ETV Bharat / sports

വനിത ടി20 ലോകകപ്പ് : ഇംഗ്ലണ്ടിന് മുന്നിൽ പതറി ഇന്ത്യൻ വനിതകൾ, ടൂർണമെന്‍റിലെ ആദ്യ തോൽവി

author img

By

Published : Feb 18, 2023, 10:56 PM IST

ICC Womens T20 World Cup  ICC Womens T20 WC ENGLAND BEAT INDIA  India vs England  ഇംഗ്ലണ്ടിനോട് ഇന്ത്യക്ക് തോൽവി  സ്‌മൃതി മന്ദാന  റിച്ച ഘോഷ്  രേണുക സിങ്  ഇംഗ്ലണ്ടിന് മുന്നിൽ പതറി ഇന്ത്യൻ വനിതകൾ
ഇംഗ്ലണ്ടിന് മുന്നിൽ പതറി ഇന്ത്യൻ വനിതകൾ

ഇംഗ്ലണ്ടിന്‍റെ 152 റണ്‍സ് വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ ഇന്ത്യക്ക് അഞ്ച് വിക്കറ്റ് നഷ്‌ടത്തിൽ 140 റണ്‍സേ നേടാനായുള്ളൂ

കേപ്‌ടൗണ്‍ : ഐസിസി വനിത ടി20 ലോകകപ്പിൽ ഇന്ത്യൻ വനിതകൾക്ക് ആദ്യ തോൽവി. കരുത്തരായ ഇംഗ്ലണ്ടിനെതിരെ 11 റണ്‍സിനാണ് ഇന്ത്യ തോൽവി വഴങ്ങിയത്. ഇംഗ്ലണ്ടിന്‍റെ 152 റണ്‍സ് വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ ഇന്ത്യക്ക് 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്‌ടത്തിൽ 140 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ. ഇന്ത്യൻ നിരയിൽ അർധ സെഞ്ച്വറി നേടിയ സ്‌മൃതി മന്ദാനയ്‌ക്കും(52), റിച്ച ഘോഷിനും(47) മാത്രമേ തിളങ്ങാനായുള്ളൂ.

ഇംഗ്ലണ്ടിന്‍റെ 152 റണ്‍സ് വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ ഇന്ത്യക്ക് മൂന്നാം ഓവറിൽ തന്നെ ആദ്യ വിക്കറ്റ് നഷ്‌ടമായി. 8 റണ്‍സുമായി ഓപ്പണർ ഷഫാലി വർമയാണ് പുറത്തായത്. താരത്തെ സാറ ഗ്ലെന്നിന്‍റെ പന്തിൽ നാറ്റ് സിവർ-ബ്രണ്ട് ക്യാച്ചെടുത്ത് പുറത്താക്കുകയായിരുന്നു. തുടക്കം പാളിയതോടെ പിന്നാലെ ക്രിസീലെത്തിയ ജമീമ റോഡ്രിഗസിനെ കൂട്ടുപിടിച്ച് സ്‌മൃതി മന്ദാന സ്‌കോർ ഉയർത്തി. ഇരുവരും ചേർന്ന് ടീം സ്‌കോർ 50 കടത്തി.

എന്നാൽ ടീം സ്‌കോർ 57ൽ നിൽക്കെ ജമീമ റോഡ്രിഗസിനെ ഇന്ത്യക്ക് നഷ്‌ടമായി. 13 റണ്‍സ് നേടിയ താരവും സാറ ഗ്ലെന്നിന്‍റെ പന്തിൽ പുറത്താവുകയായിരുന്നു. തുടർന്ന് ക്രീസിലെത്തിയ ക്യാപ്‌റ്റൻ ഹർമൻപ്രീത് കൗറിനും നിലയുറപ്പിക്കാനായില്ല. 4 റണ്‍സ് നേടിയ താരം സോഫിയുടെ പന്തിൽ ആലിസ് ക്യാപ്‌സിക്ക് ക്യാച്ച് നൽകി മടങ്ങുകയായിരുന്നു. ഇതോടെ ഇന്ത്യ 10.2 ഓവറിൽ 3 വിക്കറ്റ് നഷ്‌ടത്തിൽ 62 റണ്‍സ് എന്ന നിലയിലായി.

