ETV Bharat / sports

IND VS SA: ഹാര്‍ദിക്കിന് പകരം ആര്‌?; പ്രോട്ടീസിനെതിരായ ഇന്ത്യയുടെ സാധ്യതാ ഇലവന്‍

author img

By

Published : Sep 28, 2022, 12:34 PM IST

ഇന്ത്യ-ദക്ഷിണാഫ്രിക്ക ടി20 പരമ്പരയിലെ ആദ്യ മത്സരം ഇന്ന് നടക്കും. ഹാര്‍ദിക് പാണ്ഡ്യ, ഭുവനേശ്വര്‍ കുമാര്‍ എന്നിവര്‍ക്ക് വിശ്രമം അനുവദിച്ചപ്പോള്‍ പരിക്കേറ്റതിനെ തുടര്‍ന്ന് ഓള്‍റൗണ്ടര്‍ ദീപക് ഹൂഡ പരമ്പരയില്‍ നിന്നും പുറത്തായിരുന്നു

India Predicted XI  IND VS SA  India vs South Africa  India vs South Africa 1st T20I  Hardik Pandya  rohit sharma  virat kohli  jasprit bumrah  rishabh pant  ഇന്ത്യ vs ദക്ഷിണാഫിക്ക  രോഹിത് ശര്‍മ  വിരാട് കോലി  റിഷഭ്‌ പന്ത്  ഇന്ത്യയുടെ സാധ്യതാ ഇലവന്‍
IND VS SA: ഹാര്‍ദിക്കിന് പകരം ആര്‌?; പ്രോട്ടീസിനെതിരായ ഇന്ത്യയുടെ സാധ്യതാ ഇലവന്‍

തിരുവനന്തപുരം: ഇന്ത്യ-ദക്ഷിണാഫ്രിക്ക ടി20 പരമ്പരയ്‌ക്ക് ഇന്ന്(സെപ്‌റ്റംബര്‍ 28) തുടക്കം. കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ രാത്രി ഏഴിനാണ് ആദ്യ മത്സരം ആരംഭിക്കുക. ലോകകപ്പിന് മുന്നോടിയായി ഇന്ത്യ കളിക്കുന്ന അവസാന ടി20 പരമ്പരയാണിത്.

ഹാര്‍ദിക് പാണ്ഡ്യ, ഭുവനേശ്വര്‍ കുമാര്‍ എന്നിവര്‍ക്ക് വിശ്രമം അനുവദിച്ചപ്പോള്‍ പരിക്കേറ്റതിനെ തുടര്‍ന്ന് ഓള്‍റൗണ്ടര്‍ ദീപക് ഹൂഡ പരമ്പരയില്‍ നിന്നും പുറത്തായിരുന്നു. പേസര്‍ അര്‍ഷ്‌ദീപ് സിങ്‌ ടീമിലേക്ക് തിരിച്ചെത്തിയിട്ടുണ്ട്. ടി20യില്‍ ലോക റാങ്കിങ്ങില്‍ മൂന്നാം സ്ഥാനത്തുള്ള പ്രോട്ടീസ് ഇന്ത്യയ്‌ക്ക് കടുത്ത വെല്ലുവിളിയാവുമെന്നുറപ്പ്.

ഇന്ത്യയുടെ സാധ്യത ഇലവന്‍ പരിശോധിക്കാം.

രോഹിത് ശർമ (ക്യാപ്റ്റൻ): മികച്ച ഫോമിലാണ് ക്യാപ്റ്റൻ രോഹിത് ശര്‍മ. ഓസീസിനെതിരായ രണ്ടാം ടി20യില്‍ ഇന്ത്യന്‍ വിജയത്തില്‍ മുഖ്യ പങ്കാണ് രോഹിത് വഹിച്ചത്. ഇന്ത്യയ്‌ക്ക് ആക്രമണോത്‌സുക തുടക്കം നല്‍കുന്നതില്‍ രോഹിത് നിര്‍ണായകമാകും.

