ETV Bharat / sports

ബോർഡർ ഗവാസ്‌കർ ട്രോഫി; സ്‌പിൻ വലയില്‍ ഓസീസ്, ജഡേജയ്‌ക്ക് അഞ്ച് വിക്കറ്റ്

author img

By

Published : Feb 9, 2023, 3:39 PM IST

ഇന്ത്യക്കായി അശ്വിൻ മൂന്ന് വിക്കറ്റ് വീഴ്‌ത്തി. ടെസ്റ്റിൽ 450 വിക്കറ്റ് എന്ന നേട്ടവും അശ്വിൻ ഇതോടെ സ്വന്തമാക്കി. മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ് എന്നിവർ ഓരോ വിക്കറ്റും നേടി.

BORDER GAVASKAR TROPHY 2023  INDIA VS AUSTRALIA  INDIA VS AUSTRALIA TEST  ബോർഡർ ഗവാസ്‌കർ ട്രോഫി  ഇന്ത്യ vs ഓസ്‌ട്രേലിയ  ജഡേജ  അശ്വിൻ  ജഡേജയ്‌ക്ക് അഞ്ച് വിക്കറ്റ്
ബോർഡർ ഗവാസ്‌കർ ട്രോഫി

നാഗ്‌പൂർ: ബോർഡർ- ഗവാസ്‌കർ ട്രോഫിയിലെ ആദ്യ മത്സരത്തിൽ ഓസീസ് ബാറ്റിങ് നിരയെ തകർത്തെറിഞ്ഞ് ഇന്ത്യൻ ബോളർമാർ. ടോസ്‌ നേടി ബാറ്റിങ്ങിനിറങ്ങിയ ഓസ്‌ട്രേലിയ 177 റണ്‍സിന് ഓൾഔട്ട് ആയി. അഞ്ച് വിക്കറ്റ് വീഴ്‌ത്തിയ രവീന്ദ്ര ജഡേജയാണ് ഓസീസിന്‍റെ നടുവൊടിച്ചത്. അശ്വിൻ മൂന്ന് വിക്കറ്റ് നേടിയപ്പോൾ മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ് എന്നിവർ ഓരോ വിക്കറ്റും നേടി.

അതേസമയം മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ ഒടുവിൽ വിവരം ലഭിക്കുമ്പോൾ ആറ് ഓവറിൽ 27 റണ്‍സ് എന്ന നിലയിലാണ്. 26 റണ്‍സുമായി രോഹിത് ശർമയും ഒരു റണ്‍സുമായി കെഎൽ രാഹുലുമാണ് ക്രീസിൽ.

നേരത്തെ ആദ്യം ബാറ്റ് ചെയ്‌ത ഓസീസിന്‍റെ മുൻനിര വിക്കറ്റുകൾ ആദ്യ ഓവറുകളിൽ തന്നെ ഇന്ത്യൻ പേസർമാർ പിഴുതെറിഞ്ഞിരുന്നു. രണ്ടാം ഓവറിൽ ഓപ്പണർ ഉസ്‌മാൻ ഖവാജയെ(1) വിക്കറ്റിന് മുന്നിൽ കുരുക്കി മുഹമ്മദ് സിറാജാണ് വിക്കറ്റ് വേട്ടയ്‌ക്ക് തുടക്കമിട്ടത്. തൊട്ടടുത്ത ഓവറിൽ തന്നെ ഡേവിഡ് വാർണറെ പുറത്താക്കി മുഹമ്മദ് ഷമി ഓസീസിന് ഇരട്ട പ്രഹരം നൽകി.

