ETV Bharat / sports

തുടര്‍ജയങ്ങളില്‍ പ്രതീക്ഷയര്‍പ്പിക്കാന്‍ വരട്ടെ, ഈ ഓസീസിനെയും ഇന്ത്യ ഭയക്കണം; ആശങ്കപ്പെടുത്തുന്ന കണക്കുകള്‍

author img

By ETV Bharat Kerala Team

Published : Nov 18, 2023, 11:12 AM IST

India vs Australia Head To Head Stats: ഏകദിന ക്രിക്കറ്റ് ലോകകപ്പില്‍ ഇന്ത്യ ഓസ്‌ട്രേലിയ നേര്‍ക്കുനേര്‍ പോരാട്ടങ്ങളുടെ ചരിത്രം.

Cricket World Cup 2023  India vs Australia  India vs Australia Final  India vs Australia Head To Head Stats  India vs Australia Head To Head Stats In World Cup  ഏകദിന ക്രിക്കറ്റ് ലോകകപ്പ്  ഇന്ത്യ ഓസ്‌ട്രേലിയ ലോകകപ്പ് ചരിത്രം  ഇന്ത്യ ഓസ്‌ട്രേലിയ ലോകകപ്പ് ചരിത്രം  ക്രിക്കറ്റ് ലോകകപ്പ് ഫൈനല്‍  ഇന്ത്യ ഓസ്‌ട്രേലിയ ഫൈനല്‍
India vs Australia Head To Head Stats

അഹമ്മദാബാദ് : ഏകദിന ക്രിക്കറ്റ് ലോകകപ്പില്‍ (Cricket World Cup 2023) മൂന്നാം കിരീടത്തിന് തൊട്ടരികിലാണ് ടീം ഇന്ത്യ. ലോകകപ്പ് ഫൈനലില്‍ ഓസ്‌ട്രേലിയന്‍ ടീമിനെ തോല്‍പ്പിക്കാനായാല്‍ പത്ത് വര്‍ഷത്തോളമായുള്ള കിരീട വരള്‍ച്ചയ്‌ക്കും അറുതി വരുത്താന്‍ ടീം ഇന്ത്യയ്‌ക്ക് സാധിക്കും. നാളെ (നവംബര്‍ 19) അഹമ്മദാബാദ് നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ ഉച്ചയ്‌ക്ക് രണ്ടിനാണ് ആരാധകര്‍ ആവേശത്തോടെ കാത്തിരിക്കുന്ന കലാശപ്പോരാട്ടം ആരംഭിക്കുന്നത്.

ഒരു മത്സരം പോലും തോല്‍ക്കാതെയാണ് ഇന്ത്യ ഈ ലോകകപ്പിന്‍റെ ഫൈനലിലേക്ക് മാര്‍ച്ച് ചെയ്‌ത് എത്തിയത്. ആദ്യ മത്സരത്തില്‍ ഓസ്‌ട്രേലിയയെ തകര്‍ത്ത് തുടങ്ങിയ തേരോട്ടത്തിന് പൂട്ടിടാന്‍ പിന്നാലെ എത്തിയ ഒരു ടീമുകള്‍ക്കും സാധിച്ചില്ല. ഇതേ പ്രകടനം ഫൈനലിലും ആവര്‍ത്തിച്ച് ഇന്ത്യ ലോക കിരീടം സ്വന്തമാക്കുമെന്ന പ്രതീക്ഷയിലാണ് ക്രിക്കറ്റ് ആരാധകരും.

വലിയ പ്രതീക്ഷകള്‍ക്കിടയിലും ടീം ഇന്ത്യയേയും ആരാധകരെയും ആശങ്കയിലാഴ്‌ത്തുന്ന പ്രധാന കാര്യം ലോകകപ്പില്‍ ഓസ്‌ട്രേലിയക്കെതിരായ നേര്‍ക്കുനേര്‍ പോരാട്ടങ്ങളുടെ ചരിത്രമാണ്. ഇന്ത്യയ്‌ക്കെതിരെ വ്യക്തമായ ആധിപത്യം തന്നെ ഈ കണക്കില്‍ കങ്കാരുപ്പടയ്‌ക്ക് ഉണ്ട്. 13 മത്സരം തമ്മിലേറ്റുമുട്ടിയപ്പോള്‍ അതില്‍ എട്ട് ജയമാണ് ഓസ്‌ട്രേലിയ സ്വന്തമാക്കിയത്. ഇന്ത്യയാകട്ടെ ജയിച്ചത് അഞ്ച് മത്സരങ്ങളിലും.

