ETV Bharat / sports

IPL 2022: രാജസ്ഥാന്‍റെ കില്ലറായി മില്ലര്‍; ഗുജറാത്ത് ഐപിഎല്‍ ഫൈനലില്‍

author img

By

Published : May 25, 2022, 6:52 AM IST

തോറ്റെങ്കിലും രാജസ്ഥാന്‍റെ ഫൈനല്‍ പ്രതീക്ഷ അവസാനിച്ചിട്ടില്ല. രണ്ടാം ക്വാളിഫയറിലൂടെ ഒരു അവസരം കൂടി സംഘത്തിന് ലഭിക്കും

IPL 2022  IPL 2022 qualifier 1  rajasthan royals vs gujarat titans  rajasthan royals  gujarat titans  IPL 2022 highlights  ഐപിഎല്‍ 2022  രാജസ്ഥാന്‍ റോയല്‍സ്  ഗുജറാത്ത് ടൈറ്റന്‍സ്
IPL 2022: രാജസ്ഥാന്‍റെ കില്ലറായി മില്ലര്‍; ഗുജറാത്ത് ഐപിഎല്‍ ഫൈനലില്‍

കൊല്‍ക്കത്ത: ഐപിഎല്‍ല്ലിന്‍റെ കലാശപ്പോരിന് യോഗ്യത ഉറപ്പിച്ച് ഗുജറാത്ത് ടൈറ്റന്‍സ്. ആദ്യ ക്വാളിഫയറില്‍ രാജസ്ഥാന്‍ റോയല്‍സിനെ ഏഴ് വിക്കറ്റിന് കീഴടക്കിയാണ് ഗുജറാത്ത് ഫൈനലിലെത്തിയത്. ആദ്യം ബാറ്റ് ചെയ്‌ത രാജസ്ഥാന്‍ നിശ്ചിത ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 188 റണ്‍സാണ് നേടിയത്. മറുപടിക്കിറങ്ങിയ ഗുജറാത്ത് 19.3 ഓവറില്‍ മൂന്ന് വിക്കറ്റ് മാത്രം നഷ്ടത്തില്‍ 191 റണ്‍സെടുത്ത് ലക്ഷ്യം മറികടന്നു.

കില്ലര്‍ മില്ലര്‍: പുറത്താവാതെ നിന്ന് അവസരോചിത പ്രകടനം നടത്തിയ ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യയും ഡേവിഡ് മില്ലറുമാണ് ഗുജറാത്തിനെ വിജയത്തിലേക്ക് നയിച്ചത്. 38 പന്തില്‍ 68 റണ്‍സെടുത്ത മില്ലറാണ് ഗുജറാത്തിന്‍റെ ടോപ് സ്‌കോറര്‍. ഹാര്‍ദിക് 27 പന്തില്‍ 40 റണ്‍സെടുത്തു. ഇരുവരും ചേര്‍ന്ന് നേടിയ 106 റണ്‍സാണ് ഗുജറാത്തിന്‍റെ വിജയത്തിന്‍റെ നട്ടെല്ല്.

ഇന്നിങ്സിന്‍റെ രണ്ടാം പന്തില്‍ തന്നെ വൃദ്ധിമാന്‍ സാഹ (0) പുറത്തായതോടെ മോഹിച്ച തുടക്കമായിരുന്നില്ല ഗുജറാത്തിന്. ട്രെന്‍റ് ബോള്‍ട്ടിന്‍റെ പന്തില്‍ സഞ്ജു സാംസണ്‍ പിടികൂടിയാണ് സാഹ മടങ്ങിയത്. തുടര്‍ന്ന് ഒത്തുചേര്‍ന്ന ശുഭ്മാന്‍ ഗില്ലും, മാത്യൂ വെയ്ഡും ഗുജറാത്തിനെ മുന്നോട്ട് നയിച്ചു.

മൂന്നാം വിക്കറ്റില്‍ 72 റണ്‍സാണ് ഇരുവരും ഗുജറാത്ത് ടോട്ടലിലേക്ക് ചേര്‍ത്തത്. ഗില്ലിനെ (21 പന്തില്‍ 35) റണ്ണൗട്ടാക്കി ദേവ്‌ദത്ത് പടിക്കലാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്. വൈകാതെ തന്നെ വെയ്ഡും (30 പന്തില്‍ 35) മടങ്ങിയത് ഗുജറാത്തിനെ പ്രതിരോധത്തിലാക്കിയെങ്കിലും ക്യാപ്റ്റനൊപ്പം ചേര്‍ന്ന മില്ലര്‍ രാജസ്ഥാന്‍റെ കില്ലറായി.

