ETV Bharat / sports

IPL 2023 | തോൽവി മറക്കണം, പൊരുതി ജയിക്കണം; ഇന്ന് ലഖ്‌നൗ ഹൈദരാബാദ് അങ്കം

author img

By

Published : Apr 7, 2023, 7:11 AM IST

എയ്‌ഡൻ മാർക്രമിന് കീഴിൽ ഇന്ന് ആദ്യ മത്സരത്തിനാണ് സൺറൈസേഴ്‌സ് ഹൈദരാബാദ് ഇറങ്ങുന്നത്.

IPL  IPL 2023  TATA IPL  LSGvSRH  luknow super giants  sunrisers hyderabad  match day  ipl live today  ഐപിഎൽ  ഐപിഎൽ 2023  ലഖ്‌നൗ സൂപ്പർ ജയന്‍റ്‌സ്  സൺറൈസേഴ്‌സ് ഹൈദരാബാദ്  ഐപിഎൽ ലൈവ്  ലഖ്‌നൗ
IPL 2023

ലഖ്‌നൗ: ഐപിഎല്ലിലെ മൂന്നാം മത്സരത്തിനായി ലഖ്‌നൗ സൂപ്പർ ജയന്‍റ്‌സ് ഇന്ന് ഇറങ്ങും. ലഖ്‌നൗവിന്‍റെ ഹോം ഗ്രൗണ്ടിൽ നടക്കുന്ന മത്സരത്തിൽ ആദ്യ ജയം ലക്ഷ്യമിട്ടിറങ്ങുന്ന സൺറൈസേഴ്‌സ് ഹൈദരാബാദാണ് കെ എൽ രാഹുലിനും സംഘത്തിനും എതിരാളികൾ. രാത്രി 7.30നാണ് മത്സരം ആരംഭിക്കുന്നത്.

രണ്ടാം ജയം തേടി ലഖ്‌നൗ: സീസണിലെ ആദ്യ മത്സരം ഡൽഹിയോട് വിജയിച്ച ലഖ്‌നൗ രണ്ടാം പോരാട്ടത്തിൽ ചെന്നൈ സൂപ്പർ കിങ്സിനോട് തോൽവി വഴങ്ങിയിരുന്നു. ചെപ്പോക്കിൽ നടന്ന മത്സരത്തിൽ 12 റൺസിനായിരുന്നു സൂപ്പർ ജയന്‍റ്‌സിന്‍റെ തോൽവി. ഇന്ന് ഹൈദരാബാദിനെ തകർത്ത് വിജയവഴിയിൽ തിരിച്ചെത്താൻ ആയിരിക്കും കെ എൽ രാഹുലിന്‍റെയും സംഘത്തിന്‍റെയും ലക്ഷ്യം.

ബാറ്റിങ്ങിൽ താളം കണ്ടെത്താൻ വിഷമിക്കുന്ന നായകൻ കെ എൽ രാഹുലിന്‍റെ പ്രകടനമാണ് ടീമിന് ഇപ്പോൾ പ്രധാന തലവേദന. ആദ്യ മത്സരത്തിൽ ഡൽഹിക്കെതിരെ എട്ട് റൺസും രണ്ടാം മത്സരത്തിൽ ചെന്നൈയ്ക്കെതിരെ 20 റൺസും മാത്രമാണ് രാഹുലിന് നേടാനായത്. ഡി കോക്ക് മടങ്ങിയെത്തിയ സാഹചര്യത്തിൽ ഏതൊക്കെ നാല് വിദേശ താരങ്ങളെ ടീമിൽ ഉൾപ്പെടുത്തണം എന്ന കാര്യത്തിലും ടീമിൽ ആശങ്ക ഉടലെടുത്തിട്ടുണ്ട്.

ഡി കോക്കിന്‍റെ അഭാവത്തിൽ ടീമിൽ അവസരം ലഭിച്ച കൈൽ മേയേഴ്‌സ് കഴിഞ്ഞ രണ്ട് മത്സരങ്ങളിലും അർധസെഞ്ച്വറി നേടി മികച്ച പ്രകടനമാണ് കാഴ്‌ചവച്ചത്. ഈ സാഹചര്യത്തിൽ ഒരു പക്ഷെ ഡി കോക്കിന് കാത്തിരിക്കേണ്ടി വന്നേക്കാം. അല്ലെങ്കിൽ മാർക്കസ് സ്റ്റോയിനിസ്, നിക്കോളാസ് പുരാൻ എന്നിവരിൽ ഒരാൾക്ക് പകരം ഡി കോക്ക് ടീമിലേക്ക് എത്തിയേക്കാം.

ബൗളിങ്ങിൽ മാർക്ക്‌ വുഡിലാണ് ടീമിന്‍റെ പ്രതീക്ഷ. രണ്ട് മത്സരങ്ങളിൽ നിന്നും താരം എട്ട് വിക്കറ്റാണ് സ്വന്തമാക്കിയിട്ടുള്ളത്.

