ETV Bharat / sports

കോലിയും രോഹിത്തുമില്ല, രണ്ട് ഇന്ത്യന്‍ താരങ്ങള്‍ മാത്രം; ഈ വര്‍ഷത്തെ ടെസ്റ്റ് ഇലവനെ തിരഞ്ഞെടുത്ത് ക്രിക്കറ്റ് ഓസ്‌ട്രേലിയ

author img

By ETV Bharat Kerala Team

Published : Dec 31, 2023, 3:56 PM IST

Cricket Australia announces Test XI of the year 2023: ക്രിക്കറ്റ് ഓസ്‌ട്രേലിയ തിരഞ്ഞെടുത്ത ഈ വര്‍ഷത്തെ മികച്ച ടെസ്റ്റ് ഇലവന്‍റെ നായകനായി പാറ്റ് കമ്മിന്‍സ്.

Cricket Australia  Test XI of the year 2023  ക്രിക്കറ്റ് ഓസ്‌ട്രേലിയ  ടെസ്റ്റ് ഇലവന്‍ 2023
Cricket Australia picks Best XI of the year 2023

സിഡ്‌നി: 2023-ലെ ടെസ്റ്റ് ഇലവനെ തിരഞ്ഞെടുത്ത് ക്രിക്കറ്റ് ഓസ്‌ട്രേലിയ. ഇന്ത്യയുടെ സ്റ്റാര്‍ ബാറ്റര്‍മാരായ വിരാട് കോലിയ്‌ക്കും രോഹിത് ശര്‍മയ്‌ക്കും ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ ഓസീസിന്‍റെ ഹീറോ ട്രാവിസ് ഹെഡ്, സ്‌റ്റീവ് സ്‌മിത്ത് തുടങ്ങിയവര്‍ക്കും ടീമില്‍ ഇടം ലഭിച്ചില്ല. ഇന്ത്യന്‍ നിരയില്‍ നിന്നും ആര്‍ അശ്വിന്‍, രവീന്ദ്ര ജഡേജ എന്നിവരാണ് പ്ലേയിങ് ഇലവനിലെത്തിയത്.

പാറ്റ് കമ്മിന്‍സ് നേതൃത്വം നല്‍കുന്ന ടീമില്‍ ഓസീസിന്‍റെ ഉസ്‌മാന്‍ ഖവാജയും ശ്രീലങ്കയുടെ ദിമുത് കരുണരത്നെയുമാണ് ഓപ്പണര്‍മാര്‍. ടെസ്റ്റില്‍ ഈ വര്‍ഷം 24 ഇന്നിങ്‌സുകളില്‍ നിന്നായി 52.60 ശരാശിയില്‍ 1,210 റണ്‍സാണ് ഖവാജ നേടിയിട്ടുള്ളത്. മൂന്ന് സെഞ്ചുറികളും ആറ് അര്‍ധ സെഞ്ചുറികളും അക്കൗണ്ടിലുള്ള താരത്തിന്‍റെ ഉയര്‍ന്ന സ്‌കോര്‍ 195 റണ്‍സാണ്.

10 ഇന്നിങ്‌സുകളില്‍ നിന്നും 608 റണ്‍സാണ് ശ്രീലങ്കന്‍ ക്യാപ്റ്റനായ ദിമുത് കരുണരത്‌നെ നേടിയിട്ടുള്ളത്. 60.80 ശരാശരിയുള്ള താരം രണ്ട് സെഞ്ചുറികളും മൂന്ന് അര്‍ധ സെഞ്ചുറികളുമാണ് കണ്ടെത്തിയത്. 179 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍.

ന്യൂസിലന്‍ഡിന്‍റെ കെയ്‌ന്‍ വില്യംസണാണ് മൂന്നാം നമ്പറില്‍. ഈ വര്‍ഷത്തില്‍ പരിക്ക് വലച്ച വില്യംസണ് ഏഴ്‌ ടെസ്റ്റുകളില്‍ മാത്രമാണ് കളിക്കാന്‍ കഴിഞ്ഞിട്ടുള്ളത്. 13 ഇന്നിങ്‌സുകളില്‍ നിന്നും 57.91 ശരാശരിയില്‍ 696 റണ്‍സാണ് സമ്പാദ്യം. നാല് സെഞ്ചൂറികള്‍ നേടിയ താരത്തിന്‍റെ ഉയര്‍ന്ന സ്‌കോര്‍ 215 റണ്‍സാണ്.

ഇംഗ്ലണ്ടിന്‍റെ ജോ റൂട്ട്, ഹാരി ബ്രൂക്ക് എന്നിവരാണ് നാലും അഞ്ചും നമ്പറുകളിലെത്തുക. 14 ഇന്നിങ്‌സുകളില്‍ നിന്നും 65.58 ശരാശരിയില്‍ 787 റണ്‍സാണ് ജോ റൂട്ട് ഈ വര്‍ഷം നേടിയിട്ടുള്ളത്. രണ്ട് സെഞ്ചുറികളും മൂന്ന് അര്‍ധ സെഞ്ചുറികളും താരത്തിന്‍റെ അക്കൗണ്ടിലുണ്ട്.

