അജിങ്ക്യ രഹാനെ എന്തുകൊണ്ട് വീണ്ടും ഇന്ത്യന്‍ ടീമില്‍; കാരണം ഐപിഎല്‍ മാത്രമല്ല

author img

By

Published : Apr 26, 2023, 3:36 PM IST

Ajinkya Rahane  Ajinkya Rahane India s Squad  World Test Championship Final  india vs australia  ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ്  അജിങ്ക്യ രഹാനെ  ഇന്ത്യ vs ഓസ്‌ട്രേലിയ  ഇന്ത്യന്‍ ക്രിക്കറ്റ് ടീം  ശ്രേയസ് അയ്യര്‍  Shreyas Iyer  ഐപിഎല്‍  ഐപിഎല്‍ 2023  IPL

ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിനുള്ള ഇന്ത്യന്‍ ടീമില്‍ വെറ്ററന്‍ താരം അജിങ്ക്യ രഹാനെയെ സെലക്‌ടര്‍മാര്‍ ഉള്‍പ്പെടുത്തിയിരുന്നു. മോശം ഫോമിനാല്‍ ടീമില്‍ നിന്നും പുറത്താക്കപ്പെട്ട രഹാനെ നിലവില്‍ ഐപിഎല്ലില്‍ വെടിക്കെട്ട് പ്രകടനം നടത്തുകയാണ്. ഇന്ത്യന്‍ ടീമിലേക്കുള്ള താരത്തിന്‍റെ മടങ്ങിവരവിന് ഇത് മാത്രമല്ല കാരണം.

മുംബൈ: ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിലേക്കുള്ള ഇന്ത്യന്‍ സ്‌ക്വാഡില്‍ വെറ്ററന്‍ താരം അജിങ്ക്യ രഹാനെ ഉള്‍പ്പെട്ടത് ഏറെ ചര്‍ച്ചയാവുകയാണ്. ഇന്ത്യയുടെ മധ്യനിരയുടെ നെടുന്തൂണായിരുന്ന താരം മോശം ഫോമുമായി ബന്ധപ്പെട്ട് ടീമില്‍ നിന്നും പുറത്താക്കപ്പെട്ടിരുന്നു. 15 മാസത്തെ ഇടവേളയ്‌ക്ക് ശേഷമാണ് രഹാനെ ഇന്ത്യന്‍ ടീമിലേക്ക് തിരികെ എത്തുന്നത്.

2022-ന്‍റെ തുടക്കത്തില്‍ ദക്ഷിണാഫ്രിക്കയില്‍ നടന്ന ടെസ്റ്റ് പരമ്പരയിലായിരുന്നു 34-കാരനായ രഹാനെ ഇതിന് മുമ്പ് ഇന്ത്യന്‍ കുപ്പായം അണിഞ്ഞത്. ജൂണില്‍ ഇംഗ്ലണ്ടിലെ ഓവലില്‍ നടക്കുന്ന ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ഓസ്‌ട്രേലിയയാണ് ഇന്ത്യയുടെ എതിരാളി. രഹാനെ എങ്ങനെ ഇന്ത്യന്‍ ടീമിലേക്ക് മടങ്ങിയെത്തിയെന്നത് പരിശോധിക്കാം.

ആഭ്യന്തര ക്രിക്കറ്റിലെ റണ്ണടി: നിലവില്‍ ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനായുള്ള വെടിക്കെട്ട് പ്രകടനത്തിന്‍റെ അടിസ്ഥാനത്തിലാണ് രഹാനെ ഇന്ത്യന്‍ ടീമില്‍ തിരിച്ചെത്തിയതെന്നാണ് പലരും കരുതുന്നത്. എന്നാല്‍ രഹാനെയുടെ മടങ്ങിവരവിന് വേറെയും കാരണങ്ങളുണ്ട്. ഇന്ത്യന്‍ ടീമില്‍ നിന്നും പുറത്താക്കപ്പെട്ട താരം ആഭ്യന്തര ക്രിക്കറ്റില്‍ മുംബൈയ്ക്കായി കളിക്കാനിറങ്ങിയിരുന്നു.

മുംബൈയ്ക്കായി കഴിഞ്ഞ രഞ്ജി മത്സരത്തിൽ 11 ഇന്നിംഗ്‌സുകളിൽ നിന്ന് 57.63 എന്ന മികച്ച ശരാശരിയിൽ 634 റൺസാണ് 34-കാരൻ അടിച്ച് കൂട്ടിയത്. രണ്ട് സെഞ്ചുറി ഉള്‍പ്പെടെയാണ് താരത്തിന്‍റെ പ്രകടനം. 204 റണ്‍സായിരുന്നു സീസണിലെ ഉയര്‍ന്ന സ്‌കോര്‍.

താരത്തിന്‍റെ ഫസ്റ്റ് ക്ലാസ് കരിയർ ശരാശരി 47.12 ആണ്. എന്നാല്‍ ഇതിനേക്കാള്‍ മികച്ച രീതിയിലായിരുന്നു രഹാനെ കഴിഞ്ഞ സീസണില്‍ മുംബൈക്കായി ബാറ്റ് വീശിയത്.