എന്നാൽ പിന്നീടൊന്നിച്ച മാർനസ് ലാബുഷെയ്‌നും സ്‌റ്റീവ് സ്‌മിത്തും ചേർന്ന് സ്‌കോർ മുന്നോട്ടുയർത്തി. ഇരുവരും ചേർന്ന് ആദ്യ സെഷനിൽ 74 റണ്‍സിന്‍റെ കൂട്ടുകെട്ടാണ് പടുത്തുയർത്തിയത്. എന്നാൽ ലഞ്ചിന് ശേഷം തിരിച്ചെത്തിയ ഓസീസ് നിരയെ വരവേറ്റത് രവീന്ദ്ര ജഡേജയായിരുന്നു. തന്‍റെ രണ്ടാം ഓവറിൽ തന്നെ ലാബുഷെയ്‌നെ പുറത്താക്കി ജഡേജ വിക്കറ്റ് വേട്ടയ്‌ക്ക് തുടക്കം കുറിച്ചു.

ജഡേജയുടെ പന്തിന്‍റെ ഗതി മനസിലാക്കാതെ മുന്നേട്ടിറങ്ങി കളിക്കാൻ ശ്രമിച്ച ലാബുഷെയ്‌നെ കീപ്പർ കെഎസ് ഭരത് സ്റ്റംപ് ചെയ്‌ത് പുറത്താക്കുകയായിരുന്നു. തൊട്ടടുത്ത പിന്തിൽ തന്നെ മാറ്റ് റെൻഷായെ (0) പുറത്താക്കി ജഡേജ ഓസീസിനെ ഞെട്ടിച്ചു. പിന്നാലെ ഒരു വശത്ത് തകർത്തടിച്ചുകൊണ്ടിരുന്ന സ്റ്റീവ് സ്‌മിത്തിനേയും (37) ജഡേജ പുറത്താക്കി.

ഇതോടെ അഞ്ച് വിക്കറ്റ് നഷ്‌ടത്തിൽ 109 എന്ന നിലയിലായി ഓസ്‌ട്രേലിയ. പിന്നാലെ ക്രീസിലെത്തിയ പീറ്റർ ഹാൻഡ്‌സ്കോംബും അലക്‌സ് കാരിയും ചേർന്ന് അൽപസമയം പിടിച്ചുനിന്നു. ഇരുവരു ചേർന്ന് ഓസീസിനെ കരകയറ്റുമെന്ന് തോന്നിച്ചെങ്കിലും അവിടെയും ജഡേജ ഇന്ത്യയുടെ രക്ഷകനായി അവതരിച്ചു.

31 റണ്‍സുമായി നിലയുറപ്പിച്ചുകൊണ്ടിരുന്ന ഹാൻഡസ്‌കോംബിനെ ജഡേജ എൽബിയിൽ കുരുക്കുകയായിരുന്നു. പിന്നാലെ അലക്‌സ് ക്യാരിയെ ബൗൾഡാക്കി അശ്വിനും വിക്കറ്റ് വേട്ടയ്‌ക്ക് തുടക്കം കുറിച്ചു. ഈ വിക്കറ്റോടെ ടെസ്റ്റ് കരിയറിൽ 450 വിക്കറ്റ് എന്ന നേട്ടവും അശ്വിൻ സ്വന്തമാക്കി. പിന്നാലെ പാറ്റ് കമ്മിൻസിനെ കോലിയുടെ കൈകളിലെത്തിച്ചതോടെ ഓസ്‌ട്രേലിയ തകർച്ചയുടെ വക്കിലെത്തി.

ഇതോടെ ഏഴ്‌ വിക്കറ്റ് നഷ്‌ടത്തിൽ 172 എന്ന നിലയിലായി ഓസ്‌ട്രേലിയ. പിന്നാലെ അരങ്ങേറ്റക്കാരൻ ടോഡ് മുർഫിയേയും (0) അശ്വിൻ വിക്കറ്റിന് മുന്നിൽ കുരുക്കി. തുടർന്ന് സ്‌കോട്ട് ബോളണ്ടിനെയും പുറത്താക്കി അശ്വിൻ ഓസീസ് ബാറ്റിങ് നിരയെ കൂടാരം കയറ്റി.

ALSO READ: 32-ാം വയസില്‍ ടെസ്റ്റ് അരങ്ങേറ്റം, സൂര്യകുമാര്‍ യാദവിന് അപൂര്‍വറെക്കോഡ്

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.