ETV Bharat / sports

ICC Test Rankings: 'ഇന്ത്യ ലോക ഒന്നാം നമ്പര്‍'; ഓസ്‌ട്രേലിയയെ പിന്തള്ളി രോഹിത്തും സംഘവും

author img

By

Published : May 2, 2023, 4:23 PM IST

ഐസിസി ടെസ്റ്റ് ടീം റാങ്കിങ്ങില്‍ 121 റേറ്റിങ് പോയിന്‍റുമായി ഇന്ത്യ ഒന്നാം സ്ഥാനത്ത്.

ICC Rankings  Australia cricket team  India cricket team  WTC Final  Test Team Rankings  ഐസിസി  ഐസിസി ടെസ്റ്റ് റാങ്കിങ്  ഇന്ത്യ ടെസ്റ്റ് ടീം റാങ്കിങ്  ഓസ്‌ട്രേലിയ  ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ്  വിരാട് കോലി  രോഹിത് ശര്‍മ  virat kohli  rohit sharma
ടെസ്റ്റ് ടീം റാങ്കിങ്ങില്‍ ഓസ്‌ട്രേലിയ പിന്തള്ളി രോഹിത്തും സംഘവും

ദുബായ്‌: ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ഏറ്റുമുട്ടാനിരിക്കും മുമ്പ് ഓസ്‌ട്രേലിയയ്‌ക്ക് മുട്ടന്‍ പണികൊടുത്ത് ഇന്ത്യ. ഐസിസി പുരുഷ ടെസ്റ്റ് ടീം റാങ്കിങ്ങില്‍ ഓസ്‌ട്രേലിയയെ പിന്തള്ളിയ ഇന്ത്യന്‍ ടീം ഒന്നാം സ്ഥാനത്തെത്തി. 2020 മെയ്‌ മുതല്‍ പൂര്‍ത്തിയായ എല്ലാ പരമ്പരകളുടെയും ഫലങ്ങളെ അടിസ്ഥാനമാക്കിയാണ് ഐസിസി പുതിയ റാങ്കിങ് പുറത്ത് വിട്ടിരിക്കുന്നത്.

2022 മെയ് മാസത്തിന് മുമ്പ് പൂർത്തിയാക്കിയ സീരീസുകള്‍ക്ക് 50 ശതമാനം റേറ്റിങ്ങും തുടർന്നുള്ള എല്ലാ സീരീസുകള്‍ക്കും 100 ശതമാനവുമാണ് റേറ്റിങ് നല്‍കിയിരിക്കുന്നത്. 2019-20 സീസണിലെ ഫലങ്ങള്‍ പരിഗണിച്ചില്ല. പുതിയ റാങ്കിങ്ങില്‍ ഇന്ത്യയുടെ റേറ്റിങ് പോയിന്‍റ് 119-ൽ നിന്ന് 121 ആയി ഉയർന്നു. 2020 മാർച്ചിൽ ന്യൂസിലൻഡിനെതിരായ രണ്ട് മത്സര പരമ്പര ഏകപക്ഷീയമായി ഇന്ത്യ കൈവിട്ടിരുന്നു. എന്നാല്‍ മെയ്‌ മുതല്‍ക്കുള്ള പരമ്പരകളുടെ ഫലം പരിഗണിച്ചത് ഇന്ത്യയുടെ റേറ്റിങ് പോയിന്‍റില്‍ പ്രതിഫലിച്ചു.

ഇതിന് മുന്നെ 2021 ഡിസംബറിൽ ഒരു മാസമാണ് ടെസ്റ്റ്‌ റാങ്കിങ്ങില്‍ ഇന്ത്യ അവസാനമായി ഒന്നാം സ്ഥാനത്തുണ്ടായിരുന്നത്. രണ്ടാം സ്ഥാനത്തുള്ള ഓസ്‌ട്രേലിയയ്‌ക്ക് 116 റേറ്റിങ്‌ പോയിന്‍റാണുള്ളത്. 122 റേറ്റിങ് പോയിന്‍റില്‍ നിന്നാണ് സംഘം 116 റേറ്റിങ്ങിലേക്ക് വീണത്.