കപിലിന്‍റെ ചെകുത്താന്മാര്‍ ലോകകിരീടത്തില്‍ മുത്തമിട്ട 1983 ആണ് ലോകകപ്പിലെ ഇന്ത്യ ഓസ്‌ട്രേലിയ പോരാട്ടങ്ങളുടെ തുടക്കം. ആ ലോകകപ്പില്‍ ഇരു ടീമും രണ്ട് മത്സരത്തില്‍ പരസ്‌പരം ഏറ്റുമുട്ടി. ഓരോ ജയങ്ങള്‍ നേടിയായിരുന്നു ഇന്ത്യയും ഓസീസും അന്ന് പിരിഞ്ഞത്.

1987ലും ഇത് തന്നെ ആവര്‍ത്തിച്ചു. 1992-2003 വരെയുള്ള കാലഘട്ടത്തില്‍ കഥയാകെ മാറി. നാല് ലോകകപ്പുകളിലെ അഞ്ച് മത്സരത്തിലും ഇന്ത്യയ്‌ക്ക് മേല്‍ ഓസീസിന്‍റെ ആധിപത്യം.

കങ്കാരുപ്പടയെ വീഴ്‌ത്താന്‍ ഇന്ത്യ പാടുപെട്ടിരുന്ന സമയമായിരുന്നു ഇത്. 2003ലെ ലോകകപ്പ് ഫൈനലില്‍ ഇന്ത്യയെ കണ്ണീരിലാഴ്‌ത്തിക്കൊണ്ട് കിരീടം നേടാനും ഓസ്‌ട്രേലിയക്ക് സാധിച്ചു. ഇതിന് ശേഷം ഇന്ത്യയും ഓസ്‌ട്രേലിയയും മുഖാമുഖം വരുന്നത് 2011 ലോകകപ്പ് ക്വാര്‍ട്ടര്‍ ഫൈനലില്‍.

തുടര്‍ച്ചയായ നാലാം കിരീടമെന്ന ഓസ്‌ട്രേലിയന്‍ സംഘത്തിന്‍റെ സ്വപ്‌നങ്ങള്‍ തകര്‍ക്കാന്‍ അന്ന് ഇന്ത്യയ്‌ക്കായി. കങ്കാരുപ്പട ഇതിന്‍റെ പകരം വീട്ടിയത് 2015ല്‍. കിരീടം നിലനിര്‍ത്താനെത്തിയ ഇന്ത്യയെ സെമി ഫൈനലിലാണ് അന്ന് ഓസ്‌ട്രേലിയ പരാജയപ്പെടുത്തിയത്.

അതേസമയം, ലോകകപ്പിലെ അവസാന രണ്ട് മത്സരങ്ങളിലും ഓസ്‌ട്രേലിയക്കെതിരെ ജയം നേടാനായെന്നത് രോഹിത് ശര്‍മയ്ക്കും സംഘത്തിനും പ്രതീക്ഷ നല്‍കുന്ന കാര്യമാണ്. ചരിത്രത്തിലും കണക്കിലുമാണ് ഓസ്‌ട്രേലിയന്‍ ടീമിന്‍റെ പ്രതീക്ഷകളും. നിലവില്‍ മിന്നും ഫോമിലുള്ള ഇന്ത്യയും ഓസ്‌ട്രേലിയയും സുവര്‍ണ കപ്പിനായി പോരടിക്കുമ്പോള്‍ തീപാറുന്നൊരു പോരാട്ടം കാണാന്‍ സാധിക്കുമെന്നാണ് ആരാധകരും കരുതുന്നത്.

Also Read : അന്ന് കങ്കാരുപ്പട, ഇന്ന് രോഹിതും സംഘവും... സമാനതകളേറെയുണ്ട് രണ്ട് ദശാബ്‌ദത്തിനിപ്പുറമുള്ള ഇന്ത്യ ഓസ്‌ട്രേലിയ കലാശപ്പോരിന്

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.