ETV Bharat / sports

IPL 2023 | ജയിച്ചാല്‍ പ്ലേഓഫ് ഉറപ്പ്, തോറ്റാല്‍ മടങ്ങേണ്ടി വന്നേക്കാം ; നിര്‍ണായക മത്സരത്തില്‍ ഗുജറാത്തിനെ നേരിടാന്‍ ബാംഗ്ലൂര്‍

author img

By

Published : May 21, 2023, 10:31 AM IST

14 പോയിന്‍റുള്ള റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ പോയിന്‍റ് പട്ടികയില്‍ നിലവിലെ നാലാം സ്ഥാനക്കാരാണ്. ഒന്നാം സ്ഥാനക്കാരായ ഗുജറാത്ത് ടൈറ്റന്‍സ് നേരത്തേ തന്നെ പ്ലേഓഫ് ഉറപ്പിച്ച ടീമാണ്

IPL 2023  IPL  RCB vs GT  IPL Match Today  RCB vs GT Match Preview  റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍  ഗുജറാത്ത് ടൈറ്റന്‍സ്  ഐപിഎല്‍  ഐപിഎല്‍ 2023  വിരാട് കോലി
IPL

ബാംഗ്ലൂര്‍ : ഐപിഎല്‍ പതിനാറാം പതിപ്പില്‍ പ്ലേഓഫ് ഉറപ്പിക്കാന്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ ഇന്നിറങ്ങും. പോയിന്‍റ് പട്ടികയിലെ ഒന്നാം സ്ഥാനക്കാരായ ഗുജറാത്ത് ടൈറ്റന്‍സാണ് ആര്‍സിബിയുടെ എതിരാളികള്‍. ബാംഗ്ലൂരിന്‍റെ തട്ടകമായ ചിന്നസ്വാമി സ്റ്റേഡിയത്തില്‍ രാത്രി ഏഴര മുതലാണ് മത്സരം ആരംഭിക്കുന്നത്.

14 പോയിന്‍റുള്ള ബാംഗ്ലൂരിന് ഇന്ന് ജയിച്ചാല്‍ കണക്ക് കൂട്ടലുകളൊന്നും തന്നെയില്ലാതെ പ്ലേഓഫ് ഉറപ്പിക്കാനാകും. നിലവിലെ നാലാം സ്ഥാനക്കാരാണ് ബാംഗ്ലൂര്‍. അതേസമയം, സീസണിലെ അവസാന മത്സരവും ജയിച്ച് പ്ലേഓഫ് പോരാട്ടത്തിന് മുന്‍പ് ആത്മവിശ്വാസം കൂട്ടാനാണ് ഹാര്‍ദിക് പാണ്ഡ്യയുടെയും സംഘത്തിന്‍റെയും വരവ്.

ഈ സീസണില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ ഗുജറാത്ത് ടൈറ്റന്‍സ് ടീമുകള്‍ തമ്മിലേറ്റുമുട്ടുന്ന ആദ്യത്തെ മത്സരമാണിത്. കഴിഞ്ഞ വര്‍ഷം ഇരു ടീമുകളും രണ്ട് മത്സരങ്ങളിലാണ് പോരടിച്ചത്. അന്ന് ഓരോജയം വീതം സ്വന്തമാക്കാന്‍ ഇരുകൂട്ടര്‍ക്കുമായി.

നിലനില്‍പ്പിനായി ആര്‍സിബി : റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനും ഇന്ന് ജീവന്‍മരണപ്പോരാട്ടമാണ്. ഗുജറാത്തിനെതിരെ തോല്‍ക്കുകയാണെങ്കില്‍ പ്ലേഓഫ് കാണാതെ ഫാഫ് ഡുപ്ലെസിസിനും സംഘത്തിനും ഒരുപക്ഷേ മടങ്ങേണ്ടി വരും. ഗുജറാത്തിനെതിരായ നിര്‍ണായക മത്സരത്തില്‍ കെജിഎഫ് ബാറ്റിങ് ത്രയത്തിലാണ് ടീമിന്‍റെ റണ്‍സ് പ്രതീക്ഷ.

