ETV Bharat / sports

കോലി മനുഷ്യനല്ല യന്ത്രമാണെന്ന് വിൻഡീസ് ഇതിഹാസം ലാറ

author img

By

Published : May 24, 2019, 4:43 PM IST

1980-90 കളില്‍ കണ്ട ക്രിക്കറ്റര്‍മാരില്‍ നിന്നും തികച്ചും വ്യത്യസ്തനാണ് കോലി എന്നാൽ ഇതിഹാസം സച്ചിൻ ടെൻഡുൽക്കറുമായി താരത്തെ താരതമ്യം ചെയ്യുന്നതിനോട് യോജിപ്പില്ലെന്നും ലാറ.

ബ്രയാന്‍ ലാറ

ഇന്ത്യൻ നായകൻ വിരാട് കോലിയെ പ്രശംസിച്ച് വെസ്റ്റ് ഇന്‍ഡീസ് ബാറ്റിംഗ് ഇതിഹാസം ബ്രയാന്‍ ലാറ. കോലി മനുഷ്യനല്ല, ശരിക്കുമൊരു യന്ത്രമാണെന്നാണ് ലാറ ചൂണ്ടിക്കാട്ടുന്നത്. 1980-90 കളില്‍ കണ്ട ക്രിക്കറ്റര്‍മാരില്‍ നിന്നും തികച്ചും വ്യത്യസ്തനാണ് കോലിയെന്നും ലാറ പറഞ്ഞു. ഇപ്പോൾ ക്രിക്കറ്റിൽ ഫിറ്റ്‌നസിന് വളരെ പ്രാധാന്യമുണ്ട്. എന്നാല്‍ മുന്‍ കാലങ്ങളില്‍ ഫിറ്റ്‌നസിന് ഇത്രത്തോളം പ്രാധാന്യം നല്‍കിയിരുന്നില്ല. ഇപ്പോഴത്തെ മത്സരങ്ങളുടെ ആധിക്യം പരിഗണിക്കുമ്പോള്‍ ഫിറ്റ്‌നസ് നിലനിര്‍ത്തേണ്ടത് അനിവാര്യമാണ്. ഫിറ്റ്‌നസ് കൂടുതല്‍ മെച്ചപ്പെടുത്തുന്നതിന് വളരെയധികം സമയം ജിമ്മില്‍ ചിലവിടുന്ന താരമാണ് കോലി. അദ്ദേഹം റണ്‍ മെഷീന്‍ തന്നെയാണെന്നും ലാറ ചൂണ്ടിക്കാട്ടി.

ഇതിഹാസം സച്ചിൻ ടെൻഡുൽക്കറുമായി കോലിയെ താരതമ്യം ചെയ്യുന്നതിനോട് ലാറ വിയോജിച്ചു. ബാറ്റ് ചെയ്യാനായി ക്രീസിലെത്തിയാല്‍ റണ്‍സ് അടിച്ചുകൂട്ടുന്ന താരമാണ് കോലി. അദ്ദേഹത്തെപ്പോലെ മറ്റൊരു കളിക്കാരനില്ല. എന്നാൽ കോലിയെ സച്ചിനുമായി താരതമ്യം ചെയ്യുന്നതിനോട് യോജിപ്പില്ലെന്ന് വിൻഡീസ് ഇതിഹാസം പറഞ്ഞു. എങ്കിലും വളരെ സ്‌പെഷ്യലായ ടാലന്‍റുകളിലൊന്നാണ് കോലി. ക്രിക്കറ്റ് ലോകം കണ്ടതിൽവെച്ച് ഏറ്റവും മഹാനായ ബാറ്റ്‌സ്മാന്‍ സച്ചിനാണ്. നിലവിലെ യുവതാരങ്ങള്‍ക്കും വരാനിരിക്കുന്ന താരങ്ങള്‍ക്കും മാതൃകയാണ് സച്ചിനെന്നും ലാറ പറഞ്ഞു.

ഈ ലോകകപ്പില്‍ കിരീട സാധ്യതയുള്ള ടീമുകളിലൊന്നാണ് ഇന്ത്യ. മികച്ച ബൗളിംഗ് നിരയാണ് ഇന്ത്യക്കുള്ളത്. ഇത് ലോകകപ്പില്‍ ടീമിന്‍റെ സാധ്യത വര്‍ധിപ്പിക്കുന്നതായും ലാറ അഭിപ്രായപ്പെട്ടു. ലോകകപ്പില്‍ ഇന്ത്യന്‍ ബൗളിംഗിന്‍റെ തുറുപ്പുചീട്ടാവുക ജസ്പ്രീത് ബുംറയായിരിക്കും. താനാണ് ബുംറയെ നേരിട്ടുന്നതെങ്കില്‍ പരമാവധി സ്‌ട്രൈക്ക് ഒഴിവാക്കാനാകും ശ്രമിക്കുക. വളരെ മികച്ച ബൗളറാണ് അദ്ദേഹം. മാത്രമല്ല ബുംറയുടെ ആക്ഷനും വളരെ പ്രത്യേകതയുള്ളതാണ്. ശ്രദ്ധയോടെ ബാറ്റ് ചെയ്ത് സ്‌ട്രൈക്ക് റൊട്ടേറ്റ് ചെയ്ത് സമ്മര്‍ദ്ദത്തിലാക്കുകയെന്ന തന്ത്രമാണ് ബുംറയ്‌ക്കെതിരെ താന്‍ പരീക്ഷിക്കുകയെന്നും ലാറ വെളിപ്പെടുത്തി.

Intro:Body:Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.