കെഎൽ രാഹുൽ (വൈസ് ക്യാപ്റ്റൻ): ഓസ്‌ട്രേലിയയ്‌ക്കെതിരായ പരമ്പരയില്‍ ആദ്യ മത്സരത്തില്‍ അര്‍ധ സെഞ്ച്വറി നേടി തിളങ്ങാന്‍ വലങ്കയ്യന്‍ ബാറ്റർക്ക് കഴിഞ്ഞിരുന്നു. എന്നാല്‍ സ്ഥിരത നിലനിർത്തുന്നതിൽ പരാജയപ്പെട്ടു. രണ്ടും മൂന്നും മത്സരങ്ങളില്‍ 10, 1 എന്നിങ്ങനെയായിരുന്നു താരത്തിന്‍റെ സ്‌കോർ. പ്രോട്ടീസിനെതിരെ രാഹുല്‍ മികവിലേക്ക് ഉയരേണ്ടതുണ്ട്.

വിരാട് കോലി: ഏഷ്യ കപ്പിലൂടെ ഫോം വീണ്ടെടുത്ത കോലി മികച്ച ടെച്ചിലാണ്. ഓസീസിനെതിരായ മൂന്നാം മത്സരത്തില്‍ അര്‍ധ സെഞ്ച്വറി നേടി തിളങ്ങിയ താരം ഇന്ത്യന്‍ വിജയത്തില്‍ നിര്‍ണായകമായി. പ്രോട്ടീസിനെതിരെയും കോലി താളം നിലനിര്‍ത്തുമെന്നാണ് പ്രതീക്ഷ.

സൂര്യകുമാര്‍ യാദവ്: സമീപകാലത്ത് ഇന്ത്യയുടെ ഏറ്റവും വിശ്വസ്‌തനായ താരമായി മാറിയിരിക്കുകയാണ് ഈ വലങ്കയ്യന്‍ ബാറ്റര്‍. മൈതാനത്തിന്‍റെ ഏത് വശത്തേക്കും പന്തടിക്കാനുള്ള സൂര്യയുടെ കഴിവ് ഇന്ത്യയ്‌ക്ക് നിര്‍ണായകമാവും. ഓസീസിനെതിരായ അവസാന മത്സരത്തില്‍ 46 പന്തില്‍ 69 റണ്‍സാണ് താരം അടിച്ച് കൂട്ടിയത്.

ദിനേശ് കാർത്തിക് (വിക്കറ്റ് കീപ്പര്‍): നിലവില്‍ ഇന്ത്യയുടെ ഫിനിഷര്‍ റോള്‍ കൈകാര്യം ചെയ്യുന്നത് ദിനേശ് കാർത്തിക്കാണ്. പ്രതികൂല സാഹചര്യങ്ങളിൽ താരത്തിന്‍റെ ഫിനിഷിങ്‌ കഴിവ് പ്രോട്ടീസിനെതിരെ വീണ്ടും പരീക്ഷിക്കപ്പെട്ടേക്കാം.

അക്‌സർ പട്ടേൽ: നിലവിലെ സാഹചര്യത്തില്‍ പ്ലേയിങ്‌ ഇലവനില്‍ അക്‌സറിന്‍റെ സ്ഥാനം ചോദ്യം ചെയ്യപ്പെട്ടേക്കില്ല. ഓസീസിനെതിരെ മിന്നിയ അക്‌സര്‍ പരമ്പരയുടെ താരമായി തെരഞ്ഞെടുക്കപ്പെട്ടിരുന്നു.

ഓസീസിനെതിരെ മൂന്ന് മത്സരങ്ങളിൽ നിന്ന് എട്ട് വിക്കറ്റുകളാണ് അക്‌സര്‍ വീഴ്‌ത്തിയത്. രണ്ടാം സ്ഥാനത്തുള്ള ഓസീസ് താരം നഥാന്‍ എല്ലിസിനേക്കാള്‍ അഞ്ച് വിക്കറ്റ് കൂടുതലാണിത്. ബാറ്റുകൊണ്ടും കാര്യമായ സംഭാവന നല്‍കാന്‍ അക്‌സറിന് കഴിയും.

ആര്‍.അശ്വിന്‍: ടി20 ലോകകപ്പിന്‍റെ ഭാഗമായ എല്ലാ താരങ്ങള്‍ക്കും അവസരം നല്‍കുമെന്ന് രോഹിത് ശര്‍മ നേരത്തെ വ്യക്തമാക്കിയിരുന്നു. ഓസീസിനെതിരായ പരമ്പരയില്‍ അശ്വിന്‍ കളിച്ചിരുന്നില്ല. ഇതോടെ അശ്വിനെ പ്ലേയിങ്‌ ഇലവനില്‍ പ്രതീക്ഷിക്കാം.