ഒരു സെഞ്ചുറിയും ആറ് അര്‍ധ സെഞ്ചുറിയും ഉള്‍പ്പെടെ 701 റണ്‍സാണ് ഹാരി ബ്രൂക്കിന്‍റെ സമ്പാദ്യം. 53.92 ശരാശരിയുള്ള താരത്തിന്‍റെ ഉയര്‍ന്ന സ്‌കോര്‍ 186 റണ്‍സാണ്. വിക്കറ്റ് കീപ്പറായി ഇടം നേടിയ അയര്‍ലന്‍ഡിന്‍റെ ലോർക്കൻ ടക്കറാണ് ടീമിലെ അപ്രതീക്ഷിത താരം. എട്ട് ഇന്നിങ്‌സുകളില്‍ നിന്നും 43.87 ശരാശരിയില്‍ 351 റണ്‍സാണ് ടക്കറുടെ സമ്പാദ്യം.

ഓരോ സെഞ്ചുറിയും അര്‍ധ സെഞ്ചുറിയും കണ്ടെത്തിയിട്ടുള്ള താരത്തിന്‍റെ ഉയര്‍ന്ന സ്‌കോര്‍ 108 ആണ്. അഞ്ച് ക്യാച്ചുകളും രണ്ട് സ്റ്റംപിങ്ങുമാണ് താരം നടത്തിയത്. ബോളിങ് യൂണിറ്റിലേക്ക് എത്തുമ്പോള്‍ ഇന്ത്യയുടെ രവീന്ദ്ര ജഡേജയാണ് സ്‌പിന്‍ ഓള്‍റൗണ്ടറുടെ സ്ഥാനം സ്വന്തമാക്കിയിരിക്കുന്നത്. ഒമ്പത് ഇന്നിങ്‌സുകളില്‍ നിന്നും 35.12 ശരാശരിയില്‍ 281 റണ്‍സാണ് ജഡേജ നേടിയിട്ടുള്ളത്. ഏഴ്‌ മത്സരങ്ങളില്‍ നിന്നും 19.39 ശരാശരിയില്‍ 33 വിക്കറ്റുകളാണ് വീഴ്‌ത്തിയത്.

ഇന്ത്യയുടെ ആര്‍ അശ്വിനാണ് സ്‌പെഷ്യലിസ്റ്റ് സ്‌പിന്നര്‍. ഏഴ്‌ മത്സരങ്ങളില്‍ നിന്നും17.10 ശരാശരിയില്‍ 41 വിക്കറ്റുകളാണ് അശ്വിന്‍ സ്വന്തമാക്കിയിട്ടുള്ളത്. പാറ്റ് കമ്മിന്‍സ്, ദക്ഷിണാഫ്രിക്കയുടെ കാഗിസോ റബാഡ, ഇംഗ്ലണ്ടിന്‍റെ സ്റ്റുവര്‍ട്ട് ബ്രോഡ് എന്നിവര്‍ക്കാണ് പേസ് യൂണിറ്റിന്‍റെ ചുമതല. കഴിഞ്ഞ ആഷസോടെ ബ്രോഡ് ക്രിക്കറ്റില്‍ നിന്നും വിമരിച്ചിരുന്നു.

11 മത്സരങ്ങളില്‍ നിന്നും 27.50 ശരാശരിയില്‍ 42 വിക്കറ്റുകളാണ് കമ്മിന്‍സ് നേടിയിട്ടുള്ളത്. നാല് മത്സരങ്ങളില്‍ നിന്നും 17.10 ശരാശരിയില്‍ 20 വിക്കറ്റുകലാണ് റബാഡയുടെ സമ്പാദ്യം. ബ്രോഡാവട്ടെ എട്ട് മത്സരങ്ങളില്‍ നിന്നും 26.28 ശരാശരിയില്‍ 38 വിക്കറ്റുകള്‍ സ്വന്തമാക്കിയിട്ടുണ്ട്.

ALSO READ: എതിരാളികളെ വെട്ടിച്ച് പന്തുമായി കുതിപ്പ്; സഞ്‌ജു ഫുട്‌ബോള്‍ കളിക്കുന്ന വീഡിയോ

ക്രിക്കറ്റ് ഓസ്‌ട്രേലിയയുടെ 2023-ലെ ടെസ്റ്റ് ഇലവൻ: ഉസ്‌മാൻ ഖവാജ , ദിമുത് കരുണരത്‌നെ, കെയ്ൻ വില്യംസൺ, ജോ റൂട്ട്, ഹാരി ബ്രൂക്ക്, ലോർക്കൻ ടക്കർ (വിക്കറ്റ് കീപ്പർ), രവീന്ദ്ര ജഡേജ, രവിചന്ദ്രൻ അശ്വിൻ, പാറ്റ് കമ്മിൻസ് (ക്യാപ്‌റ്റന്‍), കാഗിസോ റബാഡ, സ്റ്റുവർട്ട് ബ്രോഡ്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.