ETV Bharat / sports

IPL 2023 | കൊല്‍ക്കത്തയുടെ 'വലിയ മണ്ടത്തരം': ശുഭ്‌മാൻ ഗില്ലിനെ കുറിച്ച് സ്‌കോട്ട് സ്റ്റൈറിസ്

author img

By

Published : May 29, 2023, 12:51 PM IST

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിലൂടെയാണ് ശുഭ്‌മാന്‍ ഗില്‍ ഐപിഎല്ലിലേക്ക് അരങ്ങേറ്റം നടത്തിയത്. 2018ല്‍ ടീമിലെത്തിയ താരം 2021വരെ കെകെആറിനൊപ്പം കളിച്ചിരുന്നു.

IPL 2023  shubman gill  scott styris  scott styris about shubman gill  Gujarat Titans  IPL Final  CSK vs GT  ശുഭ്‌മാന്‍ ഗില്‍  കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്  ഗുജറാത്ത് ടൈറ്റന്‍സ്  ഐപിഎല്‍  ഐപിഎല്‍ 2023  ഐപിഎല്‍ ഫൈനല്‍
IPL

അഹമ്മദാബാദ്: ഐപിഎല്‍ പതിനാറാം പതിപ്പ് അറിയപ്പെടാന്‍ പോകുന്നത് ഗുജറാത്ത് ടൈറ്റന്‍സ് യുവ ഓപ്പണര്‍ ശുഭ്‌മാന്‍ ഗില്ലിന്‍റെ പേരിലാകും. ബാറ്റ് കൊണ്ട് ഈ സീസണില്‍ നിലവിലെ ചാമ്പ്യന്മാര്‍ക്കായി തകര്‍പ്പന്‍ പ്രകടനമാണ് 23കാരനായ താരം പുറത്തെടുക്കുന്നത്. ഒരു മത്സരം ശേഷിക്കെ ഈ സീസണിലെ റണ്‍വേട്ടക്കാരുടെ പട്ടികയിലും ഒന്നാം സ്ഥാനത്ത് ഗില്ലാണ് സ്ഥാനം പിടിച്ചിരിക്കുന്നത്.

സീസണിലെ 16 മത്സരത്തില്‍ നിന്നും ഗുജറാത്തിനായി 851 റണ്‍സാണ് ശുഭ്‌മാന്‍ ഗില്‍ ഇതുവരെ നേടി. മൂന്ന് സെഞ്ച്വറികൾ അടിച്ചെടുത്ത ഗില്‍ ഇതിനോടകം തന്നെ നിരവധി റെക്കോഡുകളും തന്‍റെ പേരിലേക്ക് മാറ്റിയെഴുതിയിട്ടുണ്ട്. ഫൈനലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനെ നേരിടാനിറങ്ങുമ്പോഴും ഹാര്‍ദിക്കിന്‍റെയും സംഘത്തിന്‍റെയും റണ്‍സ് പ്രതീക്ഷ ശുഭ്‌മാന്‍ ഗില്ലിന്‍റെ ബാറ്റിലാണ്.

രണ്ടാം ക്വാളിഫയറില്‍ മുംബൈ ഇന്ത്യന്‍സിനെതിരായ മത്സരത്തില്‍ ഗില്‍ നേടിയ സെഞ്ച്വറിയുടെ കരുത്തിലായിരുന്നു ഐപിഎല്‍ ചരിത്രത്തില്‍ തങ്ങളുടെ ഉയര്‍ന്ന ടോട്ടല്‍ ഗുജറാത്ത് ടൈറ്റന്‍സ് കണ്ടെത്തിയത്. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് വിട്ട് ഗുജറാത്തിലേക്ക് എത്തിയ ഗില്‍ ആദ്യ സീസണ്‍ മുതല്‍ തന്നെ അവരുടെ പ്രധാന താരങ്ങളിലൊന്നായി മാറി. കഴിഞ്ഞ വര്‍ഷത്തെ ഫൈനലില്‍ ഉള്‍പ്പടെ ഗുജറാത്തിന് വേണ്ടി മിന്നും പ്രകടനം പുറത്തെടുക്കാന്‍ ഗില്ലിന് സാധിച്ചിരുന്നു.