യുസ്‌വേന്ദ്ര ചഹല്‍: ഇന്ത്യന്‍ നിരയിലെ പ്രധാന സ്‌പിന്നറാണ് ചഹല്‍. ഓസീസിനെതിരായ ആദ്യ രണ്ട് ടി20യിലും ചഹല്‍ നിറം മങ്ങി. മൂന്നാം മത്സരത്തില്‍ താളം കണ്ടെത്തിയ താരത്തില്‍ നിന്നും നിര്‍ണായ ഘട്ടത്തില്‍ വിക്കറ്റുകളാണ് ടീം പ്രതീക്ഷിക്കുന്നത്. ഈ പ്രതീക്ഷയ്‌ക്കൊത്ത് ചഹല്‍ ഉയരേണ്ടതുണ്ട്.

അര്‍ഷ്‌ദീപ് സിങ്‌: ഓസീസിനെതിരായ പരമ്പരയില്‍ വിശ്രമം അനുവദിച്ച അര്‍ഷ്‌ദീപ് പ്ലേയിങ്‌ ഇലവനിലേക്ക് തിരിച്ചെത്തിയേക്കും. ഡെത്ത് ഓവറുകളില്‍ നിര്‍ണായക പ്രകടനം നടത്താന്‍ കഴിയുന്ന താരമാണ് അര്‍ഷ്‌ദീപ്.

ദീപക്‌ ചഹാര്‍/ റിഷഭ്‌ പന്ത്: ടി20 ലോകകപ്പ് ടീമില്‍ സ്റ്റാന്‍ഡ് ബൈയായി ഇടം നേടാന്‍ ദീപക്‌ ചഹാറിന് കഴിഞ്ഞിരുന്നു. ഹാര്‍ദിക് പാണ്ഡ്യയുടെ അഭാവത്തില്‍ വലങ്കയ്യന്‍ പേസര്‍ക്ക് ഇടം ലഭിച്ചേക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ന്യൂ ബോളില്‍ തിളങ്ങാന്‍ കഴിയുന്ന ദീപക്കിന് ബാറ്റുകൊണ്ടും സംഭാവന നല്‍കാന്‍ കഴിയും.

എന്നാല്‍ ഏഷ്യ കപ്പില്‍ ഹോങ്കോങ്ങിനെതിരെ ഹാര്‍ദിക്കിന് വിശ്രമം അനുവദിച്ചപ്പോള്‍ പന്തിന് അവസരം ലഭിച്ചിരുന്നു. കളിക്കാനായാല്‍ ലോകകപ്പിലെ പ്ലേയിങ്‌ ഇലവനിലേക്കുള്ള തെരഞ്ഞെടുപ്പില്‍ പ്രകടനം നിര്‍ണായകമാകും.

ജസ്‌പ്രീത് ബുംറ: ഇന്ത്യന്‍ ബോളിങ്‌ യൂണിറ്റിന്‍റെ നട്ടെല്ലാണ് ബുംറ. പരിക്കിനെ തുടര്‍ന്നുള്ള നീണ്ട ഇടവേളയ്‌ക്ക് ശേഷം ഓസീസിനെതിരായ പരമ്പരയിലൂടെയാണ് ബുംറ തിരിച്ചെത്തിയത്. എന്നാല്‍ തന്‍റെ മികവിലേക്ക് താരത്തിന് ഉയരാന്‍ കഴിഞ്ഞിട്ടില്ല.

ഓസീസിനെതിരായ മൂന്നാം ടി20യില്‍ നാല് ഓവറില്‍ 50 റണ്‍സാണ് താരം വഴങ്ങിയത്. ലോകകപ്പിന് മുന്നെ ബുംറയ്‌ക്കും മികവിലേക്ക് ഉയരേണ്ടതുണ്ട്.

also read: IND VS SA: 'അടികള്‍ പലവിധം. സെവന്‍സിനടി, പൂരത്തിനടി പിന്നെ ഹിറ്റ്മാന്‍റെ അടി'; വൈറലായി കാര്യവട്ടത്തെ രോഹിത്തിന്‍റെ കൂറ്റന്‍ കട്ടൗട്ട്

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.