ETV Bharat / sports

സെഞ്ച്വറിയുമായി ഗില്‍, അവസാന ഏകദിനത്തില്‍ സിംബാബ്‌വെയ്‌ക്ക് 290 റണ്‍സ് വിജയലക്ഷ്യം

author img

By

Published : Aug 22, 2022, 4:32 PM IST

Updated : Aug 22, 2022, 5:29 PM IST

ടോസ് നേടിയ ഇന്ത്യന്‍ ക്യാപ്‌റ്റന്‍ കെഎല്‍ രാഹുല്‍ ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. മൂന്നാമനായിറങ്ങി 97 പന്തില്‍ 130 റണ്‍സ് നേടിയ ശുഭ്‌മാന്‍ ഗില്‍ ആണ് ഇന്ത്യയുടെ ടോപ്‌ സ്‌കോറര്‍.

india vs Zimbabwe  india vs Zimbabwe 3rd  india vs Zimbabwe 3rd live score  india vs Zimbabwe 3rd updates  shubhman gill  Shubhman gill century  ഗില്‍  ഇന്ത്യ vs സിംബാബ്‌വെ  ഇന്ത്യ vs സിംബാബ്‌വെ മൂന്നാം ഏകദിനം
സെഞ്ച്വറിയുമായി ഗില്‍, അവസാന ഏകദിനത്തില്‍ സിംബാബ്‌വെയ്‌ക്ക് 290 റണ്‍സ് വിജയലക്ഷ്യം

ഹരാരെ : ഇന്ത്യയ്‌ക്കെതിരായ പരമ്പരയിലെ അവസാന ഏകദിനത്തില്‍ സിംബാബ്‌വെയ്‌ക്ക് 290 റണ്‍സ് വിജയലക്ഷ്യം. ടോസ് നേടി ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ നിശ്ചിത 50 ഓവറില്‍ 8 വിക്കറ്റ് നഷ്‌ടത്തിലാണ് 289 റണ്‍സ് നേടിയത്. അന്താരാഷ്‌ട്ര കരിയറിലെ ആദ്യ ശതകം സ്വന്തമാക്കിയ ശുഭ്‌മാന്‍ ഗില്‍ ആണ് ഇന്ത്യയെ മികച്ച സ്‌കോറിലെത്തിച്ചത്.

97 പന്തില്‍ 130 റണ്‍സാണ് ഗില്‍ അടിച്ചെടുത്തത്. ഇഷാന്‍ കിഷന്‍ ഇന്ത്യയ്‌ക്കായി അര്‍ധ സെഞ്ച്വറി നേടി. ആറാമനായി ക്രീസിലെത്തിയ സഞ്‌ജു സാംസണ്‍ 13 പന്തില്‍ 15 റണ്‍സ് മാത്രം നേടി പുറത്തായി. സിംബാബ്‌വെയുടെ ബ്രാഡ് ഇവാന്‍സ് മത്സരത്തില്‍ അഞ്ച് വിക്കറ്റാണ് നേടിയത്.

ടോസ് നേടി ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയ്‌ക്കായി ക്യാപ്‌റ്റന്‍ കെ.എല്‍ രാഹുലും ശിഖര്‍ ധവാനും ഭേദപ്പെട്ട തുടക്കമാണ് നല്‍കിയത്. ഇരുവരും ചേര്‍ന്ന് ഒന്നാം വിക്കറ്റില്‍ 63 റണ്‍സ് കൂട്ടിച്ചേര്‍ത്തു. രണ്ടാം ഏകദിനത്തില്‍ പൂജ്യത്തിന് പുറത്തായ രാഹുല്‍ മൂന്നാം മത്സരത്തില്‍ സാഹചര്യം മനസിലാക്കി സാവകാശമാണ് റണ്‍സ് ഉയര്‍ത്തിയത്. 46 പന്ത് നേരിട്ട് 30 റണ്‍സ് നേടിയ രാഹുലിനെ ബ്രാഡ് ഇവാന്‍സ് ആണ് പുറത്താക്കിയത്.