എന്നാൽ തുടർന്ന് ക്രീസിലെത്തിയ റിച്ച ഘോഷ് സ്‌മൃതി മന്ദാനയെ കൂട്ടുപിടിച്ച് കളം നിറഞ്ഞതോടെ ഇന്ത്യൻ സ്‌കോർ വേഗത്തിലായി. ഇരുവരും ചേർന്ന് നാലാം വിക്കറ്റിൽ നിർണായകമായ 43റണ്‍സ് കൂട്ടിച്ചേർത്തു. ഇതോടെ ടീം സ്‌കോർ 100 കടന്നു. പക്ഷേ വിജയത്തിലേക്ക് നീങ്ങിക്കൊണ്ടിരുന്ന ഇന്ത്യക്ക് 15-ാം ഓവറിലെ അവസാന പന്തിൽ സ്‌മൃതി മന്ദാനയെ നഷ്‌ടമായത് വലിയ തിരിച്ചടിയായി.

41 പന്തിൽ 7 ഫോറും ഒരു സിക്‌സും ഉൾപ്പടെ 52 റണ്‍സ് നേടിയ മന്ദാനയെ സാറ ഗ്ലെൻ പുറത്താക്കുകയായിരുന്നു. പിന്നാലെയെത്തിയ ദീപ്‌തി ശർമയും(7) അധികം വൈകാതെ മടങ്ങി. ഇതോടെ പൂജ വസ്‌ത്രാർക്കറെ കൂട്ടുപിടിച്ച് റിച്ച ഘോഷ് തകർത്തടിച്ചെങ്കിലും ഇന്ത്യയെ വിജയത്തിലേക്കെത്തിക്കാനായില്ല. അവസാന ഓവറിൽ 31 റണ്‍സായിരുന്നു ഇന്ത്യക്ക് വിജയിക്കാൻ വേണ്ടിയിരുന്നത്. എന്നാൽ 20 റണ്‍സേ നേടാനായുള്ളൂ.

അഞ്ച് വിക്കറ്റുമായി രേണുക സിങ്: നേരത്തെ ആദ്യം ബാറ്റ് ചെയ്‌ത ഇംഗ്ലണ്ട് നാറ്റ് സൈവര്‍ ബ്രണ്ടിന്‍റെയും എമി ജോണ്‍സിന്‍റേയും ഹീതര്‍ നൈറ്റിന്‍റേയും ബാറ്റിംഗ് മികവിലാണ് 20 ഓവറില്‍ 7 വിക്കറ്റ് നഷ്‌ടത്തില്‍ 151 റണ്‍സെടുത്തത്. നാറ്റ് സൈവര്‍ 42 പന്തില്‍ 50 റണ്‍സ് നേടിയപ്പോൾ എമി ജോണ്‍സ് 27 പന്തില്‍ 40 റണ്‍സ് നേടി.

മൂന്നാം പന്തിൽ തന്നെ ഓപ്പണർ ഡാനിയേല വ്യാറ്റിനെ പൂജ്യത്തിന് പുറത്താക്കി രേണുക സിങ്‌ ആദ്യ പ്രഹരം നൽകി. പിന്നാലെ തന്‍റെ രണ്ടാം ഓവറിൽ മറ്റൊരു ഓപ്പണർ സോഫിയ ഡങ്ക്ലിയെയും (10) പുറത്താക്കി രേണുക ഇംഗ്ലണ്ടിന് ഇരട്ട പ്രഹരം സമ്മാനിച്ചു. അധികം വൈകാതെ ആലിസ് ക്യാപ്‌സിയെ(3) കൂടി രേണുക പുറത്താക്കിയതോടെ ഇംഗ്ലണ്ട് 4.4 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്‌ടത്തിൽ 29 റണ്‍സ് എന്ന നിലയിൽ തകർന്നു.

എന്നാൽ തുടർന്ന് ക്രീസിലൊന്നിച്ച നാറ്റ് സൈവര്‍ ബ്രണ്ടും ക്യാപ്‌റ്റൻ ഹെയ്‌തർ നൈറ്റും(28) ചേർന്ന് ഇംഗ്ലണ്ടിനെ കരകയറ്റുകയായിരുന്നു. ഇരുവരും ചേർന്ന് 51 റണ്‍സിന്‍റെ തകർപ്പൻ കൂട്ടുകെട്ടാണ് പടുത്തുയർത്തിയത്. ടീം സ്‌കോർ 80ൽ നിൽക്കെ ഹെയ്‌തർ നൈറ്റ് പുറത്തായെങ്കിലും തുടർന്നെത്തിയ നാറ്റ് സൈവർ തകർപ്പൻ ഷോട്ടുകളുമായി സ്‌കോർ ഉയർത്തുകയായിരുന്നു. ഇന്ത്യയ്ക്കാ‌യി രേണുക സിങ് 5 വിക്കറ്റ് വീഴ്‌ത്തിയപ്പോൾ ശിഖ പാണ്ഡെ, ദീപ്‌തി ശർമ എന്നിവർ ഓരോ വിക്കറ്റും നേടി.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.