പത്ത് ടീമുകളുമായി പുതിയ രൂപത്തില്‍ ഐപിഎല്‍ എത്തിയ സീസണില്‍ കൊല്‍ക്കത്ത നൈറ്റ് റേഡേഴ്‌സില്‍ നിന്നും എട്ട് കോടിക്കായിരുന്നു ശുഭ്‌മാന്‍ ഗില്ലിനെ ടൂര്‍ണമെന്‍റിലേക്ക് പുതിയതായി എത്തിയ ഗുജറാത്ത് ടൈറ്റന്‍സ് സ്വന്തമാക്കിയത്. ഗില്ലിനൊപ്പം മുംബൈ ഇന്ത്യന്‍സില്‍ നിന്നും ഹാര്‍ദിക് പാണ്ഡ്യയേയും സണ്‍റൈസേഴ്‌സ് ഹൈദരാബാദില്‍ നിന്നും റാഷിദ് ഖാനെയും ഗുജറാത്ത് ടീമിലെത്തിച്ചിരുന്നു. പിന്നാലെ ഇവര്‍ മൂവരും ടീമിന്‍റെ പ്രധാന താരങ്ങളായി മാറുകയായിരുന്നു.

ഈ സീസണില്‍, ഗില്‍ തകര്‍പ്പന്‍ ബാറ്റിങ് തുടരുന്നതിനിടെ ഗില്ലിന്‍റെ കൂടുമാറ്റത്തില്‍ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് മുന്‍ ന്യൂസിലന്‍ഡ് താരം സ്കോട്ട് സ്റ്റൈറിസ്. ഗില്ലിനെ റിലീസ് ചെയ്‌ത് കൊല്‍ക്കത്ത കാട്ടിയത് ഐപിഎല്‍ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ മണ്ടത്തരമാണെന്നാണ് സ്റ്റൈറിസിന്‍റെ അഭിപ്രായം. 2018 അണ്ടര്‍ 19 ലോകകപ്പിലെ തകര്‍പ്പന്‍ പ്രകടനത്തിന് പിന്നാലെ നടന്ന ഐപിഎല്‍ താരലേലത്തിലായിരുന്നു കൊല്‍ക്കത്ത ഗില്ലിനെ ടീമിലെത്തിച്ചത്.

'കൊല്‍ക്കത്ത അവനെ റിലീസ് ചെയ്‌തത് ഏറ്റവും വലിയ മണ്ടത്തരം ആണെന്നാണ് ഞാന്‍ ഇപ്പോഴും വിശ്വസിക്കുന്നത്. കെഎല്‍ രാഹുലിനെ റിലീസ് ചെയ്‌ത് റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരാണ് മുന്‍പ് ഇതുപോലൊരു മണ്ടത്തരം കാണിച്ചിട്ടുള്ളത്. എന്നാല്‍, ഇവിടെ പ്രായത്തിന്‍റെ ആനുകൂല്യം ഗില്ലിനൊപ്പമുണ്ട്.

അവനിപ്പോഴും വളരെ ചെറുപ്പമാണ്. അവന്‍റെ കളി ശൈലിയില്‍ ഇനിയും ഒരുപാട് മാറ്റങ്ങള്‍ സംഭവിക്കാന്‍ പോകുന്നതേയുള്ളൂ. ഐപിഎല്ലില്‍ ഗുജറാത്തിന്‍റെ മാത്രമല്ല, ലോകകപ്പോടെ ഇന്ത്യന്‍ ടീമിന്‍റെ നട്ടെല്ലായും മാറുന്നത് അവനായിരിക്കും' സ്റ്റൈറിസ് അഭിപ്രായപ്പെട്ടു.

ആദ്യ സീസണില്‍ കൊല്‍ക്കത്തയുടെ മധ്യനിരയില്‍ കളിച്ച താരം 13 മത്സരങ്ങളില്‍ നിന്നും 203 റണ്‍സാണ് നേടിയത്. പിന്നീടുള്ള സീസണുകളിലും കൊല്‍ക്കത്തയ്‌ക്കായി ശ്രദ്ധേയമായ പ്രകടനം പുറത്തെടുക്കാന്‍ ഗില്ലിനായി. മുന്‍ നിരയിലേക്ക് ബാറ്റിങ് പ്രമോഷന്‍ ലഭിച്ചതിന് ശേഷം കളിച്ച രണ്ട് സീസണിലും 400ന് മുകളില്‍ റണ്‍സടിച്ചെടുക്കാന്‍ താരത്തിനായിരുന്നു. ഇതിന് പിന്നാലെയായിരുന്നു ഗില്ലിനെ കൊല്‍ക്കത്ത റിലീസ് ചെയ്‌തത്.

Also Read : IPL 2023| റെക്കോഡ് സെഞ്ച്വറി, പിന്നാലെ ഡഗ്‌ഔട്ടില്‍ സച്ചിനൊപ്പം ശുഭ്‌മാന്‍ ഗില്‍

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.