ETV Bharat / sports

Wtc Final | ടെസ്റ്റിന്‍റെ രാജാക്കൻമാരാകാൻ ഇന്ത്യയും ഓസ്‌ട്രേലിയയും; ഓവൽ പോരിന് ഇന്ന് തുടക്കം

author img

By

Published : Jun 7, 2023, 8:28 AM IST

ഇന്ത്യൻ സമയം ഉച്ചയ്‌ക്ക് മൂന്ന് മണി മുതൽ ഇംഗ്ലണ്ടിലെ കെന്നിങ്‌ടണ്‍ ഓവലിലാണ് മത്സരം.

WTC Final  India vs Australia  ഇന്ത്യ vs ഓസ്‌ട്രേലിയ  ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ  2023 ICC World Test Championship final  World Test Championship final  Ind vs Aus  Virat Kohli  Kohli  Gill  Rohit Sharma  ഓവൽ പോരിന് ഇന്ന് തുടക്കം
ഓവൽ പോരിന് ഇന്ന് തുടക്കം

ഓവൽ : ഇന്ത്യയോ ഓസ്‌ട്രേലിയയോ.. ലോക ടെസ്റ്റ് ക്രിക്കറ്റിലെ പുതിയ ചാമ്പ്യൻമാർക്കായുള്ള പോരാട്ടത്തിന് ഇന്ന് തുടക്കം. ഇംഗ്ലണ്ടിലെ കെന്നിങ്‌ടണ്‍ ഓവലിൽ ഇന്ത്യൻ സമയം ഉച്ചയ്‌ക്ക് മൂന്ന് മണി മുതലാണ് മത്സരം ആരംഭിക്കുക. കഴിഞ്ഞ തവണ കൈവിട്ട കിരീടം സ്വന്തമാക്കാനുറച്ച് ഇന്ത്യയെത്തുമ്പോൾ ആദ്യ ഫൈനലിൽ തന്നെ കപ്പുറപ്പിക്കാനാണ് ഓസ്‌ട്രേലിയയുടെ വരവ്. ജൂണ്‍ 7 മുതൽ 11 വരെ നീണ്ടുനിൽക്കുന്ന മത്സരത്തിൽ മഴ തടസപ്പെടുത്തിയാൽ ജൂണ്‍ 12ന് റിസർവ് ദിവസമായും നിശ്ചയിച്ചിട്ടുണ്ട്.

ഇന്ത്യക്ക് ചാമ്പ്യൻഷിപ്പിന്‍റെ പ്രഥമ പതിപ്പിൽ തന്നെ ഫൈനലിൽ എത്താൻ കഴിഞ്ഞിരുന്നുവെങ്കിലും ന്യൂസിലൻഡിനോട് പരാജയപ്പെടുകയായിരുന്നു. അന്ന് നഷ്‌ടപ്പെട്ട കിരീടം തിരിച്ച് പിടിക്കാൻ ഉറച്ച് തന്നെയാകും ഇന്ത്യ ഓസീസിനെ നേരിടാനെത്തുക. അടുത്തിടെ ഇന്ത്യയിൽ നടന്ന ബോർഡർ ഗവാസ്‌കർ ട്രോഫിയിൽ ഓസ്‌ട്രേലിയയെ 2-1ന് പരാജയപ്പെടുത്തിയെന്ന ആത്മവിശ്വാസവും ടീമിന് കരുത്തു കൂട്ടും. എന്നാൽ ഇംഗ്ലണ്ടിലെ പിച്ചിൽ ഇന്ത്യക്ക് കാര്യങ്ങൾ അത്ര എളുപ്പമാകില്ല എന്ന് തന്നെയാണ് വിലയിരുത്തൽ.

