'അവരെ നിശബ്‌ദരാക്കും, അതാണ് ഞങ്ങളുടെ ലക്ഷ്യം...'വാക്ക് പാലിച്ച് വിഖ്യാത നായകന്മാര്‍ക്കൊപ്പം ഇടം പിടിച്ച് പാറ്റ് കമ്മിന്‍സ്

'അവരെ നിശബ്‌ദരാക്കും, അതാണ് ഞങ്ങളുടെ ലക്ഷ്യം...'വാക്ക് പാലിച്ച് വിഖ്യാത നായകന്മാര്‍ക്കൊപ്പം ഇടം പിടിച്ച് പാറ്റ് കമ്മിന്‍സ്
Australian Captain Pat Cummins: പാറ്റ് കമ്മിന്‍സിന് കീഴില്‍ ഏകദിന ക്രിക്കറ്റ് ലോകകിരീടം സ്വന്തമാക്കി ഓസ്‌ട്രേലിയന്‍ ടീം.
'ഇത്രയും വലിയൊരു ജനക്കൂട്ടത്തെ നിശബ്‌ദരാക്കുന്നതിലൂടെ ലഭിക്കുന്ന ആത്മസംതൃപ്‌തി ലോകത്ത് മറ്റൊന്നിനും നല്‍കാന്‍ സാധിക്കില്ല…' അഹമ്മദാബാദില്‍ ഇന്ത്യന്‍ ജയം കാണാനെത്തിയ ആള്‍ക്കൂട്ടത്തെ നിശബ്‌ദമാക്കിക്കൊണ്ട് ഓസ്‌ട്രേലിയ ലോക കിരീടം ഉയര്‍ത്തുമ്പോള്‍ നായകന്‍ പാറ്റ് കമ്മിന്‍സ് പറഞ്ഞുവെച്ച ഈ വാക്കുകള്‍ എങ്ങനെയാണ് ക്രിക്കറ്റ് ലോകം കണ്ടില്ലെന്ന് നടിക്കേണ്ടത്…? ഈ ടീം എവിടെയും എത്തില്ലെന്ന് പരിഹസിച്ചര്‍ക്ക് കൂടിയുള്ള മറുപടിയാണ് പാറ്റ് കമ്മിന്‍സ് എന്ന നായകന്‍ ലോകകപ്പ് നേട്ടത്തിലൂടെ നല്‍കിയിരിക്കുന്നത്. പാറ്റ് കമ്മിന്‍സ് എന്ന ഇതിഹാസ നായകന്‍റെ കൂടി പിറവി കണ്ട ലോകകപ്പിനാണ് തിരശീല വീണിരിക്കുന്നത്.
-
A golden year for Captain Pat Cummins. pic.twitter.com/TjGZ9sKExF
— CricTracker (@Cricketracker) November 20, 2023
'മൈറ്റി ഓസീസ്' എന്നത് ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ടീമിന് വെറുതെ കിട്ടിയ പേരല്ല. തങ്ങളുടെ ചരിത്രം കൊണ്ട് അവര്‍ അക്കാര്യം വ്യക്തമാക്കുന്നുമുണ്ട്. തങ്ങളുടെ പോരാട്ടവീര്യം കൊണ്ട് ക്രിക്കറ്റ് ലോകത്തെ ഒന്നടങ്കം അത്ഭുതപ്പെടുത്താനും അവര്‍ക്കായിട്ടുണ്ട്.
ഐസിസി ടൂര്‍ണമെന്‍റുകളിലെയും മികച്ച ടീം ഏതെന്ന് ചോദ്യത്തിന് അധികം തലപുകയ്‌ക്കാതെ പലരും പറയുന്ന പേരും ഈ മഞ്ഞക്കുപ്പായക്കാരുടേതാണ്. ഏകദിനത്തിലും ടി20യില്‍ തങ്ങള്‍ പുലര്‍ത്തിയിരുന്ന അപ്രമാദിത്വം ടെസ്റ്റ് ക്രിക്കറ്റിലും അവര്‍ ആവര്‍ത്തിച്ചു. ഈ വര്‍ഷം നടന്ന ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പും സ്വന്തമാക്കിയതോടെ ഐസിസിയുടെ എല്ലാ കിരീടങ്ങളും സ്വന്തമാക്കിയ ഏക ടീമായും കങ്കാരുപ്പട മാറിയിരുന്നു.
-
A golden year for Captain Pat Cummins. pic.twitter.com/TjGZ9sKExF
— CricTracker (@Cricketracker) November 20, 2023
ഓവലില്‍ നടന്ന കലാശപ്പോരില്‍ രോഹിത് ശര്‍മയുടെ തന്നെ ഇന്ത്യയെ വീഴ്‌ത്തിയാണ് ഓസ്‌ട്രേലിയ ലോകക്രിക്കറ്റില്‍ മറ്റാര്‍ക്കും അവകാശപ്പെടാനാകാത്ത നേട്ടം സ്വന്തമാക്കുന്നത്. 30കാരനായ പാട്രിക് ജെയിംസ് കമ്മിന്‍സ് എന്ന നായകന് കീഴില്‍ കളിച്ചുകൊണ്ടായിരുന്നു കങ്കാരുപ്പട ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് നേടിയത്. ഇന്ന് അതേ ഇന്ത്യയെ അവരുടെ സ്വന്തം മണ്ണില്‍ വീഴ്‌ത്തി ഓസ്‌ട്രേലിയ ആറാം ലോകകിരീടം നേടുമ്പോഴും ടീമിന്‍റെ അമരത്ത് ആ ന്യൂ സൗത്ത് വെയില്‍സുകാരന്‍ തന്നെയാണ്.
