ETV Bharat / sports

Nz Vs Sl: കിവികളോട് തോറ്റ് ശ്രീലങ്ക; ഇന്ത്യയ്‌ക്ക് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍

author img

By

Published : Mar 13, 2023, 12:40 PM IST

Updated : Mar 13, 2023, 1:16 PM IST

ശ്രീലങ്കയ്‌ക്ക് എതിരായ ഒന്നാം ടെസ്റ്റില്‍ എട്ട് വിക്കറ്റിന്‍റെ വിജയം നേടി ന്യൂസിലന്‍ഡ്. കെയ്‌ന്‍ വില്യംസണ്‍ സെഞ്ചുറി നേടി പുറത്താവാതെ നിന്നതാടെയാണ് ആതിഥേയര്‍ക്ക് വിജയം നേടാന്‍ കഴിഞ്ഞത്.

New Zealand vs Sri Lanka 1st test highlights  New Zealand vs Sri Lanka  NZ vs SL  world test championship  india qualified for world test championship final  NZ vs SL highlights  Kane Williamson  കെയ്‌ന്‍ വില്യംസണ്‍
കിവികളോട് തോറ്റ് ശ്രീലങ്ക

ക്രൈസ്റ്റ് ചർച്ച്‌: ഓസ്‌ട്രേലിയയ്‌ക്ക് എതിരായ അഹമ്മദാബാദ് ടെസ്റ്റ് അവസാനിക്കും മുമ്പ് ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിന് യോഗ്യത ഉറപ്പിച്ച് ഇന്ത്യ. ന്യൂസിലന്‍ഡിനെതിരായ ഒന്നാം ടെസ്റ്റില്‍ ശ്രീലങ്ക തോല്‍വി വഴങ്ങിയതോടെയാണ് ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്‍റെ ഫൈനലിന് ഇന്ത്യയ്‌ക്ക് യോഗ്യത ലഭിച്ചത്. ക്രൈസ്റ്റ് ചർച്ചില്‍ നടന്ന മത്സരത്തില്‍ രണ്ട് വിക്കറ്റിനാണ് കിവീസ് ശ്രീലങ്കയെ തോല്‍പ്പിച്ചത്.

ശ്രീലങ്ക ഉയര്‍ത്തിയ 285 റണ്‍സ് വിജയ ലക്ഷ്യം മത്സരത്തിന്‍റെ അവസാന ദിനമായ ഇന്ന് എട്ട് വിക്കറ്റ് നഷ്‌ടത്തില്‍ അതിഥേയര്‍ നേടുകയായിരുന്നു. സ്‌കോര്‍: ശ്രീലങ്ക 355, 302, ന്യൂസിലന്‍ഡ്- 373, 285/8. സെഞ്ചുറി നേടി പുറത്താവാതെ നിന്ന കെയ്‌ന്‍ വില്യംസണിന്‍റെ പ്രകടനമാണ് കിവീസിനെ വിജയത്തിലേക്ക് നയിച്ചത്. 194 പന്തില്‍ 121 റണ്‍സാണ് വില്യംസണ്‍ നേടിയത്.

ഡാരില്‍ മിച്ചലിന്‍റെ അര്‍ധ സെഞ്ചുറി പ്രകടനവും സംഘത്തിന് നിര്‍ണായകമായി. 86 പന്തില്‍ 81 റണ്‍സാണ് താരം അടിച്ചെടുത്തത്. ന്യൂസിലന്‍ഡിനെതിരെ മത്സരത്തിലെ അവസാന പന്ത് വരെ പോരാടിയാണ് ശ്രീലങ്ക കീഴടങ്ങിയത്. മത്സരത്തിന്‍റെ അഞ്ചാം ദിനമായ ഇന്ന് 28/1 എന്ന നിലയിൽ രണ്ടാം ഇന്നിങ്‌സ് ബാറ്റിങ് പുനരാരംഭിക്കുമ്പോള്‍ 257 റൺസായിരുന്നു വിജയത്തിനായി കിവീസിന് വേണ്ടിയിരുന്നത്.

ക്രീസിലുണ്ടായിരുന്ന ടോം ലാഥവും കെയ്ൻ വില്യംസണും ശ്രദ്ധയോടെയാണ് ബാറ്റ് വീശിയത്. എന്നാല്‍ ലാഥത്തെ മടക്കി പ്രഭാത് ജയസൂര്യ ലങ്കയ്‌ക്ക് ബ്രേക്ക് ത്രൂ നല്‍കി. 80 പന്തില്‍ 24 റണ്‍സാണ് ലാഥത്തിന് നേടാന്‍ കഴിഞ്ഞത്.

