ETV Bharat / sports

ODI World Cup| ജിയോ സിനിമയ്‌ക്ക് മുട്ടന്‍ പണി; വമ്പന്‍ പ്രഖ്യാപനവുമായി ഡിസ്‌നി+ഹോട്സ്റ്റാര്‍

author img

By

Published : Jun 9, 2023, 5:00 PM IST

ഏഷ്യ കപ്പും തുടര്‍ന്ന് നടക്കുന്ന ഏകദിന ലോകകപ്പും ഇന്ത്യയില്‍ സൗജന്യമായി സംപ്രേഷണം ചെയ്യുമെന്ന് ഡിസ്‌നി പ്ലസ് ഹോട്ട്‌സ്റ്റാർ.

Disney Hotstar  ODI World Cup  Disney Hotstar To Stream ODI World Cup For Free  JioCinema  indian premier league  IPL  ഇന്ത്യന്‍ പ്രീമിര്‍ ലീഗ്  ഡിസ്‌നി പ്ലസ് ഹോട്ട്‌സ്റ്റാർ  ജിയോ സിനിമ  ഏകദിന ലോകകപ്പ്  ഏഷ്യ ലോകകപ്പ്
ODI World Cup| ജിയോ സിനിമയ്‌ക്ക് മുട്ടന്‍ പണി; വമ്പന്‍ പ്രഖ്യാപനവുമായി ഡിസ്‌നി+ഹോട്സ്റ്റാര്‍

മുംബൈ: ക്രിക്കറ്റിന് ഏറെ ആരാധകരുള്ള ഇന്ത്യയില്‍ ഇന്ത്യന്‍ പ്രീമിര്‍ ലീഗ് (ഐപിഎല്‍) മത്സരങ്ങള്‍ സൗജന്യമായി സംപ്രേഷണം ചെയ്‌ത്‌ ദശലക്ഷക്കണക്കിന് കാഴ്‌ചക്കാരെ നേടിയെടുത്ത ജിയോ സിനിമയ്‌ക്കെതിരെ പിടിച്ച് നില്‍ക്കാന്‍ സമാന തന്ത്രവുമായി വാൾട്ട് ഡിസ്‌നി കോയുടെ ഹോട്ട്‌സ്റ്റാർ. ഏഷ്യ കപ്പും ഐസിസി പുരുഷ ക്രിക്കറ്റ് ലോകകപ്പും ഉപയോക്താക്കൾക്ക് മൊബൈലില്‍ സൗജന്യമായി നൽകുമെന്ന് ഡിസ്‌നി + ഹോട്സ്റ്റാര്‍ അറിയിച്ചു.

ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് മത്സരങ്ങളുടെ ടെലിവിഷന്‍ സംപ്രേഷണവകാശം ഡിസ്നിയുടെ തന്നെ ഉടമസ്ഥതയിലുള്ള സ്റ്റാര്‍ സ്പോര്‍ട്‌സ് നിലനിര്‍ത്തിയപ്പോള്‍ കഴിഞ്ഞ സീസണിലാണ് ഡിജിറ്റല്‍ സംപ്രേഷണവകാശം ഹോട്സ്റ്റാറില്‍ നിന്നും ജിയോ സിനിമ വമ്പന്‍ തുകയ്‌ക്ക് നേടിയത്. ഇതാദ്യമായിട്ടായിരുന്നു ഐപിഎല്ലിന്‍റെ ഡിജിറ്റല്‍, ടെലിവിഷന്‍ സംപ്രേഷണവകാശം ബിസിസിഐ വെവ്വേറെയായി ലേലം ചെയ്‌തത്.

ജിയോയ്‌ക്ക് ഉയര്‍ച്ച, ഹോട്ട്‌സ്റ്റാറിന് താഴ്‌ച: ഹോട്ട്‌സ്റ്റാറിൽ നിന്നും ഐപിഎല്ലിന്‍റെ ഇന്‍റർനെറ്റ് സംപ്രേഷണകാശം നേടിയതിന് ശേഷം കാഴ്‌ചക്കാരുടെ എണ്ണത്തില്‍ വലിയ വര്‍ധനവാണ് ജിയോ സിനിമയ്‌ക്ക് ഉണ്ടായത്. ഇന്ത്യൻ കമ്പനിയായ റിലയൻസ് ഇൻഡസ്ട്രീസിന്‍റെ ബ്രോഡ്‌കാസ്റ്റിങ്‌ സംയുക്ത സംരംഭമായ ജിയോ സിനിമ ഐപിഎല്ലിന്‍റെ ആദ്യ അഞ്ച് ആഴ്ചകളിൽ 13 ബില്യണിന്‍റെ റെക്കോഡ് ഡിജിറ്റൽ വ്യൂസാണ് നേടിയത്.

