ETV Bharat / sports

'ഗോളടിച്ചാൽ മെസി ഫാന്‍' ; മാജിക് ഗോളില്‍ കണ്ണുതള്ളി ഐഷോസ്‌പീഡ്, 'ക്രിസ്റ്റ്യാനോയുടെ ജഴ്‌സി' ഊരിമാറ്റി ആഘോഷം

author img

By

Published : Jul 23, 2023, 1:43 PM IST

ഇന്‍റര്‍ മയാമിക്കായുള്ള അരങ്ങേറ്റ മത്സരത്തില്‍ അര്‍ജന്‍റൈന്‍ സൂപ്പര്‍ താരം ലയണല്‍ മെസിയുടെ മാജിക് ഗോളിന് ശേഷം പോര്‍ച്ചുഗല്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ജഴ്‌സി അഴിച്ച് ആഘോഷിച്ച് അമേരിക്കന്‍ കൗമാര യൂട്യൂബര്‍ ഐഷോസ്‌പീഡ്

cristiano ronaldo  iShowSpeed  Lionel Messi Inter Miami debut  Lionel Messi  Inter Miami  iShowSpeed on Lionel Messi  ക്രിസ്റ്റ്യാനോ റൊണാള്‍ഡോ  ഐഷോസ്‌പീഡ്  ലയണല്‍ മെസി  ഇന്‍റര്‍ മയാമി  ലയണല്‍ മെസി ഇന്‍റര്‍ മയാമി അരങ്ങേറ്റം
മാജിക് ഗോളില്‍ കണ്ണു തള്ളി ഐഷോസ്‌പീഡ്

ഫ്ലോറിഡ : പോര്‍ച്ചുഗല്‍ ഇതിഹാസ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ കടുത്ത ആരാധകനാണ് അമേരിക്കന്‍ കൗമാര യൂട്യൂബര്‍ ഐഷോസ്‌പീഡ്. ക്രിസ്റ്റ്യാനോയോടുള്ള തന്‍റെ ആരാധന പലകുറി ഐഷോസ്‌പീഡ് തുറന്ന് പറഞ്ഞിട്ടുണ്ട്. കഴിഞ്ഞ ദിവസം മേജര്‍ ലീഗ് സോക്കര്‍ ക്ലബ് ഇന്‍റര്‍ മയാമിക്ക് വേണ്ടി അര്‍ജന്‍റൈന്‍ സൂപ്പര്‍ താരം ലയണല്‍ മെസിയുടെ അരങ്ങേറ്റ മത്സരം കാണാന്‍ ക്രിസ്റ്റ്യാനോ ഫാനായ ഐഷോസ്‌പീഡും ഗാലറിയിലുണ്ടായിരുന്നു.

ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ പോർച്ചുഗൽ ജഴ്‌സിയും അണിഞ്ഞായിരുന്നു ഐഷോസ്‌പീഡ് മത്സരം കാണാനെത്തിയത്. എന്നാല്‍ മെസി ഫാനായി മടങ്ങുന്ന കാമാരക്കാരന്‍റെ ദൃശ്യങ്ങള്‍ വൈറലാണ്. ലീഗ്‌സ് കപ്പ് ഫുട്‌ബോള്‍ ടൂര്‍ണമെന്‍റിലെ ആദ്യ റൗണ്ട് മത്സരത്തില്‍ മെക്‌സിക്കന്‍ ക്ലബ് ക്രുസ് അസുലിനെതിരെയാണ് ലോകകപ്പ് ജേതാവായ ലയണല്‍ മെസി തന്‍റെ അരങ്ങേറ്റ മത്സരത്തിന് ഇറങ്ങിയത്.

തിങ്ങി നിറഞ്ഞ റിഡയിലെ ഫോര്‍ട്ട് ലൗഡര്‍ഡെ ഡിആര്‍വി പിഎന്‍കെ സ്റ്റേഡിയത്തില്‍ മത്സരത്തിന്‍റെ രണ്ടാം പകുതിയിലാണ് അര്‍ജന്‍റൈന്‍ ഇതിഹാസത്തെ ഇന്‍റര്‍ മയാമി പരിശീലകന്‍ കളത്തിലിറക്കിയത്. മെസി കളിക്കാനിറങ്ങുമ്പോള്‍ 44-ാം മിനിട്ടില്‍ റോബര്‍ട്ട് ടെയ്‌ലര്‍ നേടിയ ഒരു ഗോളിന് മുന്നിലായിരുന്നു ഇന്‍റര്‍ മയാമി.

