ETV Bharat / sports

IPL 2023 | കുട്ടിപ്പൂരത്തിന് വർണാഭമായ തുടക്കം ; ആദ്യ മത്സരത്തിൽ ടോസ് ഗുജറാത്തിന്, ചെന്നൈയെ ബാറ്റിങ്ങിനയച്ചു

author img

By

Published : Mar 31, 2023, 7:25 PM IST

Updated : Mar 31, 2023, 8:56 PM IST

ടോസ് നേടിയ ഗുജറാത്ത് ടൈറ്റൻസ് നായകൻ ഹാർദിക് പാണ്ഡ്യ ചെന്നൈയെ ബാറ്റിങ്ങിനയക്കുകയായിരുന്നു.

IPL 2023  Indian premier league  ഇന്ത്യൻ പ്രീമിയർ ലീഗ്  ഐപിഎൽ  ധോണി  ഹാർദിക് പാണ്ഡ്യ  എംഎസ് ധോണി  Dhoni  MS Dhoni  Ipl toss report  Gujarat Titans VS Chennai super kings  GT VS CSK
ഐപിഎൽ 2023

അഹമ്മദാബാദ് : ഇന്ത്യൻ പ്രീമിയർ ലീഗിന്‍റെ 16-ാം സീസണിന് വർണാഭമായ തുടക്കം. ആദ്യ മത്സരത്തിൽ ടോസ് നേടിയ ഗുജറാത്ത് ടൈറ്റൻസ് നായകൻ ഹാർദിക് പാണ്ഡ്യ ചെന്നൈ സൂപ്പർ കിങ്‌സിനെ ബാറ്റിങ്ങിനയച്ചു. ഗുജറാത്തിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ തിങ്ങിനിറഞ്ഞ ഒരു ലക്ഷത്തോളം കാണികളുടെ ആർപ്പുവിളികളോടെയാണ് ക്രിക്കറ്റ് പൂരത്തിന് തുടക്കമായത്.

പ്രൗഢ ഗംഭീരമായിരുന്നു ഐപിഎൽ 16-ാം സീസണിന്‍റെ ഉത്‌ഘാടന ചടങ്ങ്. ബോളിവുഡ് ഗായകൻ അരിജിത് സിങ്ങിന്‍റെ സംഗീത പരിപാടിയോടെയായിരുന്നു ഉത്ഘാടന ചടങ്ങുകൾക്ക് തുടക്കമായത്. പിന്നാലെ ബോളിവുഡ് താരസുന്ദരിമാരായ തമന്ന ഭാട്ടിയ, രശ്‌മിക മന്ദാന തുടങ്ങിയവരുടെ നൃത്ത പരിപാടികളും അരങ്ങേറി. ശേഷം ഇരു ടീമുകളുടെയും നായകൻമാരെയും സ്റ്റേഡിയത്തിലേക്ക് ആനയിച്ചു.

നിലവിലെ ചാമ്പ്യൻമാരായ ഗുജറാത്ത് ടൈറ്റൻസിന്‍റെ ഹോം ഗ്രൗണ്ട് ആണെങ്കിൽ പോലും അഞ്ച് മണി മുതൽ തന്നെ സ്റ്റേഡിയം മഞ്ഞക്കടലായി മാറുന്ന കാഴ്‌ചയായിരുന്നു നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ. എംഎസ് ധോണിയുടെ പ്ലക്കാർഡുകളും ഫ്ലക്‌സ് ബോർഡുകളും ജഴ്‌സികളും അണിഞ്ഞാണ് ഒട്ടുമിക്ക കാണികളും സ്റ്റേഡിയത്തിലേക്കെത്തിയത്.

കരുത്തുറ്റ നിരയുമായാണ് ഇരു ടീമുകളും ഉദ്ഘാടന മത്സരത്തിനെത്തിയത്. മികച്ച ബാറ്റിങ് നിരയാണ് ചെന്നൈയുടെ കരുത്ത്. ഡെവോണ്‍ കോണ്‍വെ, റിതുരാജ് ഗെയ്‌ക്‌വാദ് ഓപ്പണിങ് സഖ്യം പവർപ്ലേയിൽ കൂറ്റൻ സ്‌കോറുകൾ നേടാൻ കെൽപ്പുള്ളവരാണ്. പിന്നാലെ എത്തുന്ന ബെൻ സ്റ്റോക്‌സ്, അമ്പാട്ടി റായ്‌ഡു, മൊയിൻ അലി എന്നിവർ മധ്യനിരയിൽ സ്കോർ ഉയർത്തും. എംഎസ് ധോണി, ശിവം ദുബെ, രവീന്ദ്ര ജഡേജ എന്നിവർ ഫിനിഷിങ്ങിലും തിളങ്ങിയാൽ ചെന്നൈയെ പിടിച്ചുകെട്ടാൻ ഗുജറാത്ത് പാടുപെടും.

