ETV Bharat / sports

IPL 2023: മുംബൈ ജയിച്ചിരിക്കാം, പക്ഷെ.. എല്ലാം ശരിയായിട്ടില്ല; അപകടം ചൂണ്ടിക്കാട്ടി റോബിന്‍ ഉത്തപ്പ

author img

By

Published : May 1, 2023, 4:57 PM IST

ഡെത്ത് ഓവറുകളില്‍ ബോളര്‍മാര്‍ കൂടുതല്‍ റണ്‍സ് വഴങ്ങാതിരിക്കുന്നതിനായുള്ള വഴി മുംബൈ ഇന്ത്യന്‍സ് കണ്ടെത്തേണ്ടതുണ്ടെന്ന് റോബിന്‍ ഉത്തപ്പ.

IPL 2023  Robin Uthappa  Robin Uthappa on Mumbai Indians  Mumbai Indians  rajasthan royals  മുംബൈ ഇന്ത്യന്‍സ്  രാജസ്ഥാന്‍ റോയല്‍സ്  റോബിന്‍ ഉത്തപ്പ  ഐപിഎല്‍
മുംബൈ ജയിച്ചിരിക്കാം, പക്ഷെ.. എല്ലാം ശരിയായിട്ടില്ല

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ രാജസ്ഥാന്‍ റോയല്‍സിനെതിരായ മുംബൈ ഇന്ത്യന്‍സിന്‍റെ തകര്‍പ്പന്‍ വിജയം ആഘോഷിക്കുകയാണ് ആരാധകര്‍. വാങ്കഡെയില്‍ രാജസ്ഥാന്‍ ഉയര്‍ത്തിയ റണ്‍മല കയറിയാണ് മുംബൈ ഇന്ത്യന്‍സ് വിജയക്കൊടി നാട്ടിയത്. ഇതോടെ മുംബൈക്ക് സീസണില്‍ ശേഷിക്കുന്ന മത്സരങ്ങളിലും ഈ പ്രകടനം ആവര്‍ത്തിക്കാന്‍ കഴിയുമെന്നാണ് ഇക്കൂട്ടര്‍ വിശ്വസിക്കുന്നത്.

എന്നാല്‍, രാജസ്ഥാനെതിരായ മത്സരം വിജയിക്കാന്‍ കഴിഞ്ഞതോടെ മുംബൈ ക്യാമ്പില്‍ എല്ലാം ശരിയായെന്ന് തോന്നുമെങ്കിലും അതങ്ങനെയല്ലെന്നാണ് ഇന്ത്യയുടെ മുന്‍ താരം റോബിന്‍ ഉത്തപ്പ പറയുന്നത്. ഡെത്ത് ഓവറുകളില്‍ മുംബൈ ഇന്ത്യന്‍സിന്‍റെ ബോളിങ് യൂണിന്‍റെ പ്രകടനത്തിലാണ് ഉത്തപ്പ ആശങ്ക പങ്കുവയ്‌ക്കുന്നത്.

"രാജസ്ഥാനെതിരെ ജയിച്ചതോടെ എല്ലാം ശരിയായെന്ന തോന്നല്‍ ഒരു പക്ഷെ മുംബൈ ഇന്ത്യന്‍സിനുണ്ടായേക്കാം. പക്ഷേ അത് അങ്ങനെയല്ല. ബോളിങ്ങിനിറങ്ങുമ്പോള്‍ 15-ാം ഓവർ വരെ അവർ വളരെ മാന്യമായാണ് കളിക്കുന്നത്.

പക്ഷെ ഡെത്ത് ഓവറുകളില്‍ കൂടുതല്‍ റണ്‍സ് വഴങ്ങാതെ ഇന്നിങ്‌സ് എങ്ങനെ പൂർത്തിയാക്കാമെന്നതിന് അവര്‍ വഴി കണ്ടെത്തേണ്ടതുണ്ട്. പലപ്പോഴും 170, 180 റണ്‍സൊക്കെയാവും എതിര്‍ ടീം നേടുകയെന്ന് തോന്നും. പക്ഷെ, ഡെത്ത് ഓവറുകളില്‍ അവര്‍ കൂടുതല്‍ റണ്‍സ് വഴങ്ങുന്നതാണ് കാണാന്‍ കഴിയുന്നത്.

പ്രത്യേകിച്ച് അവസാനത്തെ മൂന്ന് മത്സരങ്ങളില്‍. അവസാന അഞ്ച് ഓവറിൽ അറുപതും എഴുപതും എണ്‍പതും തൊണ്ണൂറും റൺസ് വിട്ടുനല്‍കുന്നത് ടീമിനെ കൂടുതല്‍ പ്രതിരോധത്തിലാക്കുന്നതാണ്. ഈ പ്രശ്‌നം പരിഹരിക്കാതെ വിജയങ്ങള്‍ നേടുകയെന്നത് അത്ര എളുപ്പമാകില്ല", റോബിന്‍ ഉത്തപ്പ പറഞ്ഞു.

