ETV Bharat / sports

ഡല്‍ഹിയില്‍ തീപാറും പോരാട്ടം; മുംബൈയും ചെന്നൈയും നേര്‍ക്കുനേര്‍

author img

By

Published : May 1, 2021, 7:30 AM IST

തുടര്‍ച്ചയായ ആറാമത്തെ ജയം ലക്ഷ്യമിട്ടാണ് സീസണില്‍ എംഎസ്‌ ധോണിയുടെ നേതൃത്വത്തിലുള്ള ചെന്നൈ സൂപ്പര്‍ കിങ്സ് നിലവിലെ ചാമ്പ്യന്‍മാരായ മുംബൈ ഇന്ത്യന്‍സിനെ നേരിടുന്നത്

ipl today news chennai win news mumbai win news ഐപിഎല്‍ ഇന്ന് വാര്‍ത്ത ചെന്നൈക്ക് ജയം വാര്‍ത്ത മുംബൈക്ക് ജയം വാര്‍ത്ത
ഐപിഎല്‍

ന്യൂഡല്‍ഹി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ടേബിള്‍ ടോപ്പേഴ്‌സായ ചെന്നൈ സൂപ്പര്‍ കിങ്‌സ് ഇന്ന് നിലവിലെ ചാമ്പ്യന്‍മാരായ മുംബൈ ഇന്ത്യന്‍സിനെ നേരിടും. ഡല്‍ഹി ഫിറോഷ കോട്‌ല സ്റ്റേഡിയത്തില്‍ രാത്രി 7.30നാണ് മത്സരം. സീസണില്‍ അപരാജിത കുതിപ്പ് തുടരുന്ന ചെന്നൈ ആദ്യ മത്സരത്തില്‍ ഡല്‍ഹിയോട് മാത്രമാണ് പരാജയം വഴങ്ങിയത്. തുടര്‍ച്ചയായി അഞ്ച് മത്സരങ്ങളില്‍ ജയിച്ച ധോണിക്കും കൂട്ടര്‍ക്കും 10 പോയിന്‍റാണുള്ളത്. മറുഭാഗത്ത് മുംബൈ ഇന്ത്യന്‍സിന് മോശം തുടക്കമാണ് ഇത്തവണ. ആറ് മത്സരങ്ങളില്‍ മൂന്നെണ്ണത്തില്‍ മാത്രം ജയം സ്വന്തമാക്കാനായ മുംബൈക്ക് ആറ് പോയിന്‍റ് മാത്രമാണുള്ളത്.

ഇതിനകം അഞ്ച് തവണ കപ്പടിച്ച നായകന്‍ രോഹിതും മൂന്ന് തവണ കപ്പ് സ്വന്തമാക്കിയ ചെന്നൈയുടെ തല എംഎസ് ധോണിയും നേര്‍ക്കുനേര്‍ വരുമ്പോള്‍ പോരാട്ടം കനക്കും. ഇതുവരെയുള്ള കണക്കുകള്‍ പരിശോധിക്കുമ്പോള്‍ മുന്‍തൂക്കം മുംബൈക്കാണ്. 30 തവണ ഇരുവരും നേര്‍ക്കുനേര്‍ വന്നപ്പോള്‍ 18 തവണയും ജയം മുംബൈക്കൊപ്പം നിന്നു. 12 തവണ ചെന്നൈ വിസിലൂതി.

