ETV Bharat / sports

സിഡ്‌നി ടെസ്റ്റ്; അങ്കം കുറിച്ച് ഇന്ത്യ, ഇലവന്‍ പ്രഖ്യാപിക്കാതെ ഓസിസ്

author img

By

Published : Jan 6, 2021, 10:58 PM IST

സിഡ്‌നിയില്‍ ഇതേവരെ ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മില്‍ നടന്ന 12 ടെസ്റ്റ് മത്സരങ്ങളില്‍ ഒരു ടെസ്റ്റില്‍ മാത്രമാണ് ടീം ഇന്ത്യ ജയിച്ചിട്ടുള്ളത്

സിഡ്‌നിയില്‍ ടീം ഇന്ത്യ വാര്‍ത്ത  ടീം ഇന്ത്യക്ക് പരമ്പര വാര്‍ത്ത  team india in sydney news  series for team india news
സിഡ്‌നി

സിഡ്‌നി: ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയുടെ ഭാഗമായ മൂന്നാമത്തെ ടെസ്റ്റില്‍ പോരായ്‌മകള്‍ പരിഹരിച്ച് മുന്നേറാമെന്ന ആത്മവിശ്വാസത്തിലാണ് ടീം ഇന്ത്യയും ആതിഥേയരായ ഓസ്‌ട്രേലിയയും. ടെസ്റ്റിന് മുന്നോടിയായി ടീമിനെ പ്രഖ്യാപിച്ച് ഇന്ത്യ അങ്കം കുറിച്ച് കഴിഞ്ഞു. മറുവശത്ത് ആതിഥേയരുടെ അന്തിമ ഇലവന്‍ അറിയാന്‍ ടോസ് ഇടുന്നത് വരെ കാത്തിരിക്കണം.

ടീം ഇന്ത്യ മെല്‍ബണില്‍ നടന്ന ബോക്‌സിങ് ഡേ ടെസ്റ്റിലെ ജയത്തിന് ശേഷം പൂര്‍വാധികം ശക്തമാണ്. ബാറ്റിങ്ങ് നിരയില്‍ ഹിറ്റ്മാന്‍റെ തിരിച്ചുവരവ് വലിയ ആത്മ്വിശ്വാസമാണ് പകരുന്നത്. ഒരു വര്‍ഷത്തിലധികം നീണ്ട ഇടവേളക്ക് ശേഷമാണ് രോഹിത് ശര്‍മ ടെസ്റ്റ് മത്സരം കളിക്കുന്നത്. ബൗളിങ്ങ് ഡിപ്പാര്‍ട്ടുമെന്‍റിനെ രവിചന്ദ്രന്‍ അശ്വിനും ജസ്‌പ്രീത് ബുമ്രയുമാണ് നയിക്കുന്നത്. മുഹമ്മദ് സിറാജും നവദീപ് സെയ്‌നിയുമാണ് ബുമ്ര ചുക്കാന്‍ പിടിക്കുന്ന പേസ് ആക്രമണത്തിന് മൂര്‍ച്ചകൂട്ടുക. പുതുമുഖത്തിന്‍റെ പരിഭ്രമമില്ലാതെ മുഹമ്മദ് സിറാജ് പന്തെറിയുന്ന കാഴ്‌ചക്കാണ് മെല്‍ബണ്‍ സാക്ഷിയായത്. അരങ്ങേറ്റ ടെസ്റ്റില്‍ അഞ്ച് വിക്കറ്റാണ് അശ്വിന്‍ വീഴ്‌ത്തിയത്.

പരമ്പരയില്‍ ഇതേവരെ മികച്ച പ്രകടനം കാഴ്‌ചവെച്ച അശ്വിന്‍ മികച്ച ഫോമിലാണ്. മെല്‍ബണിലും അഡ്‌ലെയ്‌ഡിലുമായി 10 വിക്കറ്റുകളാണ് അശ്വിന്‍ വീഴ്ത്തിയത്. നായകന്‍ എന്ന നിലയില്‍ പക്വതയോടെ അജിങ്ക്യാ രഹാനെ ടീമിനെ മുന്നോട്ട് കൊണ്ടുപോകുന്നത് പരിശീലകന്‍ രവിശാസ്‌ത്രിക്ക് ആശ്വാസം പകരുന്നുണ്ട്. സിഡ്‌നിയിലെ റെക്കോഡാണ് ടീം ഇന്ത്യക്ക് വെല്ലുവിളി ഉയര്‍ത്തുന്നത്.

മറുഭാഗത്ത് പരിക്കില്‍ നിന്നും മുക്തനായി ഡേവിഡ് വാര്‍ണറും വില്‍ പുകോവ്‌സ്‌കിയും ഉള്‍പ്പെടെയുള്ളവര്‍ കളിക്കുമോ എന്നാണ് ഇനി അറിയാനുള്ളത്. പാറ്റ്കമ്മിന്‍സ്, മിച്ചല്‍ സ്റ്റാര്‍ക്ക്, ജോഷ് ഹേസില്‍വുഡ് എന്നിവര്‍ അടങ്ങുന്ന ഓസിസ് പേസ് നിര ഫോമിലേക്കുയരാത്തതും നായകന്‍ ടിം പെയിനെയും പരിശീലകന്‍ ജസ്റ്റിന്‍ ലാങ്ങറെയും വലയ്‌ക്കുന്നുണ്ട്.

ഡേവിഡ് വാര്‍ണര്‍ തിരിച്ചെത്തുന്നതോടെ ബാറ്റിങ് ഡിപ്പാര്‍ട്ട്മെന്‍റിലെ പോരായ്‌മകള്‍ പരിഹരിക്കാനാകുമെന്ന കണക്ക് കൂട്ടലിലാണ് ഇരുവരും. പരമ്പരയില്‍ ഇതുവരെ ഓസ്‌ട്രേലിയയുടെ ഏറ്റവും ഉയര്‍ന്ന സ്‌കോര്‍ 200 റണ്‍സാണ്. ഇതില്‍ ഒരു മാറ്റം വാര്‍ണര്‍ കൊണ്ടുവരുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതേസമയം വാര്‍ണര്‍ കളിക്കുന്ന കാര്യത്തില്‍ അന്തിമ തീരുമാനം ടീം മാനേജ്മെന്‍റ് ഇതേവരെ എടുത്തിട്ടില്ല. അദ്ദേഹം ബുധനാഴ്‌ച ഉള്‍പ്പെടെ പരിശീലനം നടത്തിയത് കാര്യങ്ങള്‍ ശുഭകരമാണെന്ന സൂചനയാണ് നല്‍കുന്നത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.