എന്നാൽ ഗുജറാത്തിനെ അപേക്ഷിച്ച് കരുത്തുറ്റ ബോളിങ് നിര ഇല്ല എന്നതാണ് ചെന്നൈയുടെ വലിയൊരു പോരായ്‌മ. ദീപക് ചാഹർ, രാജ്‌വര്‍ധന്‍ ഹംഗാർഗേക്കർ എന്നീ രണ്ട് പേസർമാരുമായാണ് ചെന്നൈ ഇന്ന് കളത്തിലെത്തിയിരിക്കുന്നത്. മിച്ചൽ സാന്‍റ്നർ, രവീന്ദ്ര ജഡേജ എന്നിവർക്കാണ് സ്‌പിൻ നിരയുടെ ചുമതല.

അതേസമയം ശക്‌തമായ ബോളിങ് നിരയാണ് ഗുജറാത്തിന്‍റെ കരുത്ത്. മുഹമ്മദ് ഷമി, ജോഷ്വ ലിറ്റിൽ, യാഷ് ദയാൽ, അൽസാരി ജോസഫ് എന്നീ നാല് പേസർമാരുമായാണ് ഗുജറാത്ത് ആദ്യ മത്സരത്തിനെത്തിയിരിക്കുന്നത്. സ്‌പിൻ നിരയിൽ റാഷിദ് ഖാൻ, രാഹുൽ തെവാത്തിയ എന്നിവരും ചെന്നൈക്ക് വെല്ലുവിളി ഉയർത്തിയേക്കും.

പവർ ഹിറ്റർമാർ കുറവാണെങ്കിൽ പോലും ഗുജറാത്തിന്‍റെ ബാറ്റിങ് നിരയും ശക്‌തമാണ്. ശുഭ്‌മാൻ ഗിൽ, കെയ്‌ൻ വില്യംസണ്‍, വൃദ്ധിമാൻ സാഹ എന്നീ താരങ്ങൾ നിലയുറപ്പിച്ച് കളിക്കാൻ കെൽപ്പുള്ളവരാണ്. ക്യാപ്‌റ്റൻ ഹാർദിക് പാണ്ഡ്യ, വിജയ്‌ ശങ്കർ, രാഹുൽ തെവാത്തിയ എന്നിവർ അവസാന ഓവറുകളിൽ കളിയുടെ ഗതി മാറ്റാൻ കഴിവുള്ളവരുമാണ്.

പ്ലെയിങ് ഇലവൻ

ചെന്നൈ സൂപ്പർ കിംഗ്‌സ് : ഡെവൺ കോൺവെ, റിതുരാജ് ഗെയ്‌ക്‌വാദ്, ബെൻ സ്‌റ്റോക്‌സ്, അമ്പാട്ടി റായിഡു, മൊയിൻ അലി, ശിവം ദുബെ, എംഎസ് ധോണി (ക്യാപ്‌റ്റൻ), രവീന്ദ്ര ജഡേജ, മിച്ചൽ സാന്‍റ്നർ, ദീപക് ചാഹർ, രാജ്‌വര്‍ധന്‍ ഹംഗാർഗേക്കർ.

ഗുജറാത്ത് ടൈറ്റൻസ് : ഹാർദിക് പാണ്ഡ്യ(ക്യാപ്‌റ്റൻ), വൃദ്ധിമാൻ സാഹ, ശുഭ്‌മാൻ ഗിൽ, കെയ്ൻ വില്യംസൺ, വിജയ് ശങ്കർ, രാഹുൽ തെവാത്തിയ, റാഷിദ് ഖാൻ, മുഹമ്മദ് ഷമി, ജോഷ്വ ലിറ്റിൽ, യാഷ് ദയാൽ, അൽസാരി ജോസഫ്.

Last Updated : Mar 31, 2023, 8:56 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.