ETV Bharat / sports

India Women vs Sri Lanka Women Score Updates ഏഷ്യന്‍ ഗെയിംസ്: ഇന്ത്യയുടെ ടോപ് സ്‌കോററായി സ്‌മൃതി മന്ദാന; ശ്രീലങ്കയ്‌ക്ക് 117 റണ്‍സ് വിജയലക്ഷ്യം

author img

By ETV Bharat Kerala Team

Published : Sep 25, 2023, 1:20 PM IST

India Women vs Sri Lanka Women score updates  India Women  Asian Games 2023  ഏഷ്യന്‍ ഗെയിംസ്  ഏഷ്യന്‍ ഗെയിംസ് 2023  സ്‌മൃതി മന്ദാന  ഇന്ത്യ vs ശ്രീലങ്ക  Asian Games 2023 Women T20 Final
India Women vs Sri Lanka Women score updates

Asian Games 2023 Women T20 Final ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റില്‍ ഇന്ത്യയ്‌ക്കായി 45 പന്തുകളില്‍ 46 റണ്‍സ് നേടി സ്‌മൃതി മന്ദാന.

ഹാങ്‌ചോ: ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റിന്‍റെ ഫൈനലില്‍ ശ്രീലങ്കയ്‌ക്ക് എതിരെ ഇന്ത്യയ്‌ക്ക് ഭേദപ്പെട്ട സ്‌കോര്‍ (India Women vs Sri Lanka Women score updates). ടോസ് നേടി ആദ്യം ബാറ്റ് ചെയ്യാന്‍ ഇറങ്ങിയ ഇന്ത്യ നിശ്ചിത 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്‌ടത്തില്‍ 116 റണ്‍സാണ് നേടിയത്.

സ്‌മൃതി മന്ദാനയാണ് (Smriti Mandhana) ഇന്ത്യയുടെ ടോപ് സ്‌കോറര്‍. 45 പന്തുകളില്‍ 46 റണ്‍സാണ് താരം നേടിയത്. 40 പന്തുകളില്‍ 42 റണ്‍സെടുത്ത ജമീമ റോഡ്രിഗസും തിളങ്ങി. ശ്രീലങ്കയ്‌ക്കായി ഉദേഷിക പ്രബോധനി, സുഗന്ധിക പ്രിയ കുമാരി, ഇനോക രണവീര എന്നിവര്‍ രണ്ട് വീതം വിക്കറ്റുകള്‍ വീഴ്‌ത്തി.

3.4 ഓവറില്‍ സ്‌കോര്‍ ബോര്‍ഡില്‍ 16 റണ്‍സ് നില്‍ക്കെ ഇന്ത്യയ്‌ക്ക് ഓപ്പണര്‍ ഷഫാലി വര്‍മയെ നഷ്‌ടമായിരുന്നു. സുഗന്ധിക പ്രിയ കുമാരിയുടെ പന്തില്‍ വിക്കറ്റ് കീപ്പര്‍ അനുഷ്‌ക സഞ്ജീവനി സ്റ്റംപ്‌ ചെയ്‌തായിരുന്നു ഷഫാലിയുടെ (15 പന്തുകളില്‍ 9) മടക്കം. തുടര്‍ന്ന് ഒന്നിച്ച സ്മൃതി മന്ദാനയും ജമീമ റോഡ്രിഗസും ചേര്‍ന്ന് രണ്ടാം വിക്കറ്റില്‍ 73 റണ്‍സിന്‍റെ കൂട്ടുകെട്ടുയര്‍ത്തി. ബാറ്റിങ് പ്രയാസകരമായ പിച്ചില്‍ മോശം പന്തുകളെ മാത്രമായിരുന്നു ഇരുവരും ആക്രമിച്ചത്.

ഒമ്പതാം ഓവറിലാണ് ഇന്ത്യ 50 കടന്നത്. ഒടുവില്‍ 15-ാം ഓവറില്‍ സ്‌മൃതി മന്ദാനയെ വീഴ്‌ത്തി ഇനോക രണവീരയാണ് ലങ്കയ്‌ക്ക് കാത്തിരുന്ന ബ്രേക്ക് ത്രൂ നല്‍കിയത്. നാല് ബൗണ്ടറികളും ഒരു സിക്‌സും ഉള്‍പ്പെടുന്നതായിരുന്നു സ്‌മൃതിയുടെ ഇന്നിങ്‌സ്. ഇതോടെ ഇന്ത്യന്‍ ഇന്നിങ്‌സിന്‍റെ തകര്‍ച്ചയ്‌ക്കും തുടക്കമായി.

തുടര്‍ന്നെത്തിയ റിച്ച ഘോഷ്‌ (6 പന്തില്‍ 9), ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗര്‍ (5 പന്തില്‍ 2), പൂജ വസ്‌ത്രാകര്‍ (4 പന്തില്‍ 2) എന്നിവര്‍ക്ക് പിടിച്ച് നില്‍ക്കാനായില്ല. അവസാന ഓവറിന്‍റെ രണ്ടാം പന്തിലാണ് ജമീമ റോഡ്രിഗസ് തിരിച്ച് കയറുന്നത്. അവസാന പന്തില്‍ അമന്‍ജോത് കൗര്‍ (2 പന്തില്‍ 1) റണ്ണൗട്ടായപ്പോള്‍ ദീപ്തി ശര്‍മ (3 പന്തില്‍ 1) പുറത്താവാതെ നിന്നു.

ALSO READ: ODI World Cup 2023 India Batters: 'ബാറ്റർമാർ സെറ്റാണ്', റൺമഴയൊരുക്കി നേടണം ലോക കിരീടം

ഇന്ത്യൻ വനിതകൾ (പ്ലേയിങ് ഇലവൻ): സ്മൃതി മന്ദാന, ഷഫാലി വർമ, ജെമീമ റോഡ്രിഗസ്, ഹർമൻപ്രീത് കൗർ(ക്യാപ്റ്റന്‍), റിച്ച ഘോഷ് (ഡബ്ല്യു), ദീപ്തി ശർമ, ദേവിക വൈദ്യ, അമൻജോത് കൗർ, പൂജ വസ്‌ത്രാകർ, ടിറ്റാസ് സധു, രാജേശ്വരി ഗയക്‌വാദ്.

ശ്രീലങ്കന്‍ വനിതകള്‍ (പ്ലേയിങ് ഇലവൻ): ചമാരി അട്ടപ്പട്ടു (ക്യാപ്റ്റന്‍), അനുഷ്‌ക സഞ്ജീവനി(ഡബ്ല്യു), വിസ്മി ഗുണരത്‌നെ, നിലാക്ഷി ഡി സിൽവ, ഹാസിനി പെരേര, ഒഷാദി രണസിംഗ, ഇനോക രണവീര, കവിഷ ദിൽഹാരി, ഉദേഷിക പ്രബോധനി, സുഗന്ധിക പ്രിയ കുമാരി, ഇനോഷി പ്രിയദര്‍ശനി.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.