ETV Bharat / sports

IPL 2023 | ഡല്‍ഹി-ഗുജറാത്ത് പോര് തുടങ്ങി: ടോസ് ഗുജറാത്തിന്, ഇരു ടീമിലും രണ്ട് മാറ്റം, ഡല്‍ഹി ബാറ്റ് ചെയ്യുന്നു

author img

By

Published : Apr 4, 2023, 7:32 PM IST

ഐപിഎല്ലില്‍ ഇന്നത്തെ മത്സരത്തില്‍ ടോസ് നേടിയ ഗുജറാത്ത് ടൈറ്റന്‍സ് നായകന്‍ ഹാര്‍ദിക് പാണ്ഡ്യ ഡല്‍ഹി ക്യാപിറ്റല്‍സിനെ ബാറ്റിങ്ങിന് അയച്ചു.

IPL  Delhi Capitals vs Gujarat Titans  Delhi Capitals  Gujarat Titans  DC vs GT toss report  David warner  hardik pandya  ഡല്‍ഹി ക്യാപിറ്റല്‍സ്  ഗുജറാത്ത് ടൈറ്റന്‍സ്  ഐപിഎല്‍  ഐപിഎല്‍ 2023  ഡേവിഡ് വാര്‍ണര്‍  ഹാര്‍ദിക് പാണ്ഡ്യ
IPL 2023 | ഡല്‍ഹി-ഗുജറാത്ത് പോരിന് ടോസ് വീണു; ഇരു ടീമിലും രണ്ട് മാറ്റം

ന്യൂഡല്‍ഹി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് (ഐപിഎല്‍) ക്രിക്കറ്റിലെ ഇന്നത്തെ മത്സരത്തില്‍ ഗുജറാത്ത് ടൈറ്റന്‍സിനെതിരെ ഡല്‍ഹി ക്യാപിറ്റല്‍സ് ആദ്യം ബാറ്റ് ചെയ്യുന്നു. ടോസ് നേടിയ ഗുജറാത്ത് ടൈറ്റന്‍സ് നായകന്‍ ഹാര്‍ദിക് പാണ്ഡ്യ ബോളിങ് തെരഞ്ഞെടുക്കുകയായിരുന്നു. കഴിഞ്ഞ മത്സരത്തിലെ ടീമില്‍ നിന്നും രണ്ട് മാറ്റങ്ങളുമായാണ് ഇറങ്ങുന്നതെന്ന് ഗുജറാത്ത് നായകന്‍ പറഞ്ഞു.

പരിക്കേറ്റ് പുറത്തായ കെയ്‌ന്‍ വില്യംസണ് പകരം ഡേവിഡ് മില്ലര്‍ ടീമിലെത്തി. വിജയ്‌ ശങ്കര്‍ പുറത്തായപ്പോള്‍ സായ്‌ സുദര്‍ശനാണ് അവസരം ലഭിച്ചത്. വിക്കറ്റ് മികച്ചതാണെന്ന് തോന്നുന്നതായും ചേസിങ്ങിന് മഞ്ഞ് വീഴ്‌ച ഗുണം ചെയ്യുമെന്നും ഹാര്‍ദിക് കൂട്ടിച്ചേര്‍ത്തു.

മറുവശത്ത് ഡല്‍ഹി നിരയിലും രണ്ട് മാറ്റങ്ങളുണ്ടെന്ന് നായകന്‍ ഡേവിഡ് വാര്‍ണര്‍ അറിയിച്ചു. റോവ്‌മാന്‍ പവല്‍, മുകേഷ് കുമാര്‍ എന്നിവര്‍ പ്ലേയിങ്‌ ഇലവനില്‍ നിന്നും പുറത്തായപ്പോള്‍ അഭിഷേക് പോറെൽ, ആൻറിച്ച് നോർട്ട്ജെ എന്നിവര്‍ക്കാണ് അവസരം ലഭിച്ചത്. 20കാരനായ അഭിഷേക് പോറലിന്‍റെ അരങ്ങേറ്റ മത്സരമാണ്.

പരിക്കേറ്റ് പുറത്തായ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ റിഷഭ്‌ പന്തിന് പകരക്കാരനായാണ് ഡല്‍ഹി ബംഗാളിന്‍റെ യുവതാരമായ അഭിഷേക് പോറെലിനെ ടീമിലെത്തിച്ചത്. കഴിഞ്ഞ സീസണിലൂടെ ആഭ്യന്തര ക്രിക്കറ്റില്‍ അരങ്ങേറ്റം നടത്തിയ താരമാണ് അഭിഷേക്. വിക്കറ്റ് കീപ്പറെന്ന നിലയില്‍ ശ്രദ്ധേയമായ പ്രകടനമായിരുന്നുവെങ്കിലും ബാറ്റുകൊണ്ട് തിളങ്ങാന്‍ കഴിഞ്ഞിരുന്നില്ല.

സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ ബംഗാളിനായി മൂന്ന് മത്സരങ്ങളില്‍ നിന്നായി 22 റണ്‍സ് മാത്രമായിരുന്നു താരം നേടിയത്. 20 റണ്‍സായിരുന്നു ടോപ്‌ സ്‌കോര്‍. എന്നാല്‍ വിക്കറ്റ് കീപ്പര്‍ ബാറ്ററായല്ല അഭിഷേകിനെ ഡല്‍ഹി പ്ലേയിങ്‌ ഇലവനില്‍ ഉള്‍പ്പെടുത്തിയത്.

ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്‌സിനെതിരായ കഴിഞ്ഞ മത്സരത്തില്‍ വിക്കറ്റ് കീപ്പറായിരുന്ന സർഫറാസ് ഖാന് തന്നെയാണ് ഡല്‍ഹി ഗുജറാത്തിനെതിരെയും ചുമതല നല്‍കിയിരിക്കുന്നത്. കഴിഞ്ഞ മത്സരത്തില്‍ വിക്കറ്റിന് പിന്നില്‍ സര്‍ഫറാസ് ഖാന് തിളങ്ങാന്‍ കഴിഞ്ഞിരുന്നില്ല. ഇതോടെ താരത്തിെനതിരെ കടുത്ത വിമര്‍ശനങ്ങള്‍ ഉയര്‍ന്നുവെങ്കിലും പിന്തുണയുമായി ഡല്‍ഹി ക്യാപിറ്റല്‍സ് ക്രിക്കറ്റ് ഡയറക്‌ടര്‍ സൗരവ് ഗാംഗുലി രംഗത്തെത്തിയിരുന്നു.

ഡൽഹി ക്യാപിറ്റൽസ് (പ്ലേയിങ്‌ ഇലവൻ): പൃഥ്വി ഷാ, ഡേവിഡ് വാർണർ (ക്യാപ്റ്റന്‍), മിച്ചൽ മാർഷ്, റിലീ റോസോ, സർഫറാസ് ഖാൻ (പ), അക്സർ പട്ടേൽ, അഭിഷേക് പോറെൽ, കുൽദീപ് യാദവ്, ചേതൻ സക്കറിയ, ഖലീൽ അഹമ്മദ്, ആൻറിച്ച് നോർട്ട്ജെ.

ഗുജറാത്ത് ടൈറ്റൻസ് (പ്ലേയിങ്‌ ഇലവൻ): വൃദ്ധിമാൻ സാഹ(വിക്കറ്റ് കീപ്പര്‍), ശുഭ്‌മാൻ ഗിൽ, സായ് സുദർശൻ, ഹാർദിക് പാണ്ഡ്യ(ക്യാപ്റ്റന്‍), ഡേവിഡ് മില്ലർ, രാഹുൽ തിവാട്ടിയ, റാഷിദ് ഖാൻ, മുഹമ്മദ് ഷമി, ജോഷ്വ ലിറ്റിൽ, യാഷ് ദയാൽ, അൽസാരി ജോസഫ്.

മത്സരം കാണാനുള്ള വഴി: ഐപിഎല്ലിലെ ഡല്‍ഹി ക്യാപിറ്റല്‍സ് vs ഗുജറാത്ത് ടൈറ്റന്‍സ് മത്സരം സ്റ്റാര്‍ സ്‌പോര്‍ട്‌സ് നെറ്റ്‌വര്‍ക്ക് ചാനലുകളിലൂടെയാണ് ടിവിയില്‍ തത്സമയ സംപ്രേഷണം ചെയ്യുന്നത്. ജിയോ ടിവി ആപ്ലിക്കേഷന്‍, വെബ്‌സൈറ്റ് എന്നിവയിലൂടെ മത്സരം ഓണ്‍ലൈനായും സ്‌ട്രീം ചെയ്യുന്നുണ്ട്.

ALSO READ: IPL 2023 | ബാംഗ്ലൂരിന് പരിക്കിന്‍റെ ലോക്ക്; വിജയത്തുടക്കത്തിന് പിന്നാലെ സ്റ്റാര്‍ ബാറ്റര്‍ പരിക്കേറ്റ് പുറത്ത്

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.