ETV Bharat / sports

IPL 2023 | പഞ്ചാബിനെതിരായ മത്സരം ഗില്‍ ഫിനിഷ് ചെയ്യണമായിരുന്നു : സഞ്ജയ് മഞ്ജരേക്കര്‍

author img

By

Published : Apr 14, 2023, 1:51 PM IST

പഞ്ചാബ് ഉയര്‍ത്തിയ 154 റണ്‍സ് വിജയലക്ഷ്യം ഒരു പന്ത് ശേഷിക്കെയാണ് ഗുജറാത്ത് ടൈറ്റന്‍സ് മറികടന്നത്

sanjay manjrekar about shubhman gill  shubhman  ipl  IPL 2023  PBKSvGT  ഗുജറാത്ത് ടൈറ്റന്‍സ്  ശുഭ്‌മാന്‍ ഗില്‍  സഞ്ജയ് മഞ്ജരേക്കര്‍  പഞ്ചാബ് ഗുജറാത്ത്
GILL

മൊഹാലി : പഞ്ചാബ് കിങ്‌സിനെതിരായ മത്സരത്തില്‍ ഒരു പന്ത് ശേഷിക്കെ ആയിരുന്നു ഗുജറാത്ത് ടൈറ്റന്‍സ് വിജയം സ്വന്തമാക്കിയത്. ടോസ് നഷ്‌ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്‌ത പഞ്ചാബ് 8 വിക്കറ്റ് നഷ്‌ടത്തിലാണ് 153 റണ്‍സ് നേടിയത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഗുജറാത്തിന് തകര്‍പ്പന്‍ തുടക്കമായിരുന്നു മത്സരത്തില്‍ ലഭിച്ചത്.

ഒന്നാം വിക്കറ്റില്‍ വൃദ്ധിമാന്‍ സാഹയും ശുഭ്‌മാന്‍ ഗില്ലും ചേര്‍ന്ന് 4.4 ഓവറില്‍ ഗുജറാത്തിന് 48 റണ്‍സാണ് കൂട്ടിച്ചേര്‍ത്തത്. ആദ്യം പുറത്തായ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ സാഹ 19 പന്തില്‍ 31 റണ്‍സ് നേടിയിരുന്നു. മധ്യ ഓവറുകളില്‍ ആരും വമ്പന്‍ അടികള്‍ക്ക് മുതിരാതിരുന്നതോടെ മത്സരം അവസാന ഓവറിലേക്കും നീങ്ങി.

മത്സരത്തില്‍ ഗുജറാത്തിനായി ഓപ്പണര്‍ ശുഭ്‌മാന്‍ ഗില്‍ 49 പന്ത് നേരിട്ട് 67 റണ്‍സ് നേടിയിരുന്നു. അവസാന ഓവറില്‍ ഗുജറാത്ത് ജയത്തിനരികെയാണ് താരം പുറത്തായത്. 136.73 പ്രഹരശേഷിയില്‍ ബാറ്റ് വീശിയ ഗില്‍ 7 ഫോറും ഒരു സിക്സും മത്സരത്തില്‍ നേടി.

ഗില്‍ പുറത്തായ ശേഷം ക്രീസിലെത്തിയ രാഹുല്‍ തെവാട്ടിയ ആയിരുന്നു ഗുജറാത്തിന് ജയം സമ്മാനിച്ചത്. നേരിട്ട രണ്ടാം പന്ത് ബൗണ്ടറിയിലെത്തിക്കാന്‍ തെവാട്ടിയക്ക് സാധിച്ചിരുന്നു. ഇതിന് പിന്നാലെ, എന്തുകൊണ്ടാണ് മത്സരം അവസാന ഓവറിലേക്ക് നീണ്ടതെന്ന് വ്യക്തമാക്കേണ്ടത് ശുഭ്‌മാന്‍ ഗില്‍ ആണെന്ന് അഭിപ്രായപ്പെട്ടിരിക്കുകയാണ് മുന്‍ താരവും കമന്‍റേറ്ററുമായ സഞ്ജയ് മഞ്ജരേക്കര്‍.