ഡല്‍ഹിയിലെ ബാറ്റിങ്ങിനെ തുണക്കുന്ന പിച്ചില്‍ കൂറ്റന്‍ സ്‌കോറിലൂടെ എതിരാളികളെ സമ്മര്‍ദത്തിലാക്കാനാകും ആദ്യം ബാറ്റ് ചെയ്യുന്നവരുടെ ശ്രമം. രണ്ടാമത് ബാറ്റ് ചെയ്യുമ്പോള്‍ 'ഡ്യൂ ഫാക്‌ടര്‍' ഉള്‍പ്പെടെ വെല്ലുവിളിയായി മാറും. കഴിഞ്ഞ സീസണില്‍ ഏറ്റുമുട്ടിയപ്പോള്‍ ഇരുവരും ഓരോ ജയം വീതം സ്വന്തമാക്കി. മുന്‍ സീസണെ അപേക്ഷിച്ച് ഗംഭീര തിരിച്ചുവരവാണ് ചെന്നൈ ഇത്തവ നടത്തിയത്. ടീമിലെ പതിനൊന്നാമന്‍ വരെ ഭേദപ്പെട്ട ബാറ്റിങ് ശൈലിക്ക് ഉടമയാണെന്നതാണ് ചെന്നൈയെ വ്യത്സ്യസ്ഥമാക്കുന്നത്. ഓപ്പണിങ്ങില്‍ ഫാഫ് ഡുപ്ലെസിയും റിതുരാജ് ഗെയ്‌ക്ക്‌വാദും മിന്നും ഫോമിലാണ്. ഇരുവര്‍ക്കുമൊപ്പം സുരേഷ് റെയ്‌ന, മോയിന്‍ അലി എന്നിവര്‍ ചേരുന്നതാണ് ചെന്നൈയുടെ ടോപ്പ് ഓര്‍ഡര്‍. മിഡില്‍ ഓര്‍ഡറില്‍ ഓള്‍ റൗണ്ടര്‍മാരായ രവീന്ദ്ര ജഡേജയും സാം കറനും ഡെയ്‌ന്‍ ബ്രാവോയും കരുത്ത് പകരുന്നു. ഏത് സ്‌കോറും പിന്തുടര്‍ന്ന് ജയിക്കാനും കൂറ്റന്‍ സ്‌കോര്‍ പടുത്തുയര്‍ത്താനും സാധിക്കും വിധം ആത്മവിശ്വാസം ഈ ബാറ്റിങ് ഓര്‍ഡര്‍ ഇതിനകം സ്വന്തമാക്കി കഴിഞ്ഞു. ഫീല്‍ഡിങ്ങില്‍ ഉള്‍പ്പെടെ സിഎസ്‌കെയുടെ വമ്പന്‍ ഫോമിലാണ്. ദീപക് ചാഹര്‍ ലുങ്കി എൻഗിഡി എന്നിവര്‍ ഉള്‍പ്പെടുന്ന ചെന്നൈയുടെ ബൗളിങ്ങ് നിരയും ശക്തമായ ഫോമലാണ്.

മറുഭാഗത്ത് മുംബൈക്ക് ബാറ്റിങ്ങിലാണ് ആശങ്ക മുഴുവന്‍. മധ്യനിര ഫോമിലേക്ക് ഉയരാത്തതാണ് മുംബൈക്ക് വെല്ലുവിളി ഉയര്‍ത്തുന്നത്. അതേസമയം പരിക്ക് ഉള്‍പ്പെടെയുള്ള വെല്ലുവിളികള്‍ മുന്നിലില്ലാത്തത് രോഹിതിന് ആശ്വാസം പകരുന്നുണ്ട്. രാജസ്ഥാന്‍ റോയല്‍സിനെതിരായ അവസാന മത്സരത്തില്‍ ഭേദപ്പെട്ട പ്രകടനം പുറത്തെടുത്ത മുംബൈയുടെ ബാറ്റിങ്‌ നിര സമാന പ്രകടനം ചെന്നൈക്കെതിരെ നടത്തുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍. ബൗളിങ്ങില്‍ ടെന്‍ഡ് ബോള്‍ട്ടും ജസ്‌പ്രീത് ബുമ്രയും ചെന്നൈക്ക് വെല്ലുവിളി ഉയര്‍ത്തും. രാഹുല്‍ ചാഹറിന്‍റെയും ജയന്ദ് യാദവിന്‍റെയും സാന്നിധ്യവും മുംബൈക്ക് കരുത്താകും. ഓപ്പണര്‍മാരുടെ റോളില്‍ രോഹിതും ക്വന്‍റണ്‍ ഡികോക്കും തുടരും.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.