ETV Bharat / sports

IND vs NZ: മെച്ചപ്പെടാനുണ്ട് എന്നാല്‍ ആര്‍ക്ക് മുന്നിലും ഒന്നും തെളിയിക്കാനില്ല: ഹാര്‍ദിക് പാണ്ഡ്യ

author img

By

Published : Nov 16, 2022, 4:04 PM IST

ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും മോശം വൈറ്റ്-ബോള്‍ ടീമാണ് ഇന്ത്യയുടേതെന്ന ഇംഗ്ലണ്ട് മുന്‍ നായകന്‍ മൈക്കല്‍ വോണിന്‍റെ വിമര്‍ശനത്തിന് മറുപടിയുമായി ഹാര്‍ദിക് പാണ്ഡ്യ.

IND vs NZ  hardik pandya reply to michael vaughan s criticism  hardik pandya  michael vaughan  ഹാര്‍ദിക് പാണ്ഡ്യ  ഇന്ത്യ vs ന്യൂസിലന്‍ഡ്  മൈക്കല്‍ വോണ്‍  രോഹിത് ശര്‍മ  വിരാട് കോലി  Rohit Sharma  Virat Kohli
IND vs NZ: മെച്ചപ്പെടാനുണ്ട് എന്നാല്‍ ആര്‍ക്ക് മുന്നിലും ഒന്നും തെളിയിക്കാനില്ല: ഹാര്‍ദിക് പാണ്ഡ്യ

വെല്ലിങ്‌ടണ്‍: ടി20 ലോകകപ്പിലെ നിരാശജനകമായ പുറത്താവലിന് പിന്നാലെ ന്യൂസിലന്‍ഡിനെതിരായ വൈറ്റ്-ബോള്‍ പരമ്പരയ്‌ക്കൊരുങ്ങുകയാണ് ടീം ഇന്ത്യ. മൂന്ന് വീതം ടി20, ഏകദിനങ്ങളടങ്ങിയ പരമ്പര നവംബര്‍ 18നാണ് ആരംഭിക്കുന്നത്. ടി20 പരമ്പരയില്‍ ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യയാണ് ഇന്ത്യയെ നയിക്കുന്നത്.

ലോകകപ്പിലെ നിരാശയെ മറികടന്ന് പുതിയ തുടക്കമാണ് ഇന്ത്യ കിവീസിനെതിരെ ലക്ഷ്യം വയ്‌ക്കുന്നതെന്ന് ഹാര്‍ദിക് പറഞ്ഞു. എകദിന പരമ്പരയ്‌ക്ക് മുന്നോടിയായുള്ള വാര്‍ത്ത സമ്മേളനത്തിലാണ് ഹാര്‍ദിക്കിന്‍റെ പ്രതികരണം. "ഞങ്ങൾ പ്രൊഫഷണലുകളാണ്, അതിനാല്‍ തന്നെ വിജയങ്ങളോടൊപ്പം പരാജയങ്ങളെയും നേരിടേണ്ടതുണ്ട്. തെറ്റുകള്‍ തിരുത്തി കൂടുതല്‍ മുന്നേറാനാണ് കാത്തിരിക്കുന്നത്, ഹാര്‍ദിക് പറഞ്ഞു.

ഒരുക്കങ്ങള്‍ ആരംഭിക്കുന്നു: 2024ലെ ടി20 ലോകകപ്പിനുള്ള ഒരുക്കങ്ങള്‍ ഇവിടം മുതല്‍ ആരംഭിക്കുന്നതായും ഹാര്‍ദിക് പറഞ്ഞു. "ഏകദേശം രണ്ട് വർഷത്തിന് ശേഷമാണ് അടുത്ത ടി20 ലോകകപ്പ് നടക്കുന്നത്. അതിനാൽ പുതിയ പ്രതിഭകളെ കണ്ടെത്തുന്നതിന് ഞങ്ങൾക്ക് സമയമുണ്ട്. ഇക്കാലയളവില്‍ ധാരാളം ക്രിക്കറ്റ് കളിക്കുകയും, പുതിയ ഏറെ താരങ്ങള്‍ക്ക് മതിയായ അവസരങ്ങൾ ലഭിക്കുകയും ചെയ്യും.

എല്ലാ താരങ്ങള്‍ക്കും ഇവിടെ ആസ്വദിച്ച് കളിക്കാനാവുമെന്ന് ഉറപ്പ് വരുത്തുകയാണ് ഇപ്പോള്‍ ചെയ്യേണ്ടത്. ഭാവിയെക്കുറിച്ചുള്ള കാര്യങ്ങള്‍ ഞങ്ങള്‍ പിന്നീട് സംസാരിക്കും", ഹാര്‍ദിക് പറഞ്ഞു.

