ETV Bharat / sports

ind vs nz: അര്‍ധ സെഞ്ചുറിയുമായി ശ്രേയസും ഗില്ലും ധവാനും, സഞ്‌ജുവും സുന്ദറും തിളങ്ങി; ന്യൂസിലന്‍ഡിനെതിരെ ഇന്ത്യക്ക് മികച്ച സ്കോര്‍

author img

By

Published : Nov 25, 2022, 11:15 AM IST

ന്യൂസിലന്‍ഡിനെതിരെ ടോസ് നഷ്‌ടപ്പെട്ട് ബാറ്റ് ചെയ്യാനിറങ്ങിയ ഇന്ത്യ 50 ഓവറില്‍ ഏഴ്‌ വിക്കറ്റ് നഷ്‌ടത്തില്‍ 306 റണ്‍സെടുത്തു. 76 പന്തില്‍ 80 റണ്‍സെടുത്ത ശ്രേയസ് അയ്യര്‍ ടോപ് സ്‌കോററായി.

ind vs nz  india vs new zealand 1st odi score update  india vs new zealand  shreyas iyer  sanju samson  ശ്രേയസ് അയ്യര്‍  സഞ്‌ജു സാംസണ്‍  ഇന്ത്യ vs ന്യൂസിലന്‍ഡ്
ind vs nz: അര്‍ധ സെഞ്ചുറിയുമായി ശ്രേയസും ഗില്ലും ധവാനും, സഞ്‌ജുവും സുന്ദറും തിളങ്ങി; ന്യൂസിലന്‍ഡിനെതിരെ ഇന്ത്യക്ക് മികച്ച സ്കോര്‍

ഈഡൻ പാർക്ക്: ഇന്ത്യയ്‌ക്കെതിരായ ഒന്നാം ഏകദിനത്തില്‍ ന്യൂസിലന്‍ഡിന് 307 റൺസ് വിജയ ലക്ഷ്യം. ടോസ് നഷ്‌ടപ്പെട്ട് ബാറ്റ് ചെയ്യാനിറങ്ങിയ ഇന്ത്യ 50 ഓവറില്‍ ഏഴ്‌ വിക്കറ്റ് നഷ്‌ടത്തില്‍ 306 റണ്‍സാണ് നേടിയത്. ശ്രേയസ് അയ്യര്‍, ക്യാപ്റ്റന്‍ ശിഖര്‍ ധവാന്‍, ശുഭ്‌മാന്‍ ഗില്‍ എന്നിവരുടെ അര്‍ധ സെഞ്ചുറി പ്രകടനമാണ് ഇന്ത്യയെ മികച്ച ടോട്ടലിലെത്തിച്ചത്.

76 പന്തില്‍ 80 റണ്‍സെടുത്ത ശ്രേയസാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍. മികച്ച തുടക്കമാണ് ഓപ്പണര്‍മാരായ ശിഖര്‍ ധവാനും ഗില്ലും ചേര്‍ന്ന് ഇന്ത്യയ്‌ക്ക് നല്‍കിയത്. ഒന്നാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 124 റണ്‍സാണ് കണ്ടെത്തിയത്. 24ാം ഓവറിന്‍റെ ആദ്യ പന്തില്‍ ഗില്ലിനെ കോണ്‍വേയുടെ കയ്യിലെത്തിച്ച് ലോക്കി ഫെര്‍ഗൂസണാണ് കിവീസിന് ബ്രേക്ക് ത്രൂ നല്‍കിയത്.

65 പന്തില്‍ 50 റണ്‍സായിരുന്നു ഗില്ലിന്‍റെ സമ്പാദ്യം. തൊട്ടടുത്ത ഓവറില്‍ ധവാനും മടങ്ങി. 77 പന്തില്‍ 72 റണ്‍സെടുത്ത ധവാനെ ടിം സൗത്തി ഫിന്‍ അലന്‍റെ കയ്യിലെത്തിക്കുകയായിരുന്നു. തുടര്‍ന്നെത്തിയ റിഷഭ്‌ പന്ത് (23 പന്തില്‍ 15), സൂര്യകുമാര്‍ യാദവ് ( 3 പന്തില്‍ 4) എന്നിവര്‍ വേഗം മടങ്ങിയതോടെ ഇന്ത്യ പരുങ്ങി. 33ാം ഓവറില്‍ ഫെര്‍ഗൂസണാണ് ഇരുവരേയും തിരിച്ച് കയറ്റിയത്. പന്ത് ബൗള്‍ഡായപ്പോള്‍ സൂര്യയെ ഫിന്‍ അലന്‍ പിടികൂടി.

പിന്തുണയുമായി സഞ്ജു: തുടര്‍ന്നെത്തിയ സഞ്‌ജു സാംസണൊപ്പം ചേര്‍ന്ന് ശ്രേയസ്‌ അയ്യര്‍ ഇന്ത്യയെ മുന്നോട്ട് നയിച്ചു. അഞ്ചാം വിക്കറ്റില്‍ സഞ്‌ജും ശ്രേയസും ചേര്‍ന്ന് 94 റണ്‍സാണ് നേടിയത്. 46ാം ഓവറില്‍ സഞ്‌ജുവിനെ വീഴ്‌ത്തി ആദം മില്‍നെയാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്. 38 പന്തില്‍ 36 റണ്‍സെടുത്താണ് സഞ്‌ജു മടങ്ങിയത്. ഈ സമയം 45.4 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്‌ടത്തില്‍ 254 റണ്‍സാണ് ഇന്ത്യന്‍ ടോട്ടലിലുണ്ടായിരുന്നത്.

പിന്നാലെയെത്തിയ വാഷിങ്‌ടണ്‍ സുന്ദര്‍ തുടക്കം തൊട്ട് ആക്രമിച്ച് കളിച്ചതോടെ സ്‌കോര്‍ കുതിച്ചു. 50ാം ഓവറിന്‍റെ രണ്ടാം പന്തിലാണ് ശ്രേയസ് പുറത്താവുന്നത്. നാല് ഫോറും നാല് സിക്‌സുമടങ്ങുതായിരുന്നു താരത്തിന്‍റെ ഇന്നിങ്‌സ്. ശാര്‍ദുല്‍ താക്കൂറാണ് (2 പന്തില്‍ 1) പുറത്തായ മറ്റൊരു താരം. 16 പന്തില്‍ 36 റണ്‍സടിച്ച് സുന്ദര്‍ പുറത്താവാതെ നിന്നു. ന്യൂസിലന്‍ഡിനായി ടിം സൗത്തി, ലോക്കി ഫെര്‍ഗൂസണ്‍ എന്നിവര്‍ മൂന്ന് വിക്കറ്റ് വീതം വീഴ്‌ത്തി.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.