പാറ്റ് കമ്മിന്‍സിന്‍റെ '2023': അന്താരാഷ്‌ട്ര ക്രിക്കറ്റിലെ തിരക്കേറിയ മത്സരക്രമം ഓസ്‌ട്രേലിയന്‍ നായകന്‍ പാറ്റ് കമ്മിന്‍സിനെ കഴിഞ്ഞ ഐപിഎല്ലില്‍ നിന്നും പിന്മാറാന്‍ നിര്‍ബന്ധിതനാക്കി. ആ തീരുമാനം പിന്നീട് പാറ്റ് കമ്മിന്‍സ് എന്ന നായകന് സമ്മാനിച്ചത് ലോകക്രിക്കറ്റിലെ തന്നെ വമ്പന്‍ നേട്ടങ്ങള്‍. ക്യാപ്‌റ്റനായുള്ള ആദ്യ പരീക്ഷണം കമ്മിന്‍സിന് നേരിടേണ്ടി വന്നത് ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍.
അവിടെ ഇന്ത്യയെ വീഴ്‌ത്തി കിരീടനേട്ടം. പിന്നീട് ആഷസിനായി ഇംഗ്ലണ്ടിലേക്ക്. അവിടെ അവരുടെ നാട്ടില്‍ പോയി ആഷസ് കിരീടം നിലനിര്‍ത്താനും പാറ്റ് കമ്മിന്‍സിനും സംഘത്തിനുമായി. അതിന് ശേഷമായിരുന്നു കമ്മിന്‍സിന്‍റെ ഓസ്‌ട്രേലിയ ലോകകപ്പിനെത്തിയത്.
ലോകകപ്പിന് ഇറങ്ങുന്നതിന് മുന്‍പ് പാറ്റ് കമ്മിന്‍സ് ഓസ്‌ട്രേലിയന്‍ ഏകദിന ടീമിനെ നയിച്ചത് വെറും രണ്ട് മത്സരങ്ങളില്‍. ലോകകപ്പിലെ ആദ്യ മത്സരങ്ങളില്‍ ടീമിന് തോല്‍വി. പിന്നീടായിരുന്നു കമ്മിന്‍സ് എന്ന നായകന് കീഴില്‍ സിനിമികളില്‍ മാത്രം കണ്ട് ശീലിച്ചത് പോലൊരു തിരിച്ചുവരവ് ഓസ്‌ട്രേലിയ ക്രിക്കറ്റ് ലോകത്തിന് കാട്ടിക്കൊടുത്തത്.
പ്രാഥമിക റൗണ്ടില്‍ തുടര്‍ച്ചയായ ഏഴ് ജയം. ആദ്യ റൗണ്ടിലെ തോല്‍വികള്‍ക്ക് സെമിയില്‍ ദക്ഷിണാഫ്രിക്കയോടും ഫൈനലില്‍ ഇന്ത്യയോടും മധുരപ്രതികാരം. അവസാനം കിരീടവുമായി മടക്കവും.
ഇന്ത്യയെ പൂട്ടിയ തന്ത്രം: ലോകകപ്പ് ഫൈനലിലേക്ക് തോല്‍വി അറിയാതെ എത്തിയ ഇന്ത്യയെ വരിഞ്ഞുമുറിക്കി തന്നെയാണ് ഓസ്‌ട്രേലിയ കിരീടം നേടിയത്. മത്സരത്തില്‍ ടോസ് നേടി ഇന്ത്യയെ ആദ്യം ബാറ്റിങ്ങിനയക്കുമ്പോള്‍ വ്യക്തമായ പദ്ധതികള്‍ നായകന്‍ പാറ്റ് കമ്മിന്‍സിന്‍റെ പക്കലുണ്ടായിരുന്നുവെന്ന് സാരം. രോഹിത് ശര്‍മ ക്രീസിലുണ്ടായിരുന്ന സമയം മാറ്റി നിര്‍ത്തിയാല്‍ പിന്നീട് ഫൈനലില്‍ ഇന്ത്യയുടെ ചിത്രം പോലും ഉണ്ടായിരുന്നില്ല.
ഫീല്‍ഡ് പ്ലേസ്മെന്‍റ്, ബൗളിങ് ചേഞ്ചസ് എല്ലാത്തിലും കമ്മിന്‍സിലെ നായക മികവിനെ ലോകം കണ്ടു. പന്തെറിയാനെത്തിയപ്പോളാകട്ടെ കമ്മിന്‍സെന്ന ബൗളറേയും. വിരാട് കോലിയെ മടക്കി മത്സരം ഓസീസിന്‍റെ പക്കലേക്ക് ഒരുപടി കൂടി അടിപ്പിച്ചതും കമ്മിന്‍സായിരുന്നു.
സ്റ്റീവ് വോ എന്ന വിഖ്യാത നായകന് കീഴില്‍ 1999ല്‍ രണ്ടാം ലോക കിരടീം നേടിയ ഓസ്‌ട്രേലിയന്‍ ടീമിനെ അനുസ്മരിപ്പിക്കുന്ന കുതിപ്പാണ് ഇത്തവണ കങ്കാരുപ്പട പാറ്റ് കമ്മിന്‍സിന് കീഴിലും നടത്തിയതെന്ന് നിസംശയം പറയാം. അന്ന്, ആദ്യ റൗണ്ടില്‍ തങ്ങളെ തോല്‍പ്പിച്ച പാകിസ്ഥാനെ ഫൈനലില്‍ തകര്‍ത്താണ് കിരീടം നേടിയതെങ്കില്‍ ഇത്തവണ അത് ഇന്ത്യ ആയിരുന്നെന്ന് മാത്രം.
