോഴും ഏറെ കഠിനമായ സാഹചര്യങ്ങളിലൂടെയാണ് പലരും കടന്നുപോകുന്നതെന്ന കാര്യം എല്ലാവരും മനസിലാക്കേണ്ടതുണ്ട്", കെഎല്‍ രാഹുല്‍ പറഞ്ഞു. ഒരു ചാറ്റ് ഷോയിലാണ് താരത്തിന്‍റെ വാക്കുകള്‍.
"ഞങ്ങള്‍ ആരും മോശം പ്രകടനം നടത്താൻ ആഗ്രഹിക്കുന്നില്ല. ഇതാണ് ഞങ്ങളുടെ ജീവിതം. നേരത്തെ തന്നെ പറഞ്ഞതുപോലെ, എനിക്ക് ക്രിക്കറ്റല്ലാതെ മറ്റൊന്നും അറിയില്ല. ഞാന്‍ അതുമാത്രമാണ് ചെയ്യുന്നത്. എന്‍റെ ഗെയിമില്‍ ഞാൻ വളരെ സിരീസല്ലെന്നും, വേണ്ടത്ര കഠിനാധ്വാനം ചെയ്യുന്നില്ലെന്നും എന്തുകൊണ്ടാണ് ആളുകള്‍ അനുമാനിക്കുന്നത്.
ദൗര്‍ഭാഗ്യവശാല്‍ സ്‌പോര്‍ട്‌സുമായി അതിനൊരു ബന്ധവുമില്ല. നിങ്ങൾക്ക് കഠിനാധ്വാനം ചെയ്യാം, ഞാനതു ചെയ്യുന്നുമുണ്ട്. പക്ഷെ, ഫലം എപ്പോഴും നമുക്ക് അനുകൂലമാവണമെന്നില്ല", കെഎല്‍ രാഹുല്‍ പറഞ്ഞു.
അതേസമയം ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്‌സിന്‍റെ ക്യാപ്റ്റനായ കെഎല്‍ രാഹുല്‍ പരിക്കേറ്റതിനെ തുടര്‍ന്ന് സീസണില്‍ നിന്നും പുറത്തായിരുന്നു. കഴിഞ്ഞ മെയ് ഒന്നിന് റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരുമായുള്ള മത്സരത്തില്‍ ഫീല്‍ഡിങ്ങിനിടെ രാഹുലിന്‍റെ തുടയ്‌ക്കായിരുന്നു പരിക്കേറ്റത്. പിന്നാലെ താന്‍ ശസ്ത്രക്രിയയ്ക്ക് വിധേയനാകുമെന്ന് 32-കാരന്‍ സോഷ്യല്‍ മീഡിയയിലൂടെ വ്യക്തമാക്കിയിരുന്നു.
ഇതോടെ ഐസിസി ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനല്‍ ഓസ്‌ട്രേലിയയ്‌ക്കെതിരെ തനിക്ക് കളിക്കാന്‍ കഴിയില്ലെന്നും താരം വ്യക്തമാക്കിയിരുന്നു. ജൂണ്‍ ഏഴ് മുതല്‍ 11 വരെ ലണ്ടനിലെ ഓവലിലാണ് ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ നടക്കുന്നത്. രാഹുലിന്‍റെ അഭാവത്തില്‍ ക്രുണാല്‍ പാണ്ഡ്യയാണ് നിലവില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്‌സിനെ നയിക്കുന്നത്.
ALSO READ: ഐപിഎല്ലിലെ 'ഫ്ലോപ്പ് സ്റ്റാർ'; നാണക്കേടിന്‍റെ റെക്കോഡ് സ്വന്തമാക്കി ദീപക് ഹൂഡ