ETV Bharat / sports

കെജിഎഫിനെ തോല്‍പ്പിച്ച സഞ്ജു സാംസൺ എന്ന നായകൻ..

author img

By

Published : May 28, 2022, 1:56 PM IST

story of sanju samson
കെജിഎഫിനെ തോല്‍പ്പിച്ച സഞ്ജു സാംസൺ എന്ന നായകൻ..

വിരാട് കോലി, ഗ്ലെൻ മാക്‌സ്‌വെല്‍, ഫാഫ് ഡുപ്ലിസി (കെജിഎഫ്) K (Kohli) G (Glenn Maxwell) F (Faf du Plessis) എന്ന് ബാംഗ്ലൂർ ആരാധകർ വിളിക്കുന്ന നായകൻമാരും ബാറ്റിങ് സൂപ്പർസ്റ്റാറും അടങ്ങുന്ന ടീമിനെയാണ് രാജസ്ഥാൻ തോല്‍പ്പിച്ചത്. അങ്ങനെ ഐപിഎല്‍ ഫൈനല്‍ കളിക്കുന്ന ടീമിനെ ആദ്യമായി ഒരു മലയാളി നയിച്ച കഥയാണിത്.

ഹൈദരാബാദ്: നായകന്‍റെ കളിയാണ് ക്രിക്കറ്റ്. ടീമിനെ തെരഞ്ഞെടുക്കുന്നത് മുതല്‍ ബൗളിങ്ങിലും ഫീല്‍ഡിങ്ങിലും വരുത്തുന്ന മാറ്റങ്ങൾ അടക്കം നായകന്‍റെ ഓരോ തീരുമാനവും ടീമിന്‍റെ ജയപരാജയങ്ങളില്‍ നിർണായകമാണ്. ലോകത്തെ ഏറ്റവും വലിയ ടി-20 ടൂർണമെന്‍റിന്‍റെ സെമിഫൈനല്‍ (എലിമിനേറ്റർ-2) മത്സരം അഹമ്മദാബാദ് നരേന്ദ്രമോദി സ്റ്റേഡിയത്തില്‍ നടക്കുകയാണ്.

  • Best feeling when it comes off the first ball you face... ☺️🙏🏼👌
    But feels bad when your team ends up on the loosing side...!!
    Let’s keep our heads high and move on to the next one with great hopes.. pic.twitter.com/pjG9BEJUPY

    — Sanju Samson (@IamSanjuSamson) December 27, 2019 " class="align-text-top noRightClick twitterSection" data=" ">

കെജിഎഫ്: ദേശീയ ടീമുകളെയും ഐപിഎല്‍ ടീമുകളെയും നയിച്ച് പരിചയമുള്ള ഒരു പിടിതാരങ്ങളുള്ള ബാംഗ്ലൂർ റോയല്‍ ചലഞ്ചേഴ്‌സ് ആണ് രാജസ്ഥാൻ റോയല്‍സിന്‍റെ എതിരാളികൾ. വിരാട് കോലി, ഗ്ലെൻ മാക്‌സ്‌വെല്‍, ഫാഫ് ഡുപ്ലിസി (കെജിഎഫ്) K (Kohli) G (Glenn Maxwell) F (Faf du Plessis) എന്ന് ആരാധകർ വിളിക്കുന്ന നായകൻമാരും ബാറ്റിങ് സൂപ്പർസ്റ്റാറുകളുമാണ് ബാംഗ്ലൂർ നിരയിലുള്ളത്. ടോസ് നഷ്‌ടമായി ആദ്യം ബാറ്റ് ചെയ്യേണ്ടി വന്ന ബാംഗ്ലൂർ മികച്ച സ്കോർ ലക്ഷ്യമിട്ട് ബാറ്റ് ചെയ്യുന്നു. രണ്ട് വിക്കറ്റുകൾ നഷ്‌ടമായെങ്കിലും മികച്ച ശരാശരിയോടെ ഗ്ലെൻ മാക്‌സ്‌വെല്ലും കഴിഞ്ഞ മത്സരത്തിലെ സെഞ്ച്വറി വീരൻ രജത് പടിദാറും ക്രീസിലുണ്ട്.

യഥാർഥ നായകൻ വരുന്നു: രാജസ്ഥാൻ നായകൻ സഞ്ജു സാംസണെ സംബന്ധിച്ച് ഈ കൂട്ടുകെട്ട് പൊളിക്കേണ്ടത് അനിവാര്യമാണ്. അതുകൊണ്ടു തന്നെ ഏറ്റവും വിശ്വസ്തനായ ബൗളർ യുസ്‌വേന്ദ്ര ചാഹലിനെ പന്ത് ഏല്‍പ്പിക്കാൻ സഞ്ജു തീരുമാനിച്ചു. ഈ ഐപിഎല്ലിലെ ഏറ്റവുമധികം വിക്കറ്റുകൾ സ്വന്തമാക്കിയവരുടെ പട്ടികയില്‍ ഒന്നാം സ്ഥാനം പങ്കിടുന്ന ചാഹലിനെ ഒരു കരുണയും കാണിക്കാതെയാണ് മാക്‌സ്‌വെല്‍ കൈകാര്യം ചെയ്‌തത്.

