ETV Bharat / sports

'ക്ഷമിക്കണം, ഈ പട്ടികയില്‍ ബാബറിനെ ഉള്‍പ്പെടുത്തില്ല' ; കഴിഞ്ഞ വര്‍ഷത്തെ മികച്ച ടി20 ബാറ്റര്‍മാരെ തെരഞ്ഞെടുത്ത് ആകാശ് ചോപ്ര

author img

By

Published : Jan 1, 2023, 4:11 PM IST

Updated : Jan 1, 2023, 4:55 PM IST

Aakash Chopra  Aakash Chopra Top five T20I Batters list  Aakash Chopra Excludes Babar Azam  Babar Azam  Virat Kohli  Suryakumar Yadav  Mohammad Rizwan  Sikandar Raza  Devon Conway  Aakash Chopra on Virat Kohli  ആകാശ് ചോപ്ര  വിരാട് കോലി  ബാബര്‍ അസം  സൂര്യകുമാര്‍ യാദവ്  മുഹമ്മദ് റിസ്‌വാന്‍  മികച്ച ടി20 ബാറ്റര്‍മാരെ തെരഞ്ഞെടുത്ത് ആകാശ് ചോപ്ര
കഴിഞ്ഞ വര്‍ഷത്തെ മികച്ച ടി20 ബാറ്റര്‍മാരെ തെരഞ്ഞെടുത്ത് ആകാശ് ചോപ്ര

മുന്‍ താരവും കമന്‍റേറ്ററുമായ ആകാശ് ചോപ്ര തെരഞ്ഞെടുത്ത കഴിഞ്ഞ വര്‍ഷത്തെ മികച്ച ടി20 ബാറ്റര്‍മാരുടെ പട്ടികയില്‍ ഇന്ത്യയുടെ സൂര്യകുമാര്‍ യാദവ് ഒന്നാമത്

മുംബൈ : അന്താരാഷ്‌ട്ര ടി20 ക്രിക്കറ്റില്‍ കഴിഞ്ഞ വര്‍ഷത്തെ ഏറ്റവും മികച്ച അഞ്ച് ബാറ്റര്‍മാരെ തെരഞ്ഞെടുത്ത് ഇന്ത്യയുടെ മുന്‍ താരവും കമന്‍റേറ്ററുമായ ആകാശ് ചോപ്ര. ഏഷ്യ കപ്പിലെ സെഞ്ച്വറി പ്രകടനത്തോടെ ഫോമിലേക്ക് മടങ്ങിയെത്തിയ ഇന്ത്യയുടെ മുന്‍ നായകന്‍ വിരാട് കോലിയും ചോപ്രയുടെ പട്ടികയില്‍ ഇടം നേടിയിട്ടുണ്ട്. ഇന്ത്യയുടെ സ്റ്റാര്‍ ബാറ്റര്‍ സൂര്യകുമാര്‍ യാദവാണ് ഒന്നാം സ്ഥാനത്ത്.

പാകിസ്ഥാന്‍ ഓപ്പണര്‍ മുഹമ്മദ് റിസ്‌വാനാണ് രണ്ടാമതുള്ളത്. പട്ടികയില്‍ മൂന്നാം സ്ഥാനത്താണ് വിരാട് കോലി. സിംബാബ്‌വെ ഓള്‍റൗണ്ടര്‍ സിക്കന്ദര്‍ റാസ, ന്യൂസിലാന്‍ഡിന്‍റെ ഡെവോൺ കോൺവേ എന്നിവരാണ് നാലും അഞ്ചും സ്ഥാനങ്ങളിലുള്ളത്.

കോലി തന്‍റെ പട്ടികയില്‍ ഇടം നേടുമെന്ന് ആരും പ്രതീക്ഷിച്ചിരിക്കില്ലെന്ന് ചോപ്ര പറഞ്ഞു. "ഫോം കണ്ടെത്താനായി വർഷങ്ങളോളം അദ്ദേഹം പാടുപെട്ടു, ഈ വര്‍ഷം ഐപിഎല്ലിലും താരത്തിന്‍റെ പ്രകടനങ്ങൾ വളരെ മോശമായിരുന്നു. കാര്യങ്ങളൊന്നും തന്നെ കോലിയുടെ വഴിക്കായിരുന്നില്ല.

