ETV Bharat / sports

IND vs AUS: ഇന്ത്യ- ഓസ്‌ട്രേലിയ രണ്ടാം ഏകദിനം ഇന്ന്; വിശാഖപട്ടണത്ത് മഴ രസം കൊല്ലിയായേക്കും, സാധ്യത ഇലവന്‍ അറിയാം

author img

By

Published : Mar 19, 2023, 11:29 AM IST

ഓസ്‌ട്രേലിയ രണ്ടാം ഏകദിനത്തിനുള്ള ഇന്ത്യന്‍ ടീമിലേക്ക് ക്യാപ്റ്റന്‍ രോഹിത് ശര്‍മ മടങ്ങിയെത്തും. ഇതോടെ ഇഷാന്‍ കിഷനാവും പ്ലെയിങ് ഇലവനില്‍ നിന്നും പുറത്താവുക.

IND vs AUS Predicted XI  IND vs AUS 2nd ODI  India vs Australia  India vs Australia Weather Report  Visakhapatnam Weather Report  ഇന്ത്യ vs ഓസ്‌ട്രേലിയ  വിശാഖപട്ടണം കാലാവസ്ഥ  രോഹിത് ശര്‍മ  ഡേവിഡ് വാര്‍ണര്‍  Rohit Sharma  David Warner  IND vs AUS
ഇന്ത്യ- ഓസ്‌ട്രേലിയ രണ്ടാം ഏകദിനം ഇന്ന്

വിശാഖപട്ടണം: ഇന്ത്യ-ഓസ്‌ട്രേലിയ രണ്ടാം ഏകദിനം ഇന്ന്. വിശാഖപട്ടണത്തെ ഡോ. വൈഎസ് രാജ റെഡ്ഡി ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ ഉച്ചയ്ക്ക്‌ 1.30 മുതലാണ് മത്സരം ആരംഭിക്കുക. മുംബൈയിലെ വാങ്കഡെയില്‍ നടന്ന ആദ്യ മത്സരം വിജയിച്ച ഇന്ത്യയ്‌ക്ക് വിശാഖപട്ടണത്തും ജയം പിടിക്കാന്‍ കഴിഞ്ഞാല്‍ മൂന്ന് മത്സര പരമ്പര സ്വന്തമാക്കാം. സ്ഥിരം നായകന്‍ രോഹിത് ശര്‍മ ടീമിലേക്ക് മടങ്ങിയെത്തുന്നത് ആതിഥേയര്‍ക്ക് കരുത്താവും.

ഇതോടെ ഇഷാന്‍ കിഷനാവും പ്ലെയിങ് ഇലവനില്‍ നിന്നും പുറത്താവുക. രോഹിത് കളിക്കാതിരുന്നതോടെ ആദ്യ ഏകദിനത്തില്‍ ഹാർദിക് പാണ്ഡ്യയായിരുന്നു ടീമിനെ നയിച്ചത്. ഹാര്‍ദിക്കിന് കീഴില്‍ മുംബൈയില്‍ അഞ്ച് വിക്കറ്റിന്‍റെ ജയമായിരുന്നു ഇന്ത്യ നേടിയത്. സന്ദര്‍ശകര്‍ ഉയര്‍ത്തിയ 189 റണ്‍സ് വിജയലക്ഷ്യം പത്ത് ഓവര്‍ ബാക്കിനില്‍ക്കെ ആതിഥേയര്‍ മറികടക്കുകയായിരുന്നു.

ഓസീസ് പേസര്‍മാര്‍ക്ക് മുന്നില്‍ ടോപ്‌ ഓര്‍ഡര്‍ ബാറ്റര്‍മാര്‍ മുട്ടിടിച്ച് തിരിച്ച് കയറിതോടെ ആറാം വിക്കറ്റില്‍ ഒത്തുചേര്‍ന്ന് കെഎല്‍ രാഹുലും രവീന്ദ്ര ജഡേയും ചേര്‍ന്നാണ് ഇന്ത്യയെ വിജയ തീരത്തേക്ക് എത്തിച്ചത്. ഇരുവരും ചേര്‍ന്ന് 108 റണ്‍സിന്‍റെ അപരാജിത കൂട്ടുകെട്ടുയര്‍ത്തിയിരുന്നു.

മടങ്ങിയെത്തുന്ന രോഹിത്തിനൊപ്പം ശുഭ്‌മാന്‍ ഗില്‍ തന്നെയാവും ഓപ്പണിങ്ങിനിറങ്ങുക. തുടര്‍ന്ന് വിരാട് കോലിയും നാലാം നമ്പറില്‍ സൂര്യകുമാര്‍ യാദവും കളിക്കാനിറങ്ങും. ഒന്നാം ഏകദിനത്തില്‍ ഇരുവരും നിരാശപ്പെടുത്തിയിരുന്നു. സൂര്യയാവട്ടെ അക്കൗണ്ട് തുറക്കും മുമ്പായിരുന്നു തിരിച്ച് കയറിയത്.