കുതിച്ചുയരാൻ ഓറഞ്ച് പട: സ്വന്തം തട്ടകത്തിൽ രാജസ്ഥാൻ റോയൽസിനോട് വമ്പൻ തോൽവി ഏറ്റുവാങ്ങിയാണ് സൺറൈസേഴ്‌സ് ഹൈദരാബാദ് തങ്ങളുടെ ആദ്യ എവേ മത്സരത്തിന് ഇറങ്ങുന്നത്. ടീമിലെ പ്രധാന താരങ്ങളുടെ അഭാവം ആദ്യ മത്സരത്തിൽ അവർക്ക് തിരിച്ചടിയാണ് സമ്മാനിച്ചത്. നായകൻ എയ്‌ഡൻ മാർക്രം, വിക്കറ്റ് കീപ്പർ ബാറ്റർ ഹെൻറിച്ച് ക്ലാസൻ, പേസ് ബൗളർ മാർക്കോ ജാൻസൻ എന്നിവരുടെ മടങ്ങിവരവ് ടീമിന് ആശ്വാസമാണ്.

മായങ്ക് അഗർവാൾ, രാഹുൽ തൃപാതി, ഹാരി ബ്രൂക്ക് എന്നീ ബാറ്റർമാർക്ക് ആദ്യ മത്സരത്തിൽ മികവിലേക്ക് ഉയരാൻ സാധിച്ചിരുന്നില്ല. കരുത്തുറ്റ ഇന്ത്യൻ പേസ് നിരയാണ് ടീമിന്‍റെ ശക്തി. രാജസ്ഥാനെതിരെ താളം കണ്ടെത്താൻ സാധിക്കാതെ പോയ ബൗളിങ് നിര ഈ മത്സരത്തിൽ ശക്തമായി തിരിച്ചുവരുമെന്നാണ് ടീമിന്‍റെ പ്രതീക്ഷ.

അവസാന സീസണിൽ ഒരു തവണയാണ് ലഖ്‌നൗ സൂപ്പർ ജയന്‍റ്‌സും സൺ റൈസേഴ്‌സ് ഹൈദരാബാദും തമ്മിൽ ഏറ്റുമുട്ടിയത്. അന്ന് കെ എൽ രാഹുലിനും സംഘത്തിനുമായിരുന്നു ജയം.

മത്സരം തത്സമയം: ഐപിഎൽ 2023ലെ പത്താം മത്സരമായ ലഖ്‌നൗ സൂപ്പർ ജയന്‍റ്‌സ് സൺ റൈസേഴ്‌സ് പോരാട്ടം സ്റ്റാർ സ്പോർട്‌സ് ചാനലുകളിലൂടെ തത്സമയം കാണാൻ സാധിക്കും. ജിയോ സിനിമ ആപ്ലിക്കേഷൻ ഉപയോഗിച്ചും വെബ്സൈറ്റിലൂടെയും ഓൺലൈനായി മത്സരം കാണാം.

ലഖ്‌നൗ സൂപ്പർ ജയന്‍റ്‌സ് സ്‌ക്വാഡ്: കെ എൽ രാഹുൽ (ക്യാപ്റ്റന്‍), ക്വിന്‍റണ്‍ ഡി കോക്ക്, കൈൽ മേയേഴ്‌സ്, മനൻ വോറ, നിക്കോളാസ് പുരാൻ, മാർക്കസ് സ്റ്റോയിനിസ്, ദീപക് ഹൂഡ, കൃഷ്‌ണപ്പ ഗൗതം, ക്രുണാൽ പാണ്ഡ്യ, ആയുഷ് ബഡോണി, രവി ബിഷ്‌ണോയ്, മാർക്ക് വുഡ്, റൊമാരിയോ ഷെപ്പേർഡ്, ജയദേവ് ഉനദ്ഘട്ട്, ഡാനിയൽ സാംസ്, നവീൻ ഉൾ ഹഖ്, ആവേശ് ഖാൻ, യാഷ് താക്കൂർ, സ്വപ്‌നിൽ സിങ്‌, പ്രേരക് മങ്കാഡ്, അമിത് മിശ്ര, കരൺ ശർമ, മൊഹ്‌സിൻ ഖാൻ, മായങ്ക് യാദവ്, യുധ്‌വീർ ചരക്.

സൺറൈസേഴ്‌സ് ഹൈദരാബാദ്: എയ്‌ഡന്‍ മാര്‍ക്രം (ക്യാപ്റ്റൻ), രാഹുല്‍ ത്രിപാതി, മായങ്ക് അഗര്‍വാള്‍, അഭിഷേക് ശര്‍മ, ഹാരി ബ്രൂക്ക്, അബ്‌ദുല്‍ സമദ്, വാഷിങ്ടണ്‍ സുന്ദര്‍, ഗ്ലെന്‍ ഫിലിപ്‌സ്, ഹെൻറിച്ച് ക്ലാസന്‍, ആദില്‍ റഷീദ്, ഭുവനേശ്വര്‍ കുമാര്‍, കാര്‍ത്തിക് ത്യാഗി, ഉമ്രാന്‍ മാലിക്, മാര്‍കോ ജാന്‍സെന്‍, ടി നടരാജന്‍, ഫസല്‍ഹഖ് ഫാറൂഖി, സമര്‍തഥ് വ്യാസ്, മായങ്ക് മര്‍കണ്ഡെ, അന്‍മോല്‍പ്രീത് സിങ്, ഉപേന്ദ്ര സിങ് യാദവ്, അകെയ്ല്‍ ഹുസൈന്‍, നിതീഷ് കുമാര്‍ റെഡി, വിവ്രാന്ത് ശര്‍മ, സന്‍വീര്‍ സിങ്, മായങ്ക് ദാഗർ.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.