എന്നാല്‍ 2022 അവസാനത്തോടെ, അദ്ദേഹം കാര്യങ്ങൾ ശ്രദ്ധേയമായ രീതിയിൽ മാറ്റിമറിച്ചു. ഈ വർഷം ടി20യിൽ, 20 മത്സരങ്ങളിൽ നിന്ന് 55.78 ശരാശരിയിൽ 138.23 സ്‌ട്രൈക്ക് റേറ്റിൽ 781 റൺസാണ് കോലി നേടിയത്. ടി20 ലോകകപ്പില്‍ തകര്‍പ്പന്‍ പ്രകടനം നടത്താനും താരത്തിന് കഴിഞ്ഞു.

പാകിസ്ഥാനും ഇംഗ്ലണ്ടിനുമെതിരായ മത്സരങ്ങള്‍ നടന്ന പിച്ച് വെല്ലുവിളി നിറഞ്ഞതായിരുന്നു. എന്നിട്ടും റണ്‍സ് അടിച്ച് കൂട്ടാന്‍ കോലിക്ക് കഴിഞ്ഞു" - ആകാശ് ചോപ്ര വ്യക്തമാക്കി.

പട്ടികയില്‍ പാകിസ്ഥാൻ നായകന്‍ ബാബര്‍ അസമിന് ഇടം നല്‍കാത്തതിന് പിന്നിലെ കാരണവും ചോപ്ര വിശദീകരിച്ചു. മോശം ശരാശരിയും സ്‌ട്രൈക്ക് റേറ്റും കാരണമാണ് ബാബർ അസമിനെ ഉൾപ്പെടുത്താതിരിക്കുന്നതെന്ന് ഇന്ത്യയുടെ മുന്‍ താരം പറഞ്ഞു.

"കണക്കുകള്‍ നോക്കുമ്പോള്‍ ബാബര്‍ അസം അഞ്ചാം സ്ഥാനത്ത് ഉണ്ടാവേണ്ടതാണ്. പക്ഷേ , ക്ഷമിക്കുക ഈ പട്ടികയില്‍ ഞാന്‍ ബാബറിനെ ഉള്‍പ്പെടുത്തുന്നില്ല. ഈ വര്‍ഷം 26 മത്സരങ്ങളില്‍ നിന്നും 735 റണ്‍സ് ബാബര്‍ നേടിയിട്ടുണ്ട്. എന്നാല്‍ ശരാശരി വെറും 32 ആണ്. സ്ട്രൈക്ക് റേറ്റാവട്ടെ 123ന് അടുത്തും" - ചോപ്ര വ്യക്തമാക്കി.

അഞ്ചാം സ്ഥാനത്ത് ഇടം നേടിയ ഡെവോൺ കോൺവേയെ ചോപ്ര പുകഴ്‌ത്തി. 2022ലെ കോണ്‍വേയുടെ കണക്കുകള്‍ അതിശയിപ്പിക്കുന്നതാണ്. ഈ വര്‍ഷം കൂടുതല്‍ ടി20 മത്സരങ്ങള്‍ കളിച്ച താരം ഒരുപക്ഷേ സൂര്യകുമാറിനേയും മറികടന്നേനെയെന്നും ചോപ്ര വ്യക്തമാക്കി.

also read: "എന്‍റെ കണ്ണുകള്‍ നിറയുകയായിരുന്നു, പിന്നെ എങ്ങനെ ഞാന്‍ അവനെ ആശ്വസിപ്പിക്കും"

ഏഷ്യ കപ്പില്‍ അഫ്ഗാനിസ്ഥാനെതിരായ മത്സരത്തിലെ സെഞ്ച്വറി പ്രകടനത്തോടെയാണ് 34കാരനായ കോലി തന്‍റെ റണ്‍സ് വരള്‍ച്ച അവസാനിപ്പിച്ചത്. മൂന്ന് വര്‍ഷം നീണ്ട ഇടവേളയ്‌ക്ക് ശേഷമായിരുന്നു അന്ന് കോലി മൂന്നക്കം തൊട്ടത്. തുടര്‍ന്ന് ഓസ്‌ട്രേലിയയില്‍ നടന്ന ടി20 ലോകകപ്പില്‍ താരം കത്തിക്കയറി.

ആറ് മത്സരങ്ങളില്‍ നിന്ന് 296 റണ്‍സാണ് താരം അടിച്ചുകൂട്ടിയത്. സെമിയില്‍ ഇംഗ്ലണ്ടിനോട് തോല്‍വി വഴങ്ങി ഇന്ത്യ പുറത്തായെങ്കിലും ഈ പ്രകടനത്തോടെ ടൂര്‍ണമെന്‍റിലെ ടോപ് സ്‌കോററാവാനും വിരാട് കോലിക്ക് കഴിഞ്ഞിരുന്നു.

Last Updated :Jan 1, 2023, 4:55 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.