കിവീസിനെതിരായ പരമ്പരയില്‍ വെറ്ററന്‍ താരങ്ങളായ രോഹിത് ശര്‍മ, വിരാട് കോലി, കെഎല്‍ രാഹുല്‍, ആര്‍ അശ്വിന്‍, ദിനേശ്‌ കാര്‍ത്തിക് തുടങ്ങിയവര്‍ക്ക് വിശ്രമം അനുവദിച്ചതോടെ ശുഭ്‌മാൻ ഗിൽ, ഉമ്രാൻ മാലിക്, ഇഷാൻ കിഷൻ, സഞ്ജു സാംസൺ തുടങ്ങിയവർ പരമ്പരയില്‍ ഇടം നേടിയിരുന്നു. തങ്ങളെ സംബന്ധിച്ച് പ്രധാനപ്പെട്ട പരമ്പരയാണെന്നും ഹാര്‍ദിക് പറഞ്ഞു.

"പുതിയ പ്രതിഭകള്‍ക്ക് സ്വയം പ്രകടിപ്പിക്കാനും തങ്ങളുടെ കഴിവുകള്‍ കാണിക്കാനുമുള്ള അവസരമാണിത്. പുതിയ ബെഞ്ചിനൊപ്പം കൂടുതല്‍ പുതിയ ഊര്‍ജത്തോടെ കളിക്കാനുള്ള ആവേശത്തിലാണ്. എല്ലാ പരമ്പരയും പ്രധാനമാണ്. അപ്രധാനമെന്ന് കരുതി നിങ്ങൾക്ക് ഒരു അന്താരാഷ്ട്ര മത്സരവും കളിക്കാന്‍ കഴിയില്ല", ഹാര്‍ദിക് കൂട്ടിച്ചേര്‍ത്തു.

ഒന്നും തെളിയിക്കാനില്ല: ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും മോശം വൈറ്റ്-ബോള്‍ ടീമാണ് ഇന്ത്യയുടേതെന്ന ഇംഗ്ലണ്ട് മുന്‍ നായകന്‍ മൈക്കല്‍ വോണിന്‍റെ വിമര്‍ശനത്തിനും ഹാര്‍ദിക് മറുപടി നല്‍കി. മെച്ചപ്പെടാനുണ്ടെങ്കിലും ആര്‍ക്ക് മുന്നിലും തങ്ങള്‍ക്ക് ഒന്നും തെളിയിക്കാനില്ലെന്നാണ് ഇന്ത്യന്‍ നായകന്‍, വോണിന്‍റെ പരാമര്‍ശത്തെക്കുറിച്ചുള്ള ചോദ്യത്തോട് പ്രതികരിച്ചത്.

മോശം പ്രകടനം നടത്തുമ്പോള്‍ ആളുകള്‍ അവരുടെ അഭിപ്രായം പറയും. അതിനെ ബഹുമാനിക്കുന്നു. ആളുകള്‍ക്ക് വ്യത്യസ്‌ത കാഴ്‌ചപ്പാടുകളാണുള്ളതെന്നും ഹാര്‍ദിക് കൂട്ടിച്ചേര്‍ത്തു. ടി20 ലോകകപ്പ് സെമിയില്‍ ഇംഗ്ലണ്ടിനോട് 10 വിക്കറ്റിന് തോല്‍വി വഴങ്ങി പുറത്തായതിന് പിന്നാലെയാണ് മൈക്കല്‍ വോണ്‍ ഇന്ത്യയെ രൂക്ഷമായി വിമര്‍ശിച്ചത്.

പക്കലുള്ള കഴിവുകളെ വിനിയോഗിക്കാതെയാണ് ഇന്ത്യ ടി20 ക്രിക്കറ്റ് കളിക്കുന്നത്. മികച്ച കളിക്കാരുണ്ടെങ്കിലും ശരിയായ പ്രക്രിയയിലല്ല കാര്യങ്ങള്‍ നടക്കുന്നത്. ടി20 ലോകകപ്പില്‍ കാലഹരണപ്പെട്ട ശൈലിയിലാണ് ഇന്ത്യ കളിച്ചതെന്നും വോണ്‍ പറഞ്ഞിരുന്നു.

also read: 'ഹാര്‍ദിക്കിനെ ക്യാപ്റ്റനാക്കുന്നത് വമ്പന്‍ അപകടം'; കാരണം ചൂണ്ടിക്കാട്ടി ഇര്‍ഫാന്‍ പഠാന്‍

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.