ETV Bharat / sports

"ഇങ്ങനെയെങ്കില്‍ ടീമിന് എങ്ങനെ അവളില്‍ പ്രതീക്ഷ വയ്‌ക്കാന്‍ കഴിയും"; സ്‌മൃതി മന്ദാനയ്‌ക്കെതിരെ അഞ്ജും ചോപ്ര

author img

By

Published : Feb 24, 2023, 4:11 PM IST

Anjum Chopra against Smriti Mandhana  ICC Women T20 World Cup  Anjum Chopra  Smriti Mandhana  india vs australia  സ്‌മൃതി മന്ദാനയ്‌ക്കെതിരെ അഞ്ജും ചോപ്ര  അഞ്ജും ചോപ്ര  സ്‌മൃതി മന്ദാന  വനിത ടി20 ലോകകപ്പ്
സ്‌മൃതി മന്ദാനയ്‌ക്കെതിരെ അഞ്ജും ചോപ്ര

വനിത ടി20 ലോകകപ്പ് സെമിയില്‍ ഓസ്‌ട്രേലിയയ്‌ക്കെതിരെ നിരാശജനകമായ പ്രകടനമാണ് സ്‌മൃതി മന്ദാന നടത്തിയത്. അഞ്ച് പന്തുകളില്‍ വെറും രണ്ട് റണ്‍സ് മാത്രമാണ് താരത്തിന് നേടാന്‍ കഴിഞ്ഞത്.

കേപ്‌ടൗണ്‍: വനിത ടി20 ലോകകപ്പ് സെമിയില്‍ ഇന്ത്യ ഓസ്‌ട്രേലിയയോട് തോറ്റുപുറത്തായിരുന്നു. വാശിയേറിയ മത്സരത്തില്‍ അഞ്ച് റണ്‍സിനായിരുന്നു ഇന്ത്യ തോല്‍വി വഴങ്ങിയത്. ഇതിന് പിന്നാലെ ഇന്ത്യന്‍ വൈസ് ക്യാപ്റ്റനും ഓപ്പണറുമായ സ്‌മൃതി മന്ദാനയ്‌ക്കെതിരെ വിമര്‍ശനവുമായി രംഗത്തെത്തിയിരിക്കുകയാണ് മുന്‍ താരം അഞ്ജും ചോപ്ര.

മത്സരത്തില്‍ സ്‌മൃതി ഉള്‍പ്പെടെയുള്ള ഇന്ത്യയുടെ ടോപ് ഓര്‍ഡര്‍ ബാറ്റര്‍മാര്‍ നിരാശാജനകമായ പ്രകടനമാണ് നടത്തിയത്. അഞ്ച് പന്തില്‍ വെറും രണ്ട് റണ്‍സ് മാത്രമെടുത്ത സ്‌മൃതിയെ ആഷ്‌ലീ ഗാർഡ്‌നർ വിക്കറ്റിന് മുന്നില്‍ കുടുക്കുകയായിരുന്നു. ആഷ്‌ലീയ്‌ക്ക് മുന്നില്‍ ഇത് നാലാം തവണയാണ് 26കാരി പരാജയപ്പെട്ടിരിക്കുന്നതെന്നാണ് അഞ്ജും ചോപ്ര ചൂണ്ടിക്കാട്ടിയിരിക്കുന്നത്.

ഒരേ ബോളര്‍ക്ക് മുന്നില്‍ തുടര്‍ച്ചയായി പരാജയപ്പെടുന്ന ഒരു ബാറ്ററില്‍ എങ്ങനെയാണ് ടീം പ്രതീക്ഷ വയ്‌ക്കുകയെന്നാണ് അഞ്ജും ചോപ്ര ചോദിക്കുന്നത്. ഓസീസ് ഉയര്‍ത്തിയ 173 എന്ന വിജയ ലക്ഷ്യം ഇന്ത്യയ്‌ക്ക് നേടാന്‍ കഴിയുന്നതായിരുന്നുവെന്നും അഞ്ജും ചോപ്ര പറഞ്ഞു. ഓസീസിനെതിരെ നേരത്തെ 180 റൺസ് പിന്തുടർന്നിട്ടുള്ള ഇന്ത്യയ്‌ക്ക് ടോപ് ഓര്‍ഡര്‍ ബാറ്റര്‍മാരുടെ മോശം പ്രകടനമാണ് തിരിച്ചടിയയാതെന്നും അവര്‍ ആവര്‍ത്തിച്ചു.