റിവേഴ്‌സ് സ്വീപ്പിലുള്ള മനോഹരമായ ബൗണ്ടറി മാക്‌സ്‌വെല്‍ നേടുമ്പോൾ നായകന്‍റെ മുഖം ടെലിവിഷൻ സ്ക്രീനില്‍. പക്ഷേ ഒരു ചെറു പുഞ്ചിരിയാണ് സഞ്ജു സാംസൺ ടെലിവിഷൻ കാണികൾക്ക് സമ്മാനിച്ചത്. കാരണം ആ ചിരിയില്‍ തന്നെ സഞ്ജു തന്ത്രം മാറ്റിയിരുന്നു. സാധാരണ ഗതിയില്‍ അവസാന ഓവറുകൾ എറിയുന്ന ട്രെന്‍റ് ബോൾട്ടിനെയാണ് സഞ്ജു മാക്‌സ്‌വെല്ലിന് വേണ്ടി കരുതി വെച്ചിരുന്നത്.

അതിന് ഗുണവുമുണ്ടായി. വിക്കറ്റ് കീപ്പർ കൂടിയായ നായകൻ സഞ്ജുവിന് ക്യാച്ച് നല്‍കി മാക്‌സ്‌വെല്‍ മടങ്ങി. 12.3 ഓവറില്‍ രണ്ട് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി 100 റൺസ് നേടി മികച്ച നിലയിലായിരുന്ന ബാംഗ്ലൂരിന്‍റെ കൂട്ടത്തകർച്ചയ്ക്കാണ് പിന്നെ നരേന്ദ്രമോദി സ്റ്റേഡിയം സാക്ഷിയായത്. 15.3 ഓവർ പിന്നിടുമ്പോൾ നാല് വിക്കറ്റിന് 130 റൺസ് എന്ന നിലയിലേക്കും ഒടുവില്‍ 20 ഓവർ പൂർത്തിയാകുമ്പോൾ എട്ട് വിക്കറ്റ് നഷ്‌ടത്തില്‍ 157 എന്ന താരതമ്യേന ചെറിയ സ്കോറിലേക്കും ബാംഗ്ലൂർ വീണതില്‍ സഞ്ജുവിലെ ക്യാപ്റ്റന്‍റെ ബൗളിങ് ചെയ്‌ഞ്ചുകൾ നിർണായകമായി.

അവസാന ഓവറുകളിലേക്ക് കരുതി വെച്ച പ്രസിദ്ധ് കൃഷ്‌ണയും ഒബെദ് മക്കോയിയും തകർത്ത് പന്തെറിഞ്ഞപ്പോൾ ഈ ഐപിഎല്ലിലെ ഏറ്റവും മികച്ച ബാറ്റിങ് സ്ട്രൈക്ക് റേറ്റുള്ള ദിനേശ് കാർത്തിക്കിന് പോലും ഒന്നും ചെയ്യാനുണ്ടായിരുന്നില്ല. കഴിഞ്ഞ മത്സരത്തില്‍ ഗുജറാത്തിനോട് തോല്‍ക്കുമ്പോൾ ഏറ്റവുമധികം തല്ലുകൊണ്ട പ്രസിദ്ധ് കൃഷ്‌ണയും ഒബെദ് മക്കോയിയും ഈ നിർണായക മത്സരത്തില്‍ കളിക്കുകയും മികച്ച ഫോമിലേക്ക് വരികയും ചെയ്തതിന് പിന്നിലും നായകന്‍റെ മികവു തന്നെയാണ്.

'ശരിക്കും ധോണിയെപ്പോലെ': 27 വയസുള്ള സഞ്ജു സാംസൺ നയിക്കുന്ന രാജസ്ഥാൻ ടീമില്‍ ഇംഗ്ലീഷ് ദേശീയ ടീമിലെ സൂപ്പർ താരമായ ജോസ്‌ ബട്‌ലർ, ന്യൂസിലൻഡിന്‍റെ സ്റ്റാർ പേസർ ട്രെന്‍റ് ബോൾട്ട്, വെസ്റ്റിന്ത്യൻ സ്റ്റാർ ബാറ്റർ ഹെറ്റ്‌മെയർ, ഇന്ത്യൻ താരങ്ങളായ രവി അശ്വിൻ, യുസ്‌വേന്ദ്ര ചാഹല്‍, പ്രസിദ്ധ് കൃഷ്‌ണ, അതിനൊപ്പം യുവതാരങ്ങളായ യശസ്വി ജയ്‌സ്‌വാൾ, ദേവ്‌ദത്ത് പടിക്കല്‍, റിയാൻ പരാഗ്.. ഇവരൊക്കെയാണുള്ളത്.

