ETV Bharat / sports

ഓസീസിനെതിരായ അർധ സെഞ്ച്വറി ; ലാറയെ മറികടന്ന് കോലി, മുന്നിൽ ഇനി സച്ചിൻ മാത്രം

author img

By

Published : Mar 12, 2023, 8:03 AM IST

14 മാസങ്ങൾക്കും 15 ഇന്നിങ്‌സുകൾക്കും ശേഷമാണ് കോലി ടെസ്റ്റിൽ ഒരു അർധ സെഞ്ച്വറി നേടുന്നത്

വിരാട് കോലി  കോലി  Virat Kohli  Kohli  ബോർഡർ ഗവാസ്‌കർ ട്രോഫി  ലാറയെ മറികടന്ന് കോലി  സച്ചിൻ ടെൻഡുൽക്കർ  ഓസ്‌ട്രേലിയ  ഇന്ത്യ vs ഓസ്‌ട്രേലിയ  Virat Kohli crushing Brian Laras record  Ind vs Aus  കോലിക്ക് അർധ സെഞ്ച്വറി
വിരാട് കോലി

അഹമ്മദാബാദ് : ടെസ്റ്റ് ക്രിക്കറ്റിൽ പാടെ പരാജയമായി മാറുന്നുവെന്ന ചീത്തപ്പേരിന് അറുതി വരുത്തിയിരിക്കുകയാണ് ഇന്ത്യൻ മുൻ നായകൻ വിരാട് കോലി. ബോർഡർ ഗവാസ്‌കർ ട്രോഫിയിലെ അവസാന ടെസ്റ്റ് മത്സരത്തിൽ ആത്‌മവിശ്വാസത്തോടെ ബാറ്റ് വീശുന്ന താരം അർധ സെഞ്ച്വറി പൂർത്തിയാക്കിയിരിക്കുകയാണ്. 14 മാസത്തെ ഇടവേളയ്ക്ക്‌ ശേഷമാണ് കോലി ടെസ്റ്റിൽ ഒരു അർധ സെഞ്ച്വറി നേടുന്നത്. നിലവിൽ മൂന്നാം ദിനം കളി അവസാനിക്കുമ്പോൾ 59 റണ്‍സുമായി പുറത്താകാതെ നിൽക്കുകയാണ് താരം.

നിലവിൽ ടെസ്റ്റിൽ 29 അർധ സെഞ്ച്വറികളാണ് കോലിയുടെ പേരിലുള്ളത്. എന്നാൽ 28-ാം അർധസെഞ്ച്വറിയിൽ നിന്ന് 29ലേക്കെത്താൻ 14 മാസങ്ങളും 15 ഇന്നിങ്‌സുകളുമാണ് താരത്തിന് കാത്തിരിക്കേണ്ടി വന്നത്. 2022 ജനുവരിയിൽ ദക്ഷിണാഫ്രിക്കക്കെതിരെയായിരുന്നു കോലി അവസാനമായി അർധ സെഞ്ച്വറി നേടിയത്. അന്ന് 201 പന്തുകളിൽ നിന്ന് 79 റണ്‍സായിരുന്നു കോലിയുടെ സമ്പാദ്യം. എന്നാൽ അതിന് ശേഷമുള്ള 15 ഇന്നിങ്‌സുകളിൽ മങ്ങിയ പ്രകടനമായിരുന്നു കോലിയിൽ നിന്ന് പിറന്നത്.

എലൈറ്റ് ക്ലബ്ബില്‍ കോലി : അതേസമയം അഹമ്മദാബാദിലെ അർധ സെഞ്ച്വറി നേട്ടത്തോടെ ഒരു പിടി റെക്കോഡുകൾ തന്‍റെ പേരിൽ കുറിക്കാനും കോലിക്കായി. ടെസ്റ്റിൽ ഇന്ത്യയിൽവച്ച് 4000 റണ്‍സ് പൂർത്തിയാക്കുന്ന താരം എന്ന നേട്ടമാണ് കോലി ഓസീസിനെതിരെ കഴിഞ്ഞ ദിവസം സ്വന്തമാക്കിയത്. ഈ നേട്ടം സ്വന്തമാക്കുന്ന അഞ്ചാമത്തെ ഇന്ത്യൻ താരമാണ് വിരാട് കോലി. സച്ചിൻ ടെൻഡുൽക്കർ, രാഹുൽ ദ്രാവിഡ്, സുനിൽ ഗവാസ്‌കർ, വിരേന്ദ്ര സെവാഗ് എന്നീ താരങ്ങളാണ് പട്ടികയിൽ കോലിക്ക് മുന്നിലുള്ളത്.