ടി20 ക്രിക്കറ്റില്‍ ലോക ഒന്നാം നമ്പര്‍ താരമാണെങ്കിലും ഏകദിനത്തില്‍ കാര്യമായ പ്രകടനം നടത്താന്‍ ഇതേവരെ സൂര്യയ്‌ക്ക് കഴിഞ്ഞിട്ടില്ല. 15 ഏകദിനങ്ങള്‍ കളിച്ചുവെങ്കിലും ഒരു അര്‍ധ സെഞ്ചുറി നേടാന്‍ പോലും സൂര്യയ്‌ക്ക് കഴിഞ്ഞിട്ടില്ല. അഞ്ചാം നമ്പറിലെത്തുന്ന കെഎല്‍ രാഹുല്‍ ഫോമിലേക്ക് മടങ്ങിയെത്തിയത് ഇന്ത്യയ്‌ക്ക് ഏറെ പ്രതീക്ഷ നല്‍കുന്നതാണ്. ഓസീസിനെതിരായ ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫി പരമ്പരയില്‍ കളിച്ച മൂന്ന് ഇന്നിങ്‌സിലും അമ്പേ പരാജയമായ താരം അപരാജിത അര്‍ധ സെഞ്ചുറിയുമായായിരുന്നു മുംബൈയില്‍ ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചത്.

പിന്നാലെ ഹാര്‍ദിക് പാണ്ഡ, രവീന്ദ്ര ജഡേജ, ശാര്‍ദുല്‍ താക്കൂര്‍ എന്നിവരാവും ക്രീസിലെത്തുക. ബാറ്റുകൊണ്ടും ബോളുകൊണ്ടും തിളങ്ങാന്‍ കഴിയുന്ന ഇവരുടെ പ്രകടനം ഇന്ത്യയ്‌ക്ക് ഏറെ നിര്‍ണായകമാണ്. സ്‌പെഷ്യലിസ്റ്റ് സ്‌പിന്നറായി കുല്‍ദീപ് യാദവ് തുടരുമ്പോള്‍ മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ് എന്നിവര്‍ക്കാവും പേസ് യൂണിറ്റിന്‍റെ ചുമതല.

മറുവശത്ത് ഓസീസ് നിരയില്‍ മാറ്റത്തിന് സാധ്യതയുണ്ട്. പരിക്ക് മാറി ഡേവിഡ‍് വാര്‍ണര്‍ മടങ്ങിയെത്തുമ്പോള്‍ മാര്‍ക്കസ് സ്റ്റോയിനിസ് പ്ലേയിങ്‌ ഇലവനില്‍ നിന്നും പുറത്താവാനാണ് സാധ്യത. വിക്കറ്റ് കീപ്പര്‍ അലക്‌സ് ക്യാരിയും ടീമില്‍ ഇടം നേടിയേക്കും. ഇതോടെ ജോഷ് ഇംഗ്ലിസിനാവും പുറത്തിരിക്കേണ്ടി വരിക. വാര്‍ണര്‍ ഓപ്പണറാവുന്നതോടെ മുംബൈയില്‍ തകര്‍പ്പന്‍ അര്‍ധ സെഞ്ചുറി നേടിയ മിച്ചല്‍ മാര്‍ഷ് മൂന്നാം നമ്പറിലാവും ഇറങ്ങുക.

കാലാവസ്ഥ: ഇന്ത്യ-ഓസ്‌ട്രേലിയ രണ്ടാം ഏകദിനത്തിന് മഴ ഭീഷണിയുണ്ടെന്നാണ് കാലാവസ്ഥ പ്രവചനം. ഞായറാഴ്‌ച വിശാഖപട്ടണത്തിന് ഇടി മിന്നലോട് കൂടിയ മഴയ്‌ക്ക് 31 ശതമാനം മുതല്‍ 51 ശതമാനം വരെ സാധ്യതയുണ്ട്. അന്തരീക്ഷം മൊത്തത്തിൽ മേഘാവൃതമായിരിക്കും. എന്നിരുന്നാലും, ഏകദേശം വൈകീട്ട് അഞ്ച് മണി മുതലാണ് മഴ പ്രതീക്ഷിക്കുന്നത്.

ALSO READ: സൂര്യയോ, ബട്‌ലറോ അല്ല; ടി20യിലെ തന്‍റെ വമ്പന്‍ റെക്കോഡ് പൊളിക്കുക ഈ 30കാരനെന്ന് ക്രിസ് ഗെയ്‌ൽ

സാധ്യത ഇലവന്‍

ഇന്ത്യ: രോഹിത് ശര്‍മ, ശുഭ്‌മാന്‍ ഗില്‍, വിരാട് കോലി, സൂര്യകുമാര്‍ യാദവ്, കെഎല്‍ രാഹുല്‍, ഹാര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, കുല്‍ദീപ് യാദവ്, ശാര്‍ദുല്‍ താക്കൂര്‍, മുഹമ്മദ് സിറാജ്, മുഹമ്മദ് ഷമി.

ഓസ്‌ട്രേലിയ: ഡേവിഡ് വാര്‍ണര്‍, ട്രാവിസ് ഹെഡ്, മിച്ചല്‍ മാര്‍ഷ്, സ്റ്റീവ് സ്‌മിത്ത് (സി), മാര്‍നസ് ലബുഷെയ്‌ന്‍, കാമറൂണ്‍ ഗ്രീന്‍, ഗ്ലെന്‍ മാക്‌സ്‌വെല്‍, അലക്‌സ് ക്യാരി (വിക്കറ്റ് കീപ്പര്‍), ആദം സാംപ, ഷോണ്‍ അബോട്ട്, മിച്ചല്‍ സ്റ്റാര്‍ക്ക്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.