ETV Bharat / sports

'ഇന്ത്യ ശക്തരാണ്, എതിരാളി ആരായാലും ഫൈനലില്‍ വിയര്‍ക്കേണ്ടി വരും...' മുന്നറിയിപ്പുമായി കെയ്‌ന്‍ വില്യംസണ്‍

author img

By ETV Bharat Kerala Team

Published : Nov 16, 2023, 11:14 AM IST

Cricket World Cup 2023  Kane Williamson About Team India  India vs New Zealand  Kane Williamson Praised Indian Cricket Team  Indian Cricket Team In World Cup 2023  ഇന്ത്യ ന്യൂസിലന്‍ഡ്  ഏകദിന ക്രിക്കറ്റ് ലോകകപ്പ്  കെയ്‌ന്‍ വില്യംസണ്‍  കെയ്‌ന്‍ വില്യംസണ്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം  ഇന്ത്യന്‍ ടീമിനെ കുറിച്ച് കെയ്‌ന്‍ വില്യംസണ്‍
Kane Williamson About Team India

Kane Williamson About Team India: ഏകദിന ക്രിക്കറ്റ് ലോകകപ്പില്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്‍റെ പ്രകടനങ്ങളെ കുറിച്ച് കെയ്‌ന്‍ വില്യംസണ്‍ .

മുംബൈ : ഏകദിന ക്രിക്കറ്റ് ലോകകപ്പിന്‍റെ (Cricket World Cup 2023) ഫൈനലില്‍ പോലും ഇന്ത്യയെ (Team India) തടഞ്ഞുനിര്‍ത്തുക എന്നത് എതിരാളികള്‍ക്ക് ഏറെ പ്രയാസമുള്ള കാര്യമായിരിക്കുമെന്ന് ന്യൂസിലന്‍ഡ് നായകന്‍ കെയ്‌ന്‍ വില്യംസണ്‍ (Kane Williamson About Indian Cricket Team). ക്രിക്കറ്റിലെ ഇപ്പോഴാത്തെ ഏറ്റവും മികച്ച ടീം ഇന്ത്യയാണെന്നും ലോകകപ്പ് ഒന്നാം സെമി ഫൈനല്‍ പോരാട്ടത്തിന് ശേഷം വില്യംസണ്‍ അഭിപ്രായപ്പെട്ടു. ഇന്നലെ (നവംബര്‍ 15) മുംബൈ വാങ്കഡെ സ്റ്റേഡിയത്തില്‍ നടന്ന ലോകകപ്പ് സെമി ഫൈനല്‍ പോരാട്ടത്തില്‍ കിവീസിനെ 70 റണ്‍സിന് തകര്‍ത്ത് ടീം ഇന്ത്യ ഫൈനലിന് യോഗ്യത നേടിയതിന് പിന്നാലെയായിരുന്നു ന്യൂസിലന്‍ഡ് നായകന്‍റെ പ്രതികരണം.

'ലോകത്തെ ഇപ്പോഴത്തെ ഏറ്റവും മികച്ച ടീമാണ് ഇന്ത്യ. അവരുടെ താരങ്ങളെല്ലാം ഏറ്റവും മികച്ച ക്രിക്കറ്റാണ് കളിക്കുന്നത്. അതുകൊണ്ട് തന്നെ എതിരാളികള്‍ക്ക് അവരെ നേരിടുക എന്നത് ഏറെ ബുദ്ധിമുട്ടായിരിക്കും.

തോല്‍വികള്‍ നേരിടുമ്പോള്‍ പോലും ആ സാഹചര്യങ്ങളെ എങ്ങനെയാണ് നമ്മള്‍ കൈകാര്യം ചെയ്യുന്നതെന്ന് ക്രിക്കറ്റില്‍ നമുക്ക് കാണാന്‍ കഴിയും. ഈ ലോകകപ്പില്‍ ഇന്ത്യ കളിച്ച രീതി നോക്കൂ. അതിനെ അവിശ്വസനീയം എന്ന് മാത്രമെ പറയാന്‍ സാധിക്കൂ.

ഒരു തോല്‍വി പോലും വഴങ്ങാതെയാണ് അവര്‍ സെമിയിലേക്ക് എത്തിയത്. റൗണ്ട് റോബിന്‍ ഫോര്‍മാറ്റില്‍ ഓരോ മത്സരം കഴിയുമ്പോഴും പുതിയ തുടക്കങ്ങള്‍ക്കാണ് ടീമുകള്‍ ശ്രമിക്കുന്നത്. എന്നാല്‍, അതില്‍ നിന്നും തീര്‍ത്തും വ്യത്യസ്‌തമായിരുന്നു ഇന്ത്യയുടെ കുതിപ്പ്. വളരെ വലിയ ആത്മവിശ്വാസത്തോടെ തന്നെയായിരിക്കും അടുത്ത മത്സരത്തിനായും അവര്‍ ഇറങ്ങുന്നത്'- കെയ്‌ന്‍ വില്യംസണ്‍ പറഞ്ഞു.

ലോകകപ്പ് ചരിത്രത്തില്‍ നാലാമത്തെ ഫൈനല്‍ കളിക്കാനുള്ള ഒരുക്കത്തിലാണ് നിലവില്‍ ടീം ഇന്ത്യ. ഇക്കുറി ആദ്യ റൗണ്ടിലെ 9 മത്സരവും ജയിച്ച് പോയിന്‍റ് പട്ടികയില്‍ ഒന്നാം സ്ഥാനക്കാരായിട്ടായിരുന്നു രോഹിത് ശര്‍മയും സംഘവും സെമിയിലേക്ക് കുതിച്ചെത്തിയത്. തകര്‍പ്പന്‍ ഫോമില്‍ സെമി ഫൈനല്‍ കളിക്കാനിറങ്ങിയ ഇന്ത്യയെ പൂട്ടാന്‍ അവിടെ എതിരാളികളായെത്തിയ ന്യൂസിലന്‍ഡിനും സാധിച്ചിരുന്നില്ല.

വാങ്കഡെ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ടോസ് നേടി ആദ്യം ബാറ്റ് ചെയ്‌ത ഇന്ത്യ വിരാട് കോലിയുടെയും ശ്രേയസ് അയ്യരുടെയും സെഞ്ച്വറിക്കരുത്തില്‍ 4 വിക്കറ്റ് നഷ്‌ടത്തില്‍ 397 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിങ്ങില്‍ 48.5 ഓവറില്‍ 327 റണ്‍സില്‍ കിവീസിന്‍റെ പോരാട്ടം അവസാനിക്കുകയായിരുന്നു. 7 വിക്കറ്റ് നേടിയ മുഹമ്മദ് ഷമിയുടെ പ്രകടനമായിരുന്നു ഇന്ത്യന്‍ ജയത്തില്‍ നിര്‍ണായകമായത്.

Also Read : വാങ്കഡെയില്‍ മുഹമ്മദ് ഷമിയുടെ 'രണ്ടാം വരവ്', കൈവിട്ടെന്ന് തോന്നിപ്പിച്ച മത്സരം ഇന്ത്യ തിരിച്ചുപിടിച്ച നിമിഷം

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.