വിദേശ പിച്ചുകളിലെ പരിചയം: കഴിഞ്ഞ 15 മാസത്തിനുള്ളിൽ രഹാനെ ഇന്ത്യയ്‌ക്കായി കളിച്ചിട്ടല്ല. പക്ഷേ ടെസ്റ്റ് ക്രിക്കറ്റിൽ ടീമിന്‍റെ ഏറ്റവും പരിചയസമ്പന്നനായ ബാറ്റർമാരിൽ ഒരാളായി താരം ഇപ്പോഴും തുടരുകയാണ്. വിദേശസാഹചര്യങ്ങളില്‍ ഏറെ അനുഭവ സമ്പത്തുള്ള താരമാണ് രഹാനെ.

ലോകമെമ്പാടുമുള്ള ഏറ്റവും തന്ത്രപ്രധാനമായ ചില പിച്ചുകളിൽ ബാറ്റുകൊണ്ട് ഇന്ത്യയ്‌ക്ക് ഏറെ മുതല്‍ക്കൂട്ടായ താരമാണ് രഹാനെ. ഓസ്‌ട്രേലിയയ്‌ക്കെതിരായ ഡബ്ല്യുടിസി ഫൈനൽ ലണ്ടനിലെ ഓവലിൽ നടക്കുമ്പോൾ രഹാനെയുടെ സാന്നിധ്യം ഇന്ത്യയ്‌ക്ക് ഏറെ നിര്‍ണായകമാവും.

ടീമിലെ പരിക്കുകളും ഫോം പ്രശ്‌നങ്ങളും: സമീപകാലത്തായി മധ്യനിരയില്‍ ഇന്ത്യയുടെ വിശ്വസ്‌തനായി മാറിയ ശ്രേയസ് അയ്യർക്ക് കളിക്കാന്‍ കഴിയുമായിരുന്നെങ്കില്‍ രഹാനെയ്ക്ക് ഈ അവസരം ലഭിക്കുമോയെന്ന കാര്യം സംശയമാണ്. മുതുകിന് പരിക്കേറ്റതോടെയാണ് ശ്രേയസ് അയ്യർ ടീമില്‍ നിന്നും പുറത്തായത്. പരിക്ക് മാറുന്നതിനായുള്ള ശസ്‌ത്രക്രിയയ്‌ക്ക് ശേഷം തിരികെ എത്താന്‍ ശ്രേയസിന് സമയം അവശ്യമാണ്.

കൂടാതെ ശ്രേയസിന്‍റെ പകരക്കാരനെന്ന നിലയില്‍ ഓസീസിനെതിരായ ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫിയില്‍ സൂര്യകുമാര്‍ യാദവിനെ മാനേജ്‌മെന്‍റ് പരീക്ഷിച്ചിരുന്നു. എന്നാല്‍ പ്രതീക്ഷയ്‌ക്കൊത്ത് ഉയരാന്‍ താരത്തിന് കഴിഞ്ഞിട്ടില്ല. മറുവശത്ത് കെഎൽ രാഹുലിന്‍റെ ഫോം ഇന്ത്യയ്‌ക്ക് ഏറെ ആശങ്ക നല്‍കുന്നതാണ്.

ഓസ്‌ട്രേലിയയ്‌ക്ക് എതിരെ ആദ്യ രണ്ട് ടെസ്റ്റുകള്‍ കളിച്ച താരത്തിന്‍റെ പ്രകടനം നിരാശജനകമായിരുന്നു. ഇതേത്തുടര്‍ന്ന് പ്ലേയിങ്‌ ഇലവനില്‍ നിന്നും രാഹുല്‍ പുറത്താവുകയും ചെയ്‌തു. ഈ സാഹചര്യത്തിലാണ് ഇന്ത്യയുടെ മധ്യനിരയിലേക്ക് ഒരിക്കല്‍ കൂടി സെലക്‌ടര്‍മാര്‍ രഹാനെയെ പരിഗണിച്ചത്.

നിലവിലെ ഫോം: ഐപിഎൽ 16-ാം സീസണില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനായി സ്‌ഫോടനാത്മക പ്രകടനമാണ് അജിങ്ക്യ രഹാനെ നടത്തുന്നത്. കളിച്ച അഞ്ച് മത്സരങ്ങളില്‍ നിന്നും 209 റണ്‍സാണ് താരം അടിച്ച് കൂട്ടിയിട്ടുള്ളത്. 52.25 ശരാശരിയില്‍ 199.04 പ്രഹര ശേഷിയിലാണ് താരത്തിന്‍റെ പ്രകടനം. ഏറ്റവും ശ്രദ്ധേയമായ കാര്യം, മികച്ച ഷോട്ടുകളിലൂടെയാണ് താരം റണ്‍വേട്ട നടത്തുന്നതെന്നാണ്.

ALSO READ: ഉമ്രാനെ വിശ്വാസമില്ലെങ്കില്‍ പിന്നെ എന്തിന് കളിപ്പിക്കുന്നു?; ഹൈദരാബാദിനോട് കടുപ്പിച്ച് വസീം ജാഫര്‍

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.