ETV Bharat / sports

Ishant sharma| ആവശ്യമായ പിന്തുണ നല്‍കിയാല്‍, ഭാവിയില്‍ അവരാകും 'സൂപ്പര്‍സ്റ്റാറുകള്‍'; 3 പേസര്‍മാരുടെ പേര് പറഞ്ഞ് ഇഷാന്ത് ശര്‍മ

author img

By

Published : Jun 26, 2023, 8:14 AM IST

ishant sharma  ishant sharma selects three indian fast bowlers  fast bowlers to watch out in future  Umran Malik  Arshdeep Singh  Mukesh Kumar  ഇഷാന്ത് ശര്‍മ  ഇന്ത്യന്‍ ക്രിക്കറ്റ് ടീം  അര്‍ഷ്‌ദീപ് സിങ്  ഉമ്രാന്‍ മാലിക്ക്  മുകേഷ് കുമാര്‍
Ishant Sharma

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനായി ഭാവിയില്‍ മികച്ച പ്രകടനം നടത്താന്‍ കഴിയുന്ന പേസ് ബൗളര്‍മാരെ പ്രവചിച്ച് ഇഷാന്ത് ശര്‍മ.

മുംബൈ: ഒരു തലമുറ മാറ്റത്തിന്‍റെ ഒരുക്കങ്ങളിലാണ് ഇന്ത്യന്‍ ക്രിക്കറ്റ് ടീം. തുടര്‍ച്ചയായ രണ്ടാമത്തെ തവണയും ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് കൈവിട്ടതോടെ തലമുറ മാറ്റത്തിന് വേണ്ടിയുള്ള മുറവിളിയും അങ്ങിങ്ങായി തുടങ്ങി. അതിന് പിന്നാലെ വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചപ്പോള്‍ വെറ്ററന്‍ ബാറ്റര്‍ ചേതേശ്വര്‍ പുജാരയെ (Cheteshwar Pujara) ടെസ്റ്റ് ടീമില്‍ നിന്നും ഒഴിവാക്കിയതും വലിയ ചര്‍ച്ചയായി.

പുജാരയെ ഒഴിവാക്കിയപ്പോള്‍ കഴിഞ്ഞ ഐപിഎല്ലില്‍ (IPL) തകര്‍പ്പന്‍ പ്രകടനം നടത്തിയ യുവതാരങ്ങളായ യശസ്വി ജയ്‌സ്വാള്‍ (Yashasvi Jaiswal), റിതുരാജ് ഗെയ്‌ക്‌വാദ് (Rituraj Gaikwad) എന്നിവരാണ് ടീമിലിടം നേടിയത്. ബാറ്റിങ്ങ് നിരയില്‍ മാത്രമല്ല, ബൗളിങ് നിരയിലും പലരും മാറ്റം ആവശ്യപ്പെടുന്നുണ്ട്.

മുഹമ്മദ് ഷമി (Mohammed Shami), ഉമേഷ് യാദവ് (Umesh Yadav) തുടങ്ങിയ താരങ്ങള്‍ക്കൊക്കെ പകരക്കാരെ കണ്ടെത്തേണ്ട സമയം അതിക്രമിച്ചിരിക്കുകയാണെന്നാണ് ആരാധകരുടെയും ക്രിക്കറ്റ് വിദഗ്‌ദരുടെയും വാദം. ഈയൊരു സാഹചര്യത്തിലാണ്, ഭാവിയില്‍ ഇന്ത്യന്‍ ടീമിനായി പന്ത് കൊണ്ട് മികച്ച പ്രകടനം നടത്താന്‍ ഈ മൂന്ന് താരങ്ങള്‍ക്ക് സാധിക്കുമെന്ന പ്രവചനവുമായി ഇഷാന്ത് ശര്‍മ (Ishant Sharma) രംഗത്തെത്തിയിരിക്കുന്നത്. അര്‍ഷ്‌ദീപ് സിങ് (Arshdeep Singh), ഉമ്രാന്‍ മാലിക്ക് (Umran Malik), മുകേഷ് കുമാര്‍ (Mukesh Kumar) എന്നിവരാണ് ഇഷാന്തിന്‍റെ സൂപ്പര്‍ താരങ്ങള്‍.

