ETV Bharat / sports

നൂറാം ടെസ്റ്റില്‍ ഇരട്ടിമധുരം; ഇരട്ട സെഞ്ച്വറിയുമായി അപൂര്‍വ റെക്കോഡ് സ്വന്തമാക്കി ഡേവിഡ് വാര്‍ണര്‍

author img

By

Published : Dec 27, 2022, 11:47 AM IST

ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തില്‍ നൂറാം മത്സരത്തില്‍ ഡബിള്‍ സെഞ്ച്വറി തികയ്‌ക്കുന്ന രണ്ടാമത്തെ താരവും സെഞ്ച്വറി പൂര്‍ത്തിയാക്കുന്ന പത്താമത്തെ താരമെന്ന റെക്കോഡുമാണ് ഡേവിഡ് വാര്‍ണര്‍ സ്വന്തമാക്കിയത്. മെല്‍ബണില്‍ പുരോഗമിക്കുന്ന ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ രണ്ടാം മത്സരത്തിലാണ് ഓസീസ് ഇടം കയ്യന്‍ ബാറ്ററുടെ നേട്ടം.

david warner  david warner double century  david warner double century record  Australia vs south africa  ഡേവിഡ് വാര്‍ണര്‍  വാര്‍ണര്‍  വാര്‍ണര്‍ റെക്കോഡ്  ഓസ്‌ട്രേലിയ സൗത്ത് ആഫ്രിക്ക ടെസ്റ്റ്  വാര്‍ണര്‍ ഡബിള്‍ സെഞ്ച്വറി
David Warner

മെല്‍ബണ്‍: നൂറാം ടെസ്റ്റിലെ ഇരട്ട സെഞ്ച്വറി നേട്ടത്തോടെ അപൂര്‍വ റെക്കോഡ് സ്വന്തമാക്കി ഓസീസ് ഓപ്പണര്‍ ഡേവിഡ് വാര്‍ണര്‍. നൂറാം ടെസ്റ്റ് മത്സരത്തില്‍ ഇരട്ട സെഞ്ച്വറി നേടുന്ന ക്രിക്കറ്റ് ചരിത്രത്തിലെ തന്നെ രണ്ടാമത്തെ താരമെന്ന റെക്കോഡാണ് വാര്‍ണര്‍ സ്വന്തമാക്കിയത്. ഇംഗ്ലണ്ട് ബാറ്റര്‍ ജോ റൂട്ടാണ് ഈ നേട്ടം സ്വന്തമാക്കിയ ആദ്യ താരം.

മെല്‍ബണില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മത്സരത്തിലെ സെഞ്ച്വറിയോടെ നൂറാം ടെസ്റ്റില്‍ സെഞ്ച്വറി തികയ്‌ക്കുന്ന പത്താമത്തെ താരമെന്ന റെക്കോഡും വാര്‍ണര്‍ സ്വന്തമാക്കി. പ്രോട്ടീസിനെതിരായ പരമ്പരയിലെ രണ്ടാം മത്സരത്തില്‍ നേടിയ സെഞ്ചറിയോടെയാണ് വാര്‍ണര്‍ സവിശേഷ റെക്കോഡ് പട്ടികയില്‍ തന്‍റെ പേരും ചേര്‍ത്തത്. മുന്‍ ഇംഗ്ലണ്ട് താരം കോളിന്‍ ക്രൗഡിയാണ് ഈ നേട്ടത്തിലെത്തിയ ആദ്യ താരം.1968ലാണ് ക്രൗഡി ആദ്യമായി ഈ നേട്ടം കൈവരിച്ചത്. 104 റണ്‍സായിരുന്നു അന്ന് താരത്തിന്‍റെ സമ്പാദ്യം. 1989ല്‍ മുന്‍ പാക് നായകന്‍ ജാവേദ് മിയാന്‍ദാദ് ആണ് രണ്ടാമതായി ഈ നേട്ടം സ്വന്തമാക്കിയത്.

സവിശേഷ പട്ടികയില്‍ ഇടം നേടിയ ഇന്നിങ്‌സില്‍ മിയാന്‍ദാദ് 145 റണ്‍സ് നേടിയിരുന്നു. മൂന്നാമനായി പട്ടികയിലെത്തിയ വെസ്റ്റ് ഇന്‍ഡീസിന്റെ ഗോര്‍ഡണ്‍ ഗ്രീനിഡ്‌ജ് 1990ല്‍ 149 റണ്‍സും സ്വന്തമാക്കി. 2000ല്‍ ഇംഗ്ലണ്ടിന്‍റെ ഇലക്‌സ് സ്റ്റിവാര്‍ട്ടും, 2005ല്‍ മുന്‍ പാകിസ്ഥാന്‍ താരം ഇന്‍സമാം ഉള്‍ ഹഖും ഈ നേട്ടത്തിലേക്കെത്തി. 2006 ല്‍ മുന്‍ ഓസീസ് ക്യാപ്‌റ്റൻ റിക്കി പോണ്ടിങ് തന്‍റെ നൂറാം ടെസ്റ്റിന്‍റെ രണ്ടിന്നിങ്‌സിലും സെഞ്ച്വറി നേടി.

