ETV Bharat / sports

ടി20 ലോകകപ്പ് ടീമില്‍ അവനുണ്ടാവണം, അല്ലെങ്കില്‍ 2022-ലെ ദുരന്തം ആവര്‍ത്തിക്കും; മുന്നറിയിപ്പുമായി ആകാശ് ചോപ്ര

author img

By ETV Bharat Kerala Team

Published : Jan 15, 2024, 7:53 PM IST

Aakash Chopra on Yashasvi Jaiswal: ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ യശസ്വി ജയ്‌സ്വാള്‍ ഉണ്ടാവാതിരുന്നാല്‍ അതു അനീതിയെന്ന് ആകാശ് ചോപ്ര.

Aakash Chopra on Yashasvi Jaiswal  T20 World Cup 2024  യശസ്വി ജയ്‌സ്വാള്‍  ടി20 ലോകകപ്പ് 2024
former player Aakash Chopra on Yashasvi Jaiswal

മുംബൈ: അഫ്‌ഗാനിസ്ഥാനെതിരായ രണ്ടാം ടി20യില്‍ (India vs Afghanistan) തകര്‍പ്പന്‍ പ്രകടനമാണ് ഇന്ത്യയുടെ യുവ ഓപ്പണര്‍ യശസ്വി ജയ്സ്വാള്‍ നടത്തിയത്. അഫ്ഗാന്‍ ബോളര്‍മാരെ തല്ലിത്തരിപ്പണമാക്കി അര്‍ധ സെഞ്ചുറിയുമായായിരുന്നു യശസ്വി ജയ്‌സ്വാള്‍ തിരികെ കയറിയത്. ഇപ്പോഴിതാ 22-കാരന്‍ തന്‍റെ മിന്നും പ്രകടനങ്ങളിലുടെ നടക്കാനിരിക്കുന്ന ടി20 ലോകകപ്പിനുള്ള (T20 World Cup 2024) ഇന്ത്യന്‍ ടീമില്‍ സ്ഥാനമുറപ്പിച്ചു എന്ന് അഭിപ്രായപ്പെട്ടിരിക്കുകയാണ് ഇന്ത്യയുടെ മുന്‍ താരവും കമന്‍റേറ്ററുമായ ആകാശ് ചോപ്ര.

(Aakash Chopra on Yashasvi Jaiswal). ശുഭ്‌മാന്‍ ഗില്ലിനെ ഇതിനകം തന്നെ യശസ്വി പിന്നിലാക്കിക്കഴിഞ്ഞുവെന്നും ആകാശ് ചോപ്ര പറഞ്ഞു. ടി20 ലോകകപ്പിനുള്ള ടീമില്‍ യശസ്വിയെ ഉള്‍പ്പെടുത്താതിരുന്നാല്‍ അതു താരത്തോടുള്ള അനീതിയാകുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

"ഏറെ മികച്ച രീതിയിലാണ് യശസ്വി ജയ്‌സ്വാള്‍ ബാറ്റ് ചെയ്യുന്നത്. ഇനി ടി20 ലോകകപ്പ് ടീമിലേക്ക് അവനെ എടുക്കാതിരുന്നാല്‍ അതു അനീതിയാണ്. അവനെപ്പോലെ ഒരു താരത്തെ അങ്ങിനെ മാറ്റി നിര്‍ത്താന്‍ കഴിയില്ല. അതിന്‍റെ അര്‍ത്ഥം അവന്‍ തിരഞ്ഞെടുക്കപ്പെടേണ്ട ആളാണ് എന്ന് തന്നെയാണ്.

ഇന്ത്യയ്‌ക്കായി അവന്‍ റണ്‍സടിച്ച് കൂട്ടുകയാണ്. ഇപ്പോള്‍ അവന്‍ ശുഭ്‌മാന്‍ ഗില്ലിനെ പിന്നിലാക്കിക്കഴിഞ്ഞു. ഇനി അവനെ ഒഴിവാക്കാന്‍ കഴിയില്ല.

