ETV Bharat / sports

ഏഷ്യ കപ്പ് | തര്‍ക്കങ്ങള്‍ അവസാനിച്ചു; ഹൈബ്രിഡ് മോഡലിന് അന്തിമ അംഗീകാരം, ഇന്ത്യ-പാക് പോരാട്ടങ്ങള്‍ക്ക് വേദി തീരുമാനിച്ചു

author img

By

Published : Jul 12, 2023, 1:44 PM IST

Jay Shah  Zaka Ashraf  Asia Cup 2023 Hybrid Model  Asia Cup 2023  ഏഷ്യ കപ്പ്  BCCI  pakistan cricket board  ഏഷ്യ കപ്പ് ഹൈബ്രീഡ് മോഡല്‍  പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ്  ബിസിസിഐ  ജയ്‌ ഷാ  സാക്ക അഷ്റഫ്  arun dhumal
തര്‍ക്കങ്ങള്‍ അവസാനിച്ചു; ഹൈബ്രീഡ് മോഡലിന് അന്തിമ അംഗീകാരം

ഏഷ്യ കപ്പ് 2023 ഹൈബ്രിഡ് മോഡലില്‍ നടത്താന്‍ ബിസിസിഐ സെക്രട്ടറി ജയ് ഷായും പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് ചെയര്‍മാന്‍ സാക്ക അഷ്റഫും തമ്മില്‍ നടന്ന കൂടിക്കാഴ്‌ചയില്‍ തീരുമാനം.

ഡർബൻ: ഏറെ നീണ്ട അനിശ്ചിതത്വങ്ങള്‍ക്ക് ഒടുവില്‍ ഏഷ്യ കപ്പിന്‍റെ വേദിയില്‍ അന്തിമ തീരുമാനമായി. പാകിസ്ഥാന്‍ ആതിഥേയരാവുന്ന ടൂര്‍ണമെന്‍റ്‌ ഹൈബ്രിഡ് മോഡലില്‍ പാകിസ്ഥാനിലും ശ്രീലങ്കയിലുമായി നടക്കും. ബിസിസിഐ സെക്രട്ടറി ജയ് ഷായും പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് ചെയര്‍മാന്‍ സാക്ക അഷ്റഫും തമ്മില്‍ നടത്തിയ കൂടിക്കാഴ്‌ചയിലാണ് ഇതു സംബന്ധിച്ച തീരുമാനം ഉണ്ടായത്.

ദക്ഷിണാഫ്രിക്കയിലെ ഡര്‍ബനില്‍ നടക്കുന്ന ഐസിസി യോഗത്തിന് മുന്നോടിയായാണ് ഇരു ബോര്‍ഡിലെ തലവന്മാരും തമ്മില്‍ കൂടിക്കാഴ്‌ച നടത്തിയത്. ഓഗസ്റ്റ് 31 മുതൽ സെപ്‌റ്റംബർ 17 വരെ നിശ്ചയിച്ചിരിക്കുന്ന ഏഷ്യ കപ്പില്‍ ആകെ 13 മത്സരങ്ങളാണുള്ളത്. ഇതില്‍ നാല് മത്സരങ്ങള്‍ പാകിസ്ഥാനിലും ബാക്കി ഒമ്പത് മത്സരങ്ങൾ ശ്രീലങ്കയിലുമായി നടക്കും.

ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള ടൂര്‍ണമെന്‍റിലെ ഗ്ലാമര്‍ പോരാട്ടത്തിന് ശ്രീലങ്കയിലെ ധാംബുള്ളയാണ് വേദിയാവുക. ഫൈനലിന് മുന്നെ രണ്ട് തവണ ഇന്ത്യയും പാകിസ്ഥാനും നേര്‍ക്കുനേര്‍ വരുന്ന രീതിയിലാണ് ടൂര്‍ണമെന്‍റ് അരങ്ങേറുക. ഇനി ഇരു ടീമുകളും ഫൈനലിലെത്തിയാല്‍ മൂന്നാം തവണയും ധാംബുള്ളയില്‍ തന്നെയാവും കളി നടക്കുക.

ഇന്ത്യ, പാകിസ്ഥാൻ, ശ്രീലങ്ക, ബംഗ്ലാദേശ്, അഫ്‌ഗാനിസ്ഥാൻ, നേപ്പാൾ എന്നീ ആറ് ടീമുകളാണ് ഏഷ്യ കപ്പില്‍ പോരടിക്കുന്നത്. സുരക്ഷ കാരണങ്ങള്‍ നിലനില്‍ക്കുന്നതിനാല്‍ ടൂര്‍ണമെന്‍റിനായി പാകിസ്ഥാനിലേക്ക് ഇല്ലെന്ന് ബിസിസിഐ നിലപാട് എടുത്തതോടെയാണ് ടൂര്‍ണമെന്‍റിന്‍റെ വേദി സംബന്ധിച്ച് അനിശ്ചിതത്വമുണ്ടായത്.

