ETV Bharat / sports

തുടങ്ങിയത് തോല്‍വികളോടെ, എത്തി നില്‍ക്കുന്നത് കിരീടത്തിനരികില്‍; ലോകകപ്പ് ഫൈനലില്‍ 'എഴുതി തള്ളാനാകില്ല' മൈറ്റി ഓസീസിനെ

author img

By ETV Bharat Kerala Team

Published : Nov 18, 2023, 9:17 AM IST

Australia Team In Cricket World Cup 2023: ഏകദിന ക്രിക്കറ്റ് ലോകകപ്പില്‍ തോല്‍വികളോടെ തുടങ്ങിയ ടീമാണ് ഓസ്‌ട്രേലിയ. ആദ്യത്തെ രണ്ട് മത്സരങ്ങളിലും പരാജയപ്പെട്ട അവര്‍ പിന്നീട് കളിച്ച 8 മത്സരവും ജയിച്ചാണ് ഫൈനലിലേക്ക് എത്തിയത്.

Cricket World Cup 2023  Australia Team In Cricket World Cup 2023  Australian Team Performance In World Cup 2023  India vs Australia Final  Australia Road To Cricket World Cup Final 2023  ഏകദിന ക്രിക്കറ്റ് ലോകകപ്പ്  ഇന്ത്യ ഓസ്‌ട്രേലിയ ഫൈനല്‍  ഓസ്‌ട്രേലിയ ലോകകപ്പ്  ക്രിക്കറ്റ് ലോകകപ്പില്‍ ഓസ്‌ട്രേലിയ  ലോകകപ്പ് ഓസ്ട്രേലിയന്‍ ടീം പ്രകടനം
Australia Team In Cricket World Cup 2023

കദിന ക്രിക്കറ്റ് ലോകകപ്പില്‍ (Cricket World Cup 2023) തങ്ങളുടെ ആദ്യ രണ്ട് മത്സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ പോയിന്‍റ് പട്ടികയില്‍ അവസാനമായിരുന്നു ഓസ്‌ട്രേലിയന്‍ (Australia) ടീമിന്‍റെ സ്ഥാനം. ലോകകപ്പിലേക്ക് ഓസീസിന് ഇനിയൊരു തിരിച്ചുവരവ് ഉണ്ടാകില്ലെന്ന് പലരും വിധിയെഴുതിയ സമയം. അവിടെന്നായിരുന്നു യഥാര്‍ഥ ചാമ്പ്യന്മാരെപ്പോലെയുള്ള കങ്കാരുപ്പടയുടെ കുതിപ്പ്, ആ കുതിപ്പ് എത്തി നില്‍ക്കുന്നത് ലോക കിരീടത്തിന്‍റെ പടിവാതില്‍ക്കലും.

ലോകകപ്പിലെ ആറാം കിരീടം തേടിയാണ് 'മൈറ്റി ഓസീസ്' ഇന്ത്യയിലേക്ക് എത്തിയത്. എന്നാല്‍, ലോകകപ്പിന് തൊട്ട് മുന്‍പ് നടന്ന രണ്ട് ഏകദിന പരമ്പരകളും അവര്‍ കൈവിട്ടു. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഏകദിന പരമ്പരയിലെ തോല്‍വിയുടെ ക്ഷീണം ഇന്ത്യയിലും മാറ്റാന്‍ കങ്കാരുപ്പടയ്‌ക്കായില്ല.

സീനിയര്‍ താരങ്ങളുടെ അഭാവത്തില്‍ ഇറങ്ങിയ ഇന്ത്യയോടും ഓസ്‌ട്രേലിയ പരാജയപ്പെട്ടു, അവിടുന്ന് നേരെ ലോകകപ്പിലേക്ക്. ഇന്ത്യ, ദക്ഷിണാഫ്രിക്ക ടീമുകളോട് ആദ്യ മത്സരങ്ങള്‍ (Australia In Cricket World Cup 2023). ചെപ്പോക്കില്‍ ഇന്ത്യയോട് ആറ് വിക്കറ്റിന്‍റെ തോല്‍വി ഏറ്റുവാങ്ങിയ കങ്കാരുപ്പട പ്രോട്ടീസിനെതിരായ മത്സരം അടിയറവ് പറഞ്ഞത് 134 റണ്‍സിനായിരുന്നു.