120, 143 എന്നിങ്ങനെയായിരുന്നു ആ മത്സരത്തില്‍ പോണ്ടിങ്ങിന്‍റെ സ്‌കോര്‍. 2012ല്‍ ദക്ഷിണാഫ്രിക്കയുടെ ഗ്രെയിം സ്‌മിത്ത്, 2014ല്‍ ഹാഷിം അംല എന്നിവരും ഈ നേട്ടം സ്വന്തമാക്കിയിരുന്നു.

2021ല്‍ ഇംഗ്ലണ്ടിന്‍റെ ജോ റൂട്ടായിരുന്നു ഈ പട്ടികയില്‍ ഇടം പിടിച്ച അവസാന താരം. ആ ഇന്നിങ്സിലാണ് ജോ റൂട്ട് നൂറാം ടെസ്റ്റില്‍ ഡബിള്‍ സെഞ്ച്വറി പൂര്‍ത്തിയാക്കുന്ന ആദ്യ താരമായത്. ഇന്ത്യക്കെതിരായ മത്സരത്തില്‍ അന്ന് 218 റണ്‍സാണ് റൂട്ട് നേടിയത്.

ടെസ്റ്റ് ക്രിക്കറ്റില്‍ ഓസ്‌ട്രേലിയക്ക് വേണ്ടി 8000 റണ്‍സ് പൂര്‍ത്തിയാക്കുന്ന എട്ടാമത്തെ താരം കൂടിയാണ് വാര്‍ണര്‍. ഓസീസില്‍ 5000 റണ്‍സ് നേടുന്ന അഞ്ചാമത്തെ താരമെന്ന നേട്ടവും ആ മത്സരത്തോടെ വാര്‍ണറിന് സ്വന്തമായി. ഇടം കൈയൻ ഓപ്പണറുടെ സെഞ്ച്വറിക്കരുത്തിലാണ് ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ രണ്ടാം മത്സരത്തില്‍ ഓസ്‌ട്രേലിയ ആദ്യ ഇന്നിങ്‌സ് ലീഡ് സ്വന്തമാക്കിയത്.

മത്സരത്തില്‍ 200 റണ്‍സ് നേടിയ വാര്‍ണര്‍ റിട്ടയേഡ് ഹര്‍ട്ടാകുകയായിരുന്നു. മെല്‍ബണില്‍ നടക്കുന്ന മത്സരത്തില്‍ ദക്ഷിണാഫ്രിക്കയെ 189ന് പുറത്താക്കിയ ഓസീസ് ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 330 റണ്‍സ് എന്ന നിലയിലാണ്. 141 റണ്‍സിന്‍റെ ലീഡ് ഇതിനോടകം തന്നെ ആതിഥേയര്‍ക്കുണ്ട്.

  • Poor form, lots of talk about his place in Test setup, heat at MCG, cramps - David Warner has overcome everything and scored 200* from 254 balls at a strike rate of 78.74 against Rabada, Nortje, Ngidi. pic.twitter.com/msC6xibVeD

    — Johns. (@CricCrazyJohns) December 27, 2022 " class="align-text-top noRightClick twitterSection" data=" ">

ട്രേവിസ് ഹെഡ്, കാമറൂണ്‍ ഗ്രീന്‍ എന്നിവരാണ് ക്രീസില്‍. 85 റണ്‍സ് നേടിയ സ്റ്റീവ്‌ സ്‌മിത്തിന്‍റെ വിക്കറ്റാണ് ഇന്ന് കങ്കാരുപ്പടയ്‌ക്ക് നഷ്‌ടപ്പെട്ടത്. ടോസ് നഷ്‌ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ദക്ഷിണാഫ്രിക്കയെ 5 വിക്കറ്റെടുത്ത കാമറൂണ്‍ ഗ്രീനാണ് തകര്‍ത്തത്. മാര്‍കോ ജാന്‍സന്‍ (59) കൈല്‍ വെരെയ്‌ന്‍ (52) എന്നിവര്‍ക്കൊഴികെ മറ്റാര്‍ക്കും പ്രോട്ടീസ് നിരയില്‍ പിടിച്ചു നില്‍ക്കാന്‍ കഴിഞ്ഞിരുന്നില്ല.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.