നാലാമന്‍ ഹെന്‍ട്രി നിക്കോളാസ് 24 പന്തില്‍ 20 റണ്‍സ് നേടി പുറത്തായി. തുടര്‍ന്നെത്തിയ ഡാരില്‍ മിച്ചലിനൊപ്പം ചേര്‍ന്ന വില്യംസണ്‍ കിവീസിനെ മുന്നോട്ട് നയിച്ചു. എന്നാല്‍ അഷിത ഫെര്‍ണാണ്ടോയുടെ പന്തില്‍ മിച്ചല്‍ ബൗള്‍ഡ് ആയതോടെ ഈ കൂട്ടുകെട്ട് അവസാനിച്ചു. നാലാം വിക്കറ്റില്‍ നിര്‍ണായകമായ 142 റണ്‍സാണ് ഇരുവരും ചേര്‍ന്ന് കിവീസ് ടോട്ടലിലേക്ക് ചേര്‍ത്തത്.

തുടര്‍ന്നെത്തിയ ടോം ബ്ലണ്ടെൽ (5 പന്തില്‍ 3), മൈക്കൽ ബ്രേസ്‌വെൽ (11 പന്തില്‍ 10), നായകന്‍ ടിം സൗത്തി (2 പന്തില്‍ 1), മാറ്റ് ഹെന്‍ട്രി (3 പന്തില്‍ 4) എന്നിവര്‍ വേഗം മടങ്ങിയതോടെ കിവീസ് പ്രതിരോധത്തിലായി. എന്നാല്‍ നീൽ വാഗ്നറെ ഒരറ്റത്ത് നിര്‍ത്തിയ വില്യംസണ്‍ ആതിഥേയരെ വിജയത്തിലേക്ക് നയിക്കുകയായിരുന്നു. ശ്രീലങ്കയ്ക്കായി അഷിത ഫെര്‍ണാണ്ടോ മൂന്ന് വിക്കറ്റുകള്‍ നേടിയപ്പോള്‍ പ്രഭാത് ജയസൂര്യ രണ്ട് വിക്കറ്റുകള്‍ സ്വന്തമാക്കി.

നേരത്തെ ഏയ്ഞ്ചലോ മാത്യൂസിന്‍റെ സെഞ്ചുറി പ്രകടനമാണ് രണ്ടാം ഇന്നിങ്‌സില്‍ ലങ്കയ്‌ക്ക് തുണയായത്. 235 പന്തില്‍ 115 റണ്‍സായിരുന്നു ഏയ്ഞ്ചലോ മാത്യൂസ് നേടിയത്. താരത്തിന് പുറെ ദിനേശ് ചണ്ഡിമല്‍ (107 പന്തില്‍ 42 റണ്‍സ്), ധനഞ്ജയ ഡിസില്‍വ(73 പന്തില്‍ 47*) എന്നിവരും തിളങ്ങി. ന്യൂസിലന്‍ഡിനായി ബ്ലെയർ ടിക്നർ നാല് വിക്കറ്റുകള്‍ സ്വന്തമാക്കിയപ്പോള്‍ മാറ്റ് ഹെന്‍ട്രി മൂന്നും ടിം സൗത്തി രണ്ടും വിക്കറ്റുകള്‍ വീഴ്‌ത്തി.

തോല്‍വിയോടെ രണ്ട് മത്സര പരമ്പരയില്‍ ശ്രീലങ്ക 1-0ത്തിന് പിന്നിലായി. കിവികള്‍ക്കെതിരായ പരമ്പര തൂത്തുവാരിയാല്‍ മാത്രമേ ശ്രീലങ്കയ്‌ക്ക് ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ഇടത്തിനായി അവകാശം ഉന്നയിക്കാന്‍ സാധിക്കുമായിരുന്നൊള്ളു.

ALSO READ: വിരാട് കോലി ഫോമിലല്ലെന്ന് ഒരിക്കലും തോന്നിയിട്ടില്ല : സുനില്‍ ഗവാസ്‌കര്‍

Last Updated : Mar 13, 2023, 1:16 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.