ETV Bharat / sports

IND VS WI | 200 റണ്‍സിന്‍റെ കൂറ്റൻ ജയം ; മൂന്നാം ഏകദിനത്തിൽ വിജയക്കുതിപ്പുമായി ഇന്ത്യ, പരമ്പര സ്വന്തം

author img

By

Published : Aug 2, 2023, 7:57 AM IST

ഇന്ത്യയുടെ 351 റണ്‍സ് വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ വെസ്റ്റ്‌ ഇൻഡീസ് 151 റണ്‍സിന് ഓൾഔട്ട് ആവുകയായിരുന്നു

ഇന്ത്യ vs വെസ്റ്റ് ഇൻഡീസ്  വെസ്റ്റ് ഇൻഡീസ്  ഇന്ത്യ  സഞ്ജു സാംസണ്‍  Sanju Samson  വെസ്റ്റ് ഇൻഡീസിനെതിരായ പരമ്പര സ്വന്തമാക്കി ഇന്ത്യ  ഇന്ത്യക്ക് പരമ്പര  ഇഷാൻ കിഷൻ  ശുഭ്‌മാൻ ഗിൽ  IND VS WI  India vs West Indies  India beat West Indies by 200 runs  India beat West Indies
ഇന്ത്യ vs വെസ്റ്റ് ഇൻഡീസ്

ട്രിനിഡാഡ് : വെസ്റ്റ് ഇൻഡീസിനെതിരായ മൂന്നാം ഏകദിനത്തിൽ കൂറ്റൻ ജയത്തോടെ പരമ്പര സ്വന്തമാക്കി ഇന്ത്യ. ട്രിനിഡാഡിലെ ബ്രയാന്‍ ലാറ ക്രിക്കറ്റ് അക്കാദമി സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തിൽ 200 റണ്‍സിന്‍റെ വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. ടോസ് നഷ്‌ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ ഉയര്‍ത്തിയ 351 റണ്‍സ് വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ വെസ്റ്റ്‌ ഇൻഡീസ് 151 റണ്‍സിന് ഓൾഔട്ട് ആവുകയായിരുന്നു. നാല് വിക്കറ്റ് വീഴ്‌ത്തിയ ശാർദുൽ താക്കൂറും മൂന്ന് വിക്കറ്റ് നേടിയ മുകേഷ്‌ കുമാറും ചേർന്നാണ് വിൻഡീസ് നിരയെ എറിഞ്ഞൊതുക്കിയത്.

ഇന്ത്യയുടെ വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ വെസ്റ്റ് ഇൻഡീസിന്‍റെ തുടക്കം തന്നെ തകർച്ചയോടെയായിരുന്നു. ആദ്യ ഓവറിൽ തന്നെ ഓപ്പണർ ബ്രാൻഡൻ കിങ്ങിനെ (0) അക്കൗണ്ട് തുറക്കുന്നതിന് മുന്നേ മുകേഷ് കുമാർ കൂടാരം കയറ്റി. തന്‍റെ രണ്ടാം ഓവറിൽ അപകടകാരിയായ കെയ്‌ല്‍ മേയേഴ്‌സിനേയും (4) മടക്കി മുകേഷ് വിൻഡീസ് ഓപ്പണിങ് സഖ്യത്തെ പൊളിച്ചു.

പിന്നാലെ അലിക്ക് അത്നാസെയും ഷായ് ഹോപ്പും ക്രീസിലെത്തി. എന്നാൽ അധികം വൈകാതെ ഷായ്‌ ഹോപ്പും (5) മുകേഷ് കുമാറിന് ഇരയായി. പിന്നാലെ കെയ്‌സി കാർട്ടി (6), ഷിമ്രോണ്‍ ഹെറ്റ്‌മെയർ (4), റൊമാരിയോ ഷെപ്പേർഡ് (8) എന്നിവരും നിരനിരയായി പുറത്തായി. ഇതോടെ വിൻഡീസ് ആറ് വിക്കറ്റ് നഷ്‌ടത്തിൽ 50 റണ്‍സ് എന്ന നിലയിൽ വൻ തകർച്ചയിലേക്കെത്തി.

തുടർന്ന് ക്രീസിലെത്തിയ യാനിക് കാരിയ, അലിക്ക് അത്നാസെക്ക് പിന്തുണ നൽകി കുറച്ചുസമയം പിടിച്ചുനിന്നു. എന്നാൽ ടീം സ്കോർ 75ൽ നിൽക്കെ അത്നാസെയെ (32) പുറത്താക്കി കുൽദീപ് യാദവ് ഈ കൂട്ടുകെട്ട് പൊളിച്ചു. പിന്നാലെ യാനിക് കാരിയയും (19) പുറത്തായി. ഇതോടെ എട്ട് വിക്കറ്റ് നഷ്‌ടത്തിൽ 88 റണ്‍സ് എന്ന നിലയിലായി വിൻഡീസ്.

