ETV Bharat / sports

IND VS WI | കത്തിക്കയറി തിലക്‌ വർമ; രണ്ടാം ടി20യിൽ ഇന്ത്യക്ക് പൊരുതാവുന്ന സ്‌കോർ

author img

By

Published : Aug 6, 2023, 10:08 PM IST

Updated : Aug 6, 2023, 10:28 PM IST

തിലക്‌ വർമ 41 പന്തിൽ അഞ്ച് ഫോറും ഒരു സിക്‌സും ഉൾപ്പെടെ 51 റണ്‍സ് നേടി പുറത്തായി

WI VS IND  WEST INDIES VS INDIA 2ND T20I  WEST INDIES VS INDIA  ഇന്ത്യ vs വെസ്റ്റ് ഇൻഡീസ്  ഇന്ത്യ  വെസ്റ്റ് ഇൻഡീസ്  തിലക്‌ വർമ  Tilak Varma  INDIA VS WEST INDIES 2ND T20I SCORE UPDATE  കത്തിക്കയറി തിലക്‌ വർമ  ഇന്ത്യ vs വെസ്റ്റ് ഇൻഡീസ് രണ്ടാം ടി20  ഹാർദിക് പാണ്ഡ്യ
തിലക്‌ വർമ

ഗയാന : വെസ്റ്റ് ഇൻഡീസിനെതിരായ രണ്ടാം ടി20യിൽ ഇന്ത്യക്ക് പൊരുതാവുന്ന സ്‌കോർ. ആദ്യ ബാറ്റ് ചെയ്‌ത ഇന്ത്യ നിശ്ചിത ഓവറിൽ ഏഴ് വിക്കറ്റ് നഷ്‌ടത്തിൽ 152 റണ്‍സ് നേടി. ബാറ്റർമാർ നിരാശപ്പെടുത്തിയ മത്സരത്തിൽ യുവതാരം തിലക് വർമയുടെ അർധ സെഞ്ച്വറി പ്രകടനമാണ് ഇന്ത്യയെ മികച്ച നിലയിൽ എത്തിച്ചത്. തിലക്‌ വർമ 51 റണ്‍സ് നേടി പുറത്തായി. നാല് ഇന്ത്യൻ ബാറ്റർമാർക്ക് മാത്രമാണ് രണ്ടക്കം കടക്കാനായത്.

ആദ്യം ബാറ്റ് ചെയ്‌ത ഇന്ത്യയുടെ തുടക്കം തന്നെ തകർച്ചയോടെയായിരുന്നു. രണ്ടാം ഓവറിൽ തന്നെ ശുഭ്‌മാൻ ഗില്ലിനെ ഇന്ത്യക്ക് നഷ്‌ടമായി. ഏഴ് റണ്‍സെടുത്ത താരത്തെ അൽസാരി ജോസഫ് ഹെറ്റ്‌മെയറിന്‍റെ കൈകളിൽ എത്തിക്കുകയായിരുന്നു. തുടർന്ന് ക്രീസിലെത്തിയ വെടിക്കെട്ട് ബാറ്റർ സൂര്യകുമാർ യാദവിനെ നിർഭാഗ്യം റണ്ണൗട്ടിന്‍റെ രൂപത്തിൽ പിടികൂടി. വെറും ഒരു റണ്‍സ് മാത്രം നേടിയ താരം അനാവശ്യ റണ്ണിനായി ഓടി വിക്കറ്റ് വലിച്ചെറിയുകയായിരുന്നു.

തുടർന്ന് ക്രീസിലെത്തിയ തിലക്‌ വർമ, ഇഷാൻ കിഷനെ കൂട്ടുപിടിച്ച് സ്‌കോർ ഉയർത്തി. ഇരുവരും ചേർന്ന് മൂന്നാം വിക്കറ്റിൽ 42 റണ്‍സിന്‍റെ നിർണായക കൂട്ടുകെട്ടാണ് പടുത്തുയർത്തിയത്. ടീം സ്‌കോർ 60ൽ നിൽക്കെ ഇഷാൻ കിഷനെ പുറത്താക്കി റോമാരിയോ ഷെപ്പേർഡാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്. 23 പന്തിൽ രണ്ട് വീതം സിക്‌സും ഫോറും ഉൾപ്പെടെ 27 റണ്‍സ് നേടിയാണ് കിഷൻ മടങ്ങിയത്.

നിരാശപ്പെടുത്തി സഞ്ജു : തുടർന്ന് സ്ഥാനക്കയറ്റം ലഭിച്ച് ക്രീസിലേക്കെത്തിയ സഞ്ജു സാംസണും കിട്ടിയ അവസരം മുതലാക്കാനായില്ല. അകേൽ ഹൊസൈന്‍റെ പന്തിൽ അനാവശ്യ ഷോട്ടിന് ശ്രമിച്ച താരത്തെ കീപ്പർ നിക്കോളാസ് പുരാൻ സ്റ്റംപ്‌ ചെയ്‌ത് പുറത്താക്കുകയായിരുന്നു. ഏഴ് പന്തിൽ ഒരു ഫോർ ഉൾപ്പെടെ ഏഴ് റണ്‍സ് നേടിയാണ് താരം മടങ്ങിയത്. തുടർന്ന് ക്രീസിലെത്തിയ നായകൻ ഹാർദിക് പാണ്ഡ്യയും തിലക്‌ വർമയും നിലയുറപ്പിച്ച് കളിച്ചു.

ഇതിനിടെ തിലക്‌ വർമ തന്‍റെ കന്നി അർധ സെഞ്ച്വറിയും പൂർത്തിയാക്കി. തൊട്ടുപിന്നാലെ തന്നെ താരം പുറത്താവുകയും ചെയ്‌തു. 41 പന്തിൽ അഞ്ച് ഫോറും ഒരു സിക്‌സും ഉൾപ്പെടെ 51 റണ്‍സ് നേടിയാണ് താരം മടങ്ങിയത്. തൊട്ടുപിന്നാലെ തന്നെ ഹാർദിക് പാണ്ഡ്യയും കൂടാരം കയറി. 18 പന്തിൽ രണ്ട് സിക്‌സുകളുടെ അകമ്പടിയോടെ 24 റണ്‍സ് നേടിയാണ് ഇന്ത്യൻ നായകൻ കളം വിട്ടത്.

തുടർന്ന് ക്രീസിലെത്തിയ അക്‌സർ പട്ടേൽ രക്ഷാപ്രവർത്തനം നടത്താനാരംഭിച്ചു. എന്നാൽ അവസാന ഓവറിന്‍റെ ആദ്യ പന്തിൽ താരം മടങ്ങി. 12 പന്തിൽ 14 റണ്‍സായിരുന്നു സമ്പാദ്യം. രവി ബിഷ്‌ണോയ് (8), അർഷ്‌ദീപ് സിങ് (6) എന്നിവർ പുറത്താകാതെ നിന്നു. വെസ്റ്റ് ഇൻഡീസിനായി അകേൽ ഹൊസൈൻ, അൽസാരി ജോസഫ്, റൊമാരിയോ ഷെപ്പേർഡ് എന്നിവർ രണ്ട് വിക്കറ്റ് വീതം വീഴ്‌ത്തി.

Last Updated : Aug 6, 2023, 10:28 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.