രണ്ടാം വിക്കറ്റില്‍ 21 റണ്‍സ് കൂട്ടിച്ചേര്‍ക്കുന്നതിനിടെ ധവാനെയും (40) ബ്രാഡ് ഇവാന്‍സ് തിരികെ പവലിയനിലെത്തിച്ചു. മൂന്നാം വിക്കറ്റില്‍ ഒത്തുചേര്‍ന്ന ശുഭ്‌മാന്‍ ഗില്‍ ഇഷാന്‍ കിഷന്‍ സഖ്യം മത്സരത്തിന്‍റെ നിയന്ത്രണം ഏറ്റെടുക്കുകയായിരുന്നു. ശ്രദ്ധയോടെ റണ്‍സ് ഉയര്‍ത്തിയ ഇരുവരും ചേര്‍ന്ന് മൂന്നാം വിക്കറ്റില്‍ 140 റണ്‍സ് നേടി.

അര്‍ധ സെഞ്ച്വറി പൂര്‍ത്തിയായതിന് പിന്നാലെ ഇഷാന്‍ കിഷന്‍ റണ്‍ ഔട്ട് ആവുകയായിരുന്നു. പിന്നാലെയെത്തിയ ദീപക് ഹൂഡയ്‌ക്ക് കാര്യമായൊന്നും ചെയ്യാന്‍ കഴിഞ്ഞില്ല. ഒരു റണ്‍സ് നേടിയ ഹൂഡയേയും ബ്രാഡ് ഇവാന്‍സ്‌ ആണ് പുറത്താക്കിയത്.

ആറാമനായി 43-ാം ഓവറിലാണ് സഞ്‌ജു സാംസണ്‍ ക്രീസിലെത്തിയത്. പതിഞ്ഞ താളത്തില്‍ തുടങ്ങിയ സഞ്‌ജു റണ്‍ നിരക്ക് ഉയര്‍ത്താന്‍ ശ്രമിക്കുന്നതിനിടെയാണ് പുറത്തായത്. ലൂക്ക് ജോങ്‌വെയുടെ രണ്ട് പന്തുകള്‍ സിക്‌സര്‍ പറത്തിയ സഞ്‌ജു ഓവറിലെ അവസാനപന്തും ബൗണ്ടറി കടത്താനുള്ള ശ്രമത്തിനിടെയാണ് പുറത്തായത്.

വാലറ്റം പൊരുതാന്‍ തയ്യാറാകാതെ മടങ്ങിയതോടെ മറുവശത്തുണ്ടായിരുന്ന ശുഭ്‌മാന്‍ ഗില്‍ ആണ് ഇന്ത്യന്‍ സ്‌കോര്‍ ബോര്‍ഡ് ചലിപ്പിച്ചത്. അവസാന ഓവറിലെ ആദ്യ പന്തിലാണ് 130 റണ്‍സുമായി ഗില്‍ പുറത്തായത്. കുല്‍ദീപ് യാദവ്(2) ദീപക് ചഹാര്‍ (1) എന്നിവര്‍ പുറത്താകാതെ നിന്നു. അക്സര്‍ പട്ടേല്‍ (1) ശാര്‍ദുല്‍ താക്കൂര്‍ (9) എന്നിവരാണ് പുറത്തായ മറ്റ് ഇന്ത്യന്‍ ബാറ്റര്‍മാര്‍

സിംബാബ്‌വെയ്‌ക്കായി പത്തോവര്‍ ക്വാട്ട പൂര്‍ത്തിയാക്കിയ ബ്രാഡ് ഇവാന്‍സ് അഞ്ച് വിക്കറ്റ് സ്വന്തമാക്കി. രാഹുല്‍, ധവാന്‍, ഗില്‍, ഹൂഡ, ശാര്‍ദുല്‍ താക്കൂര്‍ എന്നിവരുടെ വിക്കറ്റാണ് ഇവാന്‍സ് മത്സരത്തില്‍ സ്വന്തമാക്കിയത്. വിക്‌ടർ ന്യൗച്ചി, ലൂക്ക് ജോങ്‌വെ എന്നിവര്‍ ഓരോ വിക്കറ്റ് വീതം നേടി.

Last Updated : Aug 22, 2022, 5:29 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.