ഓരോ കാഴ്ചക്കാരനും ഓരോ മത്സരത്തിനും ശരാശരി ഒരു മണിക്കൂർ ചെലവഴിക്കുന്നതായും കമ്പനി അറിയിച്ചിരുന്നു. അതേസമയം ഐ‌പി‌എൽ സംപ്രേക്ഷണാവകാശം നഷ്‌ടപ്പെട്ടതിന് ശേഷം ഹോട്ട്‌സ്റ്റാറിന്‍റെ വരിക്കാരുടെ എണ്ണം ഏകദേശം അഞ്ച് ദശലക്ഷത്തിലേക്ക് ചുരുങ്ങിയെന്നാണ് ഗവേഷണ സ്ഥാപനമായ സിഎല്‍എസ്‌എ കണക്കാക്കുന്നത്.

ഉള്ളടക്കത്തിനായി ഉപയോക്താക്കളില്‍ നിന്നും ജിയോ സിനിമ പണം ഈടാക്കാൻ തയ്യാറെടുക്കുമ്പോൾ, ഐപിഎൽ സ്ട്രീമിങ്‌ തുടർന്നും സൗജന്യമായി നൽകുമെന്ന് അതിന്‍റെ എക്സിക്യൂട്ടീവുകൾ അറിയിച്ചിട്ടുണ്ട്. ഇതിന് പിന്നാലെയാണ് ഡിസ്നി+ ഹോട്സ്റ്റാര്‍ തങ്ങളുടെ തീരുമാനം പുറത്ത് വിട്ടിരിക്കുന്നത്.

ക്രിക്കറ്റിന് ഏറെ ജനപ്രീതിയുള്ള ഇന്ത്യയില്‍ 700 ദശലക്ഷം സ്മാർട്ട്‌ഫോണ്‍ ഉപയോക്താക്കളുണ്ടെന്നാണ് കണക്കുകള്‍. ഇവരിലേക്ക് ഏഷ്യ കപ്പും ഏകദിന ലോകകപ്പും സൗജന്യമായി എത്തിക്കുന്നതിലൂടെ തങ്ങള്‍ക്ക് തിരിച്ചുവരവിന് കഴിയുമെന്നാണ് ഡിസ്നി+ ഹോട്സ്റ്റാറിന്‍റെ കണക്ക് കൂട്ടല്‍. ഏഷ്യ കപ്പും ലോകകപ്പും മൊബൈല്‍ ഉപയോക്താക്കള്‍ക്ക് സൗജന്യമാക്കുന്നതോടെ ക്രിക്കറ്റ് കൂടുതല്‍ ജനകീയമാകുമെന്ന് ഡിസ്നി+ ഹോട്സ്റ്റാര്‍ തലവന്‍ സജിത് ശിവാനന്ദന്‍ പ്രതികരിച്ചു.

ഐസിസി ടൂര്‍ണമെന്‍റുകളുടെ ഡിജിറ്റല്‍, ടെലിവിഷന്‍ സംപ്രേഷണവകാശം 3.04 ബില്യണ്‍ ഡോളറിനാണ് ഡിസ്നി സ്വന്തമാക്കിയിട്ടുള്ളത്. സെപ്റ്റംബറില്‍ നടക്കുന്ന ഏഷ്യ കപ്പിന് ശേഷം ഒക്‌ടോബര്‍-നവംബര്‍ മാസങ്ങളിലാണ് ഇന്ത്യയില്‍ ഏകദിന ലോകകപ്പ് നടക്കുക.

സ്‌ട്രീമിങ് പൂര്‍ണമായും സൗജന്യമാക്കിയതോടെ ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ചരിത്രത്തില്‍ തന്നെ ഏറ്റവും കൂടുതല്‍ കാഴ്‌ചക്കാരെ ജിയോ സിനിമയ്‌ക്ക് ഇത്തവണ നേടിയെടുക്കാന്‍ കഴിഞ്ഞിരുന്നു. ഐപിഎല്‍ 16-ാം സീസണിന്‍റെ ഫൈനലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സും ഗുജറാത്ത് ടൈറ്റന്‍സും ഏറ്റുമുട്ടിയ മത്സരം കാണാന്‍ ഒരുസമയം രണ്ടര കോടിയില്‍ അധികം ആളുകള്‍ ജിയോ സിനിമയില്‍ എത്തിയിരുന്നു. അതേസമയം 2022-ല്‍ ഖത്തറില്‍ നടന്ന ഫുട്‌ബോള്‍ ലോകകപ്പും ജിയോ സിനിമ ഇന്ത്യയില്‍ സൗജന്യമായാണ് പ്രേക്ഷകരില്‍ എത്തിച്ചത്.

ALSO READ: WTC Final | ഒരേ രീതിയില്‍ രണ്ട് വിക്കറ്റ്, പുറത്തായത് ഗില്ലും പുജാരയെും; ഇരുവര്‍ക്കുമെതിരെ രവി ശാസ്‌ത്രി

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.