ഓപ്പണര്‍മാരായ നായകന്‍ ഫാഫ് ഡുപ്ലെസിസും വിരാട് കോലിയും നല്‍കുന്ന തുടക്കമായിരിക്കും ടീമിന്‍റെ ഭാവി നിര്‍ണയിക്കുന്നത്. പിന്നാലെയെത്തുന്ന ഗ്ലെന്‍ മാക്‌സ്‌വെല്ലിന്‍റെ പ്രകടനവും നിര്‍ണായകമാണ്. മധ്യനിരയില്‍ ചില താരങ്ങള്‍ മികവ് കാണിക്കുന്നുണ്ടെങ്കിലും ആരും സ്ഥിരത പുലര്‍ത്താത്തത് ടീമിന് തലവേദനയാണ്.

Also Read : IPL 2023 | 'ഇത് ഇങ്ങനെയൊന്നുമല്ലട...'; വാള്‍ വീശി ആഘോഷം അനുകരിച്ച് വാര്‍ണര്‍, ചിരിയടക്കാനാകാതെ ജഡേജ: വീഡിയോ

ഇക്കുറി ചിന്നസ്വാമിയില്‍ ആര്‍സിബി ബൗളര്‍മാര്‍ക്കും കാര്യമായി തിളങ്ങാനായിട്ടില്ല. മിന്നും ഫോമില്‍ ബാറ്റ് വീശുന്ന ഗുജറാത്ത് ബാറ്റര്‍മാരെ തളയ്‌ക്കാന്‍ ബാംഗ്ലൂര്‍ ബൗളര്‍മാര്‍ക്ക് ഒരുപാട് പണിയെടുക്കേണ്ടി വന്നേക്കാം. മുഹമ്മദ് സിറാജ്, വെയ്‌ന്‍ പാര്‍ണെല്‍, ഹര്‍ഷല്‍ പട്ടേല്‍ എന്നിവരുടെ പ്രകടനമാകും ഇന്ന് റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന് നിര്‍ണായകമാവുക.

പ്ലേഓഫിന് മുന്‍പൊരു പരിശീലനം : 18 പോയിന്‍റോടെ ഒന്നാം സ്ഥാനം ഉറപ്പിച്ച ഗുജറാത്തിന് ക്വാളിഫയറിന് മുന്നോടിയായുള്ള ഒരു പരിശീലന മത്സരം മാത്രമാണിത്. എന്നാലും, പ്ലേഓഫ് മോഹങ്ങളുമായി ഇറങ്ങുന്ന ബാംഗ്ലൂരിന് ഇന്ന് കാര്യങ്ങള്‍ അത്ര എളുപ്പമായിരിക്കില്ല. ടീമിന്‍റെ പ്രധാന താരങ്ങളായ ശുഭ്‌മാന്‍ ഗില്‍, ഡേവിഡ് മില്ലര്‍, ഹാര്‍ദിക് പാണ്ഡ്യ എന്നിവരെല്ലാം മിന്നും ഫോമിലാണ്.

Also Read : IPL 2023| വാങ്കഡെയില്‍ മുംബൈക്ക് ഇന്ന് ജീവന്‍മരണ പോരാട്ടം, എതിരാളികള്‍ ജയിച്ചുമടങ്ങാനെത്തുന്ന ഹൈദരാബാദ്

ഇന്ന് സീസണിലെ അവസാന ലീഗ് മത്സരത്തിലും ഇവരിലാണ് നിലവിലെ ചാമ്പ്യന്‍മാരുടെ റണ്‍സ് പ്രതീക്ഷകള്‍. ചിന്നസ്വാമിയിലെ ബാറ്റിങ് പിച്ചില്‍ വിജയ്‌ ശങ്കര്‍, രാഹുല്‍ തെവാട്ടിയ എന്നിവരും ഗുജറാത്തിന് കരുത്താകും. വിക്കറ്റ് വേട്ടയില്‍ മുന്നിലുള്ള മുഹമ്മദ് ഷമിയിലും റാഷിദ് ഖാനിലുമാണ് ടീമിന്‍റെ ബൗളിങ് പ്രതീക്ഷകള്‍. ഇവര്‍ക്കൊപ്പം നൂര്‍ അഹമ്മദ്, മോഹിത് ശര്‍മ എന്നിവരും മികവിലേക്ക് ഉയര്‍ന്നാല്‍ ഗുജറാത്തിന് ആശങ്കപ്പെടേണ്ടി വരില്ല.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.