ഇതോടെ 100 റണ്‍സ് പോലും കടക്കില്ല എന്ന നിലയിലേക്കെത്തി വെസ്റ്റ് ഇൻഡീസ്. എന്നാൽ വാലറ്റത്ത് അൽസാരി ജോസഫ്, ഗുഡകേഷ് മോട്ടി എന്നിവരുടെ ചെറുത്തുനിൽപ്പ് ടീമിന്‍റെ തോൽവിഭാരം കുറച്ചു. ഇരുവരും ചേർന്ന് 61 റണ്‍സിന്‍റെ നിർണായക കൂട്ടുകെട്ടാണ് ഒൻപതാം വിക്കറ്റിൽ പടുത്തുയർത്തിയത്. ടീം സ്‌കോർ 143ൽ നിൽക്കെ അൽസാരി ജോസഫിനെ പുറത്താക്കി ശാർദുൽ താക്കൂറാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്.

പുറത്താകുമ്പോൾ 39 പന്തിൽ രണ്ട് സിക്‌സും ഒരു ഫോറും ഉൾപ്പടെ 39 റണ്‍സായിരുന്നു താരത്തിന്‍റെ സമ്പാദ്യം. ഒടുവിൽ അധികം വൈകാതെ ജെയ്‌ഡൻ സീൽസിനെയും പുറത്താക്കി ശാർദുൽ വെസ്റ്റ് ഇൻഡീസിന്‍റെ ഇന്നിങ്‌സിന് അവസാനമിട്ടു. ഗുഡകേഷ് മോട്ടി 34 പന്തിൽ മൂന്ന് സിക്‌സും നാല് ഫോറും ഉൾപ്പടെ 39 റണ്‍സുമായി പുറത്താകാതെ നിന്നു. ഇന്ത്യക്കായി ശാർദുലിനെയും മുകേഷ്‌ കുമാറിനെയും കൂടാതെ കുൽദീപ് യാദവ് രണ്ട് വിക്കറ്റും ജയ്‌ദേവ്‌ ഉനദ്‌ഘട്ട് ഒരു വിക്കറ്റും നേടി.

തകർത്തടിച്ച് യുവനിര : നേരത്തെ ആദ്യം ബാറ്റ് ചെയ്‌ത ഇന്ത്യ നിശ്ചിത ഓവറിൽ അഞ്ച് വിക്കറ്റ് നഷ്‌ടത്തിലാണ് 351 റണ്‍സ് നേടിയത്. ഓപ്പണർമാരായ ഇഷാൻ കിഷനും, ശുഭ്‌മാൻ ഗില്ലും ചേർന്ന് സ്വപ്‌ന തുല്യമായ തുടക്കമാണ് ഇന്ത്യക്കായി നൽകിയത്. ഇരുവരും ചേർന്ന് ഒന്നാം വിക്കറ്റിൽ 143 റണ്‍സാണ് കൂട്ടിച്ചേർത്തത്.

ഇഷാൻ കിഷനെയാണ് ഇന്ത്യക്ക് ആദ്യം നഷ്‌ടമായത്. 64 പന്തിൽ മൂന്ന് ഫോറും എട്ട് സിക്‌സും ഉൾപ്പടെ 77 റണ്‍സ് നേടിയാണ് താരം മടങ്ങിയത്. പിന്നാലെ ക്രീസിലെത്തിയ റിതുരാജ് ഗെയ്‌ക്‌വാദും (8) നിലയുറപ്പിക്കും മുന്നേ മടങ്ങി. തുടർന്നെത്തിയ സഞ്ജു സാംസണ്‍ രണ്ടാം പന്തിൽ തന്നെ സിക്‌സർ നേടി വരവറിയിച്ചു. സഞ്ജുവും ഗില്ലും ചേർന്ന് ടീം സ്‌കോർ 200 കടത്തി.

എന്നാൽ അർധ സെഞ്ച്വറി പിന്നിട്ടതിന് തൊട്ടുപിന്നാലെ സഞ്ജുവിനെ ഇന്ത്യക്ക് നഷ്‌ടമായി. 41 പന്തിൽ നാല് ഫോറും രണ്ട് സിക്‌സും സഹിതം 51 റണ്‍സ് നേടിയാണ് സഞ്ജു പുറത്തായത്. പിന്നാലെ ഗില്ലും (85) പുറത്തായി. തുടർന്ന് ക്രീസിൽ ഒന്നിച്ച ഹാർദിക് പാണ്ഡ്യയും സൂര്യകുമാർ യാദവും ചേർന്ന് സ്‌കോർ ഉയർത്തി. ഇരുവരും ചേർന്ന് ടീം സ്‌കോർ 300 കടത്തി.

309ൽ നിൽക്കെ സൂര്യകുമാർ യാദവിനെ (35) ഇന്ത്യക്ക് നഷ്‌ടമായി. പിന്നാലെയെത്തിയ രവീന്ദ്ര ജഡേജയെ കൂട്ടുപിടിച്ച് അവസാന ഓവറുകളിൽ തകർത്തടിച്ച പാണ്ഡ്യ ടീം സ്‌കോർ 351ൽ എത്തിക്കുകയായിരുന്നു. വെസ്റ്റ് ഇൻഡീസിനായി റൊമാരിയോ ഷെപ്പേർഡ് രണ്ട് വിക്കറ്റ് വീഴ്‌ത്തിയപ്പോൾ അൽസാരി ജോസഫ്, ഗുഡകേഷ് മോട്ടി, യാനിക് കാരിയ എന്നിവർ ഓരോ വിക്കറ്റ് വീതം നേടി.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.