ലാറയെ മറികടന്ന് കിങ് : കൂടാതെ രാജ്യാന്തര ക്രിക്കറ്റിൽ ഓസ്‌ട്രേലിയക്കെതിരെ ഏറ്റുമധികം റണ്‍സ് നേടുന്ന താരങ്ങളുടെ പട്ടികയിൽ രണ്ടാം സ്ഥാനത്തേക്കെത്താനും കോലിക്കായി. 4729 റണ്‍സാണ് കോലി ഓസ്‌ട്രേലിയക്കെതിരെ സ്വന്തമാക്കിയിട്ടുള്ളത്. വെസ്റ്റ് ഇൻഡീസ് ഇതിഹാസം ബ്രയാൻ ലാറയെയാണ് കോലി മറികടന്നത്. സച്ചിൻ ടെൻഡുൽക്കർ മാത്രമാണ് ഈ നേട്ടത്തിൽ കോലിക്ക് മുന്നിലുള്ളത്. 6707 റണ്‍സാണ് സച്ചിൻ ഓസ്‌ട്രേലിയക്കെതിരെ സ്വന്തമാക്കിയിട്ടുള്ളത്.

പിടിമുറുക്കി ഇന്ത്യ : അതേസമയം അഹമ്മദാബാദ് ടെസ്റ്റിൽ ഓസ്‌ട്രേലിയക്കെതിരെ ഇന്ത്യ ശക്‌തമായി മുന്നേറുകയാണ്. ഓസീസിന്‍റെ ഒന്നാം ഇന്നിങ്‌സ് സ്‌കോറായ 480 റണ്‍സിനെതിരെ മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ മൂന്നാം ദിനം കളി അവസാനിപ്പിക്കുമ്പോൾ മൂന്ന് വിക്കറ്റ് നഷ്‌ടത്തിൽ 289 റണ്‍സ് എന്ന നിലയിലാണ്. ഓസീസ് സ്‌കോറിനേക്കാൾ 191 റണ്‍സ് പിറകിലാണ് ഇന്ത്യ ഇപ്പോൾ. 59 റണ്‍സുമായി കോലിയും 16 റണ്‍സുമായി ജഡേജയുമാണ് ക്രീസിൽ.

ഓപ്പണർ ശുഭ്‌മാൻ ഗില്ലിന്‍റെ സെഞ്ച്വറി മികവിലാണ് ഇന്ത്യ മികച്ച സ്‌കോറിലേക്കെത്തിയത്. ടെസ്റ്റിലെ തന്‍റെ രണ്ടാം സെഞ്ച്വറി പൂർത്തിയാക്കിയ ഗിൽ 235 പന്തിൽ 128 റണ്‍സ് നേടി പുറത്താവുകയായിരുന്നു. ക്യാപ്‌റ്റൻ രോഹിത് ശർമ 35 റണ്‍സുമായും ചേതേശ്വർ പുജാര 42 റണ്‍സുമായും ഗില്ലിന് മികച്ച പിന്തുണ നൽകി. ഇതിനിടെ ടെസ്റ്റിൽ ഓസ്‌ട്രേലിയക്കെതിരെ 2000 റണ്‍സ് എന്ന നേട്ടവും ചേതേശ്വർ പുജാര സ്വന്തമാക്കി.

നേരത്തെ ആദ്യം ബാറ്റ് ചെയ്‌ത ഓസ്‌ട്രേലിയ ഉൻമാൻ ഖവാജയുടേയും, കാമറൂണ്‍ ഗ്രീനിന്‍റെയും സെഞ്ച്വറി മികവിലാണ് കൂറ്റൻ സ്‌കോർ കണ്ടെത്തിയത്. ഖവാജ 180 റണ്‍സും ഗ്രീൻ 114 റണ്‍സും നേടി പുറത്തായി. നഥാൻ ലിയോണും(34), ടോഡ് മർഫിയും(41) വാലറ്റത്ത് പിടിച്ചുനിന്നതും ഓസീസിന് ഗുണം ചെയ്‌തു. ആറ് വിക്കറ്റ് വീഴ്‌ത്തിയ രവിചന്ദ്രൻ അശ്വിനാണ് ഓസ്‌ട്രേലിയയെ പിടിച്ചുകെട്ടിയത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.