ETV Bharat / sports

മാരക സെഞ്ചുറിയുമായി 20-കാരി ലിച്ച്‌ഫീൽഡ്; ഇന്ത്യയ്‌ക്ക് മുന്നില്‍ റണ്‍മല തീര്‍ത്ത് ഓസീസ്

author img

By ETV Bharat Kerala Team

Published : Jan 2, 2024, 5:50 PM IST

IndW vs AusW Score  Phoebe Litchfield  ഫീബ് ലിച്ച്‌ഫീൽഡ്  ഇന്ത്യ vs ഓസ്‌ട്രേലിയ
India Women vs Australia Women 3rd ODI Score Updates

India Women vs Australia Women 3rd ODI Score Updates: ഓസ്‌ട്രേലിയയ്‌ക്ക് എതിരായ മൂന്നാം ഏകദിനത്തില്‍ ഇന്ത്യന്‍ വനിതകള്‍ക്ക് 339 റണ്‍സിന്‍റെ വിജയ ലക്ഷ്യം.

മുംബൈ: ഓസ്‌ട്രേലിയയ്‌ക്ക് എതിരായ ഏകദിന പരമ്പരയില്‍ ആശ്വാസ വിജയം നേടാന്‍ ഇന്ത്യയ്‌ക്ക് ഏറെ വിയര്‍ക്കണം. മൂന്നാം ഏകദിനത്തില്‍ ആദ്യം ബാറ്റ് ചെയ്‌ത ഓസ്‌ട്രേലിയ ഇന്ത്യയക്ക് മുമ്പില്‍ ഉയര്‍ത്തിയത് കൂറ്റന്‍ ലക്ഷ്യം. മുംബൈയിലെ വാങ്കഡെ സ്റ്റേഡിയത്തില്‍ ടോസ് നേടി ആദ്യം ബാറ്റ് ചെയ്യാന്‍ ഇറങ്ങിയ ഓസീസ് നിശ്ചിത 50 ഓവറില്‍ 7 വിക്കറ്റിന് 338 റണ്‍സാണ് അടിച്ച് കൂട്ടിയത്. (India Women vs Australia Women 3rd ODI Score Updates)

ഓപ്പണര്‍മാരായ ഫീബ് ലിച്ച്‌ഫീൽഡിന്‍റെ (Phoebe Litchfield ) സെഞ്ചുറിയും ക്യാപ്റ്റന്‍ അലീസ ഹീലിയുെട അര്‍ധ സെഞ്ചുറിയുമാണ് ടീമിനെ മികച്ച നിലയിലേക്ക് നയിച്ചത്. ലിച്ച്‌ഫീൽഡ് 125 പന്തില്‍ 119 റണ്‍സും അലീസ 85 പന്തില്‍ 4 ബൗണ്ടറികളും 3 സിക്‌സും സഹിതം 82 റണ്‍സുമാണ് അടിച്ചത്.

പതിഞ്ഞും തെളിഞ്ഞും ലിച്ച്‌ഫീൽഡും അലീസ ഹീലിയും നിലയുറപ്പിച്ചതോടെ ഇന്ത്യന്‍ ബോളര്‍മാര്‍ വിയര്‍ക്കുന്ന കാഴ്‌ചയാണ് കാണാന്‍ കഴിഞ്ഞത്. ഏറെ അപകടകരമായി മാറിയ ഈ കൂട്ടുകെട്ട് 29-ാം ഓവറിലാണ് ഇന്ത്യയ്‌ക്ക് പിരിക്കാന്‍ കഴിയുന്നത്. പൂജ വസ്‌ത്രാകറിന്‍റെ പന്തില്‍ ഹീലി ബൗള്‍ഡ്. 189 റണ്‍സായിരുന്നു ഇരുവരും ചേര്‍ന്ന് നേടിയത്.

ഇതിന് ശേഷം തുടര്‍ച്ചയായി വിക്കറ്റുകള്‍ വീഴ്‌ത്താന്‍ കഴിഞ്ഞത് ഇന്ത്യയ്‌ക്ക് ആശ്വാസമായി. മൂന്നാം നമ്പറിലെത്തിയ എല്ലിസ് പെറി ആക്രമിച്ചാണ് കളിച്ചത്. പെറി ആദ്യം നല്‍കിയ അവസരം സ്‌മൃതി മന്ദാന നഷ്‌ടപ്പെടുത്തി. എന്നാല്‍ അമന്‍ജ്യോത് കൗറിന്‍റെ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുരുങ്ങിയതോടെ പെറിക്ക് (9 പന്തില്‍ 16) പിന്നാലെ തന്നെ മടങ്ങേണ്ടി വന്നു.

തുടര്‍ന്നെത്തിയ ബെത്ത് മൂണി (10 പന്തില്‍ 3), താഹ്‌ലിയ മഗ്രാത്ത് (1 പന്തില്‍ 0) എന്നിവര്‍ക്ക് ശ്രേയങ്ക പാട്ടീല്‍ അല്‍പായുസ് നല്‍കി. അഞ്ചാം വിക്കറ്റില്‍ ആഷ്‌ലി ഗാർഡ്‌നര്‍ക്കൊപ്പം ലിച്ച്‌ഫീൽഡ് 40 റണ്‍സ് ചേര്‍ത്തു. 40-ാം ഓവറിന്‍റെ അവസാന പന്തിലാണ് ലിച്ച്‌ഫീല്‍ഡിനെ ഇന്ത്യ തിരികെ കയറ്റുന്നത്. 14 ബൗണ്ടറികളും 1 സിക്‌സുമടങ്ങുന്നതായിരുന്നു 20-കാരിയുടെ ഇന്നിങ്‌സ്.

ദീപ്‌തി ശര്‍മയ്‌ക്കായിരുന്നു വിക്കറ്റ്. തുടര്‍ന്ന് ഒന്നിച്ച ആഷ്‌ലി ഗാർഡ്‌നറും അന്നബെൽ സതർലാൻഡും 39 റണ്‍സിന്‍റെ കൂട്ടികെട്ടുയര്‍ത്തി. അന്നബെല്ലിനെ (21 പന്തില്‍ 23) വീഴ്‌ത്തിയ അമന്‍ജ്യോതാണ് ഇരുവരേയും പിരിക്കുന്നത്. പിന്നാലെ ആഷ്‌ലിയെ (27 പന്തില്‍ 30) ശ്രേയങ്ക ബൗള്‍ഡാക്കി.

എന്നാല്‍ പിരിയാത്ത എട്ടാം വിക്കറ്റില്‍ 39 റണ്‍സ് ചേര്‍ത്ത ജോർജിയ വെയർഹാം (8 പന്തില്‍ 11), അലാന കിങ് (14 പന്തില്‍ 26) എന്നിവര്‍ ഇന്ത്യയ്‌ക്ക് 339 റണ്‍സിന്‍റെ വിജയലക്ഷ്യം നിശ്ചയിച്ചു. ആതിഥേയര്‍ക്കായി ശ്രേയങ്ക പാട്ടീൽ മൂന്നും അമൻജ്യോത് കൗർ രണ്ടും വിക്കറ്റുകള്‍ വീഴ്‌ത്തി. അരങ്ങേറ്റക്കാരി മന്നത്ത് കശ്യപ്പ് മൂന്ന് ഓവറില്‍ 30 റണ്‍സ് വഴങ്ങി.

ALSO READ: കൂറ്റന്‍ സിക്‌സറുമായി സഞ്‌ജു ; പന്ത് പതിച്ചത് കെട്ടിടത്തിന്‍റെ മേല്‍ക്കൂരയില്‍ - വീഡിയോ

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.