"ഓസ്‌ട്രേലിയയ്‌ക്കെതിരെ മുമ്പ് 180 റൺസ് പിന്തുടർന്നതിനാൽ ഇന്ത്യക്ക് നേടാനാവുമായിരുന്ന ലക്ഷ്യമായിരുന്നു 173 റണ്‍സ് എന്നത്. ഷഫാലി വർമയും സ്മൃതി മന്ദാനയും ഇന്ത്യക്ക് മികച്ച തുടക്കം നൽകുമ്പോഴെല്ലാം ടീം വ്യത്യസ്തമായ പ്രകടനമാണ് നടത്തുന്നത്. പക്ഷേ, ആഗ്രഹിച്ച തുടക്കം ഇന്ത്യയ്ക്ക് ലഭിച്ചില്ല" മുന്‍ താരം പറഞ്ഞു.

ന്യൂലാന്‍ഡ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ടോസ് നേടി ബാറ്റു ചെയ്യാനിറങ്ങിയ ഓസീസ് നാല് വിക്കറ്റ് നഷ്‌ടത്തില്‍ 172 റണ്‍സാണ് നേടിയിരുന്നത്. മറുപടിക്കിറങ്ങിയ ഇന്ത്യയ്‌ക്ക് നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റ് നഷ്‌ടത്തില്‍ 167 റണ്‍സാണ് നേടാന്‍ കഴിഞ്ഞത്. അര്‍ധ സെഞ്ചുറിയുമായി പൊരുതുകയായിരുന്ന ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗര്‍ നിര്‍ഭാഗ്യകരമായി റണ്ണൗട്ടായതാണ് മത്സരത്തില്‍ വഴിത്തിരിവായത്.

തുടക്കം തന്നെ ഷഫാലി വര്‍മ, സ്‌മൃതി മന്ദാന, യാസ്‌തിക ഭാട്ടിയ എന്നിവര്‍ നിരാശപ്പെടുത്തിയതോടെ 3.4 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്‌ടത്തിൽ 28 റണ്‍സ് എന്ന നിലയിലേക്ക് ഇന്ത്യ വീണിരുന്നു. തുടര്‍ന്ന് ഒന്നിച്ച ജെമീമ റോഡ്രിഗസും ക്യാപ്‌റ്റൻ ഹർമൻ പ്രീത് കൗറും ചേർന്നാണ് ഇന്ത്യയുടെ പോരാട്ടം തുടങ്ങി വച്ചത്.

എന്നാൽ ജമീമ റോഡ്രിഗസിനെ വീഴ്‌ത്തി ഡാർസി ബ്രൗണ്‍ ഈ കൂട്ടുകെട്ട് പൊളിച്ചു. 24 പന്തിൽ 6 ഫോറുകൾ ഉൾപ്പടെ 43 റണ്‍സാണ് ജെമീമ നേടിയത്. നാലാം വിക്കറ്റില്‍ ജെമീമയും ഹര്‍മനും ചേര്‍ന്ന് 69 റണ്‍സിന്‍റെ നിർണായക കൂട്ടുകെട്ടാണ് പടുത്തുയർത്തിയത്.

തുടർന്നിറങ്ങിയ റിച്ച ഘോഷിനെ കൂട്ടുപിടിച്ച് സ്‌കോര്‍ ഉയര്‍ത്തവെ ഹർമൻപ്രീത് റണ്ണൗട്ടായത് ഇന്ത്യയ്‌ക്ക് വമ്പന്‍ തിച്ചടിയായി. 34 പന്തിൽ ആറ് ഫോറും ഒരു സിക്‌സും സഹിതം 52 റണ്‍സായിരുന്നു താരത്തിന്‍റെ സംഭാവന. ഹര്‍മന്‍ തിരികെ കയറുമ്പോള്‍ 32 പന്തുകളില്‍ വെറും 40 റണ്‍സ് മാത്രമായിരുന്നു ഇന്ത്യയ്‌ക്ക് വിജയത്തിനായി വേണ്ടിയിരുന്നത്.

എന്നാല്‍ തുടര്‍ന്നെത്തിയ താരങ്ങള്‍ക്ക് ടീമിന് വിജയത്തിലേക്ക് നയിക്കാന്‍ കഴിഞ്ഞില്ല. വിജയത്തോടെ തുടർച്ചയായ ആറാം തവണയും ടി20 ലോകകപ്പിന്‍റെ ഫൈനലിൽ ഇടം നേടാന്‍ ഓസ്‌ട്രേലിയയ്‌ക്ക് കഴിഞ്ഞു. കഴിഞ്ഞ പതിപ്പിന്‍റെ ഫൈനലില്‍ ഇന്ത്യ ഓസീസിനോട് തോല്‍വി വഴങ്ങിയിരുന്നു.

ALSO READ: Watch: നിര്‍ഭാഗ്യകരമായി റണ്ണൗട്ടായി; നിരാശയില്‍ ബാറ്റ് വലിച്ചെറിഞ്ഞ് ഹര്‍മന്‍പ്രീത് കൗര്‍

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.