ETV Bharat / sports

ഉമ്രാനെ വിശ്വാസമില്ലെങ്കില്‍ പിന്നെ എന്തിന് കളിപ്പിക്കുന്നു?; ഹൈദരാബാദിനോട് കടുപ്പിച്ച് വസീം ജാഫര്‍

author img

By

Published : Apr 25, 2023, 4:57 PM IST

sunrisers hyderabad  Wasim Jaffer on Umran Malik  Wasim Jaffer  Umran Malik  IPL 2023  സണ്‍റൈസേഴ്‌സ് ഹൈദരാബാദ്  ഹൈദരാബാദിനോട് കടുപ്പിച്ച് വസീം ജാഫര്‍  വസീം ജാഫര്‍  ഉമ്രാന്‍ മാലിക്  ഡല്‍ഹി ക്യാപിറ്റല്‍സ്  delhi capitals
ഉമ്രാനെ വിശ്വാസമില്ലെങ്കില്‍ പിന്നെ എന്തിന് കളിപ്പിക്കുന്നു

ഐപിഎല്ലില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെതിരായ മത്സരത്തില്‍ പേസ് സെന്‍സേഷന്‍ ഉമ്രാന്‍ മാലിക്കിനെ നാല് ഓവര്‍ ക്വാട്ട പൂര്‍ത്തിയാക്കാന്‍ അനുവദിക്കാത്തതില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരെ വസീം ജാഫര്‍.

മുംബൈ: ഐപിഎല്ലില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനായുള്ള പ്രകടനത്തോടെ ഇന്ത്യന്‍ ടീമിലേക്ക് വളര്‍ന്ന താരമാണ് പേസ് സെന്‍സേഷന്‍ ഉമ്രാന്‍ മാലിക്. തുടര്‍ച്ചയായി 150 കിലോമീറ്ററില്‍ ഏറെ വേഗത്തില്‍ പന്തെറിയാനുള്ള കഴിവാണ് ഉമ്രാനെ ക്രിക്കറ്റ് ലോകത്ത് ശ്രദ്ധേയനാക്കിയത്. ഐപിഎല്ലിന്‍റെ 16-ാം സീസണിലും 23കാരനായ താരം സണ്‍റൈസേഴ്‌സ് കുപ്പായത്തിലുണ്ട്.

കഴിഞ്ഞ സീസണില്‍ ടീമിലെ പ്രധാനികളില്‍ ഒരാളായിരുന്നുവെങ്കിലും നിലവില്‍ പുരോഗമിക്കുന്ന സീസണില്‍ കാര്യമായ അവസരം താരത്തിന് ലഭിക്കുന്നില്ലെന്ന് ആക്ഷേപം ഉയര്‍ന്നിരിക്കുകയാണ്. ഐപിഎല്ലില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെതിരായ കഴിഞ്ഞ മത്സരത്തില്‍ രണ്ട് ഓവറുകളാണ് താരത്തിന് ലഭിച്ചത്.

14 റണ്‍സ് മാത്രം വഴങ്ങിയ ജമ്മു-കശ്‌മീര്‍ പേസര്‍ക്ക് വിക്കറ്റ് നേടാന്‍ കഴിഞ്ഞിരുന്നില്ല. ഇപ്പോഴിതാ ഉമ്രാനെ നാല് ഓവര്‍ ക്വാട്ട പൂര്‍ത്തിയാക്കാന്‍ അനുവദിക്കാത്തതിന്‍റെ പേരില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ വിമര്‍ശിച്ചിരിക്കുകയാണ് ഇന്ത്യയുടെ മുന്‍ താരം വസീം ജാഫര്‍. നാല് ഓവര്‍ ക്വാട്ട നല്‍കുന്നില്ലെങ്കില്‍ ഉമ്രാന് പകരം ഒരു ബാറ്ററെ ഉപയോഗിക്കാമായിരുന്നുവെന്നാണ് ജാഫര്‍ പറയുന്നത്.

"സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ഉമ്രാന്‍ മാലിക്കിനെ കളിപ്പിക്കുന്നുണ്ട്. പക്ഷേ ഡൽഹിക്കെതിരായ മത്സരത്തിൽ അവന്‍ രണ്ട് ഓവർ മാത്രമാണ് എറിഞ്ഞത്. നാല് ഓവര്‍ ക്വാട്ട പൂര്‍ത്തിയാക്കാന്‍ അനുവദിക്കുന്നില്ലെങ്കില്‍ അവനു പകരം അവർക്ക് ഒരു ബാറ്ററെ കളിപ്പിക്കാമായിരുന്നു.

