ETV Bharat / sports

പണമുള്ളപ്പോള്‍ ഒരു ഡ്രൈവറെ വച്ചാലെന്താ..?; ക്രിക്കറ്റ് താരങ്ങള്‍ക്ക് ഉപദേശവുമായി കപില്‍ ദേവ്

author img

By

Published : Jan 2, 2023, 4:33 PM IST

ക്രിക്കറ്റ് താരങ്ങള്‍ ഒറ്റയ്‌ക്ക് വാഹനമോടിക്കാതെ ഡ്രൈവര്‍മാരെ ജോലിക്ക് വയ്‌ക്കണമെന്ന് ഇന്ത്യയുടെ മുന്‍ താരം കപില്‍ ദേവ്.

Kapil Dev reacts to Rishabh Pant s car accident  Kapil Dev  Rishabh Pant car accident  Rishabh Pant  കപില്‍ ദേവ്  റിഷഭ്‌ പന്ത്  റിഷഭ്‌ പന്ത് കാര്‍ അപകടം  ക്രിക്കറ്റര്‍മാര്‍ ഡ്രൈവറെ നിയമിക്കണമെന്ന് കപില്‍
ക്രിക്കറ്റ് താരങ്ങള്‍ക്ക് ഉപദേശവുമായി കപില്‍ ദേവ്

ന്യൂഡല്‍ഹി: ക്രിക്കറ്റ് താരങ്ങള്‍ ഒറ്റയ്‌ക്ക് വാഹനമോടിക്കരുതെന്ന് ഇന്ത്യയുടെ മുന്‍ നായകന്‍ കപില്‍ ദേവ്. ഡ്രൈവര്‍മാരെ ജോലിക്ക് വയ്ക്കാന്‍ കഴിവുള്ളവരാണ് കളിക്കാരനെന്നും കപില്‍ പറഞ്ഞു. റിഷഭ് പന്തിന്‍റെ അപകടത്തിന്‍റെ പശ്ചാത്തലത്തിലാണ് 63കാരന്‍റെ പ്രതികരണം.

ക്രിക്കറ്റ് കരിയറിന്‍റെ തുടക്കത്തില്‍ തനിക്കുണ്ടായ ഒരു അപകടത്തിന്‍റെ ഓര്‍മയും കപില്‍ പങ്കുവച്ചു. "ഇതൊരു പാഠമാണ്. ക്രിക്കറ്റ് കളിക്കാരനെന്ന നിലയില്‍ ഞാന്‍ വളര്‍ന്നുവരവെ ഒരു മോട്ടോർ സൈക്കിൾ അപകടത്തെ അഭിമുഖീകരിക്കേണ്ടി വന്നിരുന്നു.

അന്നുമുതൽ എന്‍റെ സഹോദരൻ എന്നെ മോട്ടോർ ബൈക്കിൽ തൊടാൻ പോലും അനുവദിച്ചില്ല. നിങ്ങൾക്ക് മികച്ച വേഗതയുള്ള കാണാന്‍ ഏറെ ഭംഗിയുള്ള കാറുകളുണ്ട്. പക്ഷേ നിങ്ങൾ ജാഗ്രത പുലര്‍ത്തേണ്ടതുണ്ട്.

നിങ്ങള്‍ക്ക് എളുപ്പത്തിൽ ഒരു ഡ്രൈവറെ ജോലിക്ക് വയ്ക്കാനാവും. അതിനാല്‍ ഒറ്റയ്‌ക്ക് വാഹനമോടിക്കേണ്ടതില്ല. ഡ്രൈവിങ്ങിനോട് പലര്‍ക്കും അഭിനിവേശമുണ്ടെന്ന് എനിക്കറിയാം. ഈ പ്രായത്തില്‍ അതൊക്കെ സ്വാഭാവികമാണ്.

എന്നാല്‍ നിങ്ങള്‍ക്ക് ഉത്തരവാദിത്തങ്ങളുണ്ട്. നിങ്ങളെ സംരക്ഷിക്കാന്‍ നിങ്ങള്‍ക്ക് മാത്രമേ കഴിയൂ. നിങ്ങളുടെ കാര്യങ്ങള്‍ നിങ്ങള്‍ തന്നെ തീരുമാനിക്കുകയും വേണം", കപില്‍ കൂട്ടിച്ചേര്‍ത്തു.

അതേസമയം ഡിസംബര്‍ 30നാണ് റിഷഭ്‌ പന്ത് കാറപകടത്തില്‍ പെടുന്നത്. ഉത്തരാഖണ്ഡിൽ നിന്ന് ഡൽഹിയിലേക്കുള്ള യാത്രയ്ക്കിടെ പുലര്‍ച്ചെയാണ് അപകടമുണ്ടായത്. 25കാരനായ പന്ത് സഞ്ചരിച്ചിരുന്ന മേർസിഡസ് ജിഎൽസി കൂപ്പ് ഡിവൈഡറിൽ ഇടിച്ചു കയറി തീ പിടിക്കുകയായിരുന്നു.

നിലവില്‍ ഡെറാഡൂണിലെ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന താരത്തിന്‍റെ ആരോഗ്യനില മെച്ചപ്പെട്ടുവരികയാണ്. കളിക്കളത്തിലേക്ക് മടങ്ങിയെത്താന്‍ പന്തിന് ആറ് മാസം വരെ സമയം വേണ്ടിവരുമെന്നാണ് റിപ്പോര്‍ട്ട്. ഇതോടെ ഓസ്‌ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയിലും തുടര്‍ന്ന് നടക്കുന്ന ഐപിഎല്ലിലും പന്തിന് കളിക്കാന്‍ കഴിയില്ല.

ALSO READ: Watch: പന്തിന് അപകടമെന്ന് ആരാധകര്‍; ഞെട്ടിത്തരിച്ച് ഇഷാന്‍ കിഷന്‍- വീഡിയോ

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.