'നല്ലതുപോലെ ഉപയോഗിച്ചാല്‍ ഇന്ത്യന്‍ ടീമിന് വേണ്ടി ദീര്‍ഘകാലം മികച്ച പ്രകടനം പുറത്തെടുക്കാന്‍ ഉമ്രാന്‍ മാലിക്കിന് സാധിക്കും. അര്‍ഷ്‌ദീപ് സിങ്ങും, മുകേഷ് കുമാറുമാണ് മറ്റ് രണ്ട് താരങ്ങള്‍. അധികം ആളുകള്‍ക്കും മുകേഷ് കുമാറിനെ കുറിച്ച് കൂടുതല്‍ അറിയാന്‍ വഴിയില്ല.

വളരെ സിംപിളായ ഒരു വ്യക്തിയാണ് അവന്‍. അവനോട് ആരെങ്കിലും ഒരു പ്രത്യേക പന്ത് എറിയാന്‍ ആവശ്യപ്പെട്ടാല്‍, അത് കൃത്യമായി തന്നെ മുകേഷ് കുമാര്‍ ചെയ്യും. സമ്മര്‍ദഘട്ടങ്ങളില്‍ അവന് ആവശ്യമായ നിര്‍ദേശം മാത്രം നല്‍കിയാല്‍ മതി.

എപ്പോള്‍, ഏത് തരത്തിലുള്ള പന്താണ് എറിയേണ്ടതെന്ന് മുകേഷ് കുമാറിന് വ്യക്തമായ ധാരണയുണ്ട്. അതികഠിനമായ ഓവറുകളില്‍ പന്തെറിയേണ്ടി വന്നതുകൊണ്ടാണ് അവന് ഐപിഎല്ലില്‍ കൂടുതല്‍ റണ്‍സ് വഴങ്ങേണ്ടി വന്നത്. അവന്‍ പന്തെറിഞ്ഞ ഓവറുകള്‍ ഏത് സാഹചര്യത്തില്‍ ഉള്ളതാണന്നോ, അല്ലെങ്കില്‍ ആര്‍ക്കെതിരെയാണ് പന്ത് എറിഞ്ഞതെന്നോ ആരും നോക്കാറില്ല. വേണ്ട പിന്തുണ നല്‍കിയാല്‍ മുകേഷിനെ മികച്ച താരമാക്കി വളര്‍ത്തിയെടുക്കാം' - ഇഷാന്ത് ശര്‍മ അഭിപ്രായപ്പെട്ടു.

ഐപിഎല്‍ പതിനാറാം പതിപ്പില്‍ ഡല്‍ഹി ക്യാപിറ്റല്‍സില്‍ ഇഷാന്ത് ശര്‍മയ്‌ക്കൊപ്പം കളിച്ച താരമാണ് മുകേഷ് കുമാര്‍. 29കാരനായ മുകേഷ് കുമാറിന് ഈ സീസണില്‍ കളിച്ച 10 മത്സരങ്ങളില്‍ നിന്നും ഏഴ് വിക്കറ്റ് മാത്രമാണ് നേടാനായത്. 10.52 ആയിരുന്നു താരത്തിന്‍റെ എക്കോണമി റേറ്റ്.

ഐപിഎല്ലിന് പിന്നാലെ നടന്ന ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിനുള്ള ഇന്ത്യന്‍ ടീമില്‍ മുകേഷ് കുമാറിനെ സ്റ്റാന്‍ഡ്‌ ബൈ താരമായി ഉള്‍പ്പെടുത്തിയിരുന്നു. അതേസമയം, നിലവില്‍ വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തില്‍ ഇന്ത്യയുടെ ടെസ്റ്റ്, ഏകദിന ടീമുകളില്‍ അംഗമാണ് മുകേഷ് കുമാര്‍. ഇഷാന്ത് പറഞ്ഞ മറ്റ് രണ്ട് താരങ്ങളില്‍ ഉമ്രാന്‍ മാലിക്ക് വെസ്റ്റ് ഇന്‍ഡീസിനെതിരായ ഇന്ത്യയുടെ ഏകദിന ടീമില്‍ സ്ഥാനം പിടിച്ചിട്ടുണ്ട്. അര്‍ഷ്‌ദീപ് സിങ് നിലവില്‍ കൗണ്ടി ക്രിക്കറ്റ് കളിക്കുകയാണ്.

Also Read : തുടര്‍ച്ചയായ അവഗണന ; ഒടുവില്‍ സെലക്‌ടര്‍മാര്‍ക്ക് മറുപടിയുമായി സര്‍ഫറാസ് ഖാന്‍

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.