ഒരു ബോളർ എന്ന നിലയിൽ നിങ്ങൾക്ക് ഉമ്രാനെ വിശ്വാസമില്ലെങ്കിൽ, ഒരു ബാറ്ററെ ടീമിലേക്ക് കൊണ്ടുവരുന്നതാണ് നല്ലത്", വസീം ജാഫര്‍ പറഞ്ഞു. ഒരു സ്‌പോര്‍ട്‌സ് മാധ്യമത്തോടായിരുന്നു ഇന്ത്യയുടെ മുന്‍ ബാറ്ററുടെ പ്രതികരണം.

പിഴച്ചത് അവിടെ: ഡല്‍ഹിക്കെതിരായ മത്സരത്തില്‍ ഹൈദരാബാദ് ഏഴ്‌ റണ്‍സിന്‍റെ തോല്‍വി വഴങ്ങിയിരുന്നു. ടോസ് നേടി ആദ്യം ബാറ്റ് ചെയ്യാനിറങ്ങിയ ഡല്‍ഹി നിശ്ചിത 20 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്‌ടത്തില്‍ 144 റണ്‍സാണ് നേടിയിരുന്നത്. ഒരു ഘട്ടത്തിൽ 62/5 എന്ന നിലയിലേക്ക് തകര്‍ന്നിടത്ത് നിന്നുമായിരുന്നു ഡല്‍ഹി പൊരുതാവുന്ന സ്‌കോറിലേക്ക് എത്തിയത്.

ആറാം വിക്കറ്റില്‍ ഒന്നിച്ച മനീഷ് പാണ്ഡെ-അക്‌സര്‍ പട്ടേല്‍ എന്നിവരായിരുന്നു ഡല്‍ഹിക്കായി രക്ഷാപ്രവര്‍ത്തനം നടത്തിയത്. മറുപടിക്കിറങ്ങിയ സണ്‍റൈസേഴ്‌സ്‌ ഹൈദരാബാദിന് നിശ്ചിത 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്‌ടത്തില്‍ 137 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളു. അഞ്ചിന് 62 റണ്‍സ് എന്ന നിലയിലേക്ക് തകര്‍ന്ന ഡല്‍ഹിയെ 144 റൺസ് സ്‌കോർ ചെയ്യാൻ അനുവദിച്ചത് സണ്‍റൈസേഴ്‌സ്‌ ഹൈദരാബാദിന് പറ്റിയ പിഴവാണെന്നും ജാഫര്‍ പറഞ്ഞു.

ബാറ്റിങ്ങ് ഓര്‍ഡറില്‍ മാറ്റം വേണം: സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്‍റെ ബാറ്റിങ്‌ ഓര്‍ഡറില്‍ മാറ്റം ആവശ്യമാണെന്നും ജാഫർ അഭിപ്രായപ്പെട്ടു. ഹാരി ബ്രൂക്കിനെ ഓപ്പണര്‍ സ്ഥാനത്ത് നിന്നും മാറ്റി അഭിഷേക് ശർമ്മയെ ഈ റോളിൽ കളിപ്പിക്കുന്നത് ഗുണം ചെയ്യുമെന്ന് അഭിപ്രായപ്പെട്ട ജാഫര്‍, ഇംഗ്ലീഷ്‌ താരത്തെ അഞ്ചാം നമ്പറിൽ ഇറക്കാമെന്ന നിര്‍ദേശവും മുന്നോട്ട് വച്ചു.

"ഹൈദരാബാദിന്‍റെ ബാറ്റിങ്‌ ഓർഡർ നോക്കുമ്പോൾ, ഓപ്പണറായി അഭിഷേക് ശർമ്മയാണ് മികച്ച ഓപ്ഷൻ എന്ന് എനിക്ക് തോന്നുന്നു. ടീമിനായുള്ള താരത്തിന്‍റെ റണ്ണുകളിൽ ഭൂരിഭാഗവും ഒരു ഓപ്പണറെന്ന നിലയില്‍ നേടിയതാണ്. മധ്യനിരയിലും അവന്‍ നന്നായി ബാറ്റ് ചെയ്യുന്നുണ്ട്.

നാലോ അഞ്ചോ നമ്പറില്‍ ഹാരി ബ്രൂക്കിന് ബാറ്റ് ചെയ്യാം എന്നാണ് എനിക്ക് തോന്നുന്നത്. എയ്‌ഡൻ മാർക്രം, ഹെൻറിച്ച് ക്ലാസൻ എന്നിവരോടൊപ്പം ബ്രൂക്ക് എത്തുന്നതോട് കൂടി അവരുടെ ലോവർ ഓർഡർ ബാറ്റിങ് ശക്തിപ്പെടും", വസീം ജാഫർ വ്യക്തമാക്കി.

ALSO READ: രഹാനെയുടെ സര്‍പ്രൈസ് തിരിച്ചുവരവ്, സ്റ്റാര്‍ പേസര്‍ ഇല്ല ; ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.