ഏഷ്യ കപ്പിന്‍റെ ഷെഡ്യൂളില്‍ അന്തിമ തീരുമാനമുണ്ടായതായി ബിസിസിഐ ട്രഷറർ അരുൺ ധുമാല്‍ വാര്‍ത്ത ഏജന്‍സിയായ പിടിഐയോട് സ്ഥിരീകരിച്ചിട്ടുണ്ട്. "ബിസിസിഐ സെക്രട്ടറി പിസിബി തലവൻ സാക്ക അഷ്‌റഫുമായി കൂടിക്കാഴ്‌ച നടത്തി. ഏഷ്യ കപ്പ് ഷെഡ്യൂൾ അന്തിമമായി, അത് നേരത്തെ ചർച്ച ചെയ്‌തതുപോലെ നടക്കും. പാകിസ്ഥാനിൽ ലീഗ് ഘട്ടത്തിൽ നാല് മത്സരങ്ങളാണുണ്ടാവുക. തുടർന്ന് ഇന്ത്യ-പാകിസ്ഥാൻ മത്സരമുള്‍പ്പെടെയുള്ള ഒമ്പത് മത്സരങ്ങള്‍ ശ്രീലങ്കയില്‍ നടക്കും"- അരുൺ ധുമാല്‍ പറഞ്ഞു.

കൂടുതല്‍ ചര്‍ച്ചകളിലൂടെ ബിസിസിഐയും പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡും തമ്മിലുള്ള ബന്ധം കൂടുതല്‍ മെച്ചപ്പെടുത്തുമെന്ന് സാക്ക അഷ്റഫ് പാകിസ്ഥാന്‍ മാധ്യമങ്ങളോട് പറഞ്ഞതായി ഒരു പ്രമുഖ സ്‌പോര്‍ട്‌സ് വെബ്‌സൈറ്റ് റിപ്പോര്‍ട്ട് ചെയ്‌തു. "ഇതൊരു നല്ല തുടക്കമാണ്, ഇതുപോലുള്ള കൂടുതൽ കൂടിക്കാഴ്‌ചകളുണ്ടാവും. ബിസിസിഐയും പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്താന്‍ ഞങ്ങൾ സമ്മതിച്ചു"- സാക്ക അഷ്റഫ് പറഞ്ഞു.

ഏഷ്യ കപ്പിന്‍റെ ഷെഡ്യൂള്‍ നേരത്തെ തന്നെ പുറത്ത് വന്നിരുന്നു. ഇതു പ്രകാരം ഇന്ത്യയുടേതല്ലാത്ത നാല് മത്സരങ്ങള്‍ക്ക് ലാഹോറിലെ ഗദ്ദാഫി സ്റ്റേഡിയമാണ് വേദിയാവുക. നേപ്പാളിനെതിരെ മാത്രമാണ് പാകിസ്ഥാന് സ്വന്തം മണ്ണില്‍ കളിക്കാന്‍ കഴിയൂ. ഇതിന് പുറമെ ബംഗ്ലാദേശ്-അഫ്‌ഗാനിസ്ഥാൻ, അഫ്‌ഗാനിസ്ഥാൻ-ശ്രീലങ്ക, ശ്രീലങ്ക-ബംഗ്ലാദേശ് എന്നീ മത്സരങ്ങളാണ് പാകിസ്ഥാനില്‍ നടത്തുക. അതേസമയം ടൂര്‍ണമെന്‍റിന്‍റെ അന്തിമ ഷെഡ്യൂളിന്‍റെ ഔദ്യോഗിക പ്രഖ്യാപനം വെള്ളിയാഴ്‌ച (ജൂലൈ 14) ഉണ്ടാവുമെന്നാണ് വിവരം.

ഏഷ്യ കപ്പിനായി ബിസിസിഐ ടീമിനെ അയച്ചില്ലെങ്കില്‍ ഇന്ത്യയില്‍ നടക്കുന്ന ഏകദിന ലോകകപ്പിന് ടീമിനെ അയയ്‌ക്കില്ലെന്ന് പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് നേരത്തെ പ്രതികരിച്ചിരുന്നു. ഏകദിന ലോകകപ്പിന്‍റെ അന്തിമ ഷെഡ്യൂള്‍ ഐസിസി നേരത്തെ പ്രഖ്യാപിച്ചുവെങ്കിലും പാകിസ്ഥാന്‍റെ പങ്കാളിത്തം ഉറപ്പിക്കാന്‍ കഴിഞ്ഞിട്ടില്ല.

ALSO RAED: Sanju Samson| 'സഞ്‌ജു രോഹിത്തിനൊപ്പം ഓപ്പണറാവണം'; നിര്‍ദേശവുമായി എംഎസ്‌കെ പ്രസാദ്

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.