15 മാസങ്ങള്‍ക്ക് ശേഷമാണ് ഓസ്ട്രേലിയക്ക് ടെസ്റ്റ് റാങ്കിങ്ങിലെ ഒന്നാം സ്ഥാനം നഷ്‌ടപ്പെടുന്നത്. 2019-20 സീസണില്‍ സ്വന്തം നാട്ടില്‍ വച്ച് പാകിസ്ഥാനെ 2-0ത്തിനും, ന്യൂസിലന്‍ഡിനെ 3-0ത്തിനും തോല്‍പ്പിക്കാന്‍ ഓസീസിന് കഴിഞ്ഞിരുന്നു. എന്നാല്‍ ഇക്കാലയളവിലെ മത്സരഫലങ്ങള്‍ റാങ്കിങ്ങില്‍ നിന്നും ഒഴിവാക്കിയത് ടീമിന് തിരിച്ചടിയായി.

2021-22 സീസണില്‍ ഇംഗ്ലണ്ടിനെതിരെ 4-0ത്തിന്‍റെ ത്രസിപ്പിക്കുന്ന വിജയം നേടിയിരുന്നുവെങ്കിലും ഈ പരമ്പരയില്‍ 50 ശതമാനം മാത്രമാണ് ഓസീസിന് റേറ്റിങ് ലഭിച്ചത്. പുതിയ റാങ്കിങ്ങില്‍ ഇന്ത്യയേക്കാള്‍ അഞ്ച് റേറ്റിങ്‌ താഴെയാണ് ഓസീസ്. 114 റേറ്റിങ്ങുള്ള ഇംഗ്ലണ്ടാണ് റാങ്കിങ്ങില്‍ മൂന്നാം സ്ഥാനത്തുള്ളത്. 104 റേറ്റിങ്ങുമായി ദക്ഷിണാഫ്രിക്കയും 100 റേറ്റിങ്ങുമായി ന്യൂസിലന്‍ഡുമാണ് യഥാക്രമം നാലും അഞ്ചും സ്ഥാനത്ത്.

ജൂൺ ഏഴ് മുതൽ ഇംഗ്ലണ്ടിലെ ഓവലിലാണ് ഐസിസി ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലില്‍ ഇന്ത്യയും ഓസ്‌ട്രേലിയയും ഏറ്റമുട്ടുക. ടെസ്റ്റ് ചാമ്പ്യൻഷിപ്പ് പോയിന്‍റ് പട്ടികയില്‍ ഒന്നാം സ്ഥാനക്കാരായി ഓസ്‌ട്രേലിയ ഫൈനല്‍ ബെര്‍ത്ത് ഉറപ്പിച്ചപ്പോള്‍ രണ്ടാം സ്ഥാനം നേടിയാണ് ഇന്ത്യ യോഗ്യത നേടിയത്. ഓസ്‌ട്രേലിയയ്‌ക്ക് എതിരായ ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫി പരമ്പര വിജയത്തോടെയായിരുന്നു ഇന്ത്യയുടെ മുന്നേറ്റം.

നാല് മത്സരങ്ങളടങ്ങിയ ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫി 2-1നായിരുന്നു ഇന്ത്യ നേടിയത്. തുടര്‍ച്ചയായ നാലാം തവണയായിരുന്നു ഇന്ത്യ ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫി പരമ്പര സ്വന്തമാക്കുന്നത്. അതേസമയം തുടര്‍ച്ചയായ രണ്ടാം തവണയാണ് ഇന്ത്യ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്‍റെ ഫൈനല്‍ കളിക്കാനിറങ്ങുന്നത്.

വിരാട് കോലിയുടെ നേതൃത്വത്തില്‍ ചാമ്പ്യന്‍ഷിപ്പിന്‍റെ പ്രഥമ പതിപ്പില്‍ തന്നെ ഇന്ത്യ ഫൈനലിലെത്തിയെങ്കിലും ന്യൂസിലന്‍ഡിനോട് കീഴടങ്ങിയിരുന്നു. ഇക്കുറി രോഹിത്തിന് കീഴിലിറങ്ങുമ്പോള്‍ കഴിഞ്ഞ തവണ കൈവിട്ട വിജയം നേടിയെടുക്കുകയെന്നത് തന്നെയാവും ഇന്ത്യയുടെ ലക്ഷ്യം.

ALSO READ: IPL 2023: 'ഒരിക്കല്‍ പോലും അയാള്‍ക്ക് അതിന് കഴിഞ്ഞിട്ടില്ല'; ദിനേശ്‌ കാര്‍ത്തിക്കിനെതിരെ ഇർഫാൻ പഠാൻ

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.