Also Read: IPL 2023| വിക്കറ്റ് വേട്ടയില്‍ അതിവേഗം നൂറ്; ലസിത് മലിംഗയെ കടത്തിവെട്ടി കാഗിസോ റബാഡ

എംഎസ് ധോണിയെപ്പോലെ തന്‍റെ ടീമിനെ ജയത്തിലെത്തിക്കാന്‍ ഗില്ലും ശ്രമിക്കേണ്ടതായിരുന്നുവെന്ന് മഞ്ജരേക്കര്‍ പറഞ്ഞു. ഇഎസ്‌പിഎന്‍ ക്രിക് ഇന്‍ഫോയോട് സംസാരിക്കവെയാണ് അദ്ദേഹത്തിന്‍റെ പ്രതികരണം.

'ക്രീസില്‍ സെറ്റായി കഴിഞ്ഞ ഒരു ബാറ്റര്‍ ഈ മത്സരം 18 അല്ലെങ്കില്‍ 19-ാം ഓവറില്‍ ഫിനിഷ് ചെയ്യണമായിരുന്നു. അവസാന ഓവറിലേക്ക് മത്സരം എത്തിക്കാനാണ് ഉദ്ദേശമെങ്കില്‍ ആ സമയത്ത് പുറത്താകാതിരിക്കാനും ശ്രമിക്കണം. പഞ്ചാബ് ഗുജറാത്ത് മത്സരം 20 ഓവര്‍ വരെ എങ്ങനെയെത്തി എന്നത് ശുഭ്‌മാന്‍ ഗില്ലിനോട് ചോദിക്കേണ്ട കാര്യമാണ്' - മഞ്ജരേക്കര്‍ പറഞ്ഞു.

വിരാട് കോലി, എംഎസ് ധോണി എന്നിവര്‍ക്കൊപ്പം ശുഭ്‌മാന്‍ ഗില്ലിനെയും താരതമ്യപ്പെടുത്തിയ അദ്ദേഹം ഗുജറാത്ത് ഓപ്പണറില്‍ നിന്നും എല്ലാവരും ഇനിയും മികച്ച ഇന്നിങ്‌സുകള്‍ പ്രതീക്ഷിക്കുന്നുണ്ടെന്നും കൂട്ടിച്ചേര്‍ത്തു. 'ഗില്ലിന്‍റെ ഇപ്പോഴത്തെ പ്രായം ആരും മറക്കരുത്. ഞങ്ങള്‍ അയാളില്‍ നിന്നും വലിയ കാര്യങ്ങളാണ് പ്രതീക്ഷിക്കുന്നത്.

Also Read: IPL 2023 | 'ഈ വിജയത്തില്‍ ഞാന്‍ ആരെയും അഭിനന്ദിക്കില്ല' : പഞ്ചാബിനെതിരായ മത്സരത്തിന് പിന്നാലെ സഹതാരങ്ങളോട് ഹാര്‍ദിക് പാണ്ഡ്യ

പഞ്ചാബിനെതിരെ ഗില്‍ പുറത്താകാതെ 70 റണ്‍സ് നേടി ടീമിനെ വിജയത്തിലെത്തിച്ചിരുന്നെങ്കില്‍ ഈ ഇന്നിങ്സിന് കൂടുതല്‍ പ്രശംസ ലഭിക്കുമായിരുന്നുവെന്നും മഞ്ജരേക്കര്‍ കൂട്ടിച്ചേര്‍ത്തു. നാലാം മത്സരത്തില്‍ പഞ്ചാബിനെ വീഴ്‌ത്തിയ ഗുജറാത്ത് നിലവില്‍ പട്ടികയില്‍ ആറ് പോയിന്‍റുമായി മൂന്നാം സ്ഥാനത്താണ്. ഞായറാഴ്‌ച രാജസ്ഥാന്‍ റോയല്‍സിനെതിരെയാണ് ഗുജറാത്തിന്‍റെ അടുത്ത മത്സരം.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.