പ്രതീക്ഷ ബാറ്റർമാരിൽ : രോഹിത് ശർമയുടെ നേതൃത്വത്തിൽ ഇറങ്ങുന്ന ഇന്ത്യൻ ടീമിന്‍റെ പ്രധാന കരുത്ത് ബാറ്റിങ് യൂണിറ്റ് തന്നെയാണ്. എന്നാൽ ഐപിഎല്ലിന് തൊട്ടുപിന്നാലെ നടക്കുന്ന ടൂർണമെന്‍റായതിനാൽ തന്നെ താരങ്ങൾക്ക് വേണ്ടത്ര ഒരുക്കം നടത്താനുള്ള സമയം ലഭിച്ചിട്ടില്ല. ഒരു സന്നാഹമത്സരം പോലും ഇന്ത്യക്ക് ഇംഗ്ലണ്ടിൽ കളിക്കാൻ സാധിച്ചില്ല. ടി20യിൽ നിന്ന് പെട്ടന്ന് ടെസ്റ്റിലേക്കുള്ള ചുവട് മാറ്റം ടീമിന്‍റെ പ്രകടനത്തെ ബാധിക്കുമോ എന്ന ആശങ്കയിലാണ് ആരാധകർ.

ബാറ്റിങ്ങിൽ രോഹിത്തിനൊപ്പം മിന്നും ഫോമിലുള്ള ശുഭ്‌മാന്‍ ഗിൽ, ചേതേശ്വര്‍ പുജാര, വിരാട് കോലി, അജിങ്ക്യ രഹാനെ എന്നിവരാണ് ഇന്ത്യയുടെ പ്രധാന കരുത്ത്. വിരാട് കോലിയും ചേതേശ്വർ പുജാരയുമാണ് ഇന്ത്യൻ നിരയുടെ തുറുപ്പ് ചീട്ട്. ഇരുവരുടെയും ഫോമിനെ ആശ്രയിച്ചാകും ഇന്ത്യയുടെ മുന്നോട്ട് പോക്ക്. ശുഭ്‌മാൻ ഗില്ലിലും ടീം അർപ്പിക്കുന്ന പ്രതീക്ഷകൾ ചെറുതല്ല.

ബോളർമാർ ആരൊക്കെ : മറുവശത്ത് പേസർമാരെ തുണയ്‌ക്കുന്ന പിച്ചിൽ സ്റ്റാർ പേസർ ജസ്‌പ്രീത് ബുംറയുടെ അഭാവം ഇന്ത്യക്ക് തിരിച്ചടിയാണ്. എന്നാൽ മികച്ച ഫോമിൽ പന്തെറിയുന്ന മുഹമ്മദ് ഷമിക്കും, മുഹമ്മദ് സിറാജിനും ഓസീസ് ബാറ്റിങ് നിരയെ വിറപ്പിക്കാൻ സാധിക്കും. മൂന്നാം പേസറായി ഉമേഷ് യാദവ്, ശാർദുൽ താക്കൂർ, ജയ്‌ദേവ് ഉദ്‌ഘട്ട് എന്നിവരിൽ ആരെ ഉൾപ്പെടുത്തും എന്ന കാര്യത്തിലും ടീമിനുള്ളിൽ ആശയക്കുഴപ്പം നിലനിൽക്കുന്നുണ്ട്.

പേസിനെ തുണയ്‌ക്കുന്ന പിച്ചിൽ ഒരു സ്‌പിന്നർ മതിയെന്നാണ് തീരുമാനമെങ്കിൽ അശ്വിന് പകരം ജഡേജ ടീമിൽ ഇടം നേടും. രണ്ട് സ്‌പിന്നർമാരുമായി കളിക്കാൻ തീരുമാനിച്ചാൽ അശ്വിനും ജഡേജയും ഒന്നിച്ച് കളത്തിലിറങ്ങും. വിക്കറ്റ് കീപ്പർ ആരാകുമെന്ന കാര്യത്തിലും അനിശ്ചിതത്വം നിലനിൽക്കുന്നുണ്ട്. കെഎസ് ഭരതിനാണോ ഇഷാൻ കിഷനാണോ നറുക്ക് വീഴുക എന്നതിൽ ഇനിയും വ്യക്‌തത വരുത്താറായിട്ടില്ല.