പ്രശസ്‌ത ക്രിക്കറ്റ് അവതാരകനായ ഹർഷ ഭോഗ്‌ലെ പറഞ്ഞത് സഞ്ജുവിനെ കാണുമ്പോൾ.. സംസാരിക്കുമ്പോൾ.. ഇന്ത്യയുടെ മുൻ നായകൻ ധോണിയെ ഓർമ വരുന്നു എന്നാണ്. കളിക്കളത്തിലെ സമീപനവും സ്വന്തം ടീമിലെ താരങ്ങളോടുള്ള ഇടപെടലും അതിനൊപ്പം കൂളായ പെരുമാറ്റവും എല്ലാം ധോണിയെ പോലെയെന്ന് ഹർഷ പറഞ്ഞെങ്കില്‍ അതൊരു അംഗീകാരം കൂടിയാണ്. എതിരാളികൾ എത്ര പ്രകോപിപ്പിച്ചാലും ജയത്തിലും തോല്‍വിയിലും എല്ലാം ഒരു ചെറു പുഞ്ചിരിയോടെ മാത്രം കളം വിടുന്ന സഞ്ജുവല്ലാതെ മറ്റാരാണ് അത്.

ഇത് കുറെ കാലം മുൻപുള്ള ഒരു കഥയാണ്..

ഡല്‍ഹി പൊലീസിലെ കോൺസ്റ്റബിളായിരുന്ന സാംസൺ വിശ്വനാഥിന് മകനെ ഒരു ക്രിക്കറ്റ് താരമാക്കണമെന്നായിരുന്നു ആഗ്രഹം. അച്ഛന്‍റെ ആഗ്രഹത്തിനൊപ്പം മകൻ മൈതാനത്ത് തകർപ്പൻ ഷോട്ടുകളുമായി കളം നിറഞ്ഞു. ഡല്‍ഹി അണ്ടർ 13 ടീമിലേക്കുള്ള സെലക്ഷൻ കിട്ടാതെ പുറത്തായപ്പോൾ സാംസൺ വിശ്വനാഥ് ആദ്യം ചെയ്തത് ഡല്‍ഹി പൊലീസിലെ ജോലി രാജിവെയ്ക്കുക എന്നതാണ്. കുടുംബത്തെ ചേർത്തു പിടിച്ച് അയാൾ സ്വന്തം നാട്ടിലേക്ക് വണ്ടി കയറി.

  • Thanks a lot Acha for making me the person I am now and thank you for teaching me how to be a sportsman and how to live our life with discipline,respect to others,moral values and everything a child required !!!
    A happy Father’s Day to all the fathers out there ☺️🙏🏼#fathersday pic.twitter.com/huDGSh17xh

    — Sanju Samson (@IamSanjuSamson) June 16, 2019 " class="align-text-top noRightClick twitterSection" data=" ">

ഡല്‍ഹിയില്‍ നിന്നാല്‍ മകന്‍റെ ക്രിക്കറ്റ് കരിയർ അവസാനിക്കുമെന്ന് മനസിലാക്കിയാണ് സാംസൺ അന്ന് അങ്ങനെ ചെയ്തത്. കേരളത്തിലെത്തിയ സാംസൺ മകനെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ഗ്രൗണ്ടില്‍ ബിജു ജോർജ് എന്ന പരിശീലകന് കൈമാറി. ആ മകൻ ആരാണെന്ന് ഇനിയും ക്രിക്കറ്റ് ആരാധകർക്ക് പറഞ്ഞുകൊടുക്കേണ്ട കാര്യമില്ല.

ഇനിയാണ് ഏറ്റവും പുതിയ കഥ...

2022 മെയ് 29ന് അഹമ്മദാബാദിലെ നരേന്ദ്രമോദി സ്റ്റേഡിയത്തില്‍ ലോകത്തെ ഏറ്റവും വലിയ ടി-20 ടൂർണമെന്‍റിന്‍റെ ഫൈനലിന് ടോസിടുമ്പോൾ രാജസ്ഥാൻ റോയല്‍സ് നായകനായി അയാളുണ്ടാകും. 2008 ജൂൺ ഒന്നിന് ആദ്യ ഐപിഎല്‍ ഫൈനലില്‍ നവി മുംബൈ സ്റ്റേഡിയത്തില്‍ ചെന്നൈ സൂപ്പർ കിംഗ്‌സിനെ തോല്‍പ്പിച്ച് രാജസ്ഥാൻ റോയല്‍സ് കിരീടം നേടുമ്പോൾ കേരളത്തില്‍ എവിടെയോ അണ്ടർ 16 ക്രിക്കറ്റ് കളിച്ചു നടന്ന പയ്യൻ ഇന്ന് ഇന്ത്യയിലെ ഏറ്റവും മികച്ച ക്രിക്കറ്റ് ടീം നായകനാണ്.

അന്നത്തെ 13 വയസുകാരൻ 2022 മെയ് 29ന് രാത്രി ഐപിഎല്‍ കിരീടം ഉയർത്തിയാല്‍ അത് ചരിത്രം. ഐപിഎല്‍ ഫൈനല്‍ കളിക്കുന്ന ടീമിനെ ആദ്യമായി ഒരു മലയാളി നയിക്കുകയാണ്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.