അവസാന ഓവറില്‍ 16 റണ്‍സായിരുന്നു വിജയത്തിനായി ഗുജറാത്തിന് വേണ്ടിയിരുന്നത്. പ്രസിദ്ധ് കൃഷ്ണയെറിഞ്ഞ ഓവറിലെ ആദ്യ മൂന്ന് പന്തും സിക്‌സറിന് പറത്തിയാണ് മില്ലര്‍ ഗുജറാത്തിന്‍റെ വിജയമാഘോഷിച്ചത്. രാജസ്ഥാന് വേണ്ടി ട്രെന്‍റ് ബോള്‍ട്ടും മക്കോയിയും ഓരോ വിക്കറ്റ് വീതം വീഴ്ത്തി

വെടിക്കെട്ടുമായി സഞ്‌ജു: നേരത്തെ ടോസ് നഷ്‌ടപ്പെട്ട് ബാറ്റിങ്ങിനെത്തിയ രാജസ്ഥാന് അർധസെഞ്ചുറിയുമായി ജോസ് ബട്‌ലറും (56 പന്തില്‍ 89) ആക്രമണ ഇന്നിങ്‌സുമായി സഞ്ജു സാംസണുമാണ് (26 പന്തില്‍ 47) കരുത്ത് പകർന്നത്. മുഹമ്മദ് ഷമിയുടെ ആദ്യ ഓവറിൽ രണ്ട് ഫോറുകൾ പായിച്ച് ജോസ് ബട്‌ലർ രാജസ്ഥാൻ നയം വ്യക്തമാക്കി. എന്നാൽ രണ്ടാം ഓവറിലെ അവസാന പന്തില്‍ മൂന്ന് റൺസുമായി മികച്ച ഫോമിലുള്ള യശസ്വി ജയ്‌സ്വാളിനെ നഷ്‌ടമായി.

പിന്നീട് ക്രീസിലെത്തിയ സഞ്ജു തുടക്കം മുതല്‍ ആക്രമിച്ച് കളിച്ചു. ബട്‌ലറെ കാഴ്ചക്കാരനാക്കി നേരിട്ട ആദ്യ പന്ത് സിക്‌സർ പറത്തിയാണ് സഞ്ജു തുടങ്ങിയത്. മൂന്നാം വിക്കറ്റില്‍ ബട്‌ലര്‍ക്കൊപ്പം 68 റണ്‍സാണ് മലയാളി താരം കൂട്ടിച്ചേര്‍ത്തത്. സായ് കിഷോറിന്‍റെ പന്തില്‍ അല്‍സാരി ജോസഫിന് ക്യാച്ച് നല്‍കി പുറത്താകുമ്പോൾ സഞ്ജു മൂന്ന് സിക്‌സ് അഞ്ച് ഫോറും നേടിയിരുന്നു.

നാലാമതെത്തിയ ദേവ്ദ‌ത്ത് പടിക്കലും സിക്‌സടിച്ചാണ് ഇന്നിങ്‌സ് തുടങ്ങിയത്. 20 പന്തുകള്‍ നേരിട്ട താരം 28 റണ്‍സ് അടിച്ചെടുത്തു. ഹര്‍ദിക് പാണ്ഡ്യയുടെ പന്തില്‍ ബൗള്‍ഡായ ദേവ്ദത്ത് രണ്ട് വീതം സിക്‌സും ഫോറും നേടി. ഷിമ്രോണ്‍ ഹെറ്റ്‌മെയര്‍ (7 പന്തില്‍ 4), റിയാന്‍ പരാഗ് (3 പന്തില്‍ 4), എന്നിങ്ങനെയാണ് പുറത്തായ മറ്റ് താരങ്ങളുടെ സംഭാവന.

അശ്വന്‍ (1 പന്തില്‍ 2), ട്രെന്‍റ് ബോള്‍ട്ട് എന്നിവര്‍ പുറത്താവാതെ നിന്നു. ഗുജറാത്തിനായി മുഹമ്മദ് ഷമി, യഷ് ദയാല്‍, സായ് കിഷോര്‍ ഹര്‍ദിക് പാണ്ഡ്യ എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.

രാജസ്ഥാന് ഇനിയും അവസരം: തോറ്റെങ്കിലും രാജസ്ഥാന്‍റെ ഫൈനല്‍ പ്രതീക്ഷ അവസാനിച്ചിട്ടില്ല. രണ്ടാം ക്വാളിഫയറിലൂടെ ഒരു അവസരം കൂടി സംഘത്തിന് ലഭിക്കും. ബുധനാഴ്‌ച നടക്കുന്ന എലിമിനേറ്ററിലെ വിജയിയെയാണ് രാജസ്ഥാന്‍ രണ്ടാം ക്വാളിഫയറില്‍ നേരിടുക. ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്‌സും റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരുമാണ് എലിമിനേറ്ററില്‍ ഏറ്റുമുട്ടുന്നത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.