ഓസീസിനെ ഭയക്കണം : മറുവശത്ത് കരുത്തുറ്റ ടീമുമായാണ് ഓസ്‌ട്രേലിയയും എത്തുന്നത്. വിഡ് വാർണർ, ഉസ്‌മാൻ ഖവാജ, മാർനസ് ലബുഷെയ്‌ന്‍, സ്റ്റീവ് സ്‌മിത്ത് തുടങ്ങിയ താരങ്ങളാണ് ബാറ്റിങ് നിരയിലെ പ്രധാനികള്‍. ക്യാപ്റ്റന്‍ പാറ്റ് കമ്മിൻസ്, മിച്ചൽ സ്റ്റാര്‍ക്ക്, നഥാൻ ലിയോണ്‍ എന്നിവരാണ് ബോളിങ് യൂണിറ്റിന്‍റെ ശക്തി. അവസാന നിമിഷം പേസർ ജോഷ് ഹേസൽവുഡ് പരിക്കേറ്റ് മടങ്ങിയത് ടീമിന് തിരിച്ചടിയായിട്ടുണ്ട്.

കെന്നിങ്‌ടണ്‍ ഓവൽ ആരെ തുണയ്‌ക്കും : 23,500 കാണികളെ ഉൾക്കൊള്ളുന്ന സ്റ്റേഡിയമാണ് കെന്നിങ്‌ടണ്‍ ഓവൽ ഗ്രൗണ്ട്. ഇവിടെ നടന്ന 140 ടെസ്റ്റിൽ 88 തവണയും ടോസ് നേടിയവർ ആദ്യം ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. 38 തവണ ആദ്യം ബാറ്റ് ചെയ്‌തവർ വിജയം സ്വന്തമാക്കിയപ്പോൾ 29 തവണ രണ്ടാമത് ബാറ്റ് ചെയ്‌തവർ വിജയം നേടി. ഇവിടെ ഇന്ത്യ 14 മത്സരങ്ങളിൽ നിന്ന് രണ്ട് ജയവും അഞ്ച് തോൽവിയും ഏഴ് സമനിലയും സ്വന്തമാക്കിയിട്ടുണ്ട്.

മത്സരം കാണാനുള്ള വഴി: ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മില്‍ ഏറ്റുമുട്ടുന്ന ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ ടെലിവിഷനില്‍ സ്റ്റാര്‍ സ്പോര്‍ട്‌സ്‌ നെറ്റ്‌ വര്‍ക്കിലാണ് കാണാന്‍ സാധിക്കുക. ഡിസ്‌നി പ്ലസ് ഹോട്ട്‌സ്റ്റാറിലും മത്സരത്തിന്‍റെ തത്സമയ സംപ്രേക്ഷണമുണ്ട്.

ഇന്ത്യ സ്‌ക്വാഡ് : രോഹിത് ശർമ (ക്യാപ്‌റ്റൻ), ശുഭ്‌മാൻ ഗിൽ, ചേതേശ്വര്‍ പുജാര, വിരാട് കോലി, അജിങ്ക്യ രഹാനെ, ശ്രീകർ ഭരത് (വിക്കറ്റ് കീപ്പർ), ഇഷാൻ കിഷൻ, രവീന്ദ്ര ജഡേജ, അക്‌സർ പട്ടേൽ, രവിചന്ദ്രൻ അശ്വിൻ, ശാർദുൽ താക്കൂർ, മുഹമ്മദ് ഷമി, ഉമേഷ് യാദവ്, മുഹമ്മദ് സിറാജ്, ജയദേവ് ഉനദ്ഘട്ട്.

ഓസ്‌ട്രേലിയ സ്‌ക്വാഡ്: ഡേവിഡ് വാർണർ, ഉസ്‌മാൻ ഖവാജ, മാർനസ് ലബുഷെയ്‌ന്‍, സ്റ്റീവൻ സ്‌മിത്ത്, ട്രാവിസ് ഹെഡ്, കാമറൂൺ ഗ്രീൻ, അലക്‌സ് കാരി (വിക്കറ്റ് കീപ്പർ), പാറ്റ് കമ്മിൻസ് (ക്യാപ്‌റ്റൻ), മിച്ചൽ സ്റ്റാർക്ക്, നഥാൻ ലിയോൺ, സ്‌കോട്ട് ബോളണ്ട്, ജോഷ് ഇംഗ്ലിസ്, ടോഡ് മർഫി, മൈക്കൽ നെസർ, മാർക്കസ് ഹാരിസ്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.