ETV Bharat / sports

ICC Test Rankings | ഒന്നാം നമ്പറില്‍ തിരിച്ചെത്തി കെയ്‌ന്‍ വില്യംസണ്‍, സ്‌മിത്ത് തൊട്ടുപിറകില്‍, ബോളര്‍മാരില്‍ തലപ്പത്ത് അശ്വിന്‍ തന്നെ

author img

By

Published : Jul 5, 2023, 9:54 PM IST

ഐപിഎല്ലിനിടെ പരിക്കേറ്റ കെയ്‌ന്‍ വില്യംസണ്‍ കഴിഞ്ഞ മൂന്ന് മാസമായി ഗ്രൗണ്ടിന് പുറത്താണ്. 2021-ന് ശേഷം ഇതാദ്യമായാണ് കിവീസ് താരം വീണ്ടും ഒന്നാമതെത്തുന്നത്

ICC Test Rankings  Kane Williamson  Kane Williamson Test Ranking  Steve Smith Test Ranking  Steve Smith  R Ashwin  R Ashwin Test Rankings  കെയ്‌ന്‍ വില്യംസണ്‍  ഐസിസി ടെസ്റ്റ് റാങ്കിങ്  ആര്‍ അശ്വിന്‍  സ്‌റ്റീവ് സ്‌മിത്ത്  ആര്‍ അശ്വിന്‍ ടെസ്റ്റ് റാങ്കിങ്
ഒന്നാം നമ്പറില്‍ തിരിച്ചെത്തി കെയ്‌ന്‍ വില്യംസണ്‍

ദുബായ് : ഐസിസിയുടെ പുതിയ ടെസ്റ്റ് റാങ്കിങ് പുറത്തുവിട്ടു. ബാറ്റര്‍മാരുടെ പട്ടികയില്‍ ഒരു സ്ഥാനം ഉയര്‍ന്ന് ന്യൂസിലന്‍ഡ് ബാറ്റര്‍ കെയ്‌ന്‍ വില്യംസണ്‍ ഒന്നാം റാങ്ക് തിരികെ പിടിച്ചു. 2021-ന് ശേഷം ആദ്യമായിട്ടാണ് വില്യംസണ്‍ ഒന്നാമതെത്തുന്നത്.

ഐപിഎല്ലിനിടെ പരിക്കേറ്റ കിവീസ് താരം കഴിഞ്ഞ മൂന്ന് മാസമായി കളിക്കളത്തിന് പുറത്താണ്. 883 പോയിന്‍റാണ് കെയ്‌ന്‍ വില്യംസണുള്ളത്. കഴിഞ്ഞ തവണത്തെ റാങ്കിങ്ങില്‍ ഒന്നാം സ്ഥാനത്തുണ്ടായിരുന്ന ഇംഗ്ലണ്ടിന്‍റെ ജോ റൂട്ട് നാലാം സ്ഥാനത്തേക്ക് വീണപ്പോള്‍ നാല് സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തിയ ഓസ്‌ട്രേലിയയുടെ സ്റ്റീവ് സ്‌മിത്ത് രണ്ടാം സ്ഥാനത്തേക്ക് കുതിച്ചെത്തി. നിലവില്‍ 882 റേറ്റിങ് പോയിന്‍റാണ് സ്‌മിത്തിനുള്ളത്.

ഇംഗ്ലണ്ടിനെതിരായ ആഷസ് പരമ്പരയിലെ രണ്ടാം ടെസ്റ്റിന്‍റെ സെഞ്ചുറിയുടെ മികവിലാണ് സ്‌മിത്ത് റാങ്കില്‍ മുന്നേറ്റം നടത്തിയത്. ലോര്‍ഡ്‌സില്‍ നടന്ന മത്സരത്തിന്‍റെ ആദ്യ ഇന്നിങ്‌സില്‍ 110 റണ്‍സും രണ്ടാം ഇന്നിങ്‌സില്‍ 34 റണ്‍സുമായിരുന്നു താരം നേടിയത്. പരമ്പരയില്‍ മൂന്ന് മത്സരങ്ങള്‍ ബാക്കി നില്‍ക്കെ കെയ്‌ന്‍ വില്യംസണെ പിന്തള്ളി ഒന്നാം സ്ഥാനത്ത് എത്താനുള്ള അവസരം സ്‌മിത്തിന് മുന്നിലുണ്ട്. മത്സരത്തില്‍ മികച്ച പ്രകടനം നടത്താന്‍ റൂട്ടിന് കഴിഞ്ഞിരുന്നില്ല. 10, 18 എന്നിങ്ങനെയായിരുന്നു രണ്ട് ഇന്നിങ്‌സിലുമായി സ്‌മിത്തിന് നേടാന്‍ കഴിഞ്ഞത്.