അങ്ങിനെ ഒരു കാര്യം ചിന്തിക്കുക പോലും അരുത് എന്നാണ് എനിക്ക് പറയാനുള്ളത്. കാരണം ഇതുപോലെ നിര്‍ഭയമായി ബാറ്റ് ചെയ്യുന്ന ഒരു താരത്തെ നിങ്ങള്‍ക്ക് ആവശ്യമാണ്. ഇല്ലെങ്കില്‍ 2022-ലെ ടി20 ലോകകപ്പില്‍ എന്താണോ സംഭവിച്ചത്, അതു തന്നെ ആവര്‍ത്തിക്കും.

ഒന്നിലും ഒരു മാറ്റവുമുണ്ടാവില്ല. ടീമും ബാറ്റിങ് സമീപനവും ഒന്നു തന്നെയാവും. വര്‍ഷം മാത്രമായിരിക്കും മാറുക" ആകാശ് ചോപ്ര പറഞ്ഞു. യശസ്വി മാച്ച് വിന്നറാണെന്നും ചോപ്ര കൂട്ടിച്ചേര്‍ത്തു. നേരിയ പരിക്കിനെ തുടര്‍ന്ന് അഫ്‌ഗാനെതിരെ മൊഹാലിയില്‍ നടന്ന ആദ്യ ടി20യില്‍ യശസ്വിയ്‌ക്ക് കളിക്കാന്‍ കഴിഞ്ഞിരുന്നില്ല.

എന്നാല്‍ ഇന്‍ഡോറില്‍ കത്തിക്കയറിയ താരം 34 പന്തുകളില്‍ 68 റണ്‍സായിരുന്നു അടിച്ച് കൂട്ടിയത്. നാല് ബൗണ്ടറികളുടേയും എണ്ണം പറഞ്ഞ ആറ് സിക്‌സറുകളുടേയും അകമ്പടിയോടെ ആയിരുന്നു 22-കാരന്‍റെ മിന്നും പ്രകടനം. ടി20യില്‍ നീലപ്പടയ്‌ക്കായി തകര്‍പ്പന്‍ പ്രകടനമാണ് യശസ്വി നടത്തുന്നത്. ഇതേവരെ കളിച്ച 16 മത്സരങ്ങളിൽ നിന്ന് 35.57 ശരാശരിയിലും 163.81 സ്‌ട്രൈക്ക് റേറ്റിലും 498 റൺസാണ് താരത്തിന്‍റെ സമ്പാദ്യം.

അതേസമയം ഇന്‍ഡോറില്‍ ആറ് വിക്കറ്റിന്‍റെ വിജയം നേടിയ ഇന്ത്യ പരമ്പര സ്വന്തമാക്കിയിരുന്നു. മൊഹാലിയില്‍ നടന്ന ആദ്യ ടി20യിലും ആറ് വിക്കറ്റിന് വിജയിച്ച ടീം ഇനി ഒരു മത്സരം ബാക്കി നില്‍ക്കെ തന്നെയാണ് പരമ്പര തൂക്കിയത്. ഇന്‍ഡോറില്‍ ടോസ് നഷ്‌ടപ്പെട്ട് ആദ്യം ബാറ്റിങ്ങിന് ഇറങ്ങിയ അഫ്‌ഗാനിസ്ഥാന്‍ 20 ഓവറില്‍ 172 റണ്‍സിന് ഓള്‍ ഔട്ടായി. മറുപടിക്ക് ഇറങ്ങിയ നീലപ്പട 15.4 ഓവറില്‍ നാല് വിക്കറ്റ് നഷ്‌ടത്തില്‍ 173 റണ്‍സ് എടുത്താണ് വിജയം ഉറപ്പിച്ചത്.

ALSO READ: 'രോഹിത് നല്‍കിയ ഉപേദശം ഇതാണ്...'; വെടിക്കെട്ട് ഫിഫ്റ്റിക്ക് പിന്നാലെ യശസ്വി ജയ്‌സ്വാളിന്‍റെ വെളിപ്പെടുത്തല്‍

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.