എന്നാല്‍ യൂറിയല്‍ അന്‍റൂനയിലൂടെ 65-ാം മിനിട്ടില്‍ ഗോള്‍ മടക്കിയ മെക്‌സിക്കന്‍ ക്ലബ് ഒപ്പം പിടിച്ചു. തുടര്‍ന്ന് ഇരു ടീമുകള്‍ക്കും നിരവധി അവസരങ്ങള്‍ ലഭിച്ചുവെങ്കിലും ഗോളടിക്കാന്‍ കഴിഞ്ഞില്ല. ഇതോടെ മത്സരം സമനിലയിലേക്കെന്ന വിലയിരുത്തലിലായിരുന്നു ആരാധകര്‍. എന്നാല്‍ കളി തീരാന്‍ മിനിട്ടുകള്‍ മാത്രം ശേഷിക്കെ ഒരു മാന്ത്രിക ഗോളിലൂടെ മെസി ഇന്‍റര്‍ മയാമിയെ വിജയത്തിലേക്ക് എത്തിക്കുന്ന കാഴ്‌ചയ്‌ക്കാണ് ലോകം സാക്ഷിയായത്.

ബോക്‌സിന് പുറത്തുവച്ച് 35-കാരനായ ലയണല്‍ മെസിയെ ക്രൂസ് അസൂല്‍ മിഡ്‌ഫീല്‍ഡര്‍ ജീസസ് ഡ്യൂനസ് ഫൗള്‍ ചെയ്‌തതിന് ലഭിച്ച ഫ്രീ കിക്കില്‍ നിന്നായിരുന്നു ഈ ഗോളിന്‍റെ വരവ്. കിക്കെടുക്കാന്‍ മെസി തയ്യാറാവുന്നതിനിടെ "മെസി ഗോളടിച്ചാല്‍ ഞാൻ മെസി ഫാൻ" എന്ന പ്രഖ്യാപനം ഐഷോസ്‌പീഡ് നടത്തിയിരുന്നു. ഒടുവില്‍ മെസിയുടെ ഇടങ്കാലന്‍ ഷോട്ട് ക്രുസ് അസൂല്‍ ഗോള്‍കീപ്പര്‍ ആന്ദ്രേസ് ഗുഡിനോയ്ക്ക് യാതൊരു അവസരവും നല്‍കാതെ വലയിലേക്ക് പറന്നിറങ്ങിയപ്പോള്‍ ഐഷോസ്‌പീഡിന്‍റെ കണ്ണുതള്ളി.

ആദ്യം ഞെട്ടിയ കൗമാരക്കാരന്‍ പിന്നീട് ക്രിസ്റ്റ്യാനോയുടെ പോർച്ചുഗൽ ജഴ്‌സി ഊരിമാറ്റി. തുടര്‍ന്ന് മെസിയുടെ ഇന്‍റർ മയാമി ജഴ്‌സി അണിഞ്ഞുകൊണ്ട് ഗോള്‍ ആഘോഷത്തില്‍ പങ്കുചേരുകയും ചെയ്‌തു. മെസി തന്നെ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ ഇൻസ്റ്റഗ്രാമിൽ ബ്ലോക്ക് ചെയ്തതായി ഐഷോസ്‌പീഡ് നേരത്തെ ആരോപിച്ചിരുന്നു. മെസിയെ ഫോളോ ചെയ്യാനോ, സന്ദേശങ്ങൾ അയക്കാനോ തനിക്ക് കഴിയുന്നില്ലെന്നായിരുന്നു ഒരു യൂട്യൂബ് വീഡിയോയില്‍ ഐഷോസ്‌പീഡ് പറഞ്ഞത്.

ALSO READ: Watch: മെസിയുടെ മാജിക് ഗോള്‍; കണ്ണീരണിഞ്ഞ് ഡേവിഡ് ബെക്കാം - വീഡിയോ കാണാം

അതേസമയം കഴിഞ്ഞ ജൂണില്‍ തന്‍റെ ആരാധനാപാത്രമായ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ നേരില്‍ കാണാന്‍ ഐഷോസ്‌പീഡിന് അവസരം ലഭിച്ചിരുന്നു. ബോസ്‌നിയയ്‌ക്ക് എതിരായ പോർച്ചുഗലിന്‍റെ യൂറോ കപ്പ് 2024 യോഗ്യതാമത്സരത്തിന് ശേഷം ലിസ്ബണിൽ വച്ചായിരുന്നു ക്രിസ്റ്റ്യാനോയെ ഐഷോസ്‌പീഡിന് കാണാന്‍ കഴിഞ്ഞത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.