ഓസീസിന്‍റെ മാര്‍നസ് ലബുഷെയ്ന്‍, ട്രാവിസ് ഹെഡ് എന്നിവര്‍ യഥാക്രമം മൂന്നും നാലും സ്ഥാനങ്ങള്‍ നിലനിര്‍ത്തി. പാകിസ്ഥാന്‍ ക്യാപ്റ്റന്‍ ബാബര്‍ അസം ആറാം സ്ഥാനത്തുണ്ട്. ഓസീസിന്‍റെ ഉസ്മാന്‍ ഖവാജ, ന്യൂസിലന്‍ഡിന്‍റെ ഡാരില്‍ മിച്ചല്‍, ശ്രീലങ്കയുടെ ദിമുത് കരുണാരത്‌നെ, ഇന്ത്യയുടെ റിഷഭ് പന്ത് എന്നിവരാണ് യഥാക്രമം ഏഴ് മുതല്‍ പത്തുവരെയുള്ള സ്ഥാനങ്ങളില്‍. ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ 12-ാം റാങ്കിലും വിരാട് കോലി 14-ാം റാങ്കിലും തുടരുകയാണ്.

ലോര്‍ഡ്‌സില്‍ ഓസീസിനെതിരായ പ്രകടനത്തോടെ ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ബെന്‍ സ്‌റ്റോക്‌സും ബെന്‍ ഡക്കറ്റും നേട്ടമുണ്ടാക്കി. ഒമ്പത് സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തിയ സ്റ്റോക്‌സ് 23-ാം റാങ്കിലെത്തിയപ്പോള്‍ 24 സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തിയ ബെന്‍ ഡക്കറ്റ് 18-ാമതാണ് എത്തിയത്. ഓസീസ് ഓപ്പണര്‍ ഡേവിഡ് വാര്‍ണര്‍ നാല് സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി 26-ാം റാങ്കിലെത്തി.

ബോളര്‍മാരുടെ പട്ടികയില്‍ ഇന്ത്യയുടെ ആര്‍ അശ്വിന്‍ ഒന്നാം സ്ഥാനത്ത് തുടരുകയാണ്. 86 റേറ്റിങ്‌ പോയിന്‍റുമായാണ് അശ്വിന്‍ ഒന്നാമതുള്ളത്. രണ്ട് സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തിയ ഓസ്‌ട്രേലിയയുടെ പാറ്റ് കമ്മിന്‍സ് രണ്ടാം സ്ഥാനത്തേക്ക് എത്തി. 826 റേറ്റിങ് പോയിന്‍റാണ് ഓസീസ് നായകനുള്ളത്. രണ്ട് സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തിയ ഇംഗ്ലണ്ടിന്‍റെ ജെയിംസ് ആന്‍ഡേഴ്‌സണ്‍ നാലാം സ്ഥാനത്തേക്ക് താഴ്‌ന്നു.

ദക്ഷിണാഫ്രിക്കയുടെ കഗിസോ റബായാണ് മൂന്നാമത്. ഇംഗ്ലണ്ടിന്‍റെ ഒല്ലി റോബിന്‍സണ്‍ അഞ്ചാമത് തുടരുകയാണ്. ഒരു സ്ഥാനം മെച്ചപ്പെടുത്തിയ പാക് പേസര്‍ ഷഹീന്‍ ഷാ അഫ്രീദി ആറാം സ്ഥാനത്തേക്ക് കയറിയപ്പോള്‍ ഓസീസ് താരം നഥാന്‍ ലിയോണ്‍ ഏഴാം സ്ഥാനത്തേക്കിറങ്ങി. ഇന്ത്യയുടെ ജസ്പ്രീത് ബുംറ, രവീന്ദ്ര ജഡേജ, ഇംഗ്ലണ്ടിന്‍റെ സ്റ്റുവര്‍ട്ട് ബ്രോഡ് എന്നിവര്‍ എട്ട് മുതല്‍ 10 വരെയുള്ള സ്ഥാനങ്ങളില്‍ തുടരുകയാണ്.

ALSO READ: 'സ്റ്റോക്‌സിന്‍റെ ആ കഴിവ് ധോണിയുടേതിന് സമം' ; താരതമ്യവുമായി റിക്കി പോണ്ടിങ്

ഓള്‍ റൗണ്ടര്‍മാരുടെ പട്ടികയില്‍ ഇന്ത്യയുടെ രവീന്ദ്ര ജഡേജ, ആര്‍ അശ്വിന്‍, ബംഗ്ലാദേശിന്‍റെ ഷാക്കിബ് അല്‍ ഹസന്‍ എന്നിവര്‍ യഥാക്രമം ഒന്ന് മുതല്‍ മൂന്ന് വരെയുള്ള സ്ഥാനത്ത് തുടരുകയാണ്. ഇംഗ്ലണ്ടിന്‍റെ ബെന്‍ സ്റ്റോക്‌സ് ഒരു സ്ഥാനം മെച്ചപ്പെടുത്തി നാലാം സ്ഥാനത്തേക്ക് കയറിയപ്പോള്‍ ഇന്ത്യയുടെ അക്‌സര്‍ പട്ടേല്‍ അഞ്ചാം റാങ്കിലേക്ക് താഴ്‌ന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.