രാജസ്ഥാന്‍ റോയല്‍സ് ഇന്നിങ്‌സിന്‍റെ അവസാനത്തെ ആറ് ഓവറില്‍ 69 റണ്‍സാണ് മുംബൈ ബോളര്‍മാര്‍ വിട്ട് നല്‍കിയത്. റിലേ മെറിഡിത്തും അർഷാദ് ഖാനുമായിരുന്നു കൂടുതല്‍ റണ്‍സ് വഴങ്ങിയത്. തന്‍റെ നാല് ഓവര്‍ സ്‌പെല്ലില്‍ ദയനീയ പ്രകടനമായിരുന്നു റിലേ മെറിഡിത്ത് നടത്തിയത്.

ഒരു വിക്കറ്റ് നേടിയെങ്കിലും 51 റണ്‍സായിരുന്നു താരം വിട്ട് നല്‍കിയത്. അര്‍ഷദ് ഖാന്‍ മൂന്ന് വിക്കറ്റുകള്‍ വീഴ്‌ത്തിയെങ്കിലും മൂന്ന് ഓവറില്‍ 39 റണ്‍സാണ് വഴങ്ങിയത്. ഒരു മത്സര ഇടവേളയ്ക്ക് ശേഷം തിരിച്ചെത്തിയ ആര്‍ച്ചറാവട്ടെ നാല് ഓവറില്‍ 35 റണ്‍സ് വഴങ്ങി ഒരു വിക്കറ്റാണ് നേടിയത്.

ജസ്‌പ്രീത് ബുംറയുടെ അഭാവത്തില്‍ ആര്‍ച്ചര്‍ മുംബൈ ഇന്ത്യന്‍സിന്‍റെ പേസ് നിരയുടെ നെടുന്തൂണാവുമെന്നായിരുന്നു മാനേജ്‌മെന്‍റിന്‍റെ വിലയിരുത്തല്‍. എന്നാല്‍ തന്‍റെ മികവിലേക്ക് താരത്തിന് ഇതേവരെ ഉയരാന്‍ കഴിഞ്ഞിട്ടില്ല.

അതേസമയം ആറ് വിക്കറ്റിനായിരുന്നു മുംബൈ ഇന്ത്യന്‍സ് രാജസ്ഥാന്‍ റോയല്‍സിനെ പരാജയപ്പെടുത്തിയത്. ടോസ് നേടി ആദ്യം ബാറ്റ് ചെയ്യാന്‍ ഇറങ്ങിയ രാജസ്ഥാന്‍ ഓപ്പണര്‍ യശസ്വി ജയ്‌സ്വാളിന്‍റെ വെടിക്കെട്ട് സെഞ്ചുറിയുടെ മികവില്‍ നിശ്ചിത 20 ഓവറില്‍ ഏഴ്‌ വിക്കറ്റ് നഷ്‌ടത്തില്‍ 212 റണ്‍സായിരുന്നു അടിച്ച് കൂട്ടിയത്. 62 പന്തുകളില്‍ 16 ഫോറുകളും എട്ട് സിക്‌സും സഹിതം 124 റണ്‍സായിരുന്നു ജയ്‌സ്വാള്‍ നേടിയത്.

ജോസ് ബട്‌ലര്‍ (19 പന്തില്‍ 18), സഞ്‌ജു സാംസണ്‍ (10 പന്തില്‍ 14), ജേസണ്‍ ഹോള്‍ഡര്‍ (9 പന്തില്‍ 11) എന്നിങ്ങനെയാണ് രണ്ടക്കം തൊട്ട മറ്റ്‌ രാജസ്ഥാന്‍ താരങ്ങള്‍. മറുപടിക്കിറങ്ങിയ മുംബൈ ഇന്ത്യന്‍സ് 19.3 ഓവറില്‍ നാല് വിക്കറ്റ് നഷ്‌ടത്തില്‍ 214 റണ്‍സെടുത്ത് വിജയം ഉറപ്പിക്കുകയായിരുന്നു.

സൂര്യകുമാര്‍ യാദവിന്‍റെ തകര്‍പ്പന്‍ അര്‍ധ സെഞ്ചുറിയും ടിം ഡേവിഡിന്‍റെ മിന്നില്‍ ഫിനിഷിങ്ങുമായിരുന്നു മുംബൈയെ വിജയത്തിലെത്തിച്ചത്. 29 പന്തില്‍ എട്ട് ഫോറുകളും രണ്ട് സിക്‌സും സഹിതം 55 റണ്‍സായിരുന്നു സൂര്യകുമാര്‍ യാദവ് നേടിയത്. ടിം ഡേവിഡ് 14 പന്തില്‍ രണ്ട് ഫോറുകളും അഞ്ച് സിക്‌സും സഹിതം 45* റണ്‍സെടുത്തു.

ALSO READ: WATCH| രോഹിത്തിനെ സഞ്‌ജു ചതിച്ചിട്ടില്ല; 'വിക്കറ്റിനു പിന്നിലെ' സത്യം ഇതാണ്

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.