ഇതോടെ, ഓസ്‌ട്രേലിയക്ക് ചരമഗീതമെഴുതാന്‍ പലരും ഇറങ്ങി പുറപ്പെട്ടു. എന്നാല്‍, ഇവരുടെയെല്ലാം വയടപ്പിക്കാന്‍ അധികസമയമൊന്നും ഓസ്‌ട്രേലിയക്ക് വേണ്ടി വന്നില്ല. മൂന്നാം മത്സരത്തില്‍ ശ്രീലങ്കയെ തോല്‍പ്പിച്ച് ഓസീസ് പട ട്രാക്കിലായി.

ലങ്ക ഉയര്‍ത്തിയ 210 റണ്‍സ് വിജയലക്ഷ്യം 88 പന്തും 5 വിക്കറ്റും ശേഷിക്കെയാണ് പാറ്റ് കമ്മിന്‍സും സംഘവും മറികടന്നത്. പിന്നാലെ പാകിസ്ഥാനും ഓസീസ് തേരോട്ടത്തിന് മുന്നില്‍ വീണു. നെതര്‍ലന്‍ഡ്‌സിനെതിരെ 309 റണ്‍സിന്‍റെ റെക്കോഡ് ജയം.

തുടര്‍ന്ന് വന്ന ന്യൂസിലന്‍ഡിനും ചിരവൈരികളായ ഇംഗ്ലണ്ടിനും കങ്കാരുപ്പടയുടെ കുതിപ്പിനെ തടുക്കാനായില്ല. അഫ്‌ഗാനിസ്ഥാന്‍ ഓസീസിനെ വീഴ്‌ത്തുമെന്ന് തോന്നിപ്പിച്ചെങ്കിലും ഗ്ലെന്‍ മാക്‌സ്‌വെല്ലിന്‍റെ വീരോചിതമായ ഇന്നിങ്‌സ് അവിടെയും അവര്‍ക്ക് ജയം സമ്മാനിച്ചു.

സെമി ഫൈനലില്‍ ദക്ഷിണാഫ്രിക്കയേയും തോല്‍പ്പിച്ച് എട്ട് തുടര്‍ജയങ്ങളുടെ അകമ്പടിയിലാണ് ഓസ്‌ട്രേലിയ ലോകകപ്പ് ഫൈനല്‍ ടിക്കറ്റെടുത്തത്. ഒരു ചാമ്പ്യന്‍ ടീം എങ്ങനെ പെര്‍ഫോം ചെയ്യണമെന്ന് എതിരാളികള്‍ക്ക് കാണിച്ചുകൊടുത്ത് കൊണ്ടാണ് ഓസ്‌ട്രേലിയ ഇന്ത്യയ്‌ക്കെതിരായ ഫൈനല്‍ കളിക്കാന്‍ കച്ചകെട്ടുന്നത് (Australia Road To Cricket World Cup Final 2023).

ലോകകപ്പ് ചരിത്രത്തില്‍ 'ബെസ്റ്റ്' ടീം തങ്ങള്‍ തന്നെയാണെന്ന് വ്യക്തമാക്കുന്ന പ്രകടനങ്ങളാണ് ഓസ്‌ട്രേലിയ ഇപ്രാവശ്യവും നടത്തിയിരിക്കുന്നത്. ഓസീസിന് ഇത് എട്ടാം ലോകകപ്പ് ഫൈനലാണ്. എട്ട് ഫൈനലുകളില്‍ അഞ്ച് പ്രാവശ്യവും (1987, 1999, 2003, 2007, 2015) കിരീടം നേടിയാണ് കങ്കാരുപ്പട മടങ്ങിയത്.

2003 ലോകകപ്പ് ഫൈനലിന്‍റെ ആവര്‍ത്തനമാണ് ഇപ്രാവശ്യവും. അന്ന്, നടന്ന കലാശപ്പോരാട്ടത്തില്‍ ഇന്ത്യയെ വീഴ്‌ത്തിയാണ് കങ്കാരുപ്പട ലോക കിരീടത്തില്‍ മുത്തമിട്ടത്. ഇക്കുറി ഇന്ത്യന്‍ മണ്ണിലും അതേ ചരിത്രം ആവര്‍ത്തിക്കാനാകുമെന്ന പ്രതീക്ഷയിലാണ് അവര്‍.

Also Read : നോക്ക് ഔട്ട് മത്സരങ്ങളില്‍ ഇന്ത്യയുടെ 'ഭാഗ്യക്കേട്', ചരിത്രം ആവര്‍ത്തിച്ചാല്‍ 'പണി പാളും'; കലാശപ്പോര് നിയന്ത്രിക്കാന്‍ ഇവര്‍

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.