ETV Bharat / sports

'കോലിയിൽ നിന്ന് പ്രചോദനം ഉൾക്കൊള്ളൂ' ; രോഹിത് ശർമയുടെ ഫിറ്റ്‌നസിൽ ആശങ്ക പ്രകടിപ്പിച്ച് കപിൽ ദേവ്

author img

By

Published : Feb 23, 2023, 5:54 PM IST

ഒരു ക്യാപ്‌റ്റനെ സംബന്ധിച്ചിടത്തോളം ഫിറ്റ്നസ് എന്നത് മറ്റ് താരങ്ങളേക്കാൾ പ്രധാനമാണെന്ന് കപിൽ ദേവ്

Rohit Sharma  രോഹിത് ശർമ  രോഹിതിന്‍റെ ഫിറ്റ്‌നസിനെ ചോദ്യം ചെയ്‌ത് കപിൽ ദേവ്  കപിൽ ദേവ്  Kapil Dev  കോലി  ബോർഡർ ഗവാസ്‌കർ ട്രോഫി  രോഹിത് ശർമയുടെ ഫിറ്റ്‌നസ്  Kapil Dev about rohit sharmas Fitness
രോഹിത് ശർമ കപിൽ ദേവ്

ന്യൂഡൽഹി : ഇന്ത്യൻ നായകൻ രോഹിത് ശർമയുടെ ഫിറ്റ്നസിൽ ആശങ്ക പ്രകടിപ്പിച്ച് മുൻ നായകൻ കപിൽ ദേവ്. ഒരു ക്യാപ്‌റ്റനെ സംബന്ധിച്ചിടത്തോളം മറ്റ് താരങ്ങളേക്കാൾ ഫിറ്റ്നസ് അനിവാര്യമാണെന്നും അങ്ങനെ നോക്കുമ്പോൾ രോഹിത്തിന് അൽപം അമിത ഭാരമുള്ളതായി തോന്നുന്നുവെന്നുമായിരുന്നു കപിൽ ദേവിന്‍റെ അഭിപ്രായം. കൂടാതെ മികച്ച രീതിയിൽ ഫിറ്റ്നസ് നിലനിർത്തുന്ന കോലിയിൽ നിന്ന് രോഹിത് പ്രചോദനം ഉൾക്കൊള്ളണമെന്നും കപിൽ ദേവ് ആവശ്യപ്പെട്ടു.

'രോഹിത്തിന് അൽപം അമിത ഭാരമുള്ളതായി തോന്നുന്നുണ്ട്. കുറഞ്ഞത് ടിവിയിൽ കാണുമ്പോഴെങ്കിലും രോഹിത്തിന് അമിത ഭാരം തോന്നിക്കുന്നുണ്ട്. ഏത് കളിക്കാരനും ഫിറ്റായി ഇരിക്കേണ്ടത് വളരെ പ്രധാനമാണ്. ഒരു ക്യാപ്‌റ്റനെ സംബന്ധിച്ചിടത്തോളം ഇത് വളരെ പ്രധാനമാണ്.

ഫിറ്റ്‌നസ് ലെവലുകളെ സംബന്ധിച്ചിടത്തോളം നിങ്ങൾ ആവശ്യമായ മാർക്കിൽ എത്തിയില്ലെങ്കിൽ അത് ലജ്ജാകരമാണ്. രോഹിത് തന്‍റെ ഫിറ്റ്‌നസിൽ കുറച്ച് കഠിനാധ്വാനം ചെയ്യേണ്ടതായുണ്ട്. രോഹിത് ഒരു മികച്ച ബാറ്ററാണ്. എന്നാൽ നിങ്ങൾ അവന്‍റെ ഫിറ്റ്നസ് ലെവലിനെക്കുറിച്ച് പറയുമ്പോൾ അൽപം അമിത ഭാരമുള്ളതായി തോന്നുന്നു.

നിങ്ങൾ ടിവിയിൽ കാണുന്നതുപോലെയായിരിക്കില്ല യാഥാർഥ ജീവിതത്തിൽ നേരിട്ട് ഒരാളെ കാണുന്നത്. രോഹിത് മികച്ച നായകനും മികച്ച ബാറ്ററുമാണ്. പക്ഷേ എന്‍റെ കാഴ്‌ചപ്പാടിൽ അദ്ദേഹം കുറച്ചുകൂടി ഫിറ്റ്നസ് നിലനിർത്തണം. ഇക്കാര്യത്തിൽ രോഹിത്തിന് സഹതാരം കോലിയിൽ നിന്ന് പ്രചോദനം ഉൾക്കൊള്ളാവുന്നതാണ്' - കപിൽ ദേവ് കൂട്ടിച്ചേർത്തു.

മുൻപും വിമർശനം : രോഹിത്തിന്‍റെ ഫിറ്റ്‌നസിനെ ചോദ്യം ചെയ്‌തുകൊണ്ട് നേരത്തെയും കപിൽ ദേവ് രംഗത്തെത്തിയിട്ടുണ്ട്. രോഹിത്തിന്‍റെ ഫിറ്റ്‌നസിൽ വലിയ പ്രശ്‌നങ്ങളുണ്ടെന്നായിരുന്നു കപിൽ ദേവിന്‍റെ വിമർശനം. 'ക്യാപ്റ്റനായതിന് ശേഷം മികച്ച സ്‌കോർ കണ്ടെത്താത്തതിന്‍റെ പേരിൽ നിരവധി വിമർശനങ്ങൾ രോഹിത് നേരിടേണ്ടി വന്നിട്ടുണ്ട്.

ഞാൻ അതിനോട് യോജിക്കുന്നു. പക്ഷേ അദ്ദേഹത്തിന്‍റെ ക്രിക്കറ്റ് കഴിവുകളിൽ എന്തെങ്കിലും പ്രശ്‌നമുണ്ടെന്ന് ഞാൻ വിശ്വസിക്കുന്നില്ല. കാരണം വിജയങ്ങൾ കൊയ്യാൻ കഴിവുള്ള ബാറ്ററാണ് അദ്ദേഹം. രോഹിത് ഫിറ്റ് ആയാൽ ടീം മുഴുവൻ അവനുചുറ്റും അണിനിരക്കും' - കപിൽ ദേവ് പറഞ്ഞു.

വരുത്തിവയ്‌ക്കുന്ന പരിക്ക് : അതേസമയം രോഹിത്തിന്‍റെ കായികക്ഷമതയെക്കുറിച്ച് വർഷങ്ങളായി വലിയ വിമർശനങ്ങളാണ് ഉയർന്നുവരുന്നത്. ഫിറ്റ്നസ് ഇല്ലാത്തതിനാൽ ഉണ്ടാകുന്ന പരിക്ക് മൂലം അടുത്തിടെ താരത്തിന് പല മത്സരങ്ങളും നഷ്‌ടമായിരുന്നു. ടീമിന്‍റെ നായകനായിട്ടും ഫിറ്റ്നസ് നിലനിർത്താതെ പരിക്ക് വിളിച്ചുവരുത്തുന്നതിനെതിരെ മുൻ ക്രിക്കറ്റ് താരങ്ങൾ പോലും രോഹിത്തിനെതിരെ വിമർശനം ഉന്നയിച്ച് രംഗത്തെത്തിയിരുന്നു.

11 മാസത്തെ ഇടവേളയ്‌ക്കുശേഷമാണ് ബോർഡർ ഗവാസ്‌കർ ട്രോഫിയിലൂടെ രോഹിത് ഇന്ത്യയുടെ ടെസ്റ്റ് നായകനായി തിരികെയെത്തിയത്. ഓസീസിനെതിരായ പരമ്പരയ്‌ക്ക് മുൻപ് കഴിഞ്ഞ വർഷം മാർച്ചിൽ ദക്ഷിണാഫ്രിക്കക്കെതിരെയായിരുന്നു രോഹിത് ഇന്ത്യയെ അവസാനമായി ടെസ്റ്റിൽ നയിച്ചത്.

ഇതിന് പിന്നാലെ പരിക്കിന്‍റെ പിടിയിലായ താരത്തിന് ഇംഗ്ലണ്ടിനും, ദക്ഷിണാഫ്രിക്കയ്‌ക്കും എതിരായ ടെസ്റ്റ് പരമ്പരയിൽ കളിക്കാനായിരുന്നില്ല. അതേസമയം ബോർഡർ- ഗവാസ്‌കർ ട്രോഫിയിൽ ഓസീസിനെതിരായ ടെസ്റ്റ് പരമ്പരയിൽ ആദ്യ രണ്ട് മത്സരങ്ങളിലും ഇന്ത്യ വിജയം സ്വന്തമാക്കിയിട്ടുണ്ട്. മാർച്ച് ഒന്നിനാണ് പരമ്പരയിലെ മൂന്നാമത്